സി.പി.എമ്മിെൻറ ‘ഇസ്ലാമിസ്റ്റ്’ ആകുലതകൾ
text_fieldsകേരളത്തിലെ കാമ്പസ് രാഷ്ട്രീയ ചരിത്രത്തിലെ അത്യന്തം ഹീനവും അപകടകരവുമായ സംഭവങ്ങളിലൊന്നായ അഭിമന്യു വധത്തിെൻറ പശ്ചാത്തലത്തിൽ ‘ഇസ്ലാമിക’ തീവ്രവാദത്തിനെതിരെ കാമ്പയിൻ നടത്തിക്കൊണ്ടിരിക്കുകയാണ് സി.പി.എമ്മും ഒരുവിഭാഗം ഇടത് മതേതര ലിബറൽ ബുദ്ധിജീവികളും. ഇൗ കാമ്പയിന് നിർവചിക്കപ്പെട്ട രീതികളും അതിരുകളും ഇല്ല. എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നവരുടെ അറിവും ആഭിമുഖ്യങ്ങളും മുൻവിധികളും മനോവിലാസങ്ങളുമൊക്കെയാണ് പ്രചാരവേലയുടെ സ്വഭാവം നിർണയിക്കുന്നത്. പോപ്പുലർഫ്രണ്ടിൽനിന്ന് തുടങ്ങി മൗദൂദി, ജമാഅത്തെ ഇസ്ലാമി, ഇസ്ലാമിക ശരീഅത്ത്, ഭീകരവാദം, തീവ്രവാദം, വർഗീയത എന്നിങ്ങനെ വിവിധതലങ്ങളിലൂടെ കടന്ന് ആഗോള ഭീകരസംഘമായ െഎ.എസ് വരെ അത് നീണ്ടുപോകുന്നു. ഇൗ കാമ്പയിൻ ഏറക്കുറെ പ്രതീക്ഷിക്കപ്പെട്ടതുമാണ്. കാരണം, മുസ്ലിംകളുമായി ബന്ധമുള്ള ഏതു സംഭവത്തിലേക്കും ഇസ്ലാമിനെ വലിച്ചിഴക്കുന്നത് കേരളത്തിെൻറ പൊതുമണ്ഡലത്തിൽ പതിവുള്ള കാഴ്ചയാണ്. കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി സ്ത്രീകളെ പീഡിപ്പിച്ച വൈദികരുടേതുപോലൊരു സംഭവം മുസ്ലിം സമുദായത്തിലാണ് നടക്കുന്നതെങ്കിൽ മാധ്യമങ്ങൾ അത് ചർച്ചക്കെടുക്കുന്ന രീതി വ്യത്യസ്തമായിരിക്കും. ഫ്ലാഷ്മോബ് വിവാദത്തെ തുടർന്ന് പർദയെക്കുറിച്ചും ഇസ്ലാമിലെ സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചും നടന്ന മാധ്യമചർച്ചകൾ ഒാർക്കുക.
മുസ്ലിംകൾക്കിടയിൽ തീവ്രവാദവും ഹിംസാത്മകതയും വളരുന്നത് ഗൗരവത്തോടെ കാണേണ്ട വിഷയംതന്നെ; അത് അധീശഹിംസയോടുള്ള പ്രതികരണമായാൽപോലും. കേരളത്തിലെ മുസ്ലിം സമൂഹവും മുസ്ലിം സംഘടനകളും ഇൗ അപകടത്തെക്കുറിച്ച് ബോധവാന്മാരുമാണ്. അഭിമന്യുവധം പോലെയുള്ള ഗുരുതരസംഭവങ്ങളോട് മുസ്ലിം സമൂഹത്തിെൻറ പ്രതികരണം ശ്രദ്ധിച്ചാൽ ഇത് മനസ്സിലാവും. ഹിംസയുടെ രാഷ്ട്രീയത്തിനെതിരെ മാർക്സിസ്റ്റ് പാർട്ടിയെക്കാൾ ഉൗർജസ്വലതയോടെ കാമ്പയിൻ നടത്തിക്കൊണ്ടിരിക്കുന്നത് മുസ്ലിം സംഘടനകളാണ്. ഇതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് ഹിംസയും അക്രമവും തീവ്രവാദവും വർഗീയതയും ഇസ്ലാമിെൻറ മൂല്യങ്ങൾക്ക് നിരക്കുന്നതല്ല എന്ന തിരിച്ചറിവ്. രണ്ട്, ഒരു ജനാധിപത്യഘടനയിൽ സായുധവും ഹിംസാത്മകവുമായ പ്രവർത്തനശൈലി മുസ്ലിംകളെ കൂടുതൽ അരക്ഷിതരാക്കുകയും മുസ്ലിംവിരുദ്ധ ശക്തികളുടെ വളർച്ചക്ക് ആക്കംകൂട്ടുകയുമാണ് ചെയ്യുക എന്ന ബോധ്യം.
ഇൗയൊരു ആശയപരിസരത്ത് നിന്നുകൊണ്ടാണ് സി.പി.എം മുസ്ലിം വർഗീയതയെയും തീവ്രവാദത്തെയും എതിർക്കുന്നതെങ്കിൽ അത് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. പക്ഷേ, ഇസ്ലാമിക തീവ്രവാദത്തിനെതിരെ അവർ നടത്തുന്ന കാമ്പയിൻ നിരവധി ചോദ്യങ്ങളും സംശയങ്ങളും ഉയർത്തുന്നുണ്ട്. അഭിമന്യു വധത്തെ തുടർന്ന് സി.പി.എമ്മിെൻറ കീഴിലുള്ള കോഴിക്കോെട്ട കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം പുറത്തിറക്കിയ ലഘുലേഖ പറയുന്നത് ‘ഇസ്ലാമിക തീവ്രവാദം സാർവദേശീയതലത്തിലും ഇന്ത്യയിലും’ എന്ന തലക്കെട്ടിൽ ജില്ലയിൽ ഉടനീളം തലക്കെട്ടിൽ പ്രഭാഷണ പരമ്പരകൾ സംഘടിപ്പിക്കുമെന്നാണ്. ‘ഇസ്ലാമിെൻറ ആവിർഭാവ ദർശനങ്ങളെയും പ്രബോധന ചരിത്രത്തെയും നിരാകരിക്കുന്ന പാൻ ഇസ്ലാമിസമാണ് എൻ.ഡി.എഫ്, പോപുലർ ഫ്രണ്ട്, എസ്.ഡി.പി.െഎ എന്നെല്ലാമുള്ള പേരുകളിൽ രംഗപ്രവേശം ചെയ്തിട്ടുള്ള മതതീവ്രതയുടെ രാഷ്ട്രീയം’ (ഇസ്ലാമിസവും പാൻ ഇസ്ലാമിസവും ഒന്നല്ല) എന്നു പഠനഗവേഷണ കേന്ദ്രം ഡയറകട്ർ കെ.ടി. കുഞ്ഞിക്കണ്ണൻ പേരുവെച്ച് പുറത്തിറക്കിയ ലഘുലേഖ പറയുന്നു.
‘മതനിരപേക്ഷ ജനാധിപത്യ ആശയങ്ങൾക്കും ഇടതുപക്ഷ രാഷ്ട്രീയത്തിനും സ്വാധീനമുള്ള കേരളീയ സമൂഹത്തിൽപോലും ആഗോളബന്ധമുള്ള രാഷ്ട്രീയ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളുടെ സ്വാധീനം വർധിച്ചുവരുകയാണ്’ എന്നും കാമ്പയിെൻറ പശ്ചാത്തലമായി ലഘുലേഖ ഉൗന്നിപ്പറയുന്നുണ്ട്. കേരളത്തിൽ മുസ്ലിം തീവ്രവാദം വേരോടുന്നതിനും എത്രയോ മുമ്പ് സ്വാധീനം നേടിയ ഹിന്ദുത്വ തീവ്രവാദത്തിെൻറ ആശയവും ദർശനവും വിമർശവിധേയമാക്കുന്ന ഒരു കാമ്പയിൻ ഏതെങ്കിലും ആർ.എസ്.എസ് കൊലപാതകത്തിെൻറ പശ്ചാത്തലത്തിൽ സി.പി.എമ്മോ അതിെൻറ പഠനഗവേഷണ കേന്ദ്രങ്ങേളാ നടത്തിയതായി ഒാർക്കുന്നില്ല. അഭിമന്യു വധത്തിന് ‘ആഗോള ഇസ്ലാമിക തീവ്രവാദ’ത്തിെൻറ പരിവേഷം നൽകാനുള്ള ശ്രമത്തിന് പിന്നിൽ പറയപ്പെടുന്നപോലെ ആത്മാർഥമോ സത്യസന്ധമോ അല്ലാത്ത ചില പ്രേരണകളാണ് കണ്ടെത്താൻ കഴിയുക. ഒന്നാമത്, അഭിമന്യുവധത്തെ ഒരു രാഷ്്ട്രീയ െകാലപാതകമായി കണ്ട് അഭിമുഖീകരിക്കാനുള്ള ധാർമികന്യായം, കൊലപാതക രാഷ്ട്രീയത്തിെൻറ പാപഭാരം പേറുന്ന സി.പി.എമ്മിനില്ല. രണ്ടാമത്, ‘ഹിന്ദുത്വ തീവ്രവാദ’ത്തിെൻറ മറുവശത്ത് ‘ഇസ്ലാമിക തീവ്രവാദ’ത്തെ പ്രതിഷ്ഠിച്ച് ഇരകളെയും വേട്ടക്കാരെയും സമീകരിക്കുന്ന മാർക്സിസ്റ്റ് പാർട്ടിയുടെ ചിരപരിചിത ബാലൻസിങ് രാഷ്ട്രീയത്തിെൻറ തുടർച്ച.
‘ഇസ്ലാമിെൻറ ആവിർഭാവ ദർശനം’, ‘പ്രബോധന ചരിത്രം’ എന്നൊക്കെ പറയുേമ്പാൾ ലഘുലേഖ ഉദ്ദേശിക്കുന്നത് മുഹമ്മദ് നബിയുടെ അധ്യാപനങ്ങളും പ്രബോധന ജീവിതവും ആയിരിക്കണമല്ലോ. അതിനെ സി.പി.എമ്മിെൻറ ബൗദ്ധികകേന്ദ്രം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു എന്നാണ് ലഘുലേഖയിലെ വാചകങ്ങൾ സൂചിപ്പിക്കുന്നത്. എന്നുവെച്ചാൽ മതവും രാഷ്ട്രീയവും സമന്വയിപ്പിച്ചുകൊണ്ട് മുഹമ്മദ് നബി സ്ഥാപിച്ച ഇസ്ലാമിക രാഷ്ട്രത്തെയും പർദ ഉൾപ്പെടെ പ്രവാചകൻ പഠിപ്പിച്ച ഇസ്ലാമിെൻറ സാംസ്കാരിക ചിഹ്നങ്ങളെയും പാർട്ടി മതിപ്പോടെയാണ് കാണുന്നതെന്നർഥം. ഇങ്ങനെയൊരു നിലപാട് സി.പി.എം എടുത്തതിന് അനുഭവപരമായ തെളിവുകളൊന്നും ഇതുവരെ ലഭ്യമല്ലാത്തതുകൊണ്ട് അത് നയവ്യതിയാനത്തെക്കാൾ അടവുനയത്തിെൻറ ഭാഗമാണെന്ന് മനസ്സിലാക്കണം. തെളിച്ചുപറഞ്ഞാൽ, ഇസ്ലാമിനെ നേർക്കുനേരെ വിമർശിക്കുകയാണെന്ന തോന്നലുളവാക്കാതെ ഇസ്ലാമിെൻറ തെറ്റും ശരിയുമായ പലതരം പ്രതിനിധാനങ്ങളെ വിമർശിക്കാനുള്ള ശ്രമം. അക്കാദമിക ലോകത്ത് കേട്ടുകേൾവിയില്ലാത്ത ‘െപാളിറ്റിക്കൽ ഇസ്ലാമിസം’ തുടങ്ങിയ പദപ്രയോഗങ്ങൾ കാമ്പയിെൻറ ഭാഗമായി ഉപയോഗിക്കാൻ പാർട്ടി ജിഹ്വകൾ നിർബന്ധിതമാവുന്നത് ‘പൊളിറ്റിക്കൽ ഇസ്ലാം’ എന്ന ചിരപരിചിതമായ പദം ഉപയോഗിക്കാനുള്ള ധൈര്യക്കുറവുകൊണ്ടുതന്നെയാവണം.
സി.പി.എം അതിെൻറ കാമ്പയിനിൽ നിരന്തരം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ‘ഇസ്ലാമിക തീവ്രവാദം’, ‘ഇസ്ലാമിസ്റ്റ് തീവ്രവാദം’ തുടങ്ങിയ പദപ്രയോഗങ്ങളിൽ അടങ്ങിയ പ്രശ്നങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. ‘ഇസ്ലാമിെൻറ ആവിർഭാവ ദർശനങ്ങളെയും പ്രബോധന ചരിത്രത്തെയും’ നിരാകരിക്കുന്ന ഒരു ആശയത്തെ ഇസ്ലാമികം എന്ന് വിശേഷിപ്പിക്കുന്നത് സാമാന്യയുക്തിക്ക് നിരക്കുന്നതല്ല. ഇസ്ലാമികവിരുദ്ധം എന്നാണ് അതിനെ വിളിക്കേണ്ടത്. അഭിമന്യുവധത്തെ ‘ഇസ്ലാമിക തീവ്രവാദ’ത്തിെൻറ ഭാഗമായി ചിത്രീകരിക്കുന്നതിലൂടെ ആ കുറ്റകൃത്യത്തെ ഇസ്ലാമിലേക്ക് ആരോപിക്കുകയാണ് ചെയ്യുന്നത്. ‘ൈഹന്ദവ തീവ്രവാദം’, ‘ക്രൈസ്തവ തീവ്രവാദം’ എന്നൊക്കെ പറയുന്നതുപോലുള്ള തെറ്റായ ഒരു പ്രയോഗമാണ് ‘ഇസ്ലാമിക തീവ്രവാദം’. കൂടുതൽ അപകടകരമാണ് ‘ഇസ്ലാമിക ഭീകരവാദം’. മതവിരുദ്ധവും മനുഷ്യവിരുദ്ധവുമായ ആശയങ്ങളെയും പ്രവണതകളെയും മതത്തിെൻറ പേരിലേക്ക് ചേർത്തുപറയുന്നത് വസ്തുനിഷ്ഠമല്ലെന്ന് മാത്രമല്ല, ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്നതുമാണ്.
‘ഇസ്ലാമിസ്റ്റ് തീവ്രവാദം’ എന്ന പദപ്രയോഗത്തിലുമുണ്ട് പ്രശ്നങ്ങൾ. ഇസ്ലാമിസം സമം െഎ.എസ് എന്നാണ് കേരളത്തിലെ വലിയൊരു വിഭാഗം മത-മതേതര ബുദ്ധിജീവികൾ ധരിച്ചുവെച്ചിരിക്കുന്നത്. ‘ഇസ്ലാമിസം’, പൊളിറ്റിക്കൽ ഇസ്ലാം തുടങ്ങിയ വാക്കുകൾ ഇൻറർനെറ്റിൽ വെറുതെ ഒന്ന് സെർച് ചെയ്താൽ അറിയാം എത്രമാത്രം വൈവിധ്യവും വൈരുധ്യവും നിറഞ്ഞ ആശയധാരകളെയാണ് അവ ഉൾക്കൊള്ളുന്നതെന്ന്. ഇസ്ലാമിെൻറ രാഷ്ട്രീയമായ എല്ലാതരം പ്രതിനിധാനങ്ങളെയും സൂചിപ്പിക്കാൻ കൊളോണിയൽ അജണ്ടയുടെ ഭാഗമായി പടിഞ്ഞാറ് കണ്ടെത്തിയ വാക്കുകളാണ് ഇസ്ലാമിസം, പൊളിറ്റിക്കൽ ഇസ്ലാം തുടങ്ങിയവ. ഇസ്ലാമിസം എന്ന വാക്ക് ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങൾ സ്വയം സ്വീകരിച്ചുവെന്നത് നേരാണ്. രാഷ്ട്രീയം ഇസ്ലാമിെൻറതന്നെ ഭാഗമായതുകൊണ്ട് ‘രാഷ്്ട്രീയ ഇസ്ലാം’ എന്ന പദപ്രയോഗത്തിന് യഥാർഥത്തിൽ പ്രസക്തിയില്ല. മതത്തെ രാഷ്ട്രീയ സാമൂഹിക ജീവിതത്തിൽനിന്ന് തിരസ്കരിച്ചുകൊണ്ട് പടിഞ്ഞാറൻ ആധുനികത അരങ്ങേറ്റം നടത്തിയ ചരിത്രഘട്ടത്തിൽ ഇസ്ലാമിെൻറ വിസ്മരിക്കപ്പെട്ട സാമൂഹിക രാഷ്്ട്രീയ മാനം വീണ്ടെടുക്കാനും ഇസ്ലാമിക ജീവിതദർശനത്തെ അതിെൻറ ആവിർഭാവഘട്ടത്തിലെ സമഗ്രതയോടെ വീണ്ടെടുക്കാനും ശ്രമം നടത്തിയ ഇസ്ലാമിക നവോത്ഥാനപ്രസ്ഥാനങ്ങളെ വിേശഷിപ്പിക്കാൻ വേണ്ടിയാണ് ‘ഇസ്ലാമിസം’ എന്ന വാക്ക് തുടക്കത്തിൽ ഉപയോഗിക്കപ്പെട്ടത്.
അതിെൻറ പര്യായമെന്നോണം പൊളിറ്റിക്കൽ ഇസ്ലാം എന്ന വാക്കും ഉപേയാഗിച്ചുതുടങ്ങി. പിൽക്കാലത്ത് ഇൗ പ്രസ്ഥാനങ്ങൾ മുന്നോട്ടുവെച്ച ഇസ്ലാമിക ആശയധാരയിൽനിന്നും പ്രവർത്തനശൈലിയിൽനിന്നും തീർത്തും ഭിന്നമായ നിലപാടോടുകൂടിയ അൽഖാഇദ, െഎ.എസ് തുടങ്ങിയ തീവ്രവാദ, ഭീകര സംഘങ്ങൾ രംഗത്തുവന്നപ്പോൾ അവരും ഇസ്ലാമിസ്റ്റുകൾ എന്നുതെന്ന വിളിക്കപ്പെട്ടു. ഇസ്ലാമിസം എന്ന വാക്ക് ഇത്തരം ഭിന്നവിരുദ്ധങ്ങളായ ഗ്രൂപ്പുകളെയും ആശയങ്ങളെയും ഉൾക്കൊള്ളാൻ പര്യാപ്തമല്ലെന്ന് കണ്ടതുകൊണ്ടാണ് മിലിറ്റൻറുകൾ, ജിഹാദിസ്റ്റുകൾ, ടെററിസ്റ്റുകൾ തുടങ്ങിയ പദപ്രയോഗങ്ങൾ അൽഖാഇദ, െഎ.എസ് തുടങ്ങിയവയെ വിശേഷിപ്പിക്കാൻ വേണ്ടി പടിഞ്ഞാറ് കണ്ടുപിടിച്ചത്. മാർക്സിസം എന്ന വാക്ക് ഉൾക്കൊള്ളുന്നതുപോലെയോ അതിലേറെയോ ആശയവൈവിധ്യമുള്ളതാണ് ഇസ്ലാമിസം എന്ന വാക്ക്. പടിഞ്ഞാറൻ പദാവലി അനുസരിച്ചുതന്നെ മിതവാദികൾ, റാഡിക്കൽസ്, പരിഷ്കരണവാദികൾ, ജനാധിപത്യവാദികൾ, യാഥാസ്ഥിതികർ, ലിബറലുകൾ തുടങ്ങി നിരവധി ധാരകളെ അത് ഉൾക്കൊള്ളുന്നുണ്ട്. ഇസ്ലാമിസ്റ്റ് മുഖ്യധാരയിൽനിന്നുള്ള വ്യതിയാനത്തെയാണ് യഥാർഥത്തിൽ അൽഖാഇദ, െഎ.എസ് തുടങ്ങിയ ഭീകരസംഘങ്ങൾ പ്രതിനിധാനം ചെയ്യുന്നത്. ഇതിനെ എല്ലാത്തിനെയുംകൂടി ഒരു കുപ്പിയിലടച്ച് ‘ഇസ്ലാമിസം’ എന്ന സ്റ്റിക്കർ പുറത്ത് ഒട്ടിച്ചുവെക്കുകയാണ് ഇസ്ലാമിനെക്കുറിച്ചോ ഇസ്ലാമിസത്തെക്കുറിച്ചോ ശരിയായി ഹോംവർക്ക് ചെയ്യാത്ത നമ്മുടെ ഇടത്, മതേതര ബുദ്ധിജീവികൾ ചെയ്യുന്നത്.
ചുരുക്കിപ്പറഞ്ഞാൽ ഹിന്ദുത്വംപോലെ ഹിംസാത്മകതയിലും വംശീയതയിലും അധിഷ്ഠിതമായ ഒരു ഏകമുഖ ദർശനമല്ല ഇസ്ലാമിസം. അഭിമന്യുവിനെ കൊന്നത് ‘ഇസ്ലാമിസ്റ്റ് തീവ്രവാദി’കളാെണന്ന് പറയുന്നത് ടി.പി. ചന്ദ്രശേഖരനെ കൊന്നത് മാർക്സിസ്റ്റ് തീവ്രവാദികളാണ് എന്ന് പറയുന്നതുപോലെ ശരിയോ തെേറ്റാ ആണ്. ക്രിമിനലുകളെയും ഗുണ്ടസംഘങ്ങളെയും അവർ നിലകൊള്ളുന്നത് മതത്തിെൻറ പേരിലായാലും മതേതരത്വത്തിെൻറ പേരിലായാലും തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും ചെയ്യുക എന്നതാണ് ജനാധിപത്യത്തിെൻറ രാഷ്ട്രീയം ആവശ്യപ്പെടുന്നത്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.