ഡീപ് സ്റ്റേറ്റ് നിയന്ത്രിക്കുന്ന ലോകക്രമം
text_fieldsമുൻഫ്രഞ്ച് പ്രസിഡൻറ് നികളസ് സർകോസിയുടെ ചില തുറന്നുപറച്ചിലുകൾ യുക്രെയ്ൻ യുദ്ധത്തിന് പുതിയൊരു ട്വിസ്റ്റ് നൽകിയിരിക്കുന്നു. ‘ദ ടൈം ഓഫ് വാർ’ എന്ന തന്റെ പുതിയ പുസ്തകത്തിലെ അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകൾ വാർത്തകളിൽ നിറഞ്ഞു. ഭരണത്തിലിരിക്കെ താൻ യുക്രെയ്ന്റെ നാറ്റോ അംഗത്വത്തിനായി ശ്രമിച്ചുവെന്നും ജർമൻ ചാൻസലറായിരുന്ന അംഗല മെർകൽ അനുകൂലിച്ചതായും സർകോസി അവകാശപ്പെടുന്നു. ക്രിമിയ റഷ്യയുടേതാണെന്നും അവിടെയുള്ള ഭൂരിപക്ഷം ജനത റഷ്യൻ ഭാഷ സംസാരിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ഇന്നത്തെ സാഹചര്യത്തിൽ യുക്രെയ്ൻ റഷ്യക്കും പാശ്ചാത്യ രാഷ്ട്രങ്ങൾക്കുമിടയിൽ, അവരെ കൂട്ടിയിണക്കുന്ന ഒരു പാലമായി നിഷ്പക്ഷമായി നിലനിൽക്കേണ്ടതാണെന്നാണ് സർകോസിയുടെ പക്ഷം. യുദ്ധം തുടരുന്നതിൽ അസ്വസ്ഥനായ അദ്ദേഹം ഈ ഊരാക്കുടുക്കിൽനിന്ന് തലയൂരാൻ രാഷ്ട്രത്തലവന്മാരെ ഉപദേശിക്കുന്നു. യൂറോപ്പിന്റെയും യു.എസിന്റെയും താൽപര്യങ്ങൾ വ്യത്യസ്തമാണെന്നും, യുദ്ധരംഗത്തുനിന്ന് മാറിനിന്ന് യുദ്ധത്തെ നിയന്ത്രിക്കുന്ന (യു.എസ്) നയത്തെ നമുക്ക് അനുകൂലിക്കാനാവില്ലെന്നും അദ്ദേഹം തുറന്നുപറയുന്നു.
യുദ്ധം തുടരാൻ കൊതിക്കുന്നവർ
അമേരിക്കൻ ‘കൺസർവേറ്റിവ് മാഗസിൻ’ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ അന്വേഷണാത്മക മാധ്യമപ്രവർത്തകനായ ടെഡ് സ്നൈഡർ (Ted Snyder) വാഷിങ്ടണിനെ പ്രതിചേർക്കുന്നത് അവർ യുക്രെയ്ൻ യുദ്ധം അവസാനിച്ചുകാണാൻ ആഗ്രഹിക്കുന്നില്ല എന്ന കുറ്റത്തിനാണ്. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ബെലറൂസ്, ഇസ്തംബൂൾ എന്നിവിടങ്ങളിൽ, റഷ്യൻ ഉന്നത ഉദ്യോഗസ്ഥരുമായി രണ്ടുതവണ ചർച്ചകൾ നടത്തി. യുദ്ധത്തിന് വിരാമമിടാൻ റഷ്യ സന്നദ്ധമായിരുന്നു. നാറ്റോ അംഗത്വം എന്ന ആവശ്യത്തിൽനിന്ന് ഒഴിവാകുകയാണെങ്കിൽ യുക്രെയ്നിനെ നിരായുധീകരിക്കേണ്ടതില്ലെന്ന് പുടിൻ അഭിപ്രായപ്പെട്ടുവത്രെ. എന്നാൽ, വാഷിങ്ടൺ താൽപര്യപ്പെട്ടത് യുദ്ധം തുടർന്നുകാണാനാണുപോലും.
മുൻ വിദേശകാര്യ മന്ത്രി മവ് ലോത് ചാവുസോഗ്ലു (Mevlut Cavusoglu) ആയിരുന്നു അനുരഞ്ജനശ്രമങ്ങൾക്കുള്ള തുർക്കിയ സംഘത്തലവൻ. അദ്ദേഹം കുറിച്ചത് ചില നാറ്റോ അംഗങ്ങൾക്ക് യുദ്ധം തുടരുന്നതിലായിരുന്നു താൽപര്യമെന്നാണ്. യു.എസ് പ്രസിഡൻറ് ജോ ബൈഡൻ യുദ്ധം തുടർന്നു കാണാൻ ആഗ്രഹിക്കുന്നതിന്റെ കാരണം ലളിതമാണ്. ഒന്നാമതായി, റഷ്യ പരാജയപ്പെടണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമാണ്. അതാകട്ടെ, എളുപ്പം സംഭവിക്കുമെന്നും ബൈഡൻ കണക്കുകൂട്ടി. പക്ഷേ, നാശനഷ്ടങ്ങൾക്കും മൃത്യുവിനും അന്ത്യമില്ലാതെ യുദ്ധം ഇപ്പോഴും തുടരുകയാണ്. യുദ്ധം വാഷിങ്ടണിന് അനുകൂലമായി വരുമെന്ന എല്ലാ പ്രതീക്ഷയും ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നു. യൂറോപ്പിൽനിന്നുള്ള സഖ്യകക്ഷി രാഷ്ട്രങ്ങളാകട്ടെ, യുദ്ധത്തിന്റെ തിക്തഫലങ്ങൾ അനുഭവിക്കുകയാണ്. സാമ്പത്തിക ഞെരുക്കം, ഭക്ഷ്യക്ഷാമം, ഇന്ധന ദൗർലഭ്യം, തൊഴിലില്ലായ്മ- എല്ലാം അവരെ വേട്ടയാടുന്നു.
ഫാഷിസ്റ്റുകളുടെ ധനാധിപത്യം
ഭരണകാലത്ത് കൈക്കൊള്ളുന്ന നിഷ്ഠുര പ്രവൃത്തികളാണ് ഒരു ഭരണകർത്താവിനെ ഫാഷിസ്റ്റാക്കി മാറ്റുന്നത്. ഫാഷിസ്റ്റുകളെ നിയന്ത്രിക്കുന്നത് ആദർശമല്ല മറിച്ച്, താൽക്കാലിക താൽപര്യങ്ങളാണ്. അവർ ആ താൽപര്യത്തിനായി രാഷ്ട്രത്തെയും ഉപയോഗിക്കുന്നു. അധികാരം പൂർണമായും കൈപ്പിടിയിലൊതുക്കുന്നതിന് തടസ്സംനിൽക്കുന്ന എല്ലാറ്റിനെയും അവർ തട്ടിമാറ്റുന്നു. എതിരാളികളെ വകവരുത്തുന്നു. വാഗ്നറിന്റെ കമാൻഡർ പ്രിഗോഷിൻ ആകാശയാത്രക്കിടെ കൊല്ലപ്പെട്ടത് ക്രെംലിന്റെ പകപോക്കലാണെന്ന് അഭിപ്രായമുള്ളവരുണ്ട്. രാഷ്ട്രീയ നേതൃത്വം ആദർശശൂന്യരും ഇച്ഛാപൂരണത്തിനായി പാദസേവ ചെയ്യുന്നവരുമാകുമ്പോൾ ഭരണകാര്യങ്ങൾ ധനാധിപത്യം (Plutocracy) നിയന്ത്രിക്കുന്നു. ഇതാണിന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
അമേരിക്കയുടെ കാര്യത്തിൽ അവിടം നിയന്ത്രിക്കുന്നത് സൈനിക-വ്യവസായ സമുച്ചയങ്ങൾ (US military-industrial complex) ആണെന്നു കാണാം. ഈ ഡീപ് സ്റ്റേറ്റാണ് വാഷിങ്ടണിന്റെ നയങ്ങൾ തീരുമാനിക്കുന്നതും ഭരണം നിയന്ത്രിക്കുന്നതും! രാഷ്ട്രീയ നേതാക്കളെ സ്വാധീനിക്കുന്നതിനായി പണം ചെലവഴിച്ചും അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കുവഹിച്ചും ഭരണകൂടത്തെ സ്വാധീനിക്കുന്നതോടെ, അവരുടെ ബിസിനസ് സാമ്രാജ്യത്വം വളർത്താൻ പ്രത്യുപകാരമെന്ന നിലക്ക് ഭരണകൂടവും സന്നദ്ധമാകും !
അമേരിക്കയിലെ സെക്യൂരിറ്റി പോളിസി റിഫോം ഇൻസ്റ്റിറ്റ്യൂട്ടിനെ ഉദ്ധരിച്ചുകൊണ്ട് ‘ദ സൺ’ റിപ്പോർട്ട് ചെയ്തത് 2001നും 2021നുമിടയിൽ റീതിയൻ, ലോക്ഹീഡ് മാർട്ടിൻ, ജനറൽ ഡൈനാമിക്, ബോയിങ്, നോത്റോപ് ഗ്രുമാൻ എന്നീ കമ്പനികൾക്കായി യു.എസ് ഭരണകക്ഷി മാറ്റിവെച്ചത് 2.02 ട്രില്യൺ ഡോളറായിരുന്നുവെന്നാണ്. ഈ ആയുധവ്യാപാരികൾ പണം വാങ്ങിയത് എന്തിനായിരുന്നുവെന്നു പറയേണ്ടതില്ലല്ലോ! അവരുടെ യുദ്ധവിമാനങ്ങളും ബോംബുകളും അനേകലക്ഷം മനുഷ്യരെയും മനുഷ്യവിഭവങ്ങളും ചുട്ടുചാമ്പലാക്കിയപ്പോൾ, അതുവഴി ധനാഢ്യരായ കമ്പനി ഉടമകൾ തടിച്ചുകൊഴുത്തു! ഇതുതന്നെയാണല്ലോ എല്ലാ ജനാധിപത്യ വ്യവസ്ഥയിലും ഇപ്പോൾ സംഭവിക്കുന്നത്!
അപഹാസ്യമാകുന്ന ജനാധിപത്യ സങ്കൽപം
സൈനിക-വ്യവസായ ശൃംഖലകൾ അവരെ പിന്തുണക്കുന്ന ഒരു ലോബിയെത്തന്നെ പാശ്ചാത്യ രാഷ്ട്രങ്ങളിൽ വളർത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പുകളിൽ സമ്മതിദായകരെ നിയന്ത്രിക്കുന്നതൊക്കെയും അവരാണ്. അതോടെ, ജനാധിപത്യത്തിൽ അടിസ്ഥാന ശിലയെന്നു നാം കണക്കാക്കുന്ന പൊതുജനം കഴുതകളായി മാറിനിൽക്കുന്നു! ഈവക കാരണങ്ങളാൽ, ആയുധവ്യവസായികളുടെ ദുഷ്ട വൃത്തത്തിൽനിന്ന് മാറിനിൽക്കാൻ അമേരിക്കൻ ഭരണ-പ്രതിപക്ഷങ്ങൾക്കൊന്നും സാധ്യമല്ല. അതുകൊണ്ടാണ് അമേരിക്കയുടെ വിദേശനയത്തിൽ അവിടെയുള്ള പൊതുജനങ്ങൾക്ക് ഒരുവിധ പങ്കുമില്ലെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. എല്ലാം, സൈനിക-വ്യവസായ ശൃംഖലകളും വാൾസ്ട്രീറ്റ് കോർപറേഷനുകളും തട്ടിയെടുത്തിരിക്കുന്നു. കാര്യങ്ങൾ ഏതാനും മുതലാളിമാരുടെ ഇംഗിതമനുസരിച്ചാണ് നടത്തപ്പെടുന്നത്.
നൈജറിലെ അട്ടിമറി
നിർഭാഗ്യകരമെന്നു പറയട്ടെ, വാഷിങ്ടണോ മറ്റു പാശ്ചാത്യരാഷ്ട്രങ്ങളോ അവരുടെ സൈനികസംരംഭങ്ങളിൽനിന്ന് യാതൊന്നും പഠിച്ചിട്ടില്ല. ലിബിയ, ഇറാഖ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിലെല്ലാം അവർ നിന്ദ്യമായ പരാജയം ഏറ്റുവാങ്ങി. എന്നാൽ, ഇന്നും പല പേരിൽ മിഡിലീസ്റ്റിലും ആഫ്രിക്കയിലും അവർ സൈനികമായി ഇടപെടുകയും വിഭവങ്ങൾ കൊള്ളയടിക്കുകയും ചെയ്യുന്നു. ചിലപ്പോൾ ഏകാധിപത്യത്തെ അവർ പിന്തുണക്കുന്നു. മറ്റുചിലപ്പോൾ അവർ ജനാധിപത്യത്തിന്റെ സംസ്ഥാപകരായി അവതരിക്കുന്നു. സിറിയ, ഇറാഖ്, ലിബിയ എന്നിവിടങ്ങളിലെന്നപോലെ യുക്രെയ്നിലും ഇപ്പോൾ നൈജറിലും അവർ ഇടപെട്ടിരിക്കുന്നു. നൈജറിലേത് പാശ്ചാത്യ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നപോലെ ജനാധിപത്യഭരണത്തിനെതിരായ ഒരു അട്ടിമറിയല്ലെന്നും ഭരണകൂടത്തിന്റെ അഴിമതി, ചൂഷണം, സ്വജനപക്ഷപാതം എന്നിവക്കെതിരെ പട്ടിണി ജനത നടത്തിയ അട്ടിമറി എന്നേ അതിനെ വിശേഷിപ്പിക്കാനാകൂ എന്നും നിരീക്ഷിക്കുന്നവരുണ്ട്. ഫ്രാൻസിന്റെയും അമേരിക്കയുടെയും ചൂഷണങ്ങൾക്കിരയായി ജനം പൊറുതിമുട്ടുകയായിരുന്നു. അതിൽനിന്ന് രക്ഷപ്പെടുന്നതായും വിജയംകൊയ്യുന്നതായും അനുഭവപ്പെട്ടതുകൊണ്ടാണ് തലസ്ഥാനനഗരമായ നിയാമിയിലെ (Niamey) സ്പോട്ട്സ് സ്റ്റേഡിയത്തിൽ മുപ്പതിനായിരത്തിലേറെ സാധാരണ ജനങ്ങൾ റഷ്യയുടെയും ചൈനയുടെയും കൊടികളേന്തി പ്രസിഡന്റായിരുന്ന മുഹമ്മദ് ബാസൂമിനെതിരെ മുദ്രവാക്യംവിളിച്ച് പട്ടാള അട്ടിമറിയെ പിന്തുണച്ചത്. ബാസൂമിനെ അമേരിക്കയും ഫ്രാൻസും തങ്ങളുടെ കളിപ്പാവയായി ഉപയോഗിക്കുകയായിരുന്നു. വിഭവങ്ങൾ- പ്രത്യേകിച്ചും യുറേനിയം, സ്വർണം, ഫോസ്ഫേറ്റ് എന്നിവ- ഫ്രാൻസ് കൊള്ളയടിച്ചു. മുഹമ്മദ് ബാസൂമാകട്ടെ, രാജ്യത്തെ സർവസൗകര്യങ്ങളും അമേരിക്കക്കും ഫ്രാൻസിനും മുന്നിൽ തുറന്നുകൊടുത്തു. അവർക്ക് സൈനികത്താവളങ്ങൾ അനുവദിച്ചു. 2019ൽ വാഷിങ്ടൺ അവരുടെ വായുസേനക്ക് നൈജറിൽ താവളമൊരുക്കിയപ്പോൾ ജനം പ്രതിഷേധിച്ചിരുന്നു. ഇത് സംഘർഷങ്ങൾക്ക് വഴിവെച്ചു. 2022ൽ ഫ്രാൻസും സഖ്യകക്ഷികളും അയൽരാജ്യമായ മാലിയിൽനിന്ന് സൈന്യത്തെ പിൻവലിച്ചു. എന്നാൽ, ഉടൻതന്നെ ബാസൂം അവരെ നൈജറിലേക്ക് സ്വാഗതംചെയ്തു. ഇതിനെ പട്ടാള മേധാവികളും പൗരമുഖ്യരും ചോദ്യംചെയ്തു. ഇപ്പോൾ, ഫ്രാൻസ് കണക്കുകൂട്ടുന്നത്, ലിബിയയിലേതുപോലെ രക്തരൂഷിതമായ രൂപത്തിൽ, നൈജറിൽ ഭരണം തിരിച്ചുപിടിക്കുന്നതിനെക്കുറിച്ചാണ്.
വെസ്റ്റാഫ്രിക്കൻ രാഷ്ട്രങ്ങളുടെ സാമ്പത്തിക കൂട്ടായ്മയായ ഇക്കോവാസ് (ECOWAS -Economic Community of West African States) ഇതിലിടപെട്ടിട്ടുണ്ട്. പട്ടാളം മുഹമ്മദ് ബാസൂമിന് ഭരണം തിരിച്ചേൽപിച്ചില്ലെങ്കിൽ, സൈനികമായി ഇടപെടുമെന്ന് അവർ തുടക്കത്തിൽ പ്രഖ്യാപിച്ചിരുന്നു.
ലണ്ടനിലെ തിങ്ക് ടാങ്കായ ചാത്താംഹൗസ് നടത്തിയ വട്ടമേശ സമ്മേളനത്തിൽ ഈ വിഷയം പ്രധാന ചർച്ചയായിരുന്നു. അവരിൽ ചിലർ പട്ടാള മേധാവികളുമായി ബന്ധപ്പെട്ട തായി റിപ്പോർട്ടുകൾ കാണുകയുണ്ടായി. അതിനെ ഫ്രാൻസ് സ്വാഗതംചെയ്തു. എന്നാൽ, അൽജീരിയയും ഛാദും ഇതിനെ എതിർത്തുകൊണ്ട് പ്രസ്താവനയിറക്കി. മാത്രമല്ല, മാലിയുടെയും ബുർകിനഫാസോയുടെയും സൈന്യം നൈജറിലെ പട്ടാളമേധാവി അബ്ദുറഹ്മാൻ തിയാനിയുടെ പക്ഷംചേർന്ന് ഏതറ്റംവരെയും യുദ്ധംചെയ്യാൻ സന്നദ്ധമാണെന്നും പ്രഖ്യാപിച്ചു. നൈജറിൽ ആരു യുദ്ധത്തിനിറങ്ങിയാലും അത് തങ്ങളോടുകൂടിയുള്ള യുദ്ധമായി കണക്കാക്കുമെന്നാണ് മാലിയുടെയും ബുർകിനഫാസോയുടെയും പട്ടാള ഭരണസഭ (Military Junta) പ്രസ്താവിച്ചിരിക്കുന്നത്. ഇതിനർഥം ഡീപ് സ്റ്റേറ്റിന്റെ രാപ്പനികൾ കൂടെക്കിടക്കുന്നവർക്ക് മനസ്സിലാവുന്നുണ്ട് എന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.