Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightചരിത്രത്തിനുനേരെ...

ചരിത്രത്തിനുനേരെ നീളുന്ന ദംഷ്ട്രകള്‍

text_fields
bookmark_border
ചരിത്രത്തിനുനേരെ നീളുന്ന ദംഷ്ട്രകള്‍
cancel

ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ പഠിപ്പിക്കാനും പ്രചരിപ്പിക്കാനുമായി കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനു കീഴിൽ 1984ല്‍ സ്ഥാപിക്കപ്പെട്ട ഡല്‍ഹിയിലെ ഗാന്ധി സ്മൃതി ആന്‍ഡ്‌ ദര്‍ശന്‍ സമിതി (ജി.എസ്.ഡി.എസ്) പുറത്തിറക്കുന്ന മാസികയാണ് അന്തിം ജൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സമിതിയുടെ അധ്യക്ഷൻ; മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വിജയ് ഗോയല്‍ ഉപാധ്യക്ഷനും. ഞെട്ടിപ്പിക്കുന്ന ഒരു വിശേഷാല്‍ പതിപ്പാണ് അന്തിം ജൻ അതിന്റെ 2022 ജൂണ്‍ ലക്കമായി പ്രസിദ്ധീകരിച്ചത്. ഗാന്ധി വധത്തില്‍ പങ്കുണ്ട് എന്നതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുകയും വിട്ടയക്കപ്പെടുകയും ചെയ്ത ഗോൾവാള്‍ക്കര്‍ക്ക് സമാനനായി കരുതപ്പെടുന്ന ഹിന്ദുത്വ ഐഡിയലോഗ് വി.ഡി.സവര്‍ക്കറുടെ ഓർമക്കായാണ് ആ വിശേഷാല്‍ പതിപ്പ് പുറത്തിറക്കിയത്. 'സവര്‍ക്കര്‍ എന്ന ദേശാഭിമാനി', 'വീര്‍ സവര്‍ക്കറും ഗാന്ധിയും' തുടങ്ങിയ ലേഖനങ്ങളും 'സവര്‍ക്കറുടെ ഹിന്ദുത്വ' എന്ന ലേഖനവും വാജ്പേയിയുടെ സവര്‍ക്കര്‍ ലേഖനവും ഒക്കെയായി ഒരു സമ്പൂര്‍ണ സവര്‍ക്കര്‍ സ്തുതിപ്പതിപ്പ്.

സ്വാഭാവികമായും ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട് എന്ന കാര്യം അവിടെ നില്‍ക്കട്ടെ. രണ്ടു കാര്യങ്ങള്‍ ഗാന്ധിഹത്യയുമായി ബന്ധപ്പെട്ടു സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഹിന്ദുത്വവാദികള്‍ ശ്രമിച്ചിട്ടുള്ളത് വിനായക് ഗോദ്സെയുടെ ആർ.എസ്.എസ് ബന്ധവും വിനായക് സവര്‍ക്കറുടെ ഗാന്ധിവധത്തിലുള്ള പങ്കുമാണ്. ഈ രണ്ടു കാര്യങ്ങളിലും ചരിത്രഗവേഷകര്‍ക്കിടയില്‍ ഏതാണ്ട് പൊതുസമ്മതിയുള്ള തീര്‍പ്പുകള്‍ ഈ ആരോപണങ്ങള്‍ ശരിെവക്കുന്നവയാണ്. അതിനുള്ള കാരണങ്ങള്‍ അടിവരയിട്ടു വ്യക്തമാക്കുന്ന പുസ്തകമാണ് ഈ വർഷം ആദ്യം പുറത്തിറങ്ങിയ ധീരേന്ദ്ര കെ. ഝായുടെ 'ഗാന്ധിസ് അസ്സാസിന്‍ ആന്‍ഡ്‌ ഹിസ്‌ ഐഡിയ ഓഫ് ഇന്ത്യ' എന്ന പുസ്തകം.

ഗാന്ധിജിയുടെ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങളെ ഗോദ്സെയുടെ ജീവിതകഥയിലൂടെ സുവ്യക്തമായി വിവരിക്കുന്ന ഈ പുസ്തകം എന്തുകൊണ്ട് ആർ.എസ്.എസ് ഗാന്ധിഹത്യക്കുശേഷം ഗോദ്സെയെ കൈയൊഴിഞ്ഞു എന്നതും ചര്‍ച്ചചെയ്യുന്നുണ്ട്. കൊലയെ തുടര്‍ന്ന് ഉയര്‍ന്ന അഭൂതപൂർവമായ ജനരോഷം ആർ.എസ്.എസ് ഓഫിസുകള്‍ക്കും പ്രധാനപ്പെട്ട ആര്‍.എസ്.എസ് പ്രവർത്തകര്‍ക്കും എതിരെ തിരിയുകയും ഗോള്‍വാള്‍ക്കറുടെയും സവര്‍ക്കറുടേയും വീടുകള്‍തന്നെ വളയുകയും ചെയ്തിരുന്നു. ഗാന്ധിവധവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ 1966ല്‍ കപുര്‍ കമീഷന്‍ ആവട്ടെ സവര്‍ക്കറുടെ പങ്ക് എടുത്തുപറയുകയും ചെയ്തിട്ടുണ്ട്. ഗോദ്സെ കോടതിയില്‍ നല്‍കിയ മൊഴിയില്‍ സംഭവത്തില്‍ ഒരു ഗൂഢാലോചനയുമില്ലെന്നും താന്‍ മാത്രമാണ് ഉത്തരവാദിയെന്നുമാണ് പറയുന്നത്.

എന്നാല്‍, അറുകൊല നടപ്പാക്കാൻ താൻ ഒപ്പംകൂട്ടിയ സഹോദരന്‍ ഗോപാല്‍ ഗോദ്സെ, എന്‍.ഡി. ആപ്തെ എന്നിവരെ രക്ഷിക്കാനുള്ള ആഗ്രഹമായിരുന്നു അതിനു പിന്നിൽ. സവര്‍ക്കറോ മറ്റേതെങ്കിലും ഹിന്ദുത്വ നേതാക്കളോ ഇതുമായി ബന്ധപ്പെട്ടിരുന്നു എന്നുവരുന്നത് ഗോപാലിന്റെ നില കൂടുതല്‍ പരുങ്ങലിലാക്കുമെന്ന് നാഥുറാമിന് അറിയാമായിരുന്നു. മാത്രമല്ല, താന്‍ പ്രതീക്ഷിച്ചതില്‍നിന്നു വിപരീതമായി തനിക്കും തന്റെ സംഘടനക്കും എതിരെ ജനരോഷം ആളിക്കത്തുന്നതും അയാളെ പരിഭ്രമിപ്പിച്ചു.

അതുപോലെ, ഗാന്ധിവധത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായ ബ്രാഹ്മണവിരുദ്ധ പ്രകടനങ്ങളുടെ കാര്യമറിഞ്ഞ ഗോദ്സെ വക്കീലിനോട് പറഞ്ഞത് ''എന്റെ സമുദായത്തിന് ഇത്രയും ദോഷമാവുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഞാനത് ചെയ്യുമായിരുന്നില്ല" എന്നാണ്. ഗാന്ധിഹത്യയുടെ പേരിൽ മുസ്‍ലിംവിരുദ്ധർക്കിടയില്‍ താനൊരു വീരനായകനായിമാറും എന്ന പ്രതീക്ഷ അസ്ഥാനത്താവുകയും തന്റെ സംഘടനയും സമുദായവുംകൂടി പ്രതിസ്ഥാനത്ത് വരുകയും ചെയ്തതാണ് തന്റെ എല്ലാവിധ പൂര്‍വബന്ധങ്ങളെയും തള്ളിക്കളയാന്‍ ഗോദ്സെയെ പ്രേരിപ്പിച്ചത്.

എല്ലാ ഹിന്ദുക്കള്‍ക്കുംവേണ്ടി ചെയ്യുന്ന പുണ്യപ്രവൃത്തിയായി ഗാന്ധിഹത്യയെക്കണ്ട ഗോദ്സെക്ക് ഒടുവില്‍ ഗാന്ധി തന്റെമാത്രം രാഷ്ട്രീയ ശത്രുവാണെന്ന് പ്രഖ്യാപിച്ചു കൊലമരത്തിലേക്ക് പോകേണ്ടിവന്നു. സവര്‍ക്കറാവട്ടെ, വിചാരണ സമയത്ത് ഒരിക്കല്‍പോലും ഗോദ്സെയുടെ മുഖത്തുപോലും നോക്കിയില്ലത്രേ. തന്നെ വെറുതെ വിടുമോ എന്നല്ലാെത ഒരിക്കല്‍പോലും വക്കീലിനോട് തന്റെ ശിഷ്യന്മാര്‍ കൂടിയായ മറ്റുള്ള പ്രതികളെക്കുറിച്ച് സവര്‍ക്കര്‍ അന്വേഷിക്കുകകൂടി ചെയ്തില്ലെന്ന് ഝാ തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്. ഗാന്ധിദര്‍ശനത്തിന്റെ പേരിലുള്ള മാസിക പ്രത്യേക സവര്‍ക്കര്‍ പതിപ്പ് ഇറക്കുന്നതില്‍ അസ്വാഭാവികത കാണാത്ത ഒരു രാഷ്ട്രീയ നേതൃത്വമാണ് ഇന്ന് നമുക്കുള്ളത്.

2014ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നപ്പോള്‍ "ഇന്ത്യയില്‍ സവര്‍ക്കര്‍ യുഗം ആരംഭിക്കുന്നു" എന്നാണ് ആർ.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് പ്രഖ്യാപിച്ചത്. ഗോദ്സെയുടെ പ്രസ്താവന ഞാന്‍ ഒന്നുരണ്ടുതവണ വായിച്ചതാണ്. ഗാന്ധിയുടെപേരില്‍ ഒരേയൊരു കുറ്റമേ ഗോദ്സെ യഥാർഥത്തില്‍ ചുമത്തുന്നുള്ളൂ. അത് അദ്ദേഹം ഹിന്ദു-മുസ്‍ലിം ഐക്യത്തിനുവേണ്ടി നിലകൊണ്ടു എന്നതാണ്; അതു മാത്രമാണ്. ഹിന്ദു-മുസ്‍ലിം ഐക്യം എന്ന മുദ്രാവാക്യത്തിന്റെ പേരില്‍മാത്രം ഗാന്ധിയെ കൊല്ലാൻ ഒരുമ്പിട്ടിറങ്ങിയ ഗോദ്സെയുടെ ഗുരുതുല്യനെ യുഗപുരുഷനായി കാണുന്ന രാഷ്ട്രീയനേതൃത്വത്തിനു മാത്രമേ ഇത്തരമൊരു സവര്‍ക്കര്‍ പതിപ്പ് അനുയോജ്യമെന്ന് കണ്ടെത്താന്‍ കഴിയുകയുള്ളൂ.

ഗാന്ധിസ്മൃതിതന്നെ ഇത്തരത്തില്‍ വികലമാക്കപ്പെടുന്ന 'സവര്‍ക്കര്‍ യുഗ'ത്തില്‍ പ്രബുദ്ധനായ രാജാവ് അശോകനുപോലും രക്ഷയില്ലാതെ വരുന്നതില്‍ എന്ത് അത്ഭുതമാണുള്ളത്? അശോകസ്തംഭം ഇന്ത്യയുടെ ഒരു ദേശീയചിഹ്നം എന്ന നിലയില്‍ ആദരിക്കപ്പെടുന്നതാണ്. അതിനെ വികലീകരിക്കുന്നത് ആ അർഥത്തില്‍ ശരിയായ ഒരു നടപടിയല്ലെന്നു പറയാം. എന്നാല്‍, അതിനപ്പുറം ഒരു ചരിത്രസ്മാരകത്തോട്‌ രാഷ്ട്രം എന്തുചെയ്യുന്നു എന്ന ചോദ്യവും പ്രസക്തമാണ്. ഗാന്ധിയോട് അന്തിം ജന്‍ ചെയ്യുന്ന അതിക്രമം മറ്റൊരു രീതിയില്‍ ഇവിടെയും ആവര്‍ത്തിക്കുന്നു.

സാരാനാഥിലെ സ്തംഭം ഞാന്‍ കണ്ടിട്ടില്ല. കണ്ടത് തായ് ലന്‍ഡിലെ ചിയാങ്മായ് എന്ന ചെറുനഗരത്തിലെ ഉ-മോങ് എന്ന ബുദ്ധക്ഷേത്രത്തില്‍ സ്ഥാപിച്ചിട്ടുള്ള അതിന്റെ തനത് മാതൃക ആണ് (എത്രമാത്രം സാര്‍വലൗകികമാണ് അതിന്റെ പ്രിയതയെന്നും സിംഹസ്തംഭം കേവലം ഒരു രാഷ്ട്രത്തിന്റെമാത്രം സ്വത്തല്ല എന്നും അത് കണ്ടപ്പോള്‍ എനിക്ക് തോന്നിയതാണ്). സ്തംഭത്തിന്റെ ചിത്രങ്ങള്‍ കാണുമ്പോഴും ഉ-മോങ്ങിലെ മാതൃക കണ്ടപ്പോഴും ഞാന്‍ ആലോചിച്ചിട്ടുള്ളത് സൗമ്യപ്രകൃതികളായി ഉഗ്രസിംഹങ്ങളുടെ ശില്‍പം കൊത്തിെവക്കുന്നതിലൂടെ അശോക ചക്രവര്‍ത്തിയും അദ്ദേഹത്തിന്റെ ശിൽപിയും എന്താണ് പറയാന്‍ ഉദ്ദേശിച്ചിട്ടുണ്ടാവുക എന്നതാണ്. തന്റെ ശിലാരേഖകളില്‍ മൃഗഹിംസക്കെതിരെയുള്ള നിലപാടുകള്‍ അശോകന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.

മൃഗഹിംസയെ കേവലമായ അർഥത്തിലല്ല അദ്ദേഹം മനസ്സിലാക്കുന്നതും മറിച്ച്, സന്ദർഭബന്ധിതമായിട്ടാണ്. പൊതുവില്‍ ഹിംസാവ്യഗ്രമായ മനുഷ്യജീവിതത്തിലും രാഷ്ട്ര ചരിത്രങ്ങളിലും കാട്ടിലെ ഏറ്റവും രൗദ്രജീവിയായി കരുതപ്പെടുന്ന സിംഹത്തിന് ഒരു അക്രമോത്സുകതയുണ്ട്. അതിനെപ്പോലും സൗമ്യമാക്കുക എന്ന ഒരു സന്ദേശമാണ് അദ്ദേഹം തന്റെ പ്രജകള്‍ക്കും രാഷ്ട്രത്തിനുതന്നെയും നല്‍കുന്നത്. ആ അർഥത്തില്‍ അത് വ്യക്തിയും രാഷ്ട്രവും സ്വീകരിക്കേണ്ട സംയമനത്തിന്റെയും അഹിംസയുടെയും സന്ദേശമാണ്.

ആ സിംഹങ്ങളുടെ ദംഷ്ട്രകള്‍ പുറത്തുകാണരുത് എന്നതാണ് അതിന്റെ ആത്യന്തികമായ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും. പാര്‍ലമെന്റ് മന്ദിരത്തിനുമുന്നില്‍ ചെയ്തതുപോലെ അവ പുറത്തുകാട്ടുക എന്നത് അതിനു നേര്‍വിപരീതമായ ഒരു സന്ദേശം തന്നെയാണ്. ഇന്ന് ഇന്ത്യയില്‍ നടക്കുന്ന മനുഷ്യവേട്ടകളെ നീതിമത്കരിക്കുന്നതാണ് ആ നീണ്ടുവരുന്ന മൃഗദംഷ്ട്രകള്‍. ഒരു പ്രധാനപ്പെട്ട ദേശീയപ്രതീകവും മനുഷ്യവംശത്തിനു തന്നെയുള്ള ചരിത്രത്തിന്റെ മുന്നറിയിപ്പുമാണ് ആ സിംഹസ്തംഭം. സവര്‍ക്കര്‍യുഗം ദംഷ്ട്രകള്‍നീട്ടുന്ന കാലത്തിനുകൂടി അതിന്റെ അഹിംസാസന്ദേശം ബാധകമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gandhi assassination
News Summary - Demonstrations stretching back to history
Next Story