സ്വാതന്ത്ര്യത്തിന്റെ വിപുലീകരണ പ്രക്രിയയാണ് വികസനം
text_fieldsമനുഷ്യർ ആസ്വദിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വിപുലീകരണമാണ് വികസനം എന്ന ആശയം പ്രഫ. അമർത്യ സെൻ വികസനം സ്വാതന്ത്ര്യമെന്ന നിലയിൽ (Development as Freedom) എന്ന പുസ്തകത്തിലൂടെ മുന്നോട്ടുവെക്കുന്നു. 1998ൽ നൊബേൽ സമ്മാനം ലഭിച്ചതിന് അടുത്ത വർഷം പുറത്തിറക്കിയ ഈ ഗ്രന്ഥം 1970 മുതൽ നിരവധി പുസ്തകങ്ങളിലും പ്രബന്ധങ്ങളിലും അദ്ദേഹം അവതരിപ്പിച്ച ആശയങ്ങളുടെ ആകത്തുകയാണ്.
സാമ്പത്തിക ശാസ്ത്രത്തെ ചരക്കുകളുടെ വിലയെന്ന സങ്കുചിത വൃത്തത്തിൽനിന്ന് മോചിപ്പിച്ച് മാനവികതയുടെ ഉന്നതതലത്തിലേക്ക് അദ്ദേഹം ഉയർത്തി. 2019ലെ നൊബേൽ ജേതാക്കളായ അഭിജിത് ബാനർജിയും പത്നി എസ്ഥേർ ഡഫ്ളോയും ചേർന്നെഴുതിയ സാമ്പത്തികശാസ്ത്രം ദുഷ്കാലങ്ങളിൽ (Economics for Hard Times) എന്ന പുതിയ ഗ്രന്ഥത്തിൽ കരുതൽ, കരുണ തുടങ്ങിയ മാനവിക മൂല്യങ്ങൾ ഉൾക്കൊള്ളിക്കേണ്ടത് ഏറെ പ്രസക്തമാണെന്ന് സാമ്പത്തിക വിദഗ്ധരെ മാത്രമല്ല ലോകത്തെയും ഓർമപ്പെടുത്തുന്നു.
രാഷ്ട്രങ്ങളുടെ പുരോഗതി അളക്കാൻ സാർവത്രികമായി ഉപയോഗിച്ചുവരുന്ന അളവുകോലാണ് ദേശീയ വരുമാന വർധനയും (Gross National income growth) പ്രതിശീർഷ വരുമാന വർധനനിരക്കും. സാമ്പത്തിക മുന്നേറ്റത്തിന്റെ ഭാഗമായി എടുത്തുപറയുന്ന നഗരവത്കരണം, വ്യവസായവത്കരണം, സാമൂഹിക ആധുനീകരണം തുടങ്ങിയ വികസനത്തിന്റെ പല ഘടകങ്ങൾ പ്രതിശീർഷ വരുമാന വർധനയിൽ ഉള്ളടങ്ങിയിട്ടുണ്ട്.
ഇപ്പോൾ ഇതാ നിർമിതബുദ്ധി, റോബോട്ടിക്സ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, നാനോടെക്നോളജി തുടങ്ങി സർവംകഷമായ ഡിജിറ്റൽ വിപ്ലവം അതിവേഗം അരങ്ങേറുന്ന കാഴ്ച നമ്മെ അത്ഭുതപ്പെടുത്തുന്നു. ഈ സന്ദർഭത്തിൽ സ്വാതന്ത്ര്യമാണ് വികസനമെന്നു പറഞ്ഞാൽ പലർക്കും ദഹിച്ചെന്നുവരില്ല.
സ്വാതന്ത്ര്യമെന്നാൽ ദാരിദ്യ്രം, അജ്ഞത, രോഗം, ശിശുമരണം തുടങ്ങി ഒഴിവാക്കാവുന്ന എല്ലാ പാരതന്ത്ര്യങ്ങളിൽനിന്നും വ്യക്തികൾക്കും സമൂഹത്തിനുമുള്ള മോചനമാണ്. വാസ്തവത്തിൽ ദാരിദ്യ്രം എന്നാൽ, നിങ്ങൾക്ക് വിലപ്പെട്ട കാര്യങ്ങൾ ചെയ്യാനുള്ള അസ്വാതന്ത്ര്യമാണ്.
കുടിവെള്ളം, ശുചീകരണ സൗകര്യങ്ങൾ, ആരോഗ്യ സംവിധാനങ്ങൾ, സാമൂഹികസുരക്ഷ തുടങ്ങി പരശ്ശതം സൗകര്യങ്ങളുടെ അഭാവം മൂലം ഭൂരിപക്ഷം ഭൂവാസികളും അസ്വതന്ത്രരായി ജീവിക്കുന്നു. കേരളത്തിലെ ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ ഇത്യാദി സമൂഹങ്ങൾ തികച്ചും അസ്വതന്ത്രരാണ്.
കേരളത്തിലെ ഒരു ആദിവാസി കുടുംബം അടുത്തിടെ തുണിസഞ്ചിയിൽ തൂക്കി ഒരു പൂർണ ഗർഭിണിയെ അനേകം മൈൽ ചുമന്ന വാർത്ത സഞ്ചാരസ്വാതന്ത്ര്യം മാത്രമല്ല, ജീവിക്കാനുള്ള അവകാശവും നിഷേധിക്കപ്പെടുന്ന കഥയാണ് നമ്മോടു പറഞ്ഞത്. കേരളത്തിലെ മത്സ്യത്തൊഴിലാളികൾ കടലിനോടുമല്ലടിച്ചു പിടിച്ചെടുക്കുന്ന മത്സ്യം കഴിക്കുന്ന സഹജീവികൾക്ക് അവരുടെ പാരതന്ത്ര്യത്തിന്റെ ആഴം അളക്കാനാവില്ലെന്നു പറഞ്ഞാൽ പലരും നെറ്റിചുളിക്കും.
തങ്ങൾക്ക് വിലപ്പെട്ട ജീവിതം തിരഞ്ഞെടുക്കാനുള്ള പ്രാപ്തി ആർജിക്കലാണ് മാനവിക വികസനമെന്ന് സെൻ ആവർത്തിച്ചുപറയുന്ന പ്രമേയത്തിന്റെ പൊരുൾ ഞാൻ ഈ ഉദാഹരണങ്ങൾ പറഞ്ഞു അടിവരയിടുകയാണ്.
സമ്പന്ന അമേരിക്കയിലെ കറുത്തവർഗക്കാർ പാരതന്ത്ര്യപ്പടുകുഴിയിലാണ്. എന്നാൽ, അവരുടെ വെള്ളക്കാരായ സഹപൗരർക്ക് ജീവിതം നയിക്കാനുള്ള വൈവിധ്യമാർന്ന തിരഞ്ഞെടുപ്പുകൾ നടത്താനുള്ള പ്രാപ്തിയും സ്വാതന്ത്ര്യവുമുണ്ട്. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും മറ്റുള്ളവരിൽനിന്ന് തികച്ചും വ്യത്യസ്തമായി ജീവിതം നയിക്കേണ്ടിവരുന്നു ഇക്കൂട്ടർ. സാമ്പത്തിക ശാസ്ത്രജ്ഞരായ റോബർട്ട് ഫോഗലും സ്റ്റാൻലി എംഗർമാനും (Robort Fogel and Stanley
Engerman) ചേർന്നെഴുതിയ സമയം കുരിശിൽ (Time on the Cross) എന്ന പുസ്തകം അടിമ സമ്പ്രദായത്തിന്റെ സാമ്പത്തികഭദ്രതയെ ന്യായീകരിക്കുന്നു. അവർ വിദഗ്ധരുടെ പ്രശംസ നേടി. അങ്ങേയറ്റം കാര്യക്ഷമതയുള്ള വ്യവസ്ഥിതിയാണ് അടിമ സമ്പ്രദായം എന്ന് അവർ സ്ഥാപിക്കുന്നു. സുഭിക്ഷ ഭക്ഷണവും മറ്റു ജീവിതസൗകര്യങ്ങളും അവർക്ക് ലഭ്യമായി. അടിമകളുടെ ആയുർദൈർഘ്യം വളരെ വർധിച്ചു.
ഇതൊക്കെ പറയുന്നവർ പിന്നെ എന്തുകൊണ്ട് അവർ ഒളിച്ചോടി എന്നതിന് ഉത്തരം പറയുന്നില്ല. അടിമകളുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അമേരിക്കൻ ആഭ്യന്തര യുദ്ധത്തെ ‘‘ആധുനിക ലോകത്തിലെ മഹാസംഭവമായി’’ കാൾ മാർക്സ് വിശേഷിപ്പിച്ചതിന്റെ കാരണമെന്തെന്ന സെന്നിന്റെ ചോദ്യം ഇവിടെ തികച്ചും അന്വർഥമാണ്.
സാമ്പത്തിക വളർച്ച മാനവികതയുടെ വളർച്ചക്ക് സഹായകമല്ലെങ്കിൽ നമ്മുടെ പുരോഗതിയുടെ ലക്ഷ്യം എന്താണെന്ന് നാം ന്യായമായും ചോദിക്കേണ്ടിയിരിക്കുന്നു. ബി.സി എട്ടാം നൂറ്റാണ്ടിൽ എഴുതിയ ബൃഹദാരണ്യക ഉപനിഷത്തിൽ മൈത്രേയിയും ഭർത്താവായ ദാർശനികൻ യാജ്ഞവൽക്യനുമായുള്ള സംഭാഷണം ഉദ്ധരിച്ചുകൊണ്ട് സെൻ (അദ്ദേഹത്തിനു സംസ്കൃതത്തിൽ നല്ല അവഗാഹമുണ്ട്) വിശദീകരിക്കുന്നത് ശ്രദ്ധിക്കുക.
ഈ ലോകത്തിലെ സകല സമ്പത്തും നേടിയാൽ എനിക്ക് അനശ്വരത പ്രാപിക്കാനാകുമോ എന്ന ചോദ്യത്തിന് യാജ്ഞവൽക്യൻ ഇങ്ങനെ മറുപടി പറയുന്നു: ‘‘ഇല്ല ധനവാന്മാരുടെ അനുഭവമായിരിക്കും ഫലം. സമ്പത്തുകൊണ്ട് ഒരിക്കലും അനശ്വരത നേടാനാവില്ല’’. ‘
‘എനിക്ക് അനശ്വരത നേടിത്തരാത്തതിനെ ഞാനെന്തു ചെയ്യണം’’. നമ്മുടെ വരുമാനവും നേട്ടങ്ങളും സമ്പത്തും, നാം വിലപ്പെട്ടതെന്നു കരുതുന്ന ജീവിതം നയിക്കാനുള്ള പ്രാപ്തിയും തമ്മിലുള്ള ബന്ധം വളരെ പ്രധാനമാണ്. അർഥവത്തായ ഏതൊരു വികസനസങ്കല്പനവും ദേശീയ വരുമാനത്തിന്റെയും സ്വത്തു സ്വരൂപിക്കലിന്റെയും സങ്കുചിത പരിധിക്കപ്പുറമാണെന്നു സാരം.
ലിംഗസമത്വം ഈ സ്വാതന്ത്ര്യപ്രക്രിയയുടെ അവിഭാജ്യഘടകമാണ്. പ്രകൃതിനിയമം അനുസരിച്ച് പുരുഷന്മാരേക്കാൾ ശരാശരി ആയുർദൈർഘ്യം സ്ത്രീകൾക്കാണ്. എന്നാൽ, ഇന്ത്യയിലും ചൈനയിലും ഏഷ്യാ വൻകരയിൽതന്നെയും പുരുഷന്മാർ സ്ത്രീകളേക്കാൾ അധികമാണെന്നാണ് നിലവിലുള്ള കണക്കുകൾ മിക്കതും പറയുക.
2011 സെൻസസ് പ്രകാരം 943 സ്ത്രീകൾക്ക് 1000 പുരുഷന്മാർ എന്നതായിരുന്നു ഇന്ത്യൻ അനുപാതം. ഇത്തരം കണക്കുകളുടെ അടിസ്ഥാനത്തിൽ ‘അപ്രത്യക്ഷരായ സ്ത്രീകൾ’ എന്ന തലക്കെട്ടിൽ ഇന്ത്യയിൽ 230 ലക്ഷം സ്ത്രീകളും ചൈനയിൽ 290 ലക്ഷം സ്ത്രീകളും അപ്രത്യക്ഷരായി എന്ന വസ്തുത 1992ലെ ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ അവതരിപ്പിച്ച് സെൻ ലോകത്തെ അത്ഭുതപ്പെടുത്തി.
തീർച്ചയായും അസ്വാതന്ത്ര്യത്തിന്റെ ദുരന്താനുഭവം. എന്നാൽ, ഇന്ത്യയിൽ അഞ്ചാമത്തെ നാഷനൽ ഹെൽത്ത് ഫാമിലി സർവേ പ്രകാരം 2022ൽ 1022 സ്ത്രീകൾക്ക് 1000 പുരുഷന്മാർ എന്ന അനുപാതത്തിലെത്തി. ഇത് ചെറിയ നേട്ടമല്ല. 1121 സ്ത്രീകൾക്ക് 1000 പുരുഷന്മാർ എന്നാണ് കേരളത്തിലെ അനുപാതം.
ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഏറ്റവും ഉയർന്ന കണക്കാണിത്. 2011ൽ കേരളം മാത്രമാണ് സ്ത്രീപുരുഷ അനുപാതത്തിൽ മുന്നിൽ നിന്നിരുന്നതെങ്കിൽ ഇന്ന് മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന, പഞ്ചാബ് തുടങ്ങിയ ചില സംസ്ഥാനങ്ങൾ ഒഴിച്ചാൽ സ്ഥിതിഗതികളിൽ ഗണ്യമായ മാറ്റങ്ങൾ സംഭവിച്ചുവെന്നത് എടുത്തു പറയേണ്ട കാര്യമാണ്.
ലോകത്തിലെ രണ്ടാമത്തെ സാമ്പത്തികശക്തിയായ ചൈനയിൽ 2022ൽ 1080 പുരുഷന്മാർക്ക് 1000 സ്ത്രീകളാണുള്ളത്. ഇന്ത്യ ഇക്കാര്യത്തിൽ താരതമ്യേന മെച്ചപ്പെട്ടുവെന്ന് വ്യക്തം. തൊഴിലില്ലായ്മ അസ്വാതന്ത്ര്യത്തിന്റെ ഭീകരകഥ പറയുന്നു. യൂറോപ്പിൽ പലരാജ്യങ്ങളിലും ദക്ഷിണാഫ്രിക്ക, ബ്രസീൽ, തുർക്കി തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളിലും നിലനില്ക്കുന്ന വൻതോതിലുള്ള തൊഴിലില്ലായ്മ വരുമാനക്കുറവിന്റെ കഥ മാത്രമല്ല പറയുക.
തൊഴിലില്ലായ്മ വേതനങ്ങൾ കൊണ്ടോ സാമൂഹിക സുരക്ഷാ നടപടികൾകൊണ്ടോ നികത്താനാവാത്ത നിരവധി ഇല്ലായ്മകൾ തൊഴിലില്ലായ്മ എന്ന പ്രതിഭാസത്തിലുണ്ട്. സമൂഹത്തിന്റെ ഉല്പാദനപ്രക്രിയയിൽനിന്ന് ഒരുവിഭാഗം ഒഴിവാക്കപ്പെടുമ്പോൾ വരുമാനം മാത്രമല്ല അവരുടെ സ്വാശ്രയബോധം, ആത്മാഭിമാനം, മാനസികാരോഗ്യം എന്നിങ്ങനെ പലതുമാണ് നഷ്ടപ്പെടുക.
സ്വന്തമായി ഒരു തൊഴിൽ കണ്ടുപിടിക്കാൻ സാധിക്കാതെവരുന്ന സാമൂഹിക പശ്ചാത്തലവും പ്രാപ്തിയില്ലായ്മയും നിങ്ങളുടെ അസ്വാതന്ത്ര്യത്തിനു മൂർച്ച കൂട്ടുന്നു. സ്വാതന്ത്ര്യ വർധനയാണ് വികസനമെന്ന ആശയം നല്ല ജനാധിപത്യത്തിലും അതിന്റെ ശക്തമായ സ്ഥാപനങ്ങളിലും മാത്രമേ വേരോടുകയുള്ളൂ.
പൗരസ്വാതന്ത്ര്യം വളരെ വിലപ്പെട്ട മൂല്യവും മൗലികമായ അവകാശവുമാണ്. ഇത് ഉറപ്പുവരുത്താൻ ജനാധിപത്യത്തിനു മാത്രമേ കഴിയൂ. ഒരു ജനാധിപത്യത്തിലും ക്ഷാമമുണ്ടായിട്ടില്ലെന്ന് ക്ഷാമത്തെക്കുറിച്ച് ആഴത്തിൽ പഠിച്ചിട്ടുള്ള സെൻ സാക്ഷ്യപ്പെടുത്തുന്നു. ബ്രിട്ടീഷ് ഇന്ത്യയിൽ രൂക്ഷമായ ക്ഷാമം ഉണ്ടായെങ്കിലും സ്വതന്ത്ര ഇന്ത്യയിൽ അതുസംഭവിച്ചില്ല.
1958-61 കാലഘട്ടത്തിൽ ചൈനയിൽ മൂന്നുകോടിയിലധികം പേർ (ഏതാണ്ട് കേരളത്തിന്റെ ജനസംഖ്യ) ക്ഷാമം മൂലം മരിച്ചു. ഈ ഞെട്ടിപ്പിക്കുന്ന സത്യം പൗരസ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മൂല്യം നമ്മെ ഓർമിപ്പിക്കുന്നു. എന്നാൽ, ജനാധിപത്യവും രാഷ്ട്രീയ സ്വാതന്ത്ര്യവുമുണ്ടെന്ന് പറഞ്ഞിട്ടുമാത്രം കാര്യമില്ല.
അത് വലിയൊരു സാമൂഹിക അവസരമാണെന്ന് മനസ്സിലാക്കി പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ഫലപ്രദമായി പ്രവർത്തിക്കുന്ന പ്രതിപക്ഷം ഇവിടെ നിർണായകമാണ്. ജനങ്ങളുടെ മുൻഗണനകൾ, മൂല്യങ്ങൾ ഒക്കെത്തന്നെ രൂപപ്പെടുത്തുന്നതിൽ പൊതുചർച്ചകൾക്കും സ്വതന്ത്ര സംവാദങ്ങൾക്കുമുള്ള പങ്ക് വളരെ വലുതാണ്.
വളരെ വിശാലമായ ഒരു ചുവരിലാണ് സെൻ തന്റെ ആശയങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ലോകരാഷ്ട്രങ്ങൾ പുരോഗതിയുടെ സൂചകമായി കരുതുന്ന മാനുഷിക വികസന സൂചികയുടെ (Human development Index) നിർമിതിയിൽ സഹായിച്ചത് വലിയ സംഭാവനയായി ഞാൻ കരുതുന്നു.
വിദ്യാഭ്യാസവും ആരോഗ്യവും മനുഷ്യ പുരോഗതിയുടെ നിർണായക ഘടകമാക്കാനുള്ള വികസ്വര രാജ്യങ്ങളുടെ പരിശ്രമം ഫലം കണ്ടുവരുന്നുവെങ്കിൽ ആ നേട്ടത്തിന്റെ ഒരംശം അമർത്യ സെന്നിന് അവകാശപ്പെട്ടതാണെന്നുപറയാം.
മൂലധനമുണ്ടെങ്കിൽ വികസനമുണ്ടാകുമെന്ന വാദഗതിയിൽ ഊന്നിനില്ക്കുന്ന സാമ്പത്തിക പണ്ഡിതന്മാർക്ക് സെന്നിന്റെ വികസന സങ്കല്പം ശക്തമായ തിരിച്ചടി നല്കി. ആഗോള കമ്പോളവത്കരണമോ കേന്ദ്രീകൃത ആസൂത്രണമോ അതിൽതന്നെ പോംവഴികൾ അല്ലെന്നും അദ്ദേഹത്തിന്റെ അപഗ്രഥനങ്ങൾ വ്യക്തമാക്കുന്നു.
എന്നാൽ, ആഗോളവത്കരണത്തിലൂടെ ധനകാര്യ മൂലധനം ലോകമെങ്ങും ലാഭത്തിനുവേണ്ടി പാഞ്ഞുനടക്കുന്ന സ്വാതന്ത്ര്യം വരുത്തിക്കൂട്ടുന്ന നാശവും മൂല്യച്യുതിയും സെൻ കണ്ടതായി ഭാവിക്കുന്നില്ല. ആധുനിക സമ്പദ് വ്യവസ്ഥയുടെ വളർച്ച ഒരളവിൽ യുദ്ധത്തെയും യുദ്ധോപകരണ നിർമാണത്തെയും ആശ്രയിച്ചിരിക്കുന്നുവെന്ന സത്യം ശക്തമായി പറയുന്നില്ല.
ലോകത്തിൽ വളരുന്ന സാമ്പത്തിക അസമത്വങ്ങളുടെ ഒരു പ്രധാന കാരണം നാണ്യ മൂലധനത്തിന്റെ വ്യാപാരവും അവക്കുമേൽ സമ്പന്നവർഗങ്ങളുടെ നിർണായക നിയന്ത്രണവുമാണ്. മൂലധന സ്വാതന്ത്ര്യം മറ്റനേകം അസ്വാതന്ത്ര്യങ്ങൾക്ക് കാരണമാകുന്നു. അതേസമയം അദ്ദേഹം ദാരിദ്യ്രവും തൊഴിലില്ലായ്മയും ഉച്ചനീചത്വങ്ങളും അവസരസമത്വം ഇല്ലാതാക്കുന്നുവെന്ന് ശക്തമായി വാദിക്കുകയും ചെയ്യുന്നു.
വ്യക്തിസ്വാതന്ത്ര്യത്തിനും വ്യക്തിയുടെ പ്രാപ്തിവർധിപ്പിക്കലിനും പരമപ്രാധാന്യം നല്കുന്ന സെൻ, വ്യക്തിയും സമൂഹവും തമ്മിലെ ബന്ധത്തെക്കുറിച്ച് വേണ്ടത്ര വ്യക്തത പ്രകടമാക്കുന്നില്ല. സമൂഹമില്ലെങ്കിൽ വ്യക്തിക്ക് പ്രസക്തിയില്ല. സമൂഹത്തിന്റെ വിഭവങ്ങളുടെമേലും ഉല്പാദനങ്ങളുടെ മേലുമുള്ള ഉടമാവകാശവും മാനേജ്മെന്റും എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ ചർച്ചകൾ വളരെ മുന്നോട്ടുപോകുന്നില്ല.
കാൾ മാർക്സും കാൾ പൊളാനിയും അദ്ദേഹത്തിനു വിഷയമാകുന്നില്ല. അതിൽതന്നെ ഇതൊരു, വീഴ്ചയില്ലെങ്കിലും മർമ പ്രധാനമായ സാമൂഹിക ഉല്പന്നങ്ങളുടെ ഉടമസ്ഥാവകാശങ്ങളും മനുഷ്യപുരോഗതിയും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന കാതലായ വിഷയത്തിൽ മൗനം ദീക്ഷിക്കുന്നുവെന്ന് പറയാതിരിക്കാൻ തരമില്ല.
‘‘നിങ്ങൾക്ക് നഷ്ടപ്പെടാൻ വിലങ്ങുകൾ മാത്രം’’ എന്ന സ്വാതന്ത്ര്യതൃഷ്ണയിൽനിന്നു തുടങ്ങുന്ന മാർക്സിന്റെ അപഗ്രഥനവും, സ്വാതന്ത്ര്യമാണ് വികസനമെന്ന സെന്നിന്റെ സിദ്ധാന്തവും പരസ്പര പൂരകങ്ങളാണ്. ഭാവിവികസന വിചാരങ്ങൾ ഇവിടെനിന്ന് തുടങ്ങേണ്ടതാണെന്ന് തോന്നുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.