ക്ഷയിക്കുന്ന ശാസ്ത്രാവബോധം
text_fieldsവിദ്യാർഥികളിൽ ശാസ്ത്രാവബോധം വളർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കേരള നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ അടുത്തിടെ നടത്തിയ പ്രസംഗത്തെച്ചൊല്ലി ചില തർക്കങ്ങൾ വാർത്തകളിൽ കണ്ടു.
സാങ്കല്പികമായ ഭൂതകാല ശാസ്ത്ര മഹത്ത്വത്തെക്കുറിച്ചല്ല പഠിപ്പിക്കേണ്ടതെന്നും, ആധുനിക ശാസ്ത്രതത്ത്വങ്ങളെക്കുറിച്ച് വിദ്യാർഥികളെ ബോധവത്കരിക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്നുമായിരുന്നു ഷംസീറിന്റെ ഊന്നലെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. ശാസ്ത്രാവബോധം പ്രചരിപ്പിക്കൽ പൗരജനങ്ങളുടെ പ്രഥമ കടമകളിലൊന്നായി ഇന്ത്യൻ ഭരണഘടന എണ്ണുന്നുണ്ട്. അതിനാൽ, നിയമസഭാ സ്‌പീക്കറായ ഷംസീർ ഭരണഘടനാപരമായ കടമ തന്നെയാണ് നിർവഹിച്ചത് എന്നു പറയേണ്ടിയിരിക്കുന്നു.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആണ് ‘സയന്റിഫിക് ടെമ്പർ’ എന്ന വാക്ക് ആദ്യമായി പ്രയോഗിച്ചതെന്നു തോന്നുന്നു. യുക്തിപൂർവം ചിന്തിച്ച്, അതിനനുസൃതമായി ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങളിലെത്തുക എന്ന അർഥത്തിലാണ് അദ്ദേഹം അത് ഉപയോഗിക്കാൻ തുടങ്ങിയത്. അതിനെ ശാസ്ത്രാവബോധമെന്നോ ശാസ്ത്രബോധമെന്നോ പരിഭാഷപ്പെടുത്താം. ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരം പൂജാവിധികളോടെ ഉദ്ഘാടനം ചെയ്തപ്പോൾ ജവഹർലാൽ നെഹ്റു പ്രചരിപ്പിച്ചിരുന്ന സയന്റിഫിക് ടെമ്പർ എന്ന ആശയത്തെക്കുറിച്ച് ഒന്നോർക്കുന്നത് സംഗതമായിരിക്കും. ഇന്ത്യൻ ചിന്തകൻ സുധീർ കാക്കർ ‘എ ബുക്ക് ഓഫ് മെമ്മറി’ എന്ന തന്‍റെ ആത്മകഥയിൽ വിക്രം സാരാഭായിയെ ഉദ്ധരിച്ച് പൂജാവിധികളോടുള്ള നെഹ്റുവിന്റെ നിലപാടിനെ സൂചിപ്പിക്കുന്ന ഒരു സംഭവം പറയുന്നുണ്ട്. അഹ്മദാബാദിലെ ടെക്സ്റ്റൈൽ ഇൻഡസ്ട്രിയുടെ റിസർച് ആസ്ഥാനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട പൂജാവേളയിലാണ് സാരാഭായി അതിനു സാക്ഷ്യംവഹിച്ചത്. നെഹ്റുവിന്റെ സുഹൃത്തുകൂടിയായിരുന്ന സാരാഭായി ഇങ്ങനെ പറഞ്ഞതായി കാക്കർ രേഖപ്പെടുത്തുന്നു: ‘‘ആദ്യമൊക്കെ ഇഷ്ടമല്ലാതെയാണെങ്കിലും പണ്ഡിറ്റ്ജി പൂജാരിയുടെ നിർദേശങ്ങൾ ഒട്ടൊക്കെ സഹിച്ചു. എന്നാൽ, വാതിലിൽ ചുമലുകൊണ്ടു ഉരസണമെന്നു നിർദേശിച്ചപ്പോൾ അദ്ദേഹം പൊട്ടിത്തെറിക്കുകയും പൂജാരിയോട് മാറിനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു’’. വിക്രം സാരാഭായി ഇത്രയും കൂട്ടിച്ചേർത്തു: ‘‘എനിക്ക് അതുകണ്ടപ്പോൾ വളരെ സന്തോഷമായി’’. ഇന്ന് പാർലമെന്റ് മന്ദിരംപോലും മന്ത്രോച്ചാരണങ്ങളുടെ പശ്ചാത്തലത്തിൽ ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ ചരിത്രത്തിന്റെ മാറിമറിയലുകളിൽ രാജ്യം എവിടെ എത്തിച്ചേർന്നിരിക്കുന്നു എന്ന വസ്തുത നമ്മെ ആശ്ചര്യപ്പെടുത്തുന്നു.
ആധുനിക ശാസ്ത്രത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധം ഇന്ത്യയിൽ വേരുറക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ്. സ്വാതന്ത്ര്യ സമര കാലത്തുതന്നെ രാജ്യപുരോഗതിക്ക് ആധുനിക ശാസ്ത്രസാങ്കേതിക വിപ്ലവം ഇന്ത്യയിലും സംഭവിക്കേണ്ടതാണെന്ന് അന്നത്തെ ശാസ്ത്രഗവേഷകരും ചിന്തകരും അഭിപ്രായപ്പെട്ടിരുന്നു. അതിന്റെ ഭാഗമായി ശാസ്ത്രസാക്ഷരത നേടിയ ഒരു തലമുറയെ വാർത്തെടുക്കേണ്ടതാണെന്നും അവർക്കു ബോധ്യപ്പെട്ടിരുന്നു. സി.വി. രാമൻ, സത്യേന്ദ്രനാഥ് ബോസ്, മേഘനാഥ് സാഹ എന്നീ മുൻനിര ശാസ്ത്രജ്ഞർ ഈ ചിന്താവിപ്ലവത്തിന് ആക്കം കൊടുക്കാൻ സഹായിച്ചവരിൽപ്പെടുന്നു.
‘ഇന്ത്യയെ കണ്ടെത്തൽ’ എന്ന പുസ്തകത്തിൽ നെഹ്‌റു ഇങ്ങനെ എഴുതിയിരിക്കുന്നു: ‘‘ഇന്ത്യക്ക് ഭൂതകാലവുമായുള്ള ബന്ധം വിച്ഛേദിക്കാനും അത് നമ്മുടെ വർത്തമാനകാലത്തെ സ്വാധീനിക്കാതിരിക്കാനും കഴിയണം. മൃതമായ ഭൂതകാലം നമ്മുടെ ജീവിതങ്ങൾക്ക് ബാധ്യതയായി മാറിയിരിക്കുന്നു. അതിന്റെ ഉപയോഗം കഴിഞ്ഞിരിക്കുന്നു. എന്നാൽ, അതേസമയം ഭൂതകാലത്തു നമുക്ക് ജീവനേകിയിരുന്ന എല്ലാറ്റിനെയും മറക്കുക എന്നല്ല ഉദ്ദേശിക്കുന്നത്. നമ്മെ മുന്നോട്ടു പോകുവാൻ സഹായിച്ചിരുന്ന ആദർശങ്ങളും പൂർവികരുടെ സ്വപ്നങ്ങളും അവർ നേടിയെടുത്ത ജ്ഞാനവും ഊർജസ്വലതയും പ്രകൃതിയോടും ജീവജാലങ്ങളോടുമുള്ള സ്നേഹവും അറിയുവാനുള്ള ജിജ്ഞാസയും ചിന്താപരമായ സാഹസികതയും നമുക്ക് മറക്കുവാൻ സാധിക്കുകയുമില്ല…”
കപടശാസ്ത്രത്തിന്റെ പ്രചാരകരായി അധികാരവർഗം തന്നെ മാറുന്ന കാഴ്ചയാണ് ഇന്നു കാണുന്നത്. 2015 ൽ സംഘടിപ്പിക്കപ്പെട്ട ഇന്ത്യൻ സയൻസ് കോൺഗ്രസിൽ അശാസ്ത്രീയതയും കപടതയും നിറഞ്ഞ പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ അവസരമൊരുക്കിയതിലുള്ള അമ്പരപ്പ് ഇപ്പോഴും ശാസ്ത്രസമൂഹത്തിൽ മാറിയിട്ടില്ല. അനേകായിരം വർഷങ്ങൾക്കു മുമ്പുതന്നെ ഭാരതത്തിൽ പ്ലാസ്റ്റിക് സർജറി അറിയുന്നവരും ഗർഭപാത്രത്തിനുപുറത്ത് ഭ്രൂണത്തെ ഉൽപാദിപ്പിക്കാനുള്ള സാങ്കേതിക വിജ്ഞാനം ഉണ്ടായിരുന്നുവെന്നും രാഷ്ട്രീയത്തിൽ നേതൃസ്ഥാനം വഹിക്കുന്നവർതന്നെ പറയുമ്പോൾ അതിനു ജനസമക്ഷം ആധികാരികത കൈവരുന്നു. അങ്ങനെ മിത്തുകൾ സാങ്കൽപികതയുടെ ലോകം വിട്ട് യാഥാസ്ഥിതികതയുടെ പരിവേഷമണിഞ്ഞ് നമ്മുടെ മുന്നിൽ മായാമോഹിനികളായി നിൽക്കുകയാണ്.
മിത്തോളജി ഒരുതരം മാജിക്കൽ റിയലിസം ആണെന്ന് ചരിത്ര ഗവേഷകയായ റോമിലാ ഥാപർ അഭിപ്രായപ്പെട്ടിട്ടുണ്ട്. മനുഷ്യഭാവന ഒരു പുഷ്പകവിമാനത്തിൽ പറന്നുയർന്നു മായികമായ ലോകത്തെത്തിയാൽ എന്തൊക്കെയാണ് അതിനു ചെയ്തുകൂടാത്തത്. പ്രാചീന ഭാരത സംസ്കാരത്തിൽമാത്രമല്ല, ഇന്നത്തെ ഇറാഖിന്‍റെ ഭാഗമായ മെസോപ്പൊട്ടേമിയൻ സംസ്കാരത്തിലൊക്കെ ഇതുപോലുള്ള മിത്തോളജികൾ രൂപപ്പെട്ടിട്ടുണ്ട്. എല്ലാ വിജ്ഞാനങ്ങളുടെയും ഉറവിടം പ്രാചീന ഭാരതം മാത്രമാണ് എന്ന് സമർഥിക്കുന്നത് മതാത്മകമായ അതിദേശീയത വാദത്തിന്റെ ഭാഗമായിട്ടുവേണം കാണാൻ. 1930കളിൽ ഹിറ്റ്ലറും ജർമനിയിൽ ഇതൊക്കെത്തന്നെയാണ് ചെയ്തത്. കപടശാസ്ത്രത്തിന്റെ പ്രചാരണം ഇന്ന് ഇന്ത്യയിൽ മാത്രമല്ല, ലോകത്തിന്റെ പലയിടങ്ങളിലും നടക്കുന്നുണ്ട്. അഫ്ഗാനിസ്താനിലും ഇറാനിലും പാകിസ്താനിലുമൊക്കെ മത ഭ്രാന്തർ കാട്ടിക്കൂട്ടുന്ന ഭീകരത ആ രാജ്യങ്ങളിലെ ഭൗതികമായ മുന്നേറ്റങ്ങളെ ഇല്ലാതാക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെ വാർഷികവേളയിൽ നാം ആഘോഷിക്കേണ്ടതും നിലനിർത്തേണ്ടതും നമ്മുടെ ചിന്താ സ്വാതന്ത്ര്യമാണ്. അതിന്റെ പരിരക്ഷക്കുള്ള ഒരു പ്രധാന ഉപാധി ശാസ്ത്രാവബോധത്തെ വളർത്തിയെടുക്കുകയാണ്.
എന്നാൽ, കേരളംപോലെ തൊലിപ്പുറത്താണെങ്കിലും യുക്തിചിന്തകൾക്കു മേൽക്കൈ നേടാൻ കഴിഞ്ഞൊരു പ്രദേശത്ത് ഇതുപോല അയഥാർഥവും വിശ്വാസസംബന്ധവുമായ വിഷയം ഇത്രമാത്രം വിവാദമായതും മതവിദ്വേഷത്തിന് ഇടയാക്കിയതും അതിന് വാർത്താമാധ്യമങ്ങളിൽ കൂടുതൽ ശ്രദ്ധപിടിക്കാൻ സാധിച്ചതും എന്തുകൊണ്ടെന്നു ആലോചിക്കേണ്ടതുണ്ട്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയിൽ കേരളത്തിൽ ശക്തമായി വേരുപിടിച്ച വിശ്വാസ വ്യവസായത്തിന് ഇതിലുള്ള ബന്ധം എന്താണെന്നും പരിശോധിക്കേണ്ടതുണ്ട്. വ്യവസായ-കാർഷിക-സേവന മേഖലകളെയൊക്കെ പിന്നിലാക്കി കേരളത്തിൽ വിശ്വാസവ്യവസായത്തിനു നിക്ഷേപിക്കപ്പെട്ടത് ലക്ഷക്കണക്കിനു കോടി രൂപയായിരിക്കും എന്ന് അനുമാനിക്കാവുന്നതാണ്. വിശ്വാസ വ്യവസായത്തിലേക്കുള്ള മൂലധനപ്രവാഹം കാരണം നമ്മുടെ സമൂഹത്തിന്റെ പൊതുബോധം കടുത്ത വലതുപക്ഷ ചായ്‌വ് കാണിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതും ഒരു വസ്തുതയാണ്. അതുമൂലമുണ്ടായ സാംസ്കാരിക നിശ്ചലതക്കും ചിന്താപരമായ പിറകോട്ടുപോക്കിനും കേരളത്തിലെ ഒരു മുഖ്യധാരാപാർട്ടിയും തയാറാകുന്നില്ല എന്നുമാത്രമല്ല, അവരത് അവരുടെ ജനസമ്മതിക്ക് ആക്കംകൂട്ടാൻ ചൂഷണം ചെയ്യുന്നുമുണ്ട്.
ശാസ്ത്രത്തെ വ്യവസായവളർച്ചക്ക് മാത്രം ഉതകുന്ന ഒരു ഉപകരണമായി നാം ചുരുക്കുകയാണ്. അതിനാൽത്തന്നെ, അന്ധവിശ്വാസ നിർമാർജന ബില്ലിൽനിന്ന് കേരള സർക്കാർ പിറകോട്ടുപോയത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. ശാസ്ത്രത്തിന്റെ ഭാഗമായി വളർത്തേണ്ട ശാസ്ത്രാവബോധത്തെ സമൂഹത്തിന്റെ ആരോഗ്യകരമായ വളർച്ചക്കും നിലനിൽപിനും ഉപയോഗിക്കുന്ന കാര്യത്തിൽ നാം നെഹ്റുവിന്റെ കാലത്തുനിന്ന് പിറകോട്ടു പോയിരിക്കുന്നു.
ബംഗളൂരുവിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡീസ് പ്രഫസറും യു.എസിലെ കൺസോർട്യം ഫോർ സസ്റ്റെയ്നബ്ൾ ഡെവലപ്മെൻറ് ഡയറക്ടറുമാണ് ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.