മനസ്സിലെ മോഹവും സർവേ ഫലങ്ങളും
text_fieldsശരദ് പവാറിനെ അലട്ടുന്നത് തന്റെ തട്ടകമായ ബാരാമതിയിലൊരുങ്ങുന്ന കുടുംബപോരാണ്. ശരദ് പവാറോ അദ്ദേഹം നിർദേശിക്കുന്നവരോ മാത്രം ജയിച്ചുപോന്ന മണ്ഡലത്തിലെ നിലവിലെ എം.പിയായ മകൾ സുപ്രിയ സുലെക്കെതിരെ അജിത് പവാറിന്റെ പത്നി സുനേത്ര മത്സരിച്ചേക്കുമെന്നാണ് കേൾവി. കുടുംബത്തിൽത്തന്നെ വിള്ളലുണ്ടാക്കുന്നതാണ് അത്തരം മത്സരം. ഇത് ഒഴിവാക്കാനായി കോൺഗ്രസ് മത്സരിച്ചുപോരുന്ന വാർധ സീറ്റ് ആവശ്യപ്പെട്ടിരിക്കുകയാണ് എൻ.സി.പി
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കിട്ടാവുന്നത്ര സീറ്റുകൾ ഒപ്പിച്ചെടുക്കാൻ സകല വേലകളുമിറക്കുന്ന ബി.ജെ.പിക്ക് മഹാരാഷ്ട്രയിൽ വിജയമുണ്ടാക്കുക എന്നത് വല്ലാത്തൊരു അഭിമാന പ്രശ്നമാണ്. ഒക്കുമെങ്കിൽ സംസ്ഥാനത്തെ 48 സീറ്റും പിടിക്കണമെന്നാണ് അവരുടെ മോഹം. അതിന് മുന്നോടിയായി ശിവസേനയെയും എൻ.സി.പിയെയും പിളർത്തിയശേഷം ഇപ്പോൾ കോൺഗ്രസിനെ ദുർബലമാക്കാനുള്ള നീക്കങ്ങളിലാണ്.
ആരോപണങ്ങൾ ഉന്നയിച്ചും അന്വേഷണങ്ങൾക്ക് തുടക്കമിട്ടും കോൺഗ്രസ് നേതാക്കളെ വലയിലാക്കുന്നതാണ് തന്ത്രം. ജനസ്വാധീനമുള്ള മറാത്ത നേതാവ് ബി.ജെ.പിക്കില്ല; പ്രത്യേകിച്ച് പശ്ചിമ മഹാരാഷ്ട്ര, മറാത്ത് വാഡ മേഖലകളിൽ. ഇതെല്ലാം കണക്കിലെടുത്താണ് അവസാന നിമിഷവും മറ്റു പാർട്ടികളിൽനിന്ന് ‘ഇറക്കുമതി’ സാധ്യത തേടുന്നത്.
ശിവസേനയെയും എൻ.സി.പിയെയും പിളർത്തി സ്വന്തം പാളയത്തിലെത്തിച്ചിട്ടും ഏറിയാൽ 22 സീറ്റുകളേ ബി.ജെ.പി സഖ്യത്തിന് ലഭിക്കാനിടയുള്ളൂ എന്നാണ് ഈയിടെ നടന്ന സർവേ നൽകുന്ന സൂചന. ശരദ് പവാറിന്റെ എൻ.സി.പിയും ഉദ്ധവ് താക്കറെയുടെ ശിവസേനയും കാലടിയിൽ മണ്ണിളകിയ കോൺഗ്രസും ചേർന്ന എം.വി.എ 26 സീറ്റുകളോളം നേടുമെന്നാണ് സർവേ ഫലം.
പാർട്ടികളെ പിളർത്തുന്നതിനുമുമ്പെ ബി.ജെ.പി തന്നെ നടത്തിയ സർവേയിൽ പാർട്ടിക്ക് വിരലിലെണ്ണാവുന്ന സീറ്റുകളേ ലഭിക്കുകയുള്ളൂ എന്നായിരുന്നു കണ്ടെത്തൽ.
അഴിമതിക്കറ മാറാനെന്തെളുപ്പം
കോൺഗ്രസിന്റെ സുവർണകാലത്ത് അഴിമതിയുടെ കറപുരണ്ടുപോയ നേതാക്കളിൽ പലരും ഇന്ന് ‘വാഷിങ് മെഷീൻ പ്രക്രിയ’യിലൂടെ സംശുദ്ധിയാർജിച്ചിരിക്കുന്നു. അതിൽപെട്ടവരാണ് മുൻ മുഖ്യമന്ത്രി അശോക് ചവാനും ശരദ് പവാറിന്റെ ജ്യേഷ്ഠപുത്രൻ അജിത് പവാറും.
2014ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചവാന്റെ തട്ടകമായ നാന്ദഡിൽ എത്തിയ നരേന്ദ്ര മോദി, താൻ പ്രധാനമന്ത്രി ആയാൽ ആറുമാസത്തിനകം ആദർശ് ഫ്ലാറ്റ് കുംഭകോണ കേസിൽ പ്രതിയായ ചവാനെ ജയിലിലയക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പത്ത് വർഷമായിട്ടും അതുണ്ടായില്ല.
ഈയിടെ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ധവളപത്രത്തിലും അശോക് ചവാനും ആദർശ് കുംഭകോണവും ഇടംപിടിച്ചിരുന്നു. എന്നിട്ടും ധവളപത്രമിറങ്ങിയതിന്റെ നാലാം നാൾ അശോക് ചവാൻ ബി.ജെ.പിയിൽ ചേർന്നു രാജ്യസഭാംഗമായി. ഇതോടെ മറാത്ത് വാഡ മേഖലയിലേക്ക് ബി.ജെ.പിക്കൊരു മറാത്ത മുഖവുമായി.
കഴിഞ്ഞ വർഷം ഭോപാലിൽ മോദി പൊട്ടിച്ച വെടിയുടെ അലയൊലിയാണ് എൻ.സി.പിയുടെ പിളരൽ. എൻ.സി.പി നേതാക്കൾക്കെതിരെ 70,000 കോടി രൂപയുടെ അഴിമതിയാണ് മോദി അന്ന് ആരോപിച്ചത്. ഖനനം-ജലസേചന-സഹകരണ ബാങ്ക് അഴിമതികളിൽ ആരോപണ വിധേയനാണ് അജിത് പവാർ.
കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിവരുകയും ബിനാമി സ്വത്തുക്കളെന്ന് സംശയിക്കുന്നവ താൽക്കാലികമായി കണ്ടുകെട്ടുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ആരോപണത്തിനുപിന്നാലെ അജിത് പവാർ വിമതനീക്കം നടത്തി എൻ.സി.പിയെ പിളർത്തി. ‘പ്രായോഗിക രാഷ്ട്രീയത്തിലെ ചാണക്യനാ’യ ശരദ് പവാറിനെ നിരായുധനാക്കുക കൂടിയായിരുന്നു ബി.ജെ.പിയുടെ ലക്ഷ്യം.
എന്നാൽ, 83ാം വയസ്സിലും വിട്ടുകൊടുക്കാതെ ഒന്നിൽനിന്ന് തുടങ്ങാനാണ് പവാറിന്റെ തീരുമാനം. ശിവസേനയിലെയും എൻ.സി.പിയിലെയും പിളർപ്പിന് പിന്നാലെ, പവാറിന്റെ ഭാഷയിൽ ‘തറവാടു വിട്ടുപോയവർക്ക് തറവാടുതന്നെ എഴുതിക്കൊടുക്കുന്ന’ നിലപാടാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും മഹാരാഷ്ട്ര സ്പീക്കർ രാഹുൽ നർവേക്കറും സ്വീകരിച്ചത്.
സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങളൊന്നും കണ്ടില്ലെന്ന് നടിച്ചാണ് സ്പീക്കറുടെ വിധി. ആഭ്യന്തര തർക്കത്തിൽ രണ്ട് ഗ്രൂപ്പുകളായതല്ലാതെ ശിവസേനയും എൻ.സി.പിയും പിളർന്നിട്ടില്ലെന്നാണ് ആദ്യം ശിവസേനയിലും പിന്നീട് എൻ.സി.പിയിലും പ്രവർത്തിച്ചശേഷം ബി.ജെ.പിയിൽ ചേക്കേറിയ രാഹുൽ നർവേക്കറുടെ കണ്ടെത്തൽ.
പവാർ കാഹളം മുഴക്കുമ്പോൾ
പ്രായത്തിന്റെയും അർബുദത്തിന്റെയും അവശതയിലും പിൻവാങ്ങാതെ പൊരുതുന്ന ശരദ് പവാറിനെ അലട്ടുന്നത് തന്റെ തട്ടകമായ ബാരാമതിയിലൊരുങ്ങുന്ന കുടുംബപോരാണ്. ശരദ് പവാറോ അദ്ദേഹം നിർദേശിക്കുന്നവരോ മാത്രം ജയിച്ചുപോന്ന മണ്ഡലത്തിലെ നിലവിലെ എം.പിയായ മകൾ സുപ്രിയ സുലെക്കെതിരെ അജിത് പവാറിന്റെ പത്നി സുനേത്ര മത്സരിച്ചേക്കുമെന്നാണ് കേൾവി.
കുടുംബത്തിൽത്തന്നെ വിള്ളലുണ്ടാക്കുന്നതാണ് അത്തരം മത്സരം. ഇത് ഒഴിവാക്കാനായി കോൺഗ്രസ് മത്സരിച്ചുപോരുന്ന വാർധ സീറ്റ് ആവശ്യപ്പെട്ടിരിക്കുകയാണ് എൻ.സി.പി. ഗാന്ധിയുടെ ആശ്രമമുള്ള വാർധയിലെ ജനങ്ങളെ സേവിക്കാൻ താൽപര്യമുണ്ടെന്ന് ഈയിടെ സുപ്രിയ എൻ.സി.പി യോഗത്തിൽ പറഞ്ഞിരുന്നു.
എൻ.സി.പി എന്ന പേരും ടൈംപീസ് ചിഹ്നവും അജിത് പവാറിന് നൽകിയ തെരഞ്ഞെടുപ്പ് കമീഷൻ പവാറിന് എൻ.സി.പി-ശരദ്ചന്ദ്ര പവാർ എന്ന പേരും കാഹളം മുഴക്കുന്ന മനുഷ്യൻ ചിഹ്നവുമാണ് നൽകിയത്. പവാറാകട്ടെ അത് എളുപ്പം മഹാരാഷ്ട്രയിലെ ജനങ്ങളിലെത്തിക്കാൻ വലിയൊരു തന്ത്രം പ്രയോഗിച്ചു. റായ്ഗഢിലെ ശിവജി കോട്ടയിൽ ചെന്ന് കാഹളം മുഴക്കിയാണ് തന്റെ പാർട്ടിയുടെ പുതിയ പേരും ചിഹ്നവും പ്രഖ്യാപിച്ചത്.
ജനങ്ങളുടെ വികസനത്തിനായി അവരുടെ സർക്കാർ സ്ഥാപിക്കാൻ ‘കാഹള’ത്തിന് കരുത്തുപകരണമെന്ന് അദ്ദേഹം ആഹ്വാനവും ചെയ്തു. 40 വർഷത്തിനു ശേഷമാണ് പവാർ മറാത്ത ചക്രവർത്തി ശിവജിയുടെ കോട്ട സന്ദർശിക്കുന്നത്. മറാത്ത സമുദായത്തിലും മറാത്തീ ജനങ്ങളിലും മഹാരാഷ്ട്ര രാഷ്ട്രീയത്തിലും ഏറെ സ്വാധീനമുള്ളതാണ് ശിവജിയുടെ കോട്ടയും കാഹളവും.
വെട്ടിലാക്കുന്ന പാട്ടീൽ
ഇതിനെല്ലാം ഇടയിലാണ് ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേന, അജിത് പവാർ പക്ഷ എൻ.സി.പി, ബി.ജെ.പി സർക്കാറിനെ വെട്ടിലാക്കി മനോജ് ജരൻഗെ പാട്ടീലിന്റെ മറാത്ത സംവരണ സമരം. ഷിൻഡെ, അജിത്, ചവാൻ, നാരായൺ റാണെ തുടങ്ങിയ മറാത്ത നേതാക്കളെ ബി.ജെ.പിയിലേക്കും ബി.ജെ.പി നയിക്കുന്ന പാളയത്തിലേക്കും അടർത്തിക്കൊണ്ടുപോകുമ്പോഴാണ് ജരൻഗെ പാട്ടീലിന്റെ സമരം.
ജരൻഗെ പാട്ടീലിനുപിന്നിൽ പവാറാണെന്നാണ് ബി.ജെ.പി സംശയിക്കുന്നത്. ഹൈദരാബാദ് നിസാമുമാരുടെ ഭരണകാലത്ത് കുൻഭി സാക്ഷ്യപത്രമുള്ള മറാത്തകളുടെ പിന്മുറക്കാരെ ‘കുൻഭി’ വിഭാഗത്തിൽ ഉൾപ്പെടുത്തി ഒ.ബി.സി സംവരണം നൽകാമെന്നായിരുന്നു ഷിൻഡെ സർക്കാറിന്റെ ആദ്യ വാഗ്ദാനം.
ഒ.ബി.സികളുടെ എതിർപ്പ് ശക്തമായതോടെ തൊഴിലിലും വിദ്യാഭ്യാസത്തിലും മറാത്തകൾക്ക് 10 ശതമാനം സംവരണവുമായി ബില്ല് നിയമസഭയിൽ പാസാക്കി. അതിന് നിയമപരമായി നിലനിൽപില്ലെന്നുപറഞ്ഞ് ജരൻഗെ പാട്ടീൽ മറാത്തകളെ കുൻഭി വിഭാഗത്തിൽ ഉൾപ്പെടുത്തി ഒ.ബി.സി സംവരണം നൽകണമെന്ന നിലപാടിലുറച്ചുനിന്നു.
മാത്രമല്ല, മറാത്തകൾക്കെതിരെ ഫഡ്നാവിസ് ഗൂഢാലോചന നടത്തിയെന്നും സംവരണം അട്ടിമറിക്കുന്നുവെന്നുമുള്ള ആരോപണവും അദ്ദേഹം ഉന്നയിച്ചു. ഇത് ഫഡ്നാവിസിനെയും ബി.ജെ.പിയെയും അസ്വസ്ഥമാക്കിയിട്ടുണ്ട്. ഫഡ്നാവിസിനെതിരെയുള്ള ജരൻഗെ പാട്ടീലിന്റെ ആരോപണത്തിൽ മഹാരാഷ്ട്ര സ്പീക്കർ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജരൻഗെ പാട്ടീലിനുപിന്നിൽ ആരെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.