ഗ്രീഷ്മയെ തൂക്കിലേറ്റിയാൽ കേരളം രക്ഷപ്പെടുമോ?
text_fields
ഷാരോണ്‍ രാജ് എന്ന പാറശാല സ്വദേശിയെ കഷായത്തില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ഗ്രീഷ്മയെന്ന യുവതിക്ക് കോടതി വധശിക്ഷ വിധിച്ചതോടെ വധശിക്ഷയുടെ നൈതികത സംബന്ധിച്ച ചര്‍ച്ചകള്‍ കേരള പൊതുമണ്ഡലത്തില്‍ വീണ്ടും സജീവമായിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ‘‘നിയമം വഴി സ്ഥാപിച്ച നടപടിക്രമം അനുസരിച്ചല്ലാതെ യാതൊരാളുടെയും ജീവനോ വ്യക്തി സ്വാതന്ത്ര്യമോ ഇല്ലാതാക്കാന്‍ പാടുള്ളതല്ല.’’...
ഷാരോണ്‍ രാജ് എന്ന പാറശാല സ്വദേശിയെ കഷായത്തില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ഗ്രീഷ്മയെന്ന യുവതിക്ക് കോടതി വധശിക്ഷ വിധിച്ചതോടെ വധശിക്ഷയുടെ നൈതികത സംബന്ധിച്ച ചര്‍ച്ചകള്‍ കേരള പൊതുമണ്ഡലത്തില്‍ വീണ്ടും സജീവമായിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ‘‘നിയമം വഴി സ്ഥാപിച്ച നടപടിക്രമം അനുസരിച്ചല്ലാതെ യാതൊരാളുടെയും ജീവനോ വ്യക്തി സ്വാതന്ത്ര്യമോ ഇല്ലാതാക്കാന്‍ പാടുള്ളതല്ല.’’ വ്യക്തിസ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള ഒരു പൗരന്റെ അവകാശത്തെ വ്യവസ്ഥാപിത മാർഗങ്ങളിലൂടെ രാഷ്ട്രം ഇല്ലാതാക്കുന്നതിന്റെ പാരമ്യതയില്‍ ആണ് വധശിക്ഷ വരുന്നത് എന്ന് ഇതിൽനിന്ന് വ്യക്തം.
കൊലപാതക കേസുകളിലാണ് വധശിക്ഷ വിധിക്കാറ്. എന്നാല്‍, എല്ലാ കൊലപാതകികള്‍ക്കും വധശിക്ഷ വിധിക്കാറുമില്ല. ഇവിടെയാണ് വധശിക്ഷ ആര്‍ക്ക്, ഏത് സാഹചര്യങ്ങളില്‍ കൊടുക്കണം എന്ന കോടതിയുടെ വിവേചനാധികാരം വരുന്നത്. കുറ്റകൃത്യം ‘’അപൂർവങ്ങളില്‍ അപൂർവം’’ ആണോ എന്നതും കുറ്റകൃത്യം ചെയ്തയാള്‍ യാതൊരുവിധ മാനസാന്തരവും വരാന്‍ ഇടയില്ലാത്ത വിധം ക്രൂരസ്വഭാവം ഉള്ളയാളാണോ എന്നതും, കുറ്റകൃത്യത്തിനകത്ത് അന്തര്‍ലീനമായ ക്രൂരതയുടെ അളവ്, കുറ്റം ചെയ്ത ആളുടെ സാമൂഹിക അവസ്ഥ, മാനസിക നില എന്നിവയുമെല്ലാം പരിഗണിച്ചു മാത്രമേ ഒരാളെ വധശിക്ഷക്ക് വിട്ടുകൊടുക്കാന്‍ പാടുള്ളൂ എന്നാണ് ബച്ചന് സിങ് (1980) കേസില്‍ സുപ്രീം കോടതി വിധിപറഞ്ഞത്.
ശിക്ഷ എന്നതുകൊണ്ട് സാമാന്യമായി അർഥമാക്കുന്നത് ഒരു സമൂഹത്തിനകത്ത് നിയമം കൊണ്ട് നിർമിക്കപ്പെട്ട പെരുമാറ്റച്ചട്ടങ്ങളെ ലംഘിക്കുന്ന ആളുകളെ ആത്യന്തികമായി അത്തരം കുറ്റങ്ങള്‍ ആവര്‍ത്തിക്കാതെ, സമാധാനപൂർണമായ സാമൂഹികജീവിതം ഉറപ്പുവരുത്തുന്നതിനായി നിയമം അനുസരിക്കുന്ന പൗരരായി പരിവര്‍ത്തനപ്പെടുത്താനുള്ള ഒരു ഉപാധി ആയിട്ടാണ്. താക്കീത് നല്‍കുക, കൗണ്‍സലിങ് നല്‍കുക, പിഴ ഈടാക്കുക, ചില സവിശേഷ അവകാശങ്ങള്‍ തല്‍ക്കാലത്തേക്ക് നിഷേധിക്കുക, ചില സാഹചര്യങ്ങളില്‍ കുറഞ്ഞ കാലത്തേക്ക് തടവിലിടുക, മറ്റു ചില സാഹചര്യങ്ങളില്‍ ജീവിതകാലം മുഴുവന്‍ തടവിലിടുക തുടങ്ങി നിരവധി മാർഗങ്ങളാണ് ശിക്ഷ എന്നതിനകത്ത് വരുന്നത്.
സമൂഹത്തിന്റെ നിലനിൽപിനെ തന്നെ ചോദ്യം ചെയ്യുന്ന തരത്തില്‍ വ്യാഖ്യാനിക്കാന്‍ കഴിയുന്ന കുറ്റകൃത്യങ്ങള്‍ ഉണ്ടാകുമ്പോള്‍, അത്തരം വ്യക്തികളെ സ്വയം നന്നാകാന്‍ അനുവദിക്കുന്നത് അനഭിലഷണീയമാണെന്ന് കോടതിക്ക് തോന്നുമ്പോളാണ് കുറ്റവാളിയെ ഈ ഭൂമിയില്‍ നിന്നുതന്നെ ഇല്ലായ്മ ചെയ്യുന്ന വധശിക്ഷ എന്നത് ഉണ്ടാകുന്നത്. ഈയടുത്ത് പാലക്കാട്ട് രണ്ടുപേരെ കൊന്ന ചെന്താമര എന്നയാളെ ഭൂമുഖത്തുനിന്ന് തന്നെ ഇല്ലാതാക്കണം എന്ന് ടെലിവിഷന്‍ ചാനലുകളില്‍ ആളുകള്‍ പറയുമ്പോള്‍ അവര്‍ അറിഞ്ഞോ അറിയാതെയോ പിന്തുണക്കുന്നത് വധശിക്ഷയുടെ സാമൂഹിക ഉപയുക്തതയെ (Social Utility of Capital Punishment) സൈദ്ധാന്തികവത്കരിച്ച ജെര്‍മി ബന്താമിനെയാണ്. കുറ്റം ചെയ്തവനെ ഇല്ലാതാക്കിയാല്‍ സമൂഹത്തിന്റെ ക്ഷേമം കൂടുമെങ്കില്‍ വധശിക്ഷ ആകാമെന്നാണ് ഇമ്മാനുവാന് കാന്റിനെ പോലുള്ള ചിന്തകര്‍ പറഞ്ഞത്. എന്നാല്‍, സീസര്‍ ബക്കാരിയയുടെ അഭിപ്രായത്തിൽ വധശിക്ഷ എന്നത് പൗരർക്കുമേല്‍ ഭരണകൂടം നടത്തുന്ന യുദ്ധമാണ്.
വിഷം കൊടുത്ത് കൊല്ലുക, തലകീഴായി കെട്ടിത്തൂക്കിയിട്ട് ശരീരം മുഴുവന്‍ മുറിവുകള്‍ ഉണ്ടാക്കി മെല്ലെ മെല്ലെ ചോരവാര്‍ന്ന് മരിക്കാന്‍ വിടുക, ആനകളെ കൊണ്ട് ചവിട്ടിക്കൊല്ലിക്കുക, വന്യമൃഗങ്ങള്‍ക്കൊപ്പം ഇടുക, പാമ്പിനെ കൊണ്ട് കടിപ്പിക്കുക, വിഷം കൊടുക്കുക, വെടിവെച്ചു കൊല്ലുക, വൈദ്യുതി കസേരയില്‍ ഇരുത്തി കൊല്ലുക, ഗില്ലറ്റിന് വാളുകള്‍ ഉപയോഗിക്കുക തുടങ്ങി നിരവധി മാർഗങ്ങള്‍ ചരിത്രത്തില്‍ വധശിക്ഷക്കായി ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍, വധശിക്ഷ ജനാധിപത്യ വിരുദ്ധമാണെന്നാണ് ആധുനിക ജനാധിപത്യ സമൂഹങ്ങളുടെ വീക്ഷണം. പല രാജ്യങ്ങളും വധശിക്ഷ റദ്ദ് ചെയ്തിട്ടുണ്ട്. നിലവില്‍ വധശിക്ഷ നിലനിൽക്കുന്ന രാജ്യങ്ങൾപോലും കഴിയുന്നത്ര അത് ഒഴിവാക്കാനും ശ്രമിച്ചുപോരുന്നു.
കുറ്റകൃത്യത്തെ കുറ്റവാളിയില്‍നിന്ന് മാറ്റിനിര്‍ത്തി വിശകലനം ചെയ്യുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ല. ഒരേ തെറ്റ് പല സാമൂഹിക സംവര്ഗങ്ങളില്പെട്ട ആളുകള്‍ ചെയ്യുമ്പോള്‍ അതിനെല്ലാം ഒരേ ശിക്ഷ വിധിക്കുന്നത് അന്യായമാണ് എന്ന യുക്തിയിലാണ് കുറ്റവാളിയെയും അയാള്‍ ചെയ്ത കുറ്റത്തെയും വേര്‍തിരിക്കാതെ, കുറ്റത്തെയും കുറ്റവാളിയെയും അവരുടെ സമഗ്രതയില്‍ നമ്മള് പരിഗണിക്കണം എന്ന ചിന്ത വരുന്നത്. ഒരേ കുറ്റം ചെയ്യുന്ന പ്രായപൂര്‍ത്തിയാകാത്ത ഒരാളെയും, പ്രായപൂര്‍ത്തിയായ ഒരാളെയും അതേ കുറ്റം ആവര്‍ത്തിക്കുന്ന ഒരു സീസണല്‍ ക്രിമിനലിനെയും ഒരേ അളവുകോലുകള്‍ കൊണ്ട് അളക്കുന്നത് ഉചിതമാവില്ലല്ലോ.
ഒരു കൊലപാതകത്തിലേക്ക് ഒരു വ്യക്തി എത്തിച്ചേരുന്ന സാഹചര്യങ്ങള്‍ കൃത്യമായി പരിഗണിക്കുക എന്നത് ശിക്ഷാവിധികളുടെ പിറകിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്. കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്തി, വ്യക്തമായ ആസൂത്രണത്തോടെ, സ്ഥലവും സമയവും സാഹചര്യങ്ങളും ഒരുക്കി കൊലപാതകം നടത്തുകയും, എന്നാല്‍ തനിക്ക് ഈ കൊലപാതകത്തില്‍ ഒരു പങ്കും ഇല്ലെന്ന നാട്യത്തില്‍ തെളിവുകള്‍ നശിപ്പിച്ചുകൊണ്ട് കൃത്യം നടപ്പിലാക്കുന്ന ഒരാളെ വധശിക്ഷക്ക് വിധിക്കണോ എന്ന കാര്യത്തില്‍ തീര്‍ച്ചയായും കോടതികള്‍ക്ക് വിവേചനാധികാരം പ്രയോഗിക്കാവുന്നതാണ്.
സ്ത്രീധന പീഡനം, ദുരഭിമാനം, കുടുംബങ്ങള്‍ക്കകത്തെ സ്വത്തുതർക്കം, വഴിവിട്ട ബന്ധങ്ങൾ, മദ്യ-മയക്കുമരുന്ന് സ്വാധീനം, അന്ധവിശ്വാസം തുടങ്ങി പലവിധ കാരണങ്ങള്‍കൊണ്ട് കേരളത്തില്‍ ഏതാണ്ട് എല്ലാ ദിവസവും ഒന്നിലേറെ കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കേവലം ഭരണകൂടത്തിന്റെ കഴിവില്ലായ്മയോ പൊലീസിന്റെ കാര്യക്ഷമത ഇല്ലായ്മയോ അല്ല ഇവ പെരുകാനുള്ള കാരണം. ഇതിനെല്ലാം പിറകില്‍ സാമൂഹികവും സാമ്പത്തികവും മനഃശാസ്ത്രപരവുമായ കാരണങ്ങളുണ്ട്. എന്നാല്‍, അത്തരം കാരണങ്ങളുടെ ആഴങ്ങളിലേക്ക് അന്വേഷണം പോകാതെ തൊലിപ്പുറത്തെ കാര്യങ്ങളില്‍ മാത്രമാണ് നമ്മുടെ ശ്രദ്ധ പോകുന്നത്. എന്തുകൊണ്ട് ഗ്രീഷ്മമാരും ചെന്താമരമാരും സമൂഹത്തില്‍ നിരന്തരം ഉണ്ടാകുന്നു എന്നതാണ് പരിശോധിക്കേണ്ടത്. മത സംഘടനകളും അക്കാദമിക സമൂഹവും രാഷ്ട്രവും അതിന് മുന്‍കൈയെടുക്കേണ്ടതുണ്ട്.
കൊലയാളികളെ രൂപപ്പെടുത്തുന്ന സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ വിലയിരുത്തപ്പെടേണ്ടതുണ്ട്. നമ്മുടെ കുട്ടികള്‍ എവിടെയാണ് എങ്ങനെയാണ് വഴിതെറ്റിപ്പോകുന്നതെന്ന് അന്വേഷിക്കാനുള്ള ബാധ്യത നമുക്ക് ഓരോരുത്തര്‍ക്കും ഉണ്ട്. അത് ഭരണകൂടത്തിന്റെ മാത്രം ഉത്തരവാദിത്തം അല്ല. വ്യക്തി എന്നത് സമൂഹവുമായി ബന്ധമോ സമൂഹത്തോട് ഉത്തരവാദിത്തമോ ഇല്ലാത്ത ആത്മസുഖം മാത്രം തിരയുന്ന ഒരു മൃഗമാണെന്ന തോന്നലാണ് മുതലാളിത്ത കമ്പോളവും ഇന്റര്‍നെറ്റ് ലോകവും വ്യക്തികള്‍ക്ക് നല്‍കുന്നത്. ഈ മിഥ്യാലോകത്തെ കൊഴുപ്പിക്കുകയാണ് മദ്യവും മയക്കുമരുന്നും ലൈംഗിക അരാജകത്വവും ചെയ്യുന്നത്. കേവലം ഗ്രീഷ്മയേയോ ചെന്താമരയേയോ തൂക്കിക്കൊന്നാല്‍ രക്ഷപ്പെടാവുന്നതല്ല കേരളം എത്തിനില്‍ക്കുന്ന സാമൂഹിക സാമ്പത്തിക പ്രതിസന്ധി.
(കൊടുങ്ങല്ലൂര്‍ ഗവ. കോളജിൽ അസോസിയറ്റ് പ്രഫസറാണ് ലേഖകൻ) simanuraj@gmail.com

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.