വാതിൽപടിയിൽ കുരച്ചതിെൻറ ബാക്കിപത്രം
text_fieldsയുക്രെയ്നെ മറയാക്കി റഷ്യക്ക് നാശം സമ്മാനിക്കാനാണ് അമേരിക്ക ലക്ഷ്യമിട്ടത്. എന്നാൽ, മുഖ്യശത്രുവായ ചൈന അവരുമായി അതിരുകളില്ലാത്ത സൗഹൃദം പ്രഖ്യാപിക്കുന്നതിലേക്കാണ് കാര്യങ്ങൾ ചെന്നെത്തിയത്. അസ്ഥിരപ്പെട്ട റഷ്യ ചൈനക്ക് ആകർഷകമായി തോന്നില്ല എന്നായിരുന്നു അവർ സ്വപ്നം കണ്ടത്
വീണ്ടുമൊരു 'ക്യൂബൻ മിസൈൽ പ്രതിസന്ധി' അണിയറയിൽ ഒരുങ്ങുകയാണോ? റഷ്യൻ പട്ടാളക്കാരെ നിയോഗിക്കാനുള്ള നികരാഗ്വയുടെ തീരുമാനം വാഷിങ്ടണിനെ തീർച്ചയായും വിളറിപിടിപ്പിക്കുക തന്നെ ചെയ്യും. നികരാഗ്വൻ ഉടമ്പടി വഴി ഏഴു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേക്ക് പ്രവേശിക്കാനും ഇടപെടാനും രാജ്യത്തിന് അനുമതി നൽകുന്നുവെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കക്ക് അലോസരവും ആശങ്കയുമുണ്ടാവാൻ മതിയായ കാരണംതന്നെ. വ്ലാദിമിർ പുടിന്റെ യുക്രെയ്ൻ അധിനിവേശം പ്രകോപനമേതുമില്ലാതെയാണെന്ന പടിഞ്ഞാറൻ പ്രചാരണത്തെ ഫ്രാൻസിസ് മാർപാപ്പ തള്ളിക്കളഞ്ഞുവെന്നാണ് മറ്റൊരു റിപ്പോർട്ട്. ഈശോ സഭയുടെ ഒരു പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിൽ അധിനിവേശത്തിന് ഏറെ മുമ്പു തന്നെ ''അവർ റഷ്യയുടെ വാതിൽപടിക്കൽ ചെന്ന് കുരക്കുകയാണ്, ഈ അവസ്ഥ യുദ്ധത്തിലേക്ക് കൊണ്ടെത്തിക്കു''മെന്ന് യുക്തിമാനായ ഒരു രാഷ്ട്രത്തലവൻ പ്രവചിച്ചിരുന്നതായി പോപ്പ് ഉദ്ധരിക്കുന്നു.
1998ൽ നാറ്റോ വിപുലനത്തിനായി യു.എസ് സെനറ്റ് വോട്ടു ചെയ്ത കാലം തൊട്ടുതന്നെ റഷ്യ നിരന്തരമായി പ്രകോപിപ്പിക്കപ്പെടുകയായിരുന്നുവെന്നത് പകൽപോലെ വ്യക്തമാണ്. റഷ്യയുടെ ബുദ്ധിമാനായ ചരിത്രകാരൻ ജോർജ് കെന്നൻ അന്നേ പറഞ്ഞിരുന്നു ഇതിന് പ്രത്യാഘാതങ്ങളുണ്ടാവുമെന്ന്.
ജോർജിയയും യുക്രെയ്നും സഖ്യത്തിൽ ചേർന്നേക്കുമെന്ന സാധ്യത പ്രഖ്യാപിക്കപ്പെട്ട 2008ലെ നാറ്റോയുടെ ബുക്കാറസ്റ്റ് സമ്മേളനത്തിൽ വിരോധാഭാസമെന്നു പറയട്ടെ പുടിനും ക്ഷണിക്കപ്പെട്ടിരുന്നു. സമ്മേളനം തികച്ചും നാടകീയമാവാൻ മറ്റൊരു കാരണംകൂടി ഉണ്ടായിരുന്നു. നാറ്റോയിൽ ചേരാത്തപക്ഷം ഇരു രാജ്യങ്ങൾക്കും ഭാവിയേ ഇല്ല എന്ന മട്ടിൽ സമ്മേളനത്തിൽ സംബന്ധിച്ചിരുന്ന അന്നത്തെ യു.എസ് പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷ് നടത്തിയ ചാക്കിട്ടുപിടിത്തം. തന്റെ കഴുത്തിനു നേരെ ഉയർത്തപ്പെട്ടിരിക്കുന്ന കത്തി എന്നായിരുന്നു ഈ നടപടി റഷ്യക്ക് വരുത്തിവെച്ചേക്കാവുന്ന ഭീഷണിയെ പുടിൻ വിശേഷിപ്പിച്ചത്. ഒരു കടും ചുവപ്പ് വര അന്നുതന്നെ വരക്കപ്പെട്ടിരുന്നു.
2008 രണ്ടു സംഭവങ്ങളാൽ ഓർമിക്കപ്പെടും. ഒന്ന് റഷ്യ വിജയം വരിച്ച ജോർജിയയുമായുള്ള യുദ്ധം. അടുത്തത് 619 ബില്യൻ ഡോളറിന്റെ റെക്കോഡ് ബാധ്യതയുമായി യു.എസ് ധനകാര്യസ്ഥാപനമായിരുന്ന ലേമാൻ ബ്രദേഴ്സിന്റെ തകർച്ച. തൊണ്ണൂറുകളുടെ തുടക്കത്തിൽ സോവിയറ്റ് യൂനിയന്റെ പതനത്തിനുശേഷം ലോകത്തെ ഏക വൻശക്തിയായി വിരാജിച്ചുനിന്ന അമേരിക്കയുടെ യു.എസ് പ്രഭാവം അസ്തമിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടത് അതിനു ശേഷമാണ്.
പടിഞ്ഞാറൻ രാജ്യങ്ങൾ യുെക്രയ്ൻ സാഹസത്തിനൊരുങ്ങുേമ്പാൾ അവരുടെ തന്ത്രത്തിൽ പാളിച്ചയുണ്ടെന്ന് ഞാൻ ചൂണ്ടിക്കാട്ടിയിരുന്നു. അമേരിക്കയുടെ പരാജയപ്പെട്ടുപോയ മൂന്ന് സൈനികസാഹസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചതിന്റെ വെളിച്ചത്തിലാണതു പറഞ്ഞത്. 20 വർഷക്കാലത്തെ അധിനിവേശത്തിന് ശേഷം സകലവും കുഴഞ്ഞുമറിഞ്ഞ രീതിയിലാണ് അമേരിക്കക്ക് അഫ്ഗാൻ വിട്ടുപോകേണ്ടി വന്നത്. 2002 ഏപ്രിൽ മൂന്നിന് അവർ ഇറാഖിൽ അധിനിവേശം നടത്തി. പത്തുവർഷം അത് നീണ്ടു.
എന്നിട്ട് എന്ത് നേടി? ഇസ്രായേലി പരിപ്രേക്ഷ്യത്തിൽനിന്ന് നോക്കിയാലല്ലാതെ അമേരിക്കയുടെ ഇറാഖ് അധിനിവേശം എന്തെങ്കിലും നേട്ടമുണ്ടാക്കി എന്നു പറയാനാവില്ല. അനന്തരം മാറ്റിമറിച്ച ഒരു തന്ത്രവുമായി ഉന്നം സിറിയയിലേക്ക് മാറ്റി. നേരിട്ട് ഇറങ്ങിക്കളിക്കാതെ മറ്റു രാജ്യങ്ങളെയാണ് അതിനു നിയോഗിച്ചത്.
യു.എസ് ആഭ്യന്തര സെക്രട്ടറിയായിരുന്ന ഹിലരി ക്ലിന്റൺ അസദ് ഇറങ്ങിപ്പോകണമെന്ന് ഉറച്ച വിശ്വാസത്തോടെ ആജ്ഞാപിക്കുന്നതു കേട്ടാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ അസദ് വീഴുകയും ഭരണം മാറുകയും ചെയ്യുമെന്ന് പലരും കരുതിയിരുന്നു. പക്ഷേ പിന്നെയെന്ത് സംഭവിച്ചു? ജനറൽ ലോയ്ഡ് ഓസ്റ്റിന്റെ ചിത്രം എനിക്ക് മറക്കാനാവുന്നില്ല. അസദിനെ മറിച്ചിടുന്നതിനായി 'നല്ല സായുധപ്പോരാളികളെ' പരിശീലിപ്പിച്ചെടുക്കലായിരുന്നു പ്രതിരോധ സെക്രട്ടറി പദത്തിലേക്ക് എത്തും മുമ്പ് അദ്ദേഹം കൈയാളിയ ദൗത്യങ്ങളിലൊന്ന്. 500 ദശലക്ഷം ഡോളറാണ് ഇതിനായി നീക്കിവെച്ചത്. സകല വിദ്യകളും പഠിച്ച് ആയുധങ്ങളെല്ലാം വാരിക്കൂട്ടി അവരെല്ലാം 'ചീത്ത ഭീകരന്മാരുടെ' കൂടെ ചേർന്നു. ജനറലിനെ സെനറ്റിന്റെ സായുധ സേവന കമ്മിറ്റി ചോദ്യം ചെയ്യാനായി വിളിപ്പിച്ചു- ''നിങ്ങൾ പരിശീലിപ്പിച്ചവരിൽ എത്ര സൈനികർ ഇപ്പോൾ യുദ്ധമുന്നണിയിലുണ്ട്'' എന്ന ചോദ്യത്തിന് സങ്കടംപൂണ്ട കണ്ണുകളുമായി നോക്കി ജനറൽ മറുപടി പറഞ്ഞു: ''നാലോ അഞ്ചോ.''
ഇത്രയൊക്കെ പണിപ്പെട്ടിട്ട് അസദിനെപ്പോലൊരു ഭരണാധികാരിയെ താഴെയിറക്കാൻ കഴിഞ്ഞില്ലയെന്നുണ്ടെങ്കിൽ യുക്രെയ്നിനെ മറയാക്കി നടത്തുന്ന ഒളിയുദ്ധത്തിൽ ആയിരക്കണക്കിന് ആണവായുധങ്ങളുടെ പരിരക്ഷയിലിരിക്കുന്ന പുടിനെ എങ്ങനെ തോൽപിക്കാനാണ്? പുടിന്റെ കഴുത്തിനു പിടിക്കാനെന്നപേരിൽ അമേരിക്ക ഒരുക്കിക്കൂട്ടിയ പടപ്പുറപ്പാട് ഒടുവിൽ യുക്രെയ്ന് നാശം വരുത്തിവെച്ചിരിക്കുന്നു.
യുക്രെയ്നെ മറയാക്കി റഷ്യക്ക് നാശം സമ്മാനിക്കാനാണ് അമേരിക്ക ലക്ഷ്യമിട്ടത്. എന്നാൽ, മുഖ്യശത്രുവായ ചൈന അവരുമായി അതിരുകളില്ലാത്ത സൗഹൃദം പ്രഖ്യാപിക്കുന്നതിലേക്കാണ് കാര്യങ്ങൾ ചെന്നെത്തിയത്. അസ്ഥിരപ്പെട്ട റഷ്യ ചൈനക്ക് ആകർഷകമായി തോന്നില്ല എന്നായിരുന്നു അവർ സ്വപ്നം കണ്ടത്. പക മൂത്ത്, മറ്റുള്ളവർക്ക് മുന്നിൽ അനാകർഷകരാക്കാനായി എതിരാളികളുടെ മുഖത്ത് ആസിഡാക്രമണം നടത്തുന്ന കുറ്റവാളികളുടെ മനോനിലയാണത്.
യുക്രെയ്ന്റെ സമ്പൂർണ നാശം ആരുടെയും താൽപര്യമല്ല. എന്നാൽ, അമേരിക്കയുടെ യുദ്ധസഖ്യക്കാർ ഈ സാഹസങ്ങളെ കൈയൊഴിഞ്ഞ മട്ടാണ്. റഷ്യയുമായി ഭക്ഷ്യധാന്യം, വളം, എണ്ണ, പ്രകൃതിവാതകം എന്നിവയുടെ വ്യാപാരം ത്വരിതപ്പെടുത്തുക എന്നതു തന്നെയാണ് യൂറോപ്യൻ രാജ്യങ്ങളുടെ അനൗദ്യോഗിക നിലപാട്. മാധ്യമങ്ങളും ഇപ്പോൾ മൗനത്തിലേക്ക് മറഞ്ഞിരിക്കുന്നു -അവർ ചുവരെഴുത്തുകൾ വായിച്ചു തുടങ്ങിയിട്ടുണ്ടാവുമല്ലേ? ●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.