Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightറോഹിങ്ക്യകളും...

റോഹിങ്ക്യകളും മനുഷ്യരാണ്; അല്‍പം ദയ, പ്ലീസ് 

text_fields
bookmark_border
Rohingya Muslim
cancel
camera_alt?????? ????????? ??????????? ???? ?????

നമ്മുടെ കാലഘട്ടത്തിന്‍റെ കണ്ണീരും വേദനയുമായി മാറിയ റോഹിങ്ക്യ വംശജരെ കുറിച്ചുള്ള പുതിയ വര്‍ത്തമാനങ്ങള്‍ മനഃസാക്ഷി മരവിക്കാത്ത ആരെങ്കിലും ഭൂമുഖത്തുണ്ടെങ്കില്‍ അവരെ കരയിപ്പിക്കാതിരിക്കില്ല. പിറന്നമണ്ണില്‍നിന്ന് ആട്ടിയോടിക്കപ്പെടുന്ന ഒരു ജനത, കാല് കുത്താന്‍ ഭൂമുഖത്തെവിടെയെങ്കിലും ഒരിടം തേടി നെട്ടോട്ടമോടുന്ന കാഴ്ച ഹൃദയഭേദകമാണ്. അവര്‍ ചെയ്ത കുറ്റം എന്താണെന്ന് ചോദിച്ചാല്‍, മ്യാന്മര്‍ ഭരണകൂടവും ബുദ്ധിസ്റ്റ് തീവ്ര ദേശീയവാദികളും നല്‍കുന്ന മറുപടി ഇതാണ്: ഈ ജനവിഭാഗം മ്യാന്‍മറിലെ അരാകന്‍ മണ്ണില്‍ (ബംഗ്ലാദേശുമായി ചേര്‍ന്നു കിടക്കുന്ന രഖൈന്‍ പ്രവിശ്യയിലാണിത്) പിറന്നവരല്ല; മറിച്ച്  ബംഗ്ലാദേശില്‍നിന്ന് കുടിയേറിപ്പാര്‍ത്തവരാണ്. ലോകത്തെ അഹിംസ പഠിപ്പിച്ച ബുദ്ധന്‍റെ അനുയായികള്‍ ക്രൂരതയുടെ കറുത്തമുഖങ്ങള്‍ തുറന്നു കാട്ടിയപ്പോഴാണ് ലക്ഷക്കണക്കിന് രോഹിങ്ക്യകള്‍ വര്‍ഷങ്ങളായി വാസ്തുഹാരകളായി അലയാന്‍ വിധിക്കപ്പെട്ടിരിക്കുന്നത്. 

Rohingya Muslim

കരയില്‍ അഭയമില്ലെന്ന് കണ്ടപ്പോള്‍ കടലില്‍ എടുത്തുചാടി. കിട്ടാവുന്ന ബോട്ടുകളില്‍ പറ്റിപ്പിടിച്ച് സ്വാസ്ഥ്യം തരുന്ന ഏതെങ്കിലും കരക്കടുക്കാനായി പിന്നീടുള്ള ശ്രമം. വിയറ്റ്നാം യുദ്ധത്തിന്‍റെ പരിസമാപ്തിയില്‍ കമ്യൂണിസ്റ്റ് സൈന്യത്തിന്‍റെ കൈകളിലേക്ക് അധികാരം വന്നപ്പോള്‍ പ്രതികാരം ഭയന്ന് കിട്ടാവുന്ന ബോട്ടുകളില്‍ നാടുവിട്ട ‘ബോട്ട് പീപ്പ്ള്‍’ നേരിട്ട അനുഭവത്തില്‍നിന്ന് ഇവരുടേത് വ്യത്യസ്തമാകുന്നത് ഒരേയൊരു കാര്യത്തിലാണ്. 1970കളുടെ അന്ത്യത്തില്‍ വിയറ്റ്നാം അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയാറല്ലെന്ന് ലോകരാജ്യങ്ങള്‍ അറിയിച്ചപ്പോള്‍ രാഷ്ട്രാന്തരീയ മാനുഷിക പ്രശ്നമായി ലോകം അത് ചര്‍ച്ച ചെയ്തു. ഒടുവില്‍ ഐക്യരാഷ്ട്രസഭ ഇടപെട്ട് പുനരധിവാസ പദ്ധതിക്ക് രൂപം കൊടുക്കുകയും 755,000 പേര്‍ക്ക് വിവിധ രാജ്യങ്ങളില്‍ അഭയം നല്‍കുകയും ചെയ്തു. 

Rohingya Muslims

പക്ഷേ, റോഹിങ്ക്യകളുടെ കാര്യത്തില്‍ അഭയം നല്‍കാന്‍ പോയിട്ട്, ആ നിര്‍ഭാഗ്യവാന്മാരുടെ നേരെ സഹാനുഭൂതിയോടെ ഒന്ന് നോക്കാന്‍ പോലും ലോകം തയാറല്ല. കള്ള ബോട്ടുകളില്‍ ജീവിതം പണയം വെച്ച് കരക്കടുക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം ഓരോ രാജ്യവും അവരെ ആട്ടിയോടിക്കുകയാണ്. എന്തിന് ഗാന്ധിജിയുടെ നാട്ടില്‍ വര്‍ഷങ്ങളായി ജീവിക്കുന്ന 40,000 റോഹിങ്ക്യകളെ നാടുകടത്തുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പ്രഖ്യാപിച്ചു കഴിഞ്ഞു. ജന്മനാട്ടില്‍ ജീവഭയം നേരിടുന്ന അഭയാര്‍ഥികളെ തിരിച്ചയക്കുകയോ നാട് കടത്തുകയോ ചെയ്യരുത് എന്ന ഐക്യരാഷ്ട്രസഭയുടെ പ്രാഥമിക മുന്നറിയിപ്പ് പോലും തൃണവത്കരിച്ച് നടത്തുന്ന നീക്കത്തിനു പിന്നില്‍ ഹിന്ദുത്വയുടെ വര്‍ഗീയ അജണ്ടയാണ് വര്‍ത്തിക്കുന്നതെന്ന് കേള്‍ക്കുമ്പോള്‍, രാജ്യം അകപ്പെട്ട തമോഗര്‍ത്തത്തെ ഓര്‍ത്ത് ലജ്ജിക്കുകയേ നിര്‍വാഹമുള്ളൂ. 

Rohingya Muslims
ഭൂമുഖത്ത് ഏറ്റവും കൂടുതല്‍  പീഡനങ്ങള്‍ക്ക് ഇരയാവുന്ന വംശീയ, മത ജനസമൂഹം എന്നാണ് ഐക്യരാഷ്ട്രസഭ റോഹിങ്ക്യകള്‍ക്ക് നല്‍കുന്ന വിശേഷണം. പഴയ ബര്‍മയിലെ റഖൈന്‍ പ്രവിശ്യയിലെ അരാകന്‍ പ്രദേശത്ത് 1.5 ദശലക്ഷം റോഹിങ്ക്യ വംശജരുണ്ടെന്നാണ് കണക്ക്. 1982ലെ ഭരണഘടന അംഗീകരിക്കുന്ന 135 വംശീയ വിഭാഗങ്ങളില്‍ റോഹിങ്ക്യകള്‍ ഉള്‍പ്പെടുന്നില്ല എന്നിടത്താണ് രാജ്യമില്ലാത്ത ജനതയായി ഇക്കൂട്ടര്‍ മാറുന്നത്. ആയിരം വര്‍ഷം മുമ്പ് ഇവിടെയെത്തിയ മുസ്ലിം കച്ചവടക്കാരുടെ പിന്‍തലമുറക്കാരാണ് ഇവരെന്നും എണ്ണമറ്റ തലമുറകള്‍ ബര്‍മയുടെ മണ്ണില്‍ ജീവിച്ചു മരിച്ചിട്ടുണ്ടെന്നും നിഷ്പക്ഷ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അവിഭക്ത ഇന്ത്യയും ബര്‍മയുമെല്ലാം ബ്രിട്ടീഷ് ആധിപത്യത്തിലായിരുന്നപ്പോഴാണ് രോഹിങ്ക്യകളില്‍ ഭൂരിഭാഗവും തൊഴില്‍പടയായി മ്യാന്മറില്‍ ജീവിതമുറപ്പിക്കുന്നത്. 

Rohingya Muslims

രണ്ടാം ലോകയുദ്ധത്തോടെ ഭൂരിപക്ഷം വരുന്ന ബുദ്ധ മതവിശ്വാസികളും രോഹിങ്ക്യകളും തമ്മില്‍ വേര്‍തിരിവുണ്ടാവുന്നത് നിലപാടുകളുടെ പുറത്താണ്. രോഹിങ്ക്യകള്‍ ബ്രിട്ടീഷുകാരെ തുണച്ചപ്പോള്‍ മറുവിഭാഗം ജപ്പാന്‍റെ പക്ഷത്ത് ഉറച്ചുനിന്നു. 1948ല്‍ രാജ്യം സ്വതന്ത്ര്യം പ്രാപിക്കുന്നതോടെയാണ് സൈനിക ഭരണകൂടത്തിന്‍റെ കീഴില്‍ മുസ്ലിംകള്‍ക്കെതിരായ പീഡനങ്ങള്‍ക്ക് തുടക്കമിടുന്നത്. 1959ല്‍ പ്രധാനമന്ത്രി യൂബാന്‍ സിയു മറ്റു വംശീയ വിഭാഗങ്ങളുടെ അതേ പദവിയും പൗരത്വവും വകവെച്ചു കൊടുക്കുകയുണ്ടായി. എന്നാല്‍, 62ല്‍ ജനറല്‍ നീ വിന്‍ സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ചടക്കിയത് റോഹിങ്ക്യകളുടെ ഭാവിക്കുമേല്‍ കരിനിഴല്‍ വീഴ്ത്തി. 1978 ആയപ്പോഴേക്കും ബര്‍മീസ് പട്ടാളം രണ്ടു ലക്ഷത്തോളം രോഹിങ്ക്യകളെ അവരുടെ കിടപ്പാടങ്ങളില്‍നിന്ന് നിര്‍ദ്ദാക്ഷിണ്യം ആട്ടിയോടിച്ചു. കൂട്ടക്കൊലയും കൊള്ളിവെപ്പും ബലാല്‍സംഗവമായിരുന്നു പരമ്പരാഗത പീഡനമുറകള്‍. 1991ല്‍ കൂട്ടുക്കുരുതി ആവര്‍ത്തിക്കപ്പെട്ടു. 

രണ്ടരലക്ഷം മനുഷ്യരാണ് അന്ന് ജീവനും കൊണ്ട് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. 2001ല്‍ അരാകന്‍ തലസ്ഥാനമായ സിത് വയില്‍ പട്ടാളത്തിന്‍റെ കണ്‍മുമ്പില്‍വെച്ച് പള്ളികളും മദ്രസകളും മുസ്ലിം വ്യാപാരി സ്ഥാപനങ്ങളും കത്തിച്ചാമ്പലാക്കി. ബര്‍മീസ് വംശജരില്‍നിന്ന് വ്യത്യസ്തമായ ശരീരപ്രകൃതിയും തവിട്ടുനിറവും റോഹിങ്ക്യന്‍, ബംഗാളി, അരാകനീസ് ഭാഷാ പ്രയോഗവും ഈ ജനവിഭാഗത്തെ മറ്റുള്ളവരില്‍നിന്ന് മാറ്റിനിര്‍ത്തുന്നു. സമീപകാലത്ത് ബുദ്ധമത തീവ്രവാദികളാണ് ഈ ജനവിഭാഗത്തിനെതിരെ ആസൂത്രിത ആക്രമണം അഴിച്ചുവിട്ടത്. 2012തൊട്ട് അതിനു നേതൃത്വം കൊടുക്കുന്നതാവട്ടെ വിറാതു എന്ന ബുദ്ധമത സന്ന്യാസിയും. വിറാതു ആരാണ് എന്ന് ലോകത്തിനു പരിചയപ്പെടുത്തിയ ‘ടൈം ’വാരികയുടെ മുഖചിത്രമായി (2013ജൂലൈ ഒന്ന് ലക്കം) പ്രത്യക്ഷപ്പെട്ടപ്പോള്‍ അതിനു കൊടുത്ത ശീര്‍ഷകം ഇങ്ങനെ: The Face of Buddhist Terror (ബുദ്ധഭീകരതയുടെ മുഖം). 

Ashin-Wirathu
ബുദ്ധഭീകരതയുടെ മുഖം എന്നറിയപ്പെടുന്ന അശിൻ വിറാതു
 


വെള്ളം ചേര്‍ക്കാത്ത മതവൈരവും കല്ലുവെച്ച നുണകളില്‍ മുക്കിയെടുത്ത കിംവദന്തികളുമാണ് വിറാതു എന്ന ബുദ്ധഭീകരന്‍റെ കൈയിലെ ആയുധങ്ങള്‍. ലണ്ടനിലെ ഗാര്‍ഡിയനുമായുള്ള അഭിമുഖത്തില്‍ എന്തുകൊണ്ട് താന്‍ റോഹിങ്ക്യകള്‍ക്ക് എതിരെ തിരിഞ്ഞു എന്നതിന് ഈ മനുഷ്യന്‍ നിരത്തുന്ന ന്യായീകരണങ്ങള്‍ ഇതാണ്: ‘നാം എല്ലാം പട്ടണങ്ങളിലും ബലാല്‍സംഗം ചെയ്യപ്പെടുന്നു. എല്ലാ പട്ടണങ്ങളിലും വളഞ്ഞുവെച്ചു മര്‍ദിക്കപ്പെടുന്നു. എല്ലാ പട്ടണങ്ങളിലും ക്രൂരരും കാടന്മാരുമായ മുസ്ലിം ഭൂരിപക്ഷമുണ്ട്’. ബുദ്ധസ്ത്രീകളെ കൂട്ടമായി ഇസ്ലാമിലേക്ക് മതം മാറ്റുകയാണ്. മതം മാറാന്‍ സമ്മതിക്കാത്തവരെ കൂട്ടമായി കൊല്ലുകയാണ്. ഹലാല്‍ ഇറച്ചിക്കു വേണ്ടി മൃഗങ്ങളെ അറുക്കുന്നത് കൊണ്ട് മുസ്ലിംകള്‍ ചോര ഇഷ്ടപ്പെടുന്നവരാണ്. ലോക സമാധാനത്തെ തകര്‍ക്കാന്‍ പോന്ന വിധം അത് രൂക്ഷമാവാന്‍ പോവുകയാണ്.’’ അതുകൊണ്ട് അനുയായികളോട് വിറാതുവിന് പറയാനുള്ളത് ഇതാണ്:‘‘ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ സമയമായിരിക്കുന്നു; നിങ്ങളുടെ രക്തം തിളച്ചുമറയട്ടെ’’. 

തിളച്ചു മറിഞ്ഞ ക്രൂരത
പൗരന്മാരില്‍ ഒരു വിഭാഗത്തെ കൂട്ടമായി ഉന്മൂലനം ചെയ്യാന്‍ ഒരു സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവരെ രക്ഷിക്കാന്‍ സാധിക്കില്ലെന്ന കയ്പേറിയ സത്യമാണ് റോഹിങ്ക്യകള്‍ നേരിട്ടു കൊണ്ടിരിക്കുന്ന ദുരന്തം ലോകത്തെ ഓര്‍മിപ്പിക്കുന്നത്. തങ്ങള്‍ വെറുക്കുന്ന ജനവിഭാഗത്തെ ഉന്മൂലനം ചെയ്യാനുള്ള ‘അരാകന്‍ പദ്ധതി’ മ്യാന്മര്‍ ഭരണകൂടവും തീവ്രദേശീയവാദികളും ഒത്തൊരുമിച്ച് നടപ്പാക്കിത്തുടങ്ങിയതാണ് റോഹിങ്ക്യ പ്രശ്നത്തെ അത്യപൂര്‍വ മാനുഷിക ദുരന്തമാക്കുന്നത്. ക്രൂരവും നിഷ്ഠൂരവുമായ പീഢനങ്ങളും അറസ്റ്റും തടങ്കലും. വിചാരണ പ്രഹസനത്തിലൂടെ ഇവര്‍ ആയിരങ്ങളെ കൂട്ടമായി കഴുമരത്തിലേറ്റി. ഗ്രാമമൊന്നാകെ കത്തിച്ചാമ്പലാക്കുകയും പെണ്‍കുഞ്ഞുങ്ങളെ പോലും ബലാല്‍സംഗത്തിന്നായി വിട്ടുകൊടുക്കുകയും ചെയ്യുന്ന ഭീകരകാഴ്ച നിത്യസംഭവമായപ്പോഴാണ് ഒരുവേള തങ്ങളുടെ പൂര്‍വീകര്‍ ഭരിച്ച മണ്ണില്‍ ഇനി രക്ഷിയില്ലെന്ന ബോധ്യത്തില്‍ എല്ലാം ഇട്ടെറിഞ്ഞ് ലക്ഷ്യമില്ലാത്ത വിദൂരതയിലേക്ക് പലായനം ചെയ്യാനായി ഇറങ്ങിപ്പുറപ്പെടുന്നത്.

Buddhist Monks
റോഹിങ്ക്യൻ മുസ് ലിംകൾക്കെതിരെ പ്രതിഷേധിക്കുന്ന ബുദ്ധമതക്കാർ
 


ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങി രാജ്യങ്ങള്‍ ലക്ഷ്യമിട്ട് കിട്ടാവുന്ന ബോട്ടുകളില്‍ ഇവര്‍ യാത്ര പുറപ്പെടുമ്പോള്‍ അവര്‍ക്കറിയാം ജീവന്‍ പണയം വെച്ചുള്ളതാണീ പരീക്ഷണമെന്ന്. അരാകന്‍ തീരത്തു നിന്ന് ചെറിയ ബോട്ടുകളില്‍ കയറി പുറംകടലില്‍ എത്തുകയും അവിടെ നങ്കൂരമിട്ട കപ്പലുകളില്‍ തായ് ലന്‍ഡ് വരെയും അവിടെനിന്ന് മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കും തിരിക്കുന്ന പതിനായിരങ്ങളെ  സ്വീകരിക്കാന്‍ ഒരു രാജ്യവും മുന്നോട്ടു വരാത്തതാണ് റോഹിങ്ക്യ പ്രശ്നം രൂക്ഷതരമാക്കിയത്. 1970കള്‍ക്ക് ശേഷം ചുരുങ്ങിയത് പത്ത് ലക്ഷം റോഹിങ്ക്യകളെങ്കിലും അഭയാര്‍ഥികളായി വിവിധ രാജ്യങ്ങളില്‍ കഴിയുന്നുണ്ട്. 2012ന് ശേഷം മാത്രം 168,000 പേര്‍ മ്യാന്മര്‍ വിട്ടിട്ടുണ്ടെന്നാണ് യു.എന്‍ കണക്കുകള്‍ പറയുന്നത്. 2016 ഒക്ടോബറിനും 2017 ജൂലൈക്കും ഇടയില്‍ മാത്രം 87,000 അഭയാര്‍ഥികള്‍ ബംഗ്ലാദേശില്‍ എത്തിയിട്ടുണ്ട്. ഇനി ആരേയും സ്വീകരിക്കാന്‍ സാധ്യമല്ല എന്നാണ് ആ പട്ടിണി രാജ്യം തുറന്നു പറയുന്നത്. 

അങ്ങനെ റോഹിങ്ക്യകള്‍ക്ക് നേരെ എല്ലാ രാജ്യങ്ങളും വാതില്‍കൊട്ടിയടക്കുമ്പോള്‍ ആഴക്കടലില്‍ ആടിയുലയുന്ന തുരുമ്പിച്ച ബോട്ടുകളില്‍ മരണം കാത്ത് കഴിയുകയേ ഇവരുടെ മുന്നില്‍ മാര്‍ഗമുള്ളൂ. തൊണ്ടനനക്കാന്‍ ഒരിറ്റ് കുടിനീര്‍ കിട്ടാതെ വരുമ്പോള്‍ സ്വന്തം മൂത്രം കുടിച്ച് ദിവസങ്ങളോളം അലകടലിനോട് മല്ലിടക്കുകയും ഒടുവില്‍ തിരമാലകളുടെ ചിറകിലേറി ജീവതാന്ത്യം കാണുകയും ചെയ്ത എത്രയോ നിര്‍ഭാഗ്യന്മാരുടെ കഥ കഴിഞ്ഞ നാലഞ്ചു വര്‍ഷമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ആന്തമാന്‍ കടലും മലാക്ക കടലിടുക്കും ഒട്ടനവധി മനുഷ്യജഡങ്ങള്‍ ഇതിനകം ഏറ്റുവാങ്ങിക്കഴിഞ്ഞു. അതിനിടയില്‍, കരപറ്റുന്ന നാടുകളില്‍ കാത്തിരിക്കുന്ന കൊടിയ പീഢനങ്ങളും ചൂഷണങ്ങളും മറ്റൊരു ഭാഗത്ത്. പുരുഷന്മാരെ കൊന്ന് പെണ്‍കുട്ടികളെ അടക്കം വേശ്യത്തെരുവുകളിലേക്ക് വലിച്ചെറിയാന്‍ കാത്തിരിക്കുന്ന സംഘങ്ങള്‍ എല്ലാ രാജ്യത്തുമുണ്ട്. 

Rohingya Muslims
പ്രതിഷേധക്കാർ ഓങ് സാന്‍ സൂചിയുടെ ചിത്രം കത്തിക്കുന്നു
 


റോഹിങ്ക്യകളുടെ ദുരിതജീവിതത്തിന്‍റെ നേര്‍ക്കാഴ്ചകള്‍ തങ്ങളുടെ മുന്നില്‍ കെട്ടഴിഞ്ഞു വീഴുമ്പോഴും നിസ്സംഗതയോടെ എല്ലാം കണ്ടിരിക്കുന്ന ലോകത്തിന്‍റെ കാപട്യമാണ് ഈ പ്രതിസന്ധിയെ ലജ്ജാവഹമാക്കുന്നത്. വന്‍ശക്തികളുടെ ഗുഡ്ബുക്കിലാണ് മ്യാന്മറിലെ സൈനികജണ്ട എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. ഇറാഖിലെ സൈദികള്‍ക്കും തുര്‍ക്കിയിലെ കുര്‍ദുകള്‍ക്കും പാക്കിസ്ഥാനിലെ ശിയാക്കള്‍ക്കും ഈജിപ്തിലെ കോപ്റ്റിക്കുകള്‍ക്കും വേണ്ടി ഗാലന്‍കണക്കിന് അശ്രു പൊഴിക്കുന്ന ലോകകാവലാളുകള്‍ വംശവിച്ഛേദനം അഭിമുഖീകരിക്കുന്ന റോഹിങ്ക്യകളുടെ കാര്യത്തില്‍ കണ്ണടച്ചിരിക്കുകയാണ്. മ്യാന്മറിലെ ഏറ്റവും ശക്തയായ ജനാധിപത്യവാദിയായി ലോകം ഉയര്‍ത്തിക്കാട്ടുന്ന, നൊബേല്‍ സമ്മാന ജേതാവ് ഓങ് സാന്‍ സൂചി റോഹിങ്ക്യന്‍ വിഷയത്തില്‍ ദീക്ഷിക്കുന്ന മൗനം പോലും വാചാലമാണ്. മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി ഇതുവരെ അലമുറയിട്ട അവരുടെ നാവ് ഇപ്പോള്‍ പൊങ്ങുന്നില്ല.

സൈന്യം റോഹിങ്ക്യന്‍ ഹതഭാഗ്യരോട് അതിക്രൂരമായി പെരുമാറുമ്പോള്‍ അരുത് എന്ന് പറയാന്‍ പോലും ഭരണത്തിന്‍റെ അമരത്തിരിക്കുന്ന ഈ ചാന്‍സ് ലര്‍ക്ക് സാധിക്കുന്നില്ല. ‘റോഹിങ്ക്യ ഭീകരവാദി’കളെ കുറിച്ചാണ് അവര്‍ക്ക് പറയാനുള്ളത്. 'അറാകന്‍ സാല്‍വേഷന്‍ ആര്‍മി' എന്ന ദുര്‍ബലരായ പ്രതിരോധ സംഘത്തിന്മേല്‍ ഭീകരമുദ്ര ചാര്‍ത്തി ശ്രദ്ധ മറ്റൊരു വഴിക്ക് തിരിച്ചുവിടാനുള്ള ശ്രമത്തിലാണവര്‍. കഴിഞ്ഞ മാര്‍ച്ചില്‍ ബി.ബി.സിയുമായുള്ള ഒരഭിമുഖത്തില്‍ അരാകനില്‍ അരങ്ങേറുന്നത് ‘എത്നിക് ക്ലെന്‍സിങ്- വംശീയ വിച്ഛേദനം’ അല്ലേ എന്ന് ചോദിച്ചപ്പോള്‍‘ കടുപ്പമേറിയ’ പദം ഉപയോഗിച്ചതില്‍ അവര്‍ രോഷാകുലയായി. ഏത് ദുരന്തമുഖത്തേക്കും സഹായഹസ്തവുമായി ഓടിച്ചെല്ലാറുള്ള അറബ് രാജാക്കന്മാരും സമ്പന്ന ശൈഖുമാരും എന്തു കൊണ്ടാണെന്നറിയില്ല, റോഹിങ്ക്യകളെ അനുതാപത്തോടെയല്ല ഇതുവരെ കടാക്ഷിച്ചത്. തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മാത്രമാണ് ഒരുപവാദമായി ഈ ഹതഭാഗ്യര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നതും സഹായം വാഗ്ദാനം ചെയ്യുന്നതും. 

Rohingya Muslims
തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍
 


മനുഷ്യത്വം മറക്കുന്ന ഹിന്ദുത്വ
റോഹിങ്ക്യപ്രശ്നം അന്താരാഷ്ട്രതലത്തില്‍ മോദിയുടെ ഇന്ത്യയെ നാണം കെടുത്താന്‍ പോവുകയാണ്. നിയമവിരുദ്ധ താമസക്കാരാണ് എന്ന് മുദ്രകുത്തി നാല്‍പതിനായിരത്തിലേറെ വരുന്ന അഭയാര്‍ഥികളെ നാട് കടത്താനുള്ള നീക്കത്തിലാണ് ആഭ്യന്തരമന്ത്രാലയം. നമ്മുടെ രാജ്യം ഇതുവരെ അഭയം തേടിയെത്തുന്നവരോട് കാണിച്ചു പോന്ന മനുഷ്യത്വത്തിന്‍റെറയും ആതിഥ്യ മര്യാദയുടെയും മഹനീയ പാരമ്പര്യത്തെയാണ് വന്നുകയറിയവര്‍ ‘മുസ്ലിംകള്‍’ ആണ് എന്ന ഒരൊറ്റ കാരണത്താല്‍ വലിച്ചെറിയാന്‍ പോകുന്നത്. നേപ്പാളില്‍നിന്നുള്ള ഹിന്ദുക്കള്‍ക്കും തിബറ്റില്‍നിന്നുള്ള ബുദ്ധമതക്കാര്‍ക്കും അഫ്ഗാനില്‍നിന്നുള്ള മുസ്ലിംകള്‍ക്കും ബംഗ്ലാദേശില്‍നിന്നുള്ള ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കുമെല്ലാം ഒരുപോലെ അഭയം നല്‍കിയ പാരമ്പര്യമാണ് നമ്മുടേത്. മുഗിള സുല്‍ത്താന്മാരുടെ കാലത്താണ് പേര്‍ഷ്യയില്‍നിന്ന് പീഢനങ്ങളേറ്റ് എത്തിയ പാര്‍സികളെ ഇവിടെ തണലും തുണയും നല്‍കി വരവേറ്റത്. യൂറോപ്പില്‍ ക്രിസ്ത്യാനികള്‍ കാല് കുത്തുന്നതിനു മുമ്പ് തന്നെ ഇന്ത്യയില്‍ ആ സമൂഹം അംഗബലത്തില്‍ പോലും വളര്‍ച്ച കാണിച്ചിരുന്നു. അഭയം തേടി വരുന്നവരെ അതിഥികളായി സ്വീകരിക്കണമെന്നാണ് ജവഹര്‍ലാലും ഇന്ദിരാഗാന്ധിയുമൊക്കെ ലോകത്തെ പഠിപ്പിച്ചത്.

Modi-Kiren-Rijiju
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജുവും
 

എന്നാല്‍, മോദി യുഗത്തില്‍ എല്ലാം തലതിരിയാന്‍ തുടങ്ങിയപ്പോള്‍ അഭയം തേടിയത്തെിയവരെ മതത്തിന്‍റെ ഇടുങ്ങിയ കണ്ണിലൂടെ  നോക്കിക്കാണാന്‍ ഉത്തരവിട്ടു. അങ്ങനെയാണ് പാസ്പോര്‍ട്ട് ആക്ട്, ഇന്ത്യന്‍ ഫോറിനേഴ്സ് ആക്ട് എന്നിവയുമായി ബന്ധപ്പെട്ട് 2015 സെപ്റ്റംബറില്‍ ആഭ്യന്തരമന്ത്രാലയം ഒരുത്തരവ് ഇറക്കുന്നത്. അതനുസരിച്ച് അയല്‍രാജ്യങ്ങളില്‍ നിന്ന് പീഢനങ്ങളേറ്റ് വരുന്ന മുസ്ലിംകള്‍ ഒഴികെയുള്ളവര്‍ക്ക് ഇളവ് അനുവദിക്കുകയും അവരെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുകയുമാണ്. റോഹിങ്ക്യകള്‍ നിയമവിരുദ്ധരാണെന്ന് ആഭ്യന്തര സഹമന്ത്രി റിജ്ജു വാദിക്കുന്നത് ഈ ഉത്തരവിന്‍റെ മറവിലാണ്. പക്ഷേ, അന്താരാഷ്ട്ര ഉടമ്പടികളുടെയും ഭരണഘടനാ വ്യവസ്ഥകളുടെയും ലംഘനമാണീ നടപടിയെന്ന് നാം മനഃപൂര്‍വം വിസ്മരിക്കുകയാണ്. മനുഷ്യത്വശൂന്യമായ ഒരു നയനിലപാട് ഇന്ത്യ എന്ന മഹത്തായ ഒരു രാജ്യത്തിന്‍റെ ധാര്‍മികമായ നിലനില്‍പിനെയാണ് ചോദ്യം ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി മോദിയോട് അതുകൊണ്ട്തന്നെ, ഒന്നേ അപേക്ഷിക്കാനുള്ളൂ, റോഹിങ്ക്യകളെ മനുഷ്യരായി അംഗീകരിക്കാന്‍ വിശാലമനസ്കത കാട്ടണം, ഒപ്പം ദുരിതം പേറുന്നവരോടുള്ള അല്‍പം ദയാവായ്പും, പ്ലീസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modikiren rijijuunrohingya muslimsRohingya'ns CrisisMyanmar MuslimsMalayalam ArticleAun San SukiIndia News
News Summary - Crisis of Rohingya Muslims in Myanmar -Openforum Article
Next Story