ഹിന്ദുത്വക്കായി അരങ്ങൊഴിയുന്ന സി.പി.എം
text_fieldsസംഘ്പരിവാറിന്റേത് കേവലമായ മതരാഷ്ട്രവാദം അല്ലെന്നും സംസ്കാരത്തിന്റെയും ദേശീയതയുടെയും ബഹുതലങ്ങളിൽ നിന്ന് പ്രവർത്തിക്കാൻ ശേഷിയുള്ള ആധുനികമായ വംശീയ പ്രത്യയശാസ്ത്രമാണെന്നും മനസ്സിലാക്കാൻ സി.പി.എമ്മിന് സാധിക്കുന്നില്ല. സാംസ്കാരിക ഹിന്ദുത്വയെ എടുത്തണിഞ്ഞുകൊണ്ട് ഇന്ത്യൻ മതേതരത്വത്തിന്റെ സ്വാഭാവിക അപരനായി മുസ്ലിമിനെ സ്ഥാനപ്പെടുത്തുന്ന വംശീയ യുക്തി സി.പി.എമ്മും ആവർത്തിക്കുന്നു.
ചരിത്രത്തിന്റെ സന്ദിഗ്ധ സന്ദർഭങ്ങളിൽ പ്രത്യയശാസ്ത്രങ്ങളും പ്രസ്ഥാനങ്ങളും എത്തരത്തിൽ പ്രവർത്തിച്ചു എന്നത് വ്യത്യസ്തതരം അധികാരങ്ങളോടും അനീതികളോടും എതിരിടാനുള്ള അവയുടെ ബലത്തെയും ബലഹീനതയെയും വ്യക്തമാക്കിത്തരും. സൈദ്ധാന്തികമായ ആലോചനകളും പുനരാലോചനകളും സംഭവിക്കുന്നത് ചൂഷണങ്ങളുടെയും വംശീയാധികാരങ്ങളുടെയും ഉച്ചസ്ഥായിയിൽ മനുഷ്യൻ അനുഭവിക്കുന്ന സങ്കീർണതകളിൽ നിന്നുകൊണ്ടാണ്. കാൾ മാർക്സ് ചരിത്രത്തെക്കുറിച്ച് വൈരുധ്യാത്മക ഭൗതികവാദത്തിന്റെ വ്യാഖ്യാനം നടത്തുന്നതും മാറ്റത്തിന്റെ അനിവാര്യതയെ കുറിച്ച് സൂചിപ്പിക്കുന്നതും തൊഴിലാളിവർഗം അനുഭവിക്കുന്ന ചൂഷണങ്ങളെ നേരിൽ കണ്ടുകൊണ്ടാണ്.
സോവിയറ്റ് റഷ്യയുടെ ഏകാധിപത്യ സമീപനത്തോടുള്ള ശക്തമായ വിമർശനത്തിന്റെ ഭാഗമായാണ് സാമ്പത്തിക കേന്ദ്രീകൃത ചിന്തകളിൽ നിന്ന് മാറി നവമാർക്സിസ്റ്റ് ചിന്തകൾ രൂപം കൊള്ളുന്നത്. മനുഷ്യസ്വാതന്ത്ര്യവും നീതി സങ്കൽപവും സമാനതകളില്ലാത്ത പ്രതിസന്ധികളിൽ അകപ്പെടുന്ന സമകാലിക ഇന്ത്യയിൽ വ്യത്യസ്ത ചിന്താധാരകളും പ്രത്യയശാസ്ത്രങ്ങളും എങ്ങനെയാണ് അനീതികളോട് നിലപാട് സ്വീകരിക്കുന്നതെന്ന് ആലോചിക്കുമ്പോഴാണ് രാജ്യത്തെ വലിയ കമ്യൂണിസ്റ്റ് പാർട്ടിയും അതിന്റെ അവശേഷിക്കുന്ന ഏക മുഖ്യമന്ത്രിയും ഹിന്ദുത്വ വംശീയതയോടും അത് ആദ്യത്തെ ഇരയായി കാണുന്ന മുസ്ലിം സമുദായത്തോടും സ്വീകരിക്കുന്ന നിലപാടുകൾ അങ്ങേയറ്റം പ്രശ്നകരമായിത്തീരുന്നത്. കേരള മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും പദാവലികളിലും ആഖ്യാന മാതൃകകളിലും ഹിന്ദുത്വയെ സ്വാഭാവികവത്കരിക്കുന്നതും മുസ്ലിം സമുദായത്തെ പലരീതിയിൽ കടന്നാക്രമിക്കുന്നതുമായ വംശീയ യുക്തികൾ പ്രകടമാണ്.
വർഗീയത എന്ന പ്രശ്നം
സി.പി.എം അതിന്റെ രാഷ്ട്രീയ വ്യവഹാരങ്ങളെ ക്രമപ്പെടുത്തിയിരിക്കുന്നതും സ്ഥാപിച്ചിരിക്കുന്നതും മതേതരത്വം എന്ന സങ്കല്പത്തെയും അതിന്റെ വിപരീത സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ട വർഗീയത എന്ന സങ്കല്പത്തെയും കേന്ദ്രീകരിച്ചാണ്. മുസ്ലിം ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ സംഘാടനങ്ങളെയും രാഷ്ട്രീയ ആവശ്യങ്ങളെയും വർഗീയതയായി കാണുന്ന അവർ സംഘ്പരിവാർ വംശീയതയെയും കേവല വർഗീയ പ്രശ്നമായി ന്യൂനീകരിക്കുന്നു. അതായത്, ഇരയെയും വേട്ടക്കാരനെയും സമീകരിക്കുന്ന യുക്തി. ഈ ബോധത്തിൽ നിന്നുകൊണ്ടാണ് ഞങ്ങൾ എല്ലാ തരം മതരാഷ്ട്രവാദങ്ങൾക്കുമെതിരാണെന്ന് സി.പി.എം നേതാക്കൾ പ്രസംഗിക്കുന്നത്. സംഘ്പരിവാറിന്റേത് കേവലമായ മതരാഷ്ട്രവാദം അല്ലെന്നും സംസ്കാരത്തിന്റെയും ദേശീയതയുടെയും ബഹുതലങ്ങളിൽ നിന്ന് പ്രവർത്തിക്കാൻ ശേഷിയുള്ള ആധുനികമായ വംശീയ പ്രത്യയശാസ്ത്രമാണെന്നും മനസ്സിലാക്കാൻ സി.പി.എമ്മിന് സാധിക്കുന്നില്ല. സാംസ്കാരിക ഹിന്ദുത്വയെ എടുത്തണിഞ്ഞുകൊണ്ട് ഇന്ത്യൻ മതേതരത്വത്തിന്റെ സ്വാഭാവിക അപരനായി മുസ്ലിമിനെ സ്ഥാനപ്പെടുത്തുന്ന വംശീയ യുക്തി സി.പി.എമ്മും ആവർത്തിക്കുന്നു.
വർഗീകരണത്തിന്റെ രാഷ്ട്രീയം
സെപ്റ്റംബർ 11ന് ശേഷം അമേരിക്കൻ വലതുപക്ഷം മുസ്ലിംകൾക്കെതിരെ ചാർത്തിയ ഭീകരവാദി നാമകരണം കേരളത്തിൽ ഹിന്ദുത്വവാദികളോടൊപ്പം ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് സി.പി.എം നേതാക്കളാണ്. എന്നാൽ, വംശീയപ്രയോഗമാണ് നടത്തുന്നതെന്ന് വരാതിരിക്കാൻ രാഷ്ട്രീയ സൈദ്ധാന്തികൻ മഹ്മൂദ് മംദാനി സൂചിപ്പിച്ചതു പോലുള്ള നല്ല മുസ്ലിം, ചീത്ത മുസ്ലിം എന്ന വർഗീകരണ അടവും അവർ പയറ്റുന്നു. തങ്ങൾക്ക് അനുകൂലമായി നിൽക്കുന്ന മുസ്ലിം സംഘടനകളെ അതാത് സമയങ്ങളിൽ നല്ല മുസ്ലിംകളായും തങ്ങളോട് വിയോജിക്കുന്ന സന്ദർഭങ്ങളിൽ ഭീകരവാദികളായും ചിത്രീകരിക്കുന്ന സമീപനം ഇസ്ലാമോഫോബിയ അല്ലാതെ മറ്റൊന്നുമല്ല. പി. ജയരാജന്റെ പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും എതിർക്കപ്പെടേണ്ടവരാണെന്നും എന്നാൽ, ലീഗ് ഒരു റിഫോർമിസ്റ്റ് സംഘടനയും ജമാഅത്ത് ഒരു റിവൈവലിസ്റ്റ് സംഘടനയാണെന്നുമാണ്. ഇതുവഴി അങ്ങേയറ്റം പ്രശ്നകരമായ നാമകരണങ്ങളാണ് പിണറായി വിജയൻ നടത്തിയത്.
മൗദൂദിയും ജമാഅത്തും
ഖലീഫമാരുടെ ഭരണം കൊണ്ടുവരാൻ ശ്രമിക്കുന്ന ഒരു റിവൈവലിസ്റ്റ് സംഘടനയാണ് ജമാഅത്തെ ഇസ്ലാമി എന്നു പറയുക വഴി രീതിശാസ്ത്രപരമായും രാഷ്ട്രീയപരമായും തീർത്തും തെറ്റായ വിശകലനമാണ് പിണറായി വിജയൻ നടത്തിയത്. ഈ ആരോപണത്തിന്റെ രാഷ്ട്രീയ പ്രശ്നം ആധുനിക കാലം പുരോഗതി പ്രാപിച്ചതാണെന്നും പൂർവാധുനിക കാലത്തിന്റെ മാത്രം അടയാളമായ മതത്തെ ആധുനികതയിലേക്ക് കൊണ്ടുവരുക വഴി അപകടകരമായ ഒരു പ്രക്രിയയാണ് ജമാഅത്ത് ചെയ്യുന്നതെന്നുമുള്ള വാദമാണ്. ആധുനികതയിൽ മതമായോ സാംസ്കാരിക ചിഹ്നമായോ മാത്രമേ ഇസ്ലാം അനുവദിക്കപ്പെടൂ രാഷ്ട്രീയ ചോദ്യമായി അനുവദിക്കില്ല എന്ന ശാഠ്യമാണ് ഇസ്ലാമിക രാഷ്ട്രീയത്തോടുള്ള വെറുപ്പിൽ പ്രകടമാവുന്നത്. മൗദൂദിയടക്കമുള്ള ചിന്തകർ വാദിച്ചത് ഒരിക്കലും പഴയകാലത്തിന്റെ കേവലമായ തിരിച്ചുവരവിന് വേണ്ടിയായിരുന്നില്ല. ആധുനിക കാലത്തിന്റെ പ്രശ്നങ്ങളോട് ഇസ്ലാമിന്റെ വ്യാഖ്യാനപരതയിൽ നിന്നുകൊണ്ട് ഇടപെടുകയാണ് മൗദൂദി ചെയ്തത്. തിയോ ഡെമോക്രസി എന്ന സങ്കല്പം ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമായി ഹുമൈറ ഇഖ്തിദാറിനെപ്പോലുള്ള ചിന്തകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
സാമ്രാജ്യത്വ വിരുദ്ധത, പരിസ്ഥിതി, ലിംഗത്വം, ജാതി തുടങ്ങിയ പ്രമേയങ്ങളോട് സക്രിയമായ സംവാദം ജമാഅത്തെ ഇസ്ലാമിക്ക് സാധിച്ചത് മൗദൂദിയുടെ ഈ രീതിശാസ്ത്രപരമായ സാധ്യതകളിൽ നിലകൊള്ളുന്നതുകൊണ്ടാണ്. കമ്യൂണിസ്റ്റുകൾക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇസ്ലാമിസ്റ്റുകളുമായി സഹകരണം സാധ്യമായതും ഭൂമിയിലെ അനീതികളോട് സംഘർഷപ്പെടാനുള്ള ദൈവശാസ്ത്രപരമായ വിശകലനങ്ങളിൽ നിന്നുകൊണ്ടുള്ള ഈ സമീപനം കാരണമായിട്ടായിരുന്നു. അതുകൊണ്ടുതന്നെ റിവൈവലിസ്റ്റുകൾ, ഫണ്ടമെന്റലിസ്റ്റുകൾ തുടങ്ങിയ പദപ്രയോഗങ്ങൾ മൗദൂദിയുടെ ഇസ്ലാമിക പാരമ്പര്യവുമായുള്ള സവിശേഷവും സർഗാത്മകവുമായ ഇടപാടുകളെ കണക്കിലെടുക്കാതെയുള്ള ആക്ഷേപങ്ങൾ മാത്രമാണ്.
ജമാഅത്തെ ഇസ്ലാമിക്കെതിരെ സാർവദേശീയമായ ബന്ധങ്ങൾ ആരോപിച്ച് ഭീകരത വിരുദ്ധ വ്യവഹാരത്തിന്റെ സാർവദേശീയതയോടുള്ള ഭീതിയെ പ്രയോജനപ്പെടുത്തുന്ന പിണറായി വിജയൻ ഒരു കമ്യൂണിസ്റ്റ് എന്ന നിലയിൽ പ്രത്യയശാസ്ത്രപരമായി സ്വയം തോൽക്കുകയാണ്.
ലോകത്ത് എല്ലായിടത്തും വലതുപക്ഷ വംശീയത പ്രവർത്തിക്കുന്നത് മർദിതരും കുടിയേറ്റക്കാരുമായ ജനവിഭാഗങ്ങളെ ഭീകരവത്കരിച്ചും പൈശാചികവത്കരിച്ചുകൊണ്ടുമാണ്. മുസ്ലിംകൾ എല്ലാം കീഴടക്കാൻ വരുന്നെന്ന വ്യാജമായ ഒരു ഭീതി ഉണ്ടാക്കുകയും അതിലൂടെ വോട്ടിന്റെ ഏകീകരണം സാധിച്ചെടുക്കാനുമാണ് സി.പി.എം ഇവിടെ ശ്രമിക്കുന്നത്. തങ്ങളിൽ നിന്ന് ബി.ജെ.പിയിലേക്ക് കുത്തിയൊലിച്ചുപോയ വോട്ടുകളെ തങ്ങളാണ് ഏറ്റവും മികച്ച ഇസ്ലാമോഫോബിക് പാർട്ടി എന്ന് തെളിയിച്ച് തിരിച്ചുകൊണ്ടുവരാൻ
പിണറായി വിജയനും സംഘവും ശ്രമിക്കുമ്പോൾ കൂടുതൽ കൂടുതൽ ഹിന്ദുത്വവത്കരിക്കപ്പെട്ട കേഡർമാരുള്ള പാർട്ടിയായി സി.പി.എം മാറുന്നു. ഒരുകാലത്ത് ഫാഷിസത്തിനും സാമ്രാജ്യത്വത്തിനുമെതിരെ ഇസ്ലാമിസ്റ്റുകളുമായി കൈകോർത്ത പാർട്ടിക്ക് ജമാഅത്തും മൗദൂദിയും കേവല ആക്ഷേപപദങ്ങളായി മാത്രം മാറുന്നത് സ്വന്തം പ്രത്യയശാസ്ത്രപരമായ പരാജയങ്ങളുടെ ലക്ഷണമാണെന്ന് അവർ തിരിച്ചറിയാതെ നിർവാഹമില്ല. ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലടക്കം ഗുണം ചെയ്യുന്ന വ്യവഹാരമാണ് സി.പി.എം വളർത്തിക്കൊണ്ടിരിക്കുന്നത്.
കേരളത്തിന്റെ ഭാവി
അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിന്റെ വിശകലനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമായി എണ്ണപ്പെട്ടത് ന്യൂ മീഡിയയിലെ അദ്ദേഹത്തിന്റെ പ്രചാരണ മികവാണ്. സാമ്പ്രദായിക മീഡിയകൾ കമല ഹാരിസിന് അനുകൂലമായി നിലപാടെടുത്തപ്പോഴെല്ലാം സോഷ്യൽ മീഡിയകളിലൂടെ മില്യൻ കണക്കിന് ആളുകളിലേക്കാണ് ഡോണൾഡ് ട്രംപ് എത്തിച്ചേർന്നത്. കേരളത്തിലെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ലക്ഷക്കണക്കിനാളുകൾ ആരെയെല്ലാമാണ് കേൾക്കുന്നതെന്ന് നോക്കിയാൽ തീവ്രഹിന്ദുത്വ രാഷ്ട്രീയം ഒളിഞ്ഞും തെളിഞ്ഞും പറയുന്ന ആളുകളെയാണെന്ന് കാണാൻ കഴിയും. കേരളത്തിന്റെ സൈബർ സ്പേസുകളിൽ ഒഴുകിക്കൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയ എന്ന വെറുപ്പ് നമ്മുടെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളെ പിടിമുറുക്കുന്നുണ്ടെന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട. ഇവകൾക്കെതിരെ നിയമപരമായ നടപടികൾ പലപ്പോഴായി പലരും ആവശ്യപ്പെട്ടെങ്കിലും വംശീയതയുടെ വ്യാപകമായ വളർച്ച പിണറായി വിജയനും സി.പി.എമ്മിനും മുഖ്യ പരിഗണനയുള്ള പ്രശ്നമായി അനുഭവപ്പെടുന്നില്ല.
നേരെമറിച്ച് ഇതേ വെറുപ്പ് പ്രചാരണങ്ങളുടെ ആഖ്യാന ഘടനയിലുള്ള ആരോപണങ്ങൾ മുസ്ലിം സംഘടനകൾക്കെതിരെയും മറ്റുമായി സി.പി.എം നേതാക്കളും ആവർത്തിക്കുകയാണ്. രാവിലെ ജോഗിങ്ങിനിറങ്ങുന്ന ആളുകളിൽ ഭീകരവാദമാരോപിക്കുന്ന പി. മോഹനൻ മാസ്റ്ററിലും പ്രിയങ്ക ഗാന്ധി ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെയാണ് മത്സരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾക്ക് കൊട്ടിയാഘോഷിക്കാൻ പാകത്തിൽ പറയുന്ന പിണറായി വിജയനിലും ഇത് കാണാൻ കഴിയും. അഥവാ സി.പി.എം എന്ന സംഘടനയും അതിന്റെ മുൻനിര നേതാക്കളും ഹിന്ദുത്വ വംശീയതക്കുവേണ്ടി സ്വയം അരങ്ങൊഴിഞ്ഞു കൊടുക്കുന്ന കാഴ്ചയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്.
ഹിന്ദുത്വയെ സത്യസന്ധമായി അഭിമുഖീകരിക്കണമെങ്കിൽ മുസ്ലിം രാഷ്ട്രീയ ചോദ്യങ്ങളോടുള്ള തങ്ങളുടെ സമീപനത്തിൽ ആത്മാർഥമായ പുനരാലോചനകൾക്ക് സി.പി.എം സന്നദ്ധമായേ തീരൂ. പക്ഷേ, അതിനുതകുന്ന ആഭ്യന്തര വിമർശനത്തിന്റെ കണിക പോലും ഇന്ന് ആ പാർട്ടിയിൽ ഇല്ല. മുസ്ലിം സ്വത്വത്തോടും സമുദായത്തോടുമുള്ള ഈ ഹിന്ദുത്വവത്കൃത സമീപനം തുടരുകയാണെങ്കിൽ പിണറായി വിജയനും സി.പി.എമ്മും ചരിത്രത്തിലെ ഏറ്റവും നിർഭാഗ്യകരവും പരാജിതവുമായ കമ്യൂണിസ്റ്റ് അധ്യായമായി മാത്രമേ ഓർമിക്കപ്പെടൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.