തമിഴ് മണ്ണിലെ ദലിത് ചോര
text_fieldsജാതിവിരുദ്ധ സമരവും യുക്തിചിന്തയുമായി പെരിയാർ ഉഴുതുമറിച്ച തമിഴ് മണ്ണിൽ സ്വാതന്ത്ര്യലബ്ധിയുടെ ഏഴരപ്പതിറ്റാണ്ട് പിന്നിട്ടിട്ടും ജാതിയധിഷ്ഠിത ക്രൂരതകളും ദുരഭിമാനക്കൊലകളും ദലിത്- സവർണ വിഭാഗങ്ങൾ തമ്മിലെ ഏറ്റുമുട്ടലുകളും തുടർക്കഥയാണ്
യു.പിയും മധ്യപ്രദേശും ഗുജറാത്തുമുൾപ്പെടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ദലിത് സമൂഹത്തിൽ നിന്നുള്ള ബാലികമാരുൾപ്പെടെ ബലാത്സംഗക്കൊലക്കിരയാവുകയും വയോധികർ ആക്രമിക്കപ്പെടുകയും ആദിവാസികൾ അടിച്ചോടിക്കപ്പെടുകയും ചെയ്യുമ്പോഴും അവഗണിക്കുകയോ പ്രതികളെ ന്യായീകരിക്കാൻ വെമ്പുകയോ ചെയ്യുന്ന സംഘ്പരിവാർ, ദലിതുകൾ പീഡിപ്പിക്കപ്പെടുന്നുവെന്ന് വിലപിക്കുന്ന ദേശമുണ്ടെങ്കിൽ അത് തമിഴ്നാടാണ്.
ജാതിവിരുദ്ധ സമരവും യുക്തിചിന്തയുമായി പെരിയാർ ഉഴുതുമറിച്ച തമിഴ് മണ്ണിൽ സ്വാതന്ത്ര്യലബ്ധിയുടെ ഏഴരപ്പതിറ്റാണ്ട് പിന്നിട്ടിട്ടും ജാതിയധിഷ്ഠിത ക്രൂരതകളും ദുരഭിമാനക്കൊലകളും ദലിത്- സവർണ വിഭാഗങ്ങൾ തമ്മിലെ ഏറ്റുമുട്ടലുകളും തുടർക്കഥയാണ്. നിയമാവബോധവും ദലിത് കൂട്ടായ്മകളുടെ ചെറുത്തുനിൽപും മൂലം മുൻകാലങ്ങളെ അപേക്ഷിച്ച് അൽപം കുറവുണ്ടെങ്കിലും സമ്പൂർണ ശമനം സാധ്യമാക്കാൻ സാമൂഹിക നീതിയുടെ ചാമ്പ്യനായ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും സാധിച്ചിട്ടില്ല. സംസ്ഥാനത്ത് ഈയിടെ ഉണ്ടായ ചില സംഭവങ്ങളെ ഊതിപ്പെരുപ്പിച്ച്, സ്റ്റാലിൻ സർക്കാറിന്റെ ദ്രാവിഡ മോഡൽ ഭരണത്തിനെതിരെ വലിത തോതിൽ പ്രചാരണം നടത്തുകയാണ് ബി.ജെ.പി.
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തവും ബി.എസ്.പി സംസ്ഥാന അധ്യക്ഷനായിരുന്ന അഡ്വ.കെ. ആംസ്ട്രോങ്ങിന്റെ കൊലപാതകവും ഉയർത്തിക്കാട്ടിയാണ് സ്റ്റാലിൻ സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രചാരണം കൊഴുപ്പിക്കുന്നത്.
ജൂലൈ അഞ്ചിന് രാത്രി ഏഴോടെ ഫുഡ് ഡെലിവറിക്കാരെന്ന വ്യാജേനെ മൂന്ന് ബൈക്കുകളിലെത്തിയ ആറംഗ അക്രമിസംഘമാണ് തമിഴ്നാട്ടിലെ പ്രമുഖ ദലിത് ശബ്ദമായ അഡ്വ.ആംസ്ട്രോങ്ങിനെ ചെന്നൈയിലെ വീടിനടുത്തുവെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. സംസ്ഥാനത്തെ പിന്നാക്ക ജനസമൂഹത്തെ ഒന്നാകെ നടുക്കി, തികഞ്ഞ അംബേദ്കറൈറ്റും ബുദ്ധമത പ്രചാരകനുമായ ആംസ്ട്രോങ്ങിന്റെ കൊലപാതകം. തിരുനെൽവേലി ഈസ്റ്റ് ജില്ല കോൺഗ്രസ് പ്രസിഡന്റ് ജയകുമാറിന്റെ ദുരൂഹമരണവും സേലത്ത് അണ്ണാ ഡി.എം.കെ നേതാവ് ഷൺമുഖത്തിന്റെ കൊലപാതകവും നടന്നതിന് പിന്നാലെയാണ് ഈ അറുകൊല. എന്നാൽ, കൊലക്ക് പിന്നിലെ കാരണം രാഷ്ട്രീയമോ ജാതീയമോ അല്ലെന്നാണ് തമിഴ്നാട് പൊലീസിന്റെ നിഗമനം. കുപ്രസിദ്ധ ഗുണ്ടാനേതാവായിരുന്ന ആർക്കാട് സുരേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് നിയമസഹായം ലഭ്യമാക്കിയതിന്റെ പകപോക്കലാണത്രേ ആംസ്ട്രോങ്ങിന്റെ കൊലപാതകം. സംഭവത്തിൽ സുരേഷിന്റെ സഹോദരൻ പൊന്നൈ ബാല ഉൾപ്പെടെ 11 പേരെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഏതൊരു കേസിലും നിയമപരിരക്ഷ തേടാൻ വാദികൾക്കും പ്രതികൾക്കും അവകാശമുണ്ട്, നിയമസഹായം നൽകുക എന്നത് അഭിഭാഷകരുടെ ജോലിയുമാണ്. അതിന്റെ പേരിൽ അഭിഭാഷകർ കൊല്ലപ്പെടുന്നത് നിയമവാഴ്ചയുടെ വീഴ്ച തന്നെയാണ്. ഭീകരവാദക്കേസുകളിൽ അന്യായമായി പ്രതിചേർക്കപ്പെട്ടവരുടെ കേസുകൾ നടത്തിയിരുന്ന മുംബൈയിലെ യുവ അഭിഭാഷകൻ ഷാഹിദ് ആസ്മിയെപ്പോലുള്ളവരെയും മുമ്പ് ഇത്തരത്തിൽ ഇല്ലാതാക്കിയിട്ടുണ്ട് അക്രമികൾ.
ആംസ്ട്രോങ്ങിന്റെ കൊലപാതകം മുൻനിർത്തി, ദലിതുകൾക്ക് തമിഴകത്ത് രക്ഷയില്ലെന്ന രീതിയിൽ ബി.ജെ.പി നടത്തുന്ന വ്യാപക പ്രചാരണം ഏറ്റെടുത്ത മാധ്യമങ്ങൾ ദേശീയതലത്തിൽ വിഷയം വൻ ഒച്ചപ്പാടാക്കി മാറ്റി. 2021 മേയ് മാസം സ്റ്റാലിൻ സർക്കാർ അധികാരത്തിലേറിയ ശേഷം തമിഴ്നാട്ടിൽ ദലിതുകൾക്കെതിരായ അതിക്രമങ്ങളിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നതെന്നും ഓരോ വർഷവും രണ്ടായിരത്തിലധികം കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെടുന്നതെന്നും ബി.ജെ.പി ദേശീയ ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ പാർട്ടിയുടെ ദലിത് മുഖമായ കേന്ദ്രമന്ത്രി എൽ.മുരുകൻ ആരോപണമുന്നയിച്ചു.
ചെന്നൈയിലെത്തിയ മുൻ യു.പി മുഖ്യമന്ത്രിയും ബി.എസ്.പി ദേശീയ അധ്യക്ഷയുമായ മായാവതി ആംസ്ട്രോങ് വധക്കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ടു. പൊലീസ്, സർക്കാർ, നിയമം എന്നിവയെയൊന്നുമേ ഗൗനിക്കാതെ തുടർച്ചയായി കുറ്റകൃത്യങ്ങൾ നടക്കുന്ന തരത്തിലേക്ക് നാടിനെ തള്ളിവിട്ടതിന്റെ ഉത്തരവാദിത്തം ഡി.എം.കെ സർക്കാറിനും മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമാണെന്നും അവർ വിമർശിച്ചു. ആംസ്ട്രോങ്ങിന്റെ കൊല വെറുമൊരു പ്രതികാര കൃത്യമാണെന്ന പൊലീസ് ഭാഷ്യം അംഗീകരിക്കാൻ അദ്ദേഹത്തിന്റെ അനുയായികളും തയാറല്ല. ചെന്നൈ പെരമ്പൂരിലെ ബി.എസ്.പി ഓഫിസ് വളപ്പിൽ മൃതദേഹം സംസ്കരിക്കാൻ തമിഴ്നാട് സർക്കാർ അനുമതി നൽകാത്തതിലും അവർക്ക് കടുത്ത അസംതൃപ്തിയാണുള്ളത്. ഇതേ ആവശ്യമുന്നയിച്ച് ബി.എസ്.പി നേതാക്കൾ കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് നേടാനായില്ല.
തമിഴ്നാട്ടിൽ മയക്കുമരുന്ന് വ്യാപനം തീവ്രമാകുന്നുവെന്ന ആരോപണം ശക്തിപ്പെടുന്നതിനിടയിലാണ് 65 പേരുടെ മരണത്തിന് ഇടയാക്കിയ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം സംഭവിച്ചത്. കള്ളക്കുറിച്ചി ജില്ലയിലെ കരുണാപുരം ഗ്രാമത്തിലുള്ള കൂലിത്തൊഴിലാളികളായ ദലിതരാണ് മരിച്ചവരിൽ ഭൂരിഭാഗവും.
ലോക്സഭ തെരഞ്ഞെടുപ്പിൽ തമിഴകത്തിലെ 40 സീറ്റുകളും തൂത്തുവാരിയ ഡി.എം.കെ സഖ്യത്തിന്റെ വിജയാഹ്ലാദാരവം കെട്ടടങ്ങുന്നതിന് മുമ്പാണ് സ്റ്റാലിൻ സർക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപിച്ചുകൊണ്ട് ഒന്നിനുപിറകെ ഒന്നായി കൊലപാതകങ്ങളും വിഷമദ്യ ദുരന്തവും അരങ്ങേറിയത്. മുഖ്യമന്ത്രി കള്ളക്കുറിച്ചിയിൽ സന്ദർശനം നടത്താഞ്ഞതും ചർച്ചയായി. കള്ളക്കുറിച്ചിയിലെ മരണ വീടുകളിലേക്കും ആശുപത്രികളിലേക്കും വിവിധ പ്രതിപക്ഷ രാഷ്ട്രീയ കക്ഷി-സാമൂഹിക സംഘടനാ നേതാക്കളുടെ പ്രവാഹമായിരുന്നു. പുതുതായി രാഷ്ട്രീയത്തിലിറങ്ങിയ നടനും തമിഴക വെട്രികഴകം നേതാവുമായ വിജയിയും കള്ളക്കുറിച്ചിയിലെത്തി. അനധികൃത ചാരായവാറ്റും വിൽപനയും തടയുന്നതിലെ വീഴ്ചകളാണ് വിഷമദ്യ ദുരന്തത്തിലൂടെ പ്രതിഫലിച്ചതെന്ന് തമിഴ്നാട് ഗവർണർ ടി.എൻ. രവി പ്രസ്താവനയിറക്കി. വിഷമദ്യ ദുരന്തം നിയമസഭയിലും പ്രതിപക്ഷം ഉന്നയിച്ചു. മദ്രാസ് ഹൈകോടതിയും സർക്കാറിനെതിരെ തിരിഞ്ഞു. കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ ദേശീയ മനുഷ്യാവകാശ കമീഷനും ആംസ്ട്രോങ് വധക്കേസിൽ ദേശീയ പട്ടികജാതി കമീഷനും തമിഴ്നാട് സർക്കാറിന് നോട്ടീസ് അയച്ചിട്ടുണ്ട്.
അതിനിടെ കള്ളക്കുറിച്ചി സംഭവത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്ത തമിഴ്നാട് സർക്കാർ സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്താനും ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തുലക്ഷം രൂപ വീതവും ചികിത്സയിൽ കഴിയുന്നവർക്ക് അര ലക്ഷം രൂപ വീതവും അനുവദിച്ചു. മകനും മന്ത്രിയുമായ ഉദയ്നിധിയെയാണ് സ്റ്റാലിൻ നഷ്ടപരിഹാരത്തുകയുടെ ചെക്കുകളുമായി കളളക്കുറിച്ചിയിലേക്കയച്ചത്. രക്ഷിതാക്കളെ നഷ്ടമായ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ റിട്ട. ജഡ്ജി ഗോകുൽദാസിനെ ഏകാംഗ കമീഷനായും നിയോഗിച്ചു.
കൊല്ലപ്പെട്ട ആംസ്ട്രോങ്ങിന്റെ വസതിയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നേരിട്ടുചെന്ന് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാവുമെന്നും ഉറപ്പുനൽകി. ചെന്നൈ സിറ്റി പൊലീസ് കമീഷണറെ തൽസ്ഥാനത്തുനിന്ന് മാറ്റിയതുൾപ്പെടെ ഉദ്യോഗതലത്തിൽ അഴിച്ചുപണി നടത്തി. ക്രമസമാധാന പാലനം ശക്തിപ്പെടുത്തുന്നതിനായി കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിൽ ഉന്നതതല യോഗവും വിളിച്ചുകൂട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.