സി.പി.എമ്മിന്‍റെ ജമാഅത്ത് ഫോബിയ
text_fieldsഅനുദിനം ആപത്കരമായി പടരുന്ന കോവിഡ്-19 പൂർവാധികം ഗുരുതരമായ പതനത്തിലെത്തിയാൽ നീട്ടിവെക്കേണ്ടിവരുമോ എന്ന സന്ദേഹം പ്രസക്തമാണെങ്കിലും സാമാന്യധാരണപ്രകാരം ഇക്കൊല്ലം ഒക്ടോബറിൽ കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും. ഇലക്ഷൻ പ്രചാരണം വലിയ അളവിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറാനുള്ള സാധ്യത കണക്കിലെടുത്ത് രംഗം കൈയടക്കാനുള്ള മുന്നൊരുക്കങ്ങളിലാണ് രാഷ്ട്രീയ പാർട്ടികൾ, വിശിഷ്യ മുഖ്യ ഭരണകക്ഷിയായ സി.പി.എം. ഒപ്പം തെരഞ്ഞെടുപ്പ് കാമ്പയിനിൽ ഉയർത്താനുള്ള ഇഷ്യൂകൾ കണ്ടെത്താനുള്ള നീക്കങ്ങളും നടക്കുന്നു. കോവിഡ്-19നെ പ്രതിരോധിക്കുന്നതിൽ, ആരോഗ്യരംഗത്ത് മുേമ്പ വികസിതരാജ്യങ്ങളോടൊപ്പമെത്തിയ കേരളം കൈവരിച്ച നേട്ടത്തിെൻറ ക്രെഡിറ്റ് മുഴുവൻ ഭരണനേട്ടമായി അവതരിപ്പിച്ച് മെച്ചപ്പെട്ട പ്രതിച്ഛായയുമായി പഞ്ചായത്ത്-നഗരസഭ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഇടതുമുന്നണിയുടെ പരിപാടി.
പക്ഷേ, കോവിഡ്കാല നിയന്ത്രണങ്ങൾമൂലം സാമാന്യജീവിത സ്തംഭനം വലിയ മാറ്റമില്ലാതെ തുടരുന്നതിൽ അസ്വസ്ഥരായ ജനങ്ങൾ കോവിഡിെൻറ വ്യാപ്തി അനിയന്ത്രിതമായിത്തീർന്നാൽ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക സി.പി.എമ്മിനുണ്ട്. പ്രവാസികളുടെ തിരിച്ചുവരവ് പരമാവധി നിയന്ത്രിക്കാനുള്ള പിണറായി സർക്കാറിെൻറ തന്ത്രപരമായ നീക്കങ്ങൾ സ്വന്തം പ്രതിച്ഛായ പരിരക്ഷിക്കാനാണെന്ന വ്യാഖ്യാനമുണ്ട്. ചാർട്ടേഡ് ഫ്ലൈറ്റുകളധികവും യു.ഡി.എഫ് അനുകൂല സംഘടനകളുടെ വകയാണെന്ന വസ്തുതയും രാഷ്ട്രീയ ലാഭചേത കണക്കുകൂട്ടലിെൻറ ഫലമാണെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നു. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രെൻറ വിവാദപരമായ പദപ്രയോഗങ്ങളെ നിശിതമായി വിമർശിക്കെ 'ജീവൻവെച്ച് രാഷ്ട്രീയം കളിക്കരുത്' എന്ന് മുഖ്യമന്ത്രി നൽകിയ താക്കീത് അന്തിമ വിശകലനത്തിൽ അദ്ദേഹത്തിനുകൂടി ബാധകമാണെന്ന് ജനങ്ങൾ കരുതേണ്ടിവരുന്നതാണ് സാഹചര്യം.
യു.ഡി.എഫിനെ പ്രത്യാക്രമിക്കാൻ പൊടുന്നനെ സി.പി.എമ്മിന് ലഭിച്ച പ്രചാരണായുധമാണ് 'മുസ്ലിം തീവ്രവാദി സംഘടനകളു'മായുള്ള യു.ഡി.എഫിെൻറ സഖ്യനീക്കം. പഞ്ചായത്ത്-നഗരസഭ തെരഞ്ഞെടുപ്പിൽ കഴിഞ്ഞതവണ എൽ.ഡി.എഫ് പരീക്ഷിച്ച മുസ്ലിം സംഘടനകളുമായുള്ള പരോക്ഷ ധാരണ ഇത്തവണ പയറ്റിയാലെന്തെന്ന് യു.ഡി.എഫ് ആലോചിക്കുന്നുണ്ടെന്നും അതിെൻറ ഭാഗമായി മുസ്ലിംലീഗ് വെൽെഫയർ പാർട്ടിയുമായി ധാരണയിലേർപ്പെടാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും വാർത്തകൾ വന്നു. മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും ജനറൽ സെക്രട്ടറി കെ.പി.എ. മജീദും അത് സ്ഥിരീകരിച്ചു. ഉടനെ അതിൽ കയറിപ്പിടിച്ച് എളമരം കരീം എം.പിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വെൽെഫയർ പാർട്ടി, എസ്.ഡി.പി.െഎ മുതലായ മുസ്ലിം തീവ്രവാദി സംഘടനകളുമായി മുസ്ലിംലീഗ് സംഖ്യമുണ്ടാക്കാനുള്ള ശ്രമത്തിലാണെന്നും ഇത് കോൺഗ്രസിെൻറകൂടി മൗനാനുവാദത്തോടെയാണെന്നും ആരോപിച്ചു.
ഏറ്റവുമൊടുവിൽ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നതിങ്ങനെ: ''വെൽെഫയർ പാർട്ടി, എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകളുമായി സഖ്യത്തിനൊരുങ്ങുന്ന മുസ്ലിംലീഗിെൻറ തീരുമാനം മതനിരപേക്ഷ രാഷ്ട്രീയത്തിനോടുള്ള വെല്ലുവിളിയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ നേരിടാനുള്ള ശക്തി യു.ഡി.എഫിനില്ല എന്ന തിരിച്ചറിവാണ് തീരുമാനത്തിെൻറ പിന്നിൽ. ഈ നീക്കം കോൺഗ്രസ് നേതൃത്വത്തിെൻറ മൗനാനുവാദത്തോടെയാണ്. ഭൂരിപക്ഷ വർഗീയത വളർത്താൻ കേന്ദ്രസർക്കാർതന്നെ മുന്നോട്ടുവരുേമ്പാൾ മതനിരപേക്ഷനിര ശക്തിെപ്പടേണ്ടത് അനിവാര്യമാണ്.എന്നാൽ, കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയം മാത്രം മുൻനിർത്തി പ്രവർത്തിക്കുന്ന യു.ഡി.എഫ് വർഗീയശക്തികളോട് സന്ധിചെയ്യാനൊരുങ്ങുന്നത് ആത്മഹത്യാപരമാണ്. ഇസ്ലാമിക രാഷ്ട്രമെന്ന നിലപാടാണ് ജമാഅത്തെ ഇസ്ലാമി പിന്തുടരുന്നത്. ഇത് ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. അതുകൊണ്ടുതന്നെ മുസ്ലിംലീഗിെൻറ നടപടി സമുദായതാൽപര്യത്തിന് എതിരാണെന്ന് മുസ്ലിം ജനവിഭാഗം തിരിച്ചറിയണം'' (ദേശാഭിമാനി, 2020 ജൂൺ 21).
മനസ്സിലാവുന്നിടത്തോളം, വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽെഫയർ പാർട്ടി മുൻ തെരഞ്ഞെടുപ്പുകളിലെല്ലാം സി.പി.എമ്മും മറ്റു പാർട്ടികളും ചെയ്തപോലെ പ്രാദേശിക നീക്കുപോക്കുകളിലേർപ്പെടാൻ ആലോചനകൾ നടത്തുന്നുണ്ട്. മുക്കം നഗരസഭയിലെ 20ാം വാർഡിലെ സമ്മതിദായകനായ എനിക്ക് അറിയാവുന്ന സത്യമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.എം, വെൽെഫയർ പാർട്ടിയുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് മത്സരിച്ചത്. വെൽെഫയർ പാർട്ടിയുടെ രണ്ടു സജീവ പ്രവർത്തകരും പാർട്ടി പിന്താങ്ങിയ രണ്ടു സ്വതന്ത്ര സ്ഥാനാർഥികളും നഗരസഭാംഗങ്ങളായത് ഇവ്വിധമാണ്. എൽ.ഡി.എഫിന് നഗരസഭ ഭരിക്കാനായതും ഈ ധാരണയുടെ അടിസ്ഥാനത്തിൽതന്നെ.
തൊട്ടടുത്ത കൊടിയത്തൂർ പഞ്ചായത്തിലുമുണ്ടായി ഇൗ നീക്കുപോക്ക്. യു.ഡി.എഫിെൻറ കുത്തക എന്നുപറയാവുന്ന കൊടിയത്തൂർ പഞ്ചായത്ത് വൻ ഭൂരിപക്ഷത്തോടെ ഇടതുഭരണത്തിലെത്തിയത് തന്മൂലമാണ്. മറ്റു പഞ്ചായത്ത്-നഗരസഭകളിലുമുണ്ടായി ഇത്തരം ധാരണകൾ. കോടിയേരിയോ എളമരം കരീമോ പാർട്ടി സെക്രേട്ടറിയറ്റോ ഈ സത്യം നിഷേധിക്കാൻ ധൈര്യപ്പെടുമോ? അഞ്ചുകൊല്ലം മുമ്പ് വെൽെഫയർ പാർട്ടിയുമായി ജമാഅത്തെ ഇസ്ലാമിക്ക് ബന്ധമുണ്ടായിരുന്നില്ല എന്നാണോ? അതല്ലെങ്കിൽ ജമാഅത്തെ ഇസ്ലാമി അന്ന് 'ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാനാണ് ശ്രമിക്കുന്നതെ'ന്ന് സി.പി.എം അറിയാതെ പോയതാണോ? അതുമല്ലെങ്കിൽ ധാരണ സി.പി.എമ്മുമായിട്ടാണെങ്കിൽ ഭൂരിപക്ഷവർഗീയതയെ വളർത്തുകയില്ല എന്നാണോ?
ഇപ്പറഞ്ഞത് ലോക്കൽ ബോഡീസ് ഇലക്ഷെൻറ കാര്യം. സാക്ഷാൽ നിയമസഭയിലേക്കും ലോക്സഭയിലേക്കുമുള്ള പോളിസിപ്രധാനമായ തെരഞ്ഞെടുപ്പുകളിലെ ഗതകാലാനുഭവങ്ങൾ എന്തായിരുന്നു? 2009ലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമൊക്കെ ജമാഅത്തെ ഇസ്ലാമി നേതാക്കളെ കണ്ട് വിശദമായി ചർച്ചകൾ നടത്തുകയും ഫാഷിസ്റ്റ് ശക്തികൾ അധികാരത്തിൽ വരാതിരിക്കാൻ ജമാഅത്തിെൻറ പിന്തുണ നേടുകയും ചെയ്തിരുന്നു. അതുപ്രകാരം സി.പി.എം സ്ഥാനാർഥികളിൽ പലരെയും ജമാഅത്ത് പിന്തുണക്കുകയും ചെയ്തു. അതേ തെരഞ്ഞെടുപ്പ് വേളയിൽതന്നെ ഡൽഹിയിലെ സി.പി.എം ആസ്ഥാനമായ എ.കെ.ജി ഭവനിൽവെച്ച് ഇന്നത്തെ വെൽെഫയർ പാർട്ടിയുടെ അഖിലേന്ത്യ അധ്യക്ഷൻ എസ്.ക്യു.ആർ. ഇല്യാസ്, ജമാഅത്തിെൻറ അന്നത്തെ അഖിലേന്ത്യ ഉപാധ്യക്ഷൻ പ്രഫ. കെ.എ. സിദ്ദീഖ് ഹസൻ എന്നിവർ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ളയുമായി സവിസ്തരം ചർച്ചകൾ നടത്തി.
പാർട്ടിയുടെ കൊൽക്കത്ത കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയപ്രമേയത്തിനെതിരാവില്ലേ 'മതരാഷ്ട്രവാദികളായ' ജമാഅത്തെ ഇസ്ലാമിയുമായി ബന്ധം സ്ഥാപിക്കുന്നത് എന്ന് ചർച്ചകൾക്ക് ദൃക്സാക്ഷിയായ ഞാൻ ചോദിച്ചപ്പോൾ നിഷേധാർഥത്തിലാണ് എസ്.ആർ.പി പ്രതികരിച്ചത്. കേരള നിയമസഭയിലേക്കു നടന്ന പല തെരഞ്ഞെടുപ്പുകളിലും ഇത്തരം പിന്തുണതേടൽ സി.പി.എമ്മിെൻറ ഭാഗത്തുനിന്നുണ്ടാവുകയും എളമരം കരീമടക്കം ചർച്ചകൾക്ക് മുൻകൈയെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതൊന്നും ജനങ്ങളറിയില്ല, ഓർക്കില്ല എന്ന ധൈര്യംകൊണ്ടാവണം ആയിരംവട്ടം ആവർത്തിച്ച മതരാഷ്ട്രവാദം, ഇസ്ലാമികഭരണംപോലുള്ള ആരോപണങ്ങൾ വീണ്ടുംവീണ്ടും തരംപോലെ എടുത്തുപെരുമാറുന്നത്.
പുതിയ പ്രകോപനത്തിെൻറ പശ്ചാത്തലംകൂടി ഓർമിക്കുന്നത് നല്ലതാണ്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഹിന്ദുത്വമുന്നണിയും സെക്കുലർ പാർട്ടികളും നേർക്കുനേരെ ഏറ്റുമുട്ടുകയും മോദി സർക്കാറിന് രണ്ടാമൂഴം തരപ്പെടാനുള്ള സാധ്യത തെളിഞ്ഞുവരുകയും ചെയ്ത സാഹചര്യത്തിൽ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസും ഒപ്പംനിൽക്കുന്ന പാർട്ടികളും ഭൂരിപക്ഷം നേടേണ്ടത് ഫാഷിസ്റ്റ് വിരുദ്ധരായ സർവരെ സംബന്ധിച്ചിടത്തോളവും ജീവൽപ്രധാനമായിരുന്നു, വിശിഷ്യ മതന്യൂനപക്ഷങ്ങൾക്ക്. അതിനാൽ, പിന്തുണ തേടിയ യു.ഡി.എഫിെൻറ വിജയത്തിനായി രംഗത്തിറങ്ങാൻ വെൽെഫയർ പാർട്ടി തീരുമാനിച്ചു. എൽ.ഡി.എഫാവട്ടെ പിന്തുണ ആവശ്യപ്പെട്ടില്ല. സി.പി.എം ദേശീയതലത്തിൽ പരിഗണനീയമായ മുന്നണിയിൽ അല്ലായിരുന്നുതാനും. അതിനാൽ, വെൽെഫയർ പിന്തുണക്കുന്നവരുടെ പട്ടികയിൽ അവരുടെ സ്ഥാനാർഥികൾ സ്ഥലംപിടിച്ചില്ല. ഇലക്ഷൻ കഴിഞ്ഞ് ഫലങ്ങൾ പുറത്തുവന്നപ്പോൾ ഇരുപതിൽ പത്തൊമ്പത് മണ്ഡലങ്ങളും യു.ഡി.എഫ് തൂത്തുവാരി. കടുത്ത നിരാശയും അമർഷവും പിടികൂടിയ സി.പി.എം മറ്റേത് പാർട്ടിയേക്കാളുമേറെ ജമാഅത്തെ ഇസ്ലാമിയുടെ നേരെയാണ് പ്രതികാരബുദ്ധിയോടെ പെരുമാറാൻ തുടങ്ങിയത്. കാരണങ്ങളുണ്ട്.
ശബരിമലകാര്യത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ തുനിഞ്ഞ പിണറായി സർക്കാറിനെതിരെ സംഘ്പരിവാർ നടത്തിയ രണോത്സുക പ്രക്ഷോഭം ആത്യന്തികമായി ഗുണംചെയ്തത് യു.ഡി.എഫിനാണ്. നഷ്ടപ്പെട്ട ഹിന്ദുവോട്ടുകൾ തിരിച്ചുപിടിക്കാൻ, തങ്ങൾ സംഘ്പരിവാറിനെ മാത്രമല്ല എതിർക്കുന്നത്, മുസ്ലിം ന്യൂനപക്ഷ പാർട്ടികളെയും തുല്യരീതിയിൽ പ്രതിയോഗികളായി കാണുന്നു എന്ന സന്ദേശം ഭൂരിപക്ഷ സമുദായത്തിന് നൽകണം. അതിനേറ്റവും ഉരമുള്ള ഇര ജമാഅത്തെ ഇസ്ലാമിയാണ്. പൗരത്വനിയമത്തിനെതിരെ ദേശവ്യാപകമായി പ്രക്ഷോഭത്തിനിറങ്ങിയ വിദ്യാർഥി-യുവജന വിഭാഗങ്ങളുടെ ചാലകശക്തികളിലൊന്നായ ജമാഅത്തിനെ ടാർഗറ്റ് ചെയ്യുന്നത്, ഇടതുപക്ഷ ചായ്വുള്ള മുസ്ലിം യുവാക്കളെ പിടിച്ചുനിർത്താൻ വഴിയൊരുക്കും എന്നും സി.പി.എം കണക്കുകൂട്ടുന്നു.
കേരളത്തിൽ സ്വാധീനമുള്ള മതസംഘടനകളെ കൂട്ടുപിടിച്ച് ജമാഅത്തെ ഇസ്ലാമിയെ ഒറ്റപ്പെടുത്താനുള്ള ശ്രമം പക്ഷേ, തുടക്കത്തിലേ പാളി. പൗരത്വനിയമത്തിനെതിരായ സമരങ്ങളിൽ ജമാഅത്തിന് അയിത്തം കൽപിക്കണമെന്ന മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ നിരന്തരമായ ആഹ്വാനത്തിെൻറ പിന്നിലെ ദുഷ്ടലാക്ക് മതസംഘടനകളും തിരിച്ചറിഞ്ഞു. അതിനിടെയാണ് കോവിഡ്-19 പെയ്തിറങ്ങുന്നത്. പ്രളയകാലത്തെന്നപോലെ കോവിഡ്കാലത്തും സർക്കാറുമായി സർവാത്മനാ സഹകരിച്ചും സ്വന്തമായും ആശ്വാസ പുനരധിവാസ പ്രവർത്തനങ്ങളിലേർപ്പെടുന്ന ഇന്ത്യയിലെ ആദർശ ധാർമിക പ്രസ്ഥാനത്തിനുനേരെ ചളിവാരിയെറിയാനുള്ള ശ്രമം നഷ്ടക്കച്ചവടമായേ കലാശിക്കൂ എന്ന് സി.പി.എം നേതൃത്വം തിരിച്ചറിഞ്ഞാൽ അവർക്ക് നല്ലത്. ഹിന്ദുത്വ തീവ്രവാദം ഫാഷിസമായി രൂപാന്തരപ്പെട്ട് ഇന്ത്യയെ മൊത്തം പിടിയിലൊതുക്കുന്ന ദശാസന്ധിയിൽ തത്തുല്യമായ ശക്തികൾ, മുഖ്യ ഇരകളായ മുസ്ലിം സമുദായത്തിലുമുണ്ടെന്ന്, തെളിവുകളുടെ കണികപോലുമില്ലാതെ വ്യാജ പ്രചാരണം നടത്തുന്നത് യഥാർഥത്തിൽ സംഘ്പരിവാറിനെയാണ് സഹായിക്കുകയെന്ന് സി.പി.എമ്മിന് ഇനിയും മനസ്സിലാവുന്നില്ലെങ്കിൽ കാലം അവരെ ബോധ്യപ്പെടുത്തും. അന്നേരം കമ്യൂണിസ്റ്റുകളായിരിക്കും ഫാഷിസ്റ്റുകളുടെ മുഖ്യ ഇരകൾ എന്നുമാത്രം.
തയാറാക്കിയത്: എ.ആർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.