വാക്കുകളെ അപഹസിക്കുന്ന അധികാര രാഷ്ട്രീയം
text_fieldsഎല്ലാ ഭരണകൂടങ്ങളുടെയും പ്രശ്നം അവയുടെ ഭാവന അധികാരത്തിനു ചുറ്റും കറങ്ങുന്നു എന്നതാണ്. ജനാധിപത്യവും പൗരാവകാശവുമൊക്കെ തെരഞ്ഞെടുപ്പുകാല മുദ്രാവാക്യങ്ങളിലെ പാഴ്വാക്കുകളാണ്. അതുകൊണ്ടാണ് പലപ്പോഴും ജനാധിപത്യവും നിയമവാഴ്ചയും പൗരാവകാശങ്ങളുമൊന്നും രാഷ്ട്രീയ ഭാവനക്കു വഴങ്ങാതെ നിൽക്കുന്നത്. മറിച്ച്, അധികാരത്തെ അരക്കിട്ടുറപ്പിക്കാൻ പോരുന്ന ബലതന്ത്രങ്ങളാണ് അതിൽ നിറഞ്ഞുനിൽക്കുന്നത്. ഇതോടെ, എതിരഭിപ്രായങ്ങളെ തളക്കേണ്ടത് അനിവാര്യതയായി മാറുന്നു. എഴുത്ത് സത്യത്തെ അമർച്ചചെയ്യാൻ ആഗ്രഹിക്കുന്നവരുടെ പേടിസ്വപ്നമാണെന്ന് വോൾ സോയിങ്ക പറഞ്ഞത് ഇതുമൂലമാണ്.
ന്യൂസ് ക്ലിക്കിലെ നടപടി
ആവിഷ്കാരസ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും നേരെ നടക്കുന്ന അതിക്രമങ്ങൾ തെളിവാണെങ്കിൽ, വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയം ഇതിന്റെ നല്ല ഉദാഹരണമാണ്. ഓൺലൈൻ മാധ്യമസ്ഥാപനമായ ‘ന്യൂസ് ക്ലിക്കിന്’ നേരെയുള്ള പൊലീസ് നടപടിയാണ് ഏറ്റവും ഒടുവിലത്തെ സംഭവം. പോർട്ടലിന്റെ സ്ഥാപകനും ചീഫ് എഡിറ്ററുമായ പ്രബിർ പുരകായസ്തയുടെയും എച്ച്.ആർ മേധാവി അമിത് ചക്രവർത്തിയുടെയും പരേഞ്ജായ് ഗുഹ താകുർത്ത ഉൾപ്പെടെ ഒട്ടനേകം മാധ്യമപ്രവർത്തകരുടെയും താമസസ്ഥലം റെയ്ഡ് ചെയ്യുകയും കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തിരിക്കുന്നു. ഇവരിൽ, പരേഞ്ജായ് ഗുഹ താകുർത്ത അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അനേകം റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ച മാധ്യമപ്രവർത്തകനാണെന്ന സവിശേഷതയുണ്ട്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഔദ്യോഗിക വസതിയിലും മാധ്യമപ്രവർത്തകർ അല്ലാത്ത ചിലരുടെ വീടുകളിലും ഇതേ കാര്യം അരങ്ങേറി.
ആഗസ്റ്റ് എട്ടിന് ന്യൂയോർക് ടൈംസിൽ പ്രസിദ്ധീകരിച്ചൊരു ലേഖനത്തിൽ ന്യൂസ് പോർട്ടലിന് അമേരിക്കയിൽനിന്ന് ചൈന അനുകൂല പ്രചാരണം നടത്താൻ നിയമവിരുദ്ധ ധനസഹായം ലഭിച്ചു എന്ന പരാമർശമാണ് കേസിന് ആധാരം. മുമ്പൊരിക്കൽ പെഗസസ് ചാര സോഫ്റ്റ് വെയർ നാം വാങ്ങിയതിനെപ്പറ്റി ഇതേ പത്രം നൽകിയ റിപ്പോർട്ട് കളവാണെന്നു പറഞ്ഞവരാണ് ഇപ്പോൾ അതിൽ വിശ്വാസമർപ്പിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മുകളിൽ സൂചിപ്പിച്ചതിനു പുറമെ ഷവോമി, വിവോ എന്നീ ചൈനീസ് കമ്പനികളിൽനിന്ന് ന്യൂസ് ക്ലിക് പണം പറ്റിയതായും പൊലീസ് ആരോപിക്കുന്നു.
ഇത് രാജ്യതാൽപര്യത്തിനെതിരായി ഉപയോഗിച്ചതിന്റെ ‘രഹസ്യ’തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും അവർ പറയുന്നു. ഇതൊക്കെ വാദത്തിനുവേണ്ടി അംഗീകരിച്ചാൽ തന്നെ, ഇതന്വേഷിക്കേണ്ടത് ഇ.ഡിയല്ലേ എന്ന ചോദ്യം ഉയരുന്നു. 2021 മുതൽ ഇ.ഡിയും ഇൻകം ടാക്സ് അധികൃതരും അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്താത്തിടത്ത് ഡൽഹി പൊലീസ് എന്തിന് ഇടപെട്ടു എന്ന ചോദ്യവും പ്രസക്തംതന്നെ. പുരകായസ്തക്കെതിരെയുള്ള ഇ.ഡി നടപടിയും അറസ്റ്റും ഡൽഹി ഹൈകോടതി തടഞ്ഞതും ഐ.ടി വകുപ്പിന്റെ പരാതി മറ്റൊരു കോടതി തള്ളിക്കളഞ്ഞതും അദ്ദേഹത്തിന്റെ അറസ്റ്റിനുള്ള കാരണം റിമാൻഡ് റിപ്പോർട്ടിൽ ഇല്ലെന്ന കോടതിയുടെ ഇക്കഴിഞ്ഞ ദിവസത്തെ നിരീക്ഷണവും ഇതിനോട് ചേർത്തുവായിച്ചാൽ അവരുടെ ഉദ്ദേശ്യശുദ്ധി സംശയനിഴലിലാവും. തന്നെയുമല്ല, എഫ്.ഐ.ആറിൽ പറഞ്ഞിരിക്കുന്ന ആരോപണങ്ങൾ അവ്യക്തവും അതിവിപുലവും- ഭീകരപ്രവർത്തനം മുതൽ 2019ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നുവരെ ടീസ്റ്റ സെറ്റൽവാദിനെപ്പോലുള്ള ഭരണകൂട വിമർശകരിൽ പലരെയും ബന്ധപ്പിക്കുന്നതുമാണ്. ഇതനുസരിച്ച് ഏതു കുറ്റം വേണമെങ്കിലും ചുമത്താം, പോർട്ടലുമായി ബന്ധമില്ലാത്തവരെയും അതിൽപെടുത്താം. ന്യൂസ് ക്ലിക് അധികൃതർ അവിഹിതമായി വിദേശസഹായം നേടിയിട്ടുണ്ടെങ്കിൽ അതന്വേഷിക്കേണ്ടതുതന്നെ. എന്നാൽ, ഇതിന്റെ പേരിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും മുൻവിധിയോടെ നടപടികൾ കൈക്കൊള്ളുന്നതും അപലപനീയമാണ്. മാത്രമല്ല, എന്തിനും ഏതിനും യു.എ.പി.എ ചുമത്തുന്നതും ശരിയായ രീതിയല്ല. ഇവിടെ തടയാൻ ഉദ്ദേശിക്കുന്ന കുറ്റകൃത്യത്തെക്കാൾ അപകടകരമായ ഒന്നായി നിയമം മാറുന്നു.
വാക്കും ജനാധിപത്യവും
പൊതുവെ, കേന്ദ്ര സർക്കാറിന് പഥ്യമല്ലാത്ത മാധ്യമസ്ഥാപനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കുമെതിരെയാണ് ഇത്തരം കടുത്ത നടപടികൾ ഉണ്ടാവുന്നത് എന്നത് സ്മരണീയമാണ്. വിമർശനങ്ങളുടെ അന്തസ്സത്ത ഉൾക്കൊള്ളാനും അതനുസരിച്ച് പ്രവർത്തിക്കാനും ഇന്ത്യൻ ഭരണകൂടത്തിന് കഴിയുന്നില്ല എന്നാണ് ഇതിന്റെ അർഥം. വാക്കുകളിൽനിന്നാണ് പുസ്തകങ്ങൾ ഉണ്ടാവുന്നത് എന്നു പറയുംപോലെയാണ് ജനാധിപത്യത്തിന്റെ കാര്യവും. വാക്കുകളിലൂടെയും വിനിമയിക്കപ്പെടുന്ന ആശയങ്ങളിലൂടെയുമാണ് അത് ദൃഢപ്പെടുന്നത്. ഇവിടെ വസ്തുതകൾ സത്യസന്ധമായി ആവിഷ്കരിക്കുന്നതും വസ്തുതകളുടെ സത്യസന്ധതയും പരമപ്രധാനമാണ്, ഭരണകൂടങ്ങൾക്ക് പഥ്യമായാലും ഇല്ലെങ്കിലും.
ഇതിനു കാരണം മറ്റൊന്നുമല്ല. ജനാധിപത്യം ആശയ സംഘർഷങ്ങളുടെ വേദിയും ഭിന്നതകളുടെ സംഗമ സ്ഥലിയുമാണ്. ഇവിടെ എഴുത്തുകാരന്റെ ഭാവനയും ഭരണകൂടത്തിന്റെ ഭാവനയും വേറിട്ടുനിൽക്കുമ്പോഴും പരസ്പരം ആദരവ് പുലർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതുതന്നെയാണ് അധികാരവും മാധ്യമസ്വാതന്ത്ര്യവും തമ്മിൽ ഉണ്ടാവേണ്ടതും. എന്നാൽ, ഈ പാരസ്പര്യം നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ് നാം നേരിടുന്ന പ്രശ്നം. എല്ലാതരം ഭാവനകളും തങ്ങൾക്ക് കീഴ്പ്പെടണമെന്ന് ഭരണകൂടം ശഠിക്കുന്നു. ‘‘എഴുത്തോ നിന്റെ കഴുത്തോ’’ എന്ന അടിയന്തരാവസ്ഥക്കാല മുദ്രാവാക്യത്തെ ഓർമിപ്പിക്കുന്നു ഇത്.
പ്രശസ്ത കഥാകൃത്ത് എം.പി. നാരായണപിള്ളയുടെ ഒരു കഥ (ഓർമ) ഈ പ്രതിസന്ധിയെ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്. കഥയിലെ നായകൻ കത്ത് എഴുതുന്നതും ഒടുവിൽ ഒപ്പിടാൻ നോക്കുമ്പോൾ തന്റെ പേര് മറന്നുപോകുന്നതുമാണ് സന്ദർഭം. കൊണ്ടുപിടിച്ച് ശ്രമിച്ചിട്ടും രക്ഷയില്ല. ഒടുവിൽ അയാൾക്കൊരു ബുദ്ധി തോന്നി, ‘‘കണ്ണാടിയിൽ നോക്കിയാൽ ഒരുപക്ഷേ പേര് ഓർമയിൽ തെളിയുമായിരിക്കും.’’ ഇതോടെ ‘‘അയാൾ കണ്ണാടിയുടെനേരെ നടന്നു. മുഖം അതിൽ തെളിഞ്ഞു. നല്ല പരിചയമുള്ള മുഖം. ഒന്നു ചിരിച്ചുനോക്കി. പ്രതിബിംബവും അതേ രീതിയിൽ പ്രതികരിച്ചു. ഇത്രയുമായപ്പോൾ കഥാനായകന് പേര് ഓർമ വന്നു. ‘ഇത് നമ്മുടെ വേലപ്പനല്ലേ’, അയാൾ അറിയാതെ പറഞ്ഞുപോയി.’’ ഒടുവിൽ, സന്തോഷത്തോടെ വി. വേലപ്പൻ എന്നെഴുതി ഒപ്പിട്ടു. ഇത്തരമൊരു അസ്തിത്വ പ്രതിസന്ധിയിലൂടെയാണ് ഇന്ത്യൻ രാഷ്ട്രീയം കടന്നുപോകുന്നത്.
അപവാദങ്ങൾ മാറ്റിവെച്ചാൽ, തങ്ങൾ ആരാണെന്ന് നമ്മുടെ ഭരണാധികാരികൾ മറന്നുപോയിരിക്കുന്നു. തങ്ങൾ ആരാണെന്ന് ഭരണാധികാരികൾക്ക് ബോധ്യംവരുമ്പോഴാണ് സ്വന്തം അധികാരത്തിന്റെ പരിമിതി അവർ തിരിച്ചറിയുന്നത്; സ്വന്തം ബലഹീനത മനസ്സിലാവുന്നത്; സ്വയം വിമർശനത്തിന് മുതിരുന്നത്. അതിന് തുനിയുന്നില്ല എന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ കേന്ദ്ര സമസ്യ. ഭരണാധികാരികൾ ‘‘കണ്ണാടി നോക്കേണ്ടിയിരിക്കുന്നു.’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.