ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ ജനറൽ ഡയറിന് ക്ലീൻ ചിറ്റ് നൽകിയത് ടീസ്റ്റ സെറ്റൽവാദിന്റെ മുത്തശ്ശനോ? സത്യമറിയാം
text_fieldsഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുപ്രീംകോടതി ക്ലീൻ ചിറ്റ് നൽകിയത് കഴിഞ്ഞയാഴ്ചയാണ്. തൊട്ടുപിന്നാലെ ഗുജറാത്ത് പൊലീസിന്റെ തീവ്രവാദ വിരുദ്ധ വിഭാഗം ആക്ടിവിസ്റ്റും അഭിഭാഷകയുമായ ടീസ്റ്റ സെറ്റൽവാദിനെയും മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ ആർ.ബി ശ്രീകുമാറിനെയും ഇരുവരുടെയും വസതികളിൽനിന്നും അറസ്റ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രി അടക്കമുള്ളവർക്കെതിരെ 'തെറ്റായ ആരോപണങ്ങൾ' ഉന്നയിച്ചവർക്കെതിരെ നടപടി എടുക്കണം എന്ന സുപ്രീം കോടതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.
ടീസ്റ്റ സെറ്റൽവാദും ആർ. ബി ശ്രീകുമാറും അറസ്റ്റിലാകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ആഭ്യന്തരമന്ത്രി അമിത് ഷാ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ, സെറ്റൽവാദ് തന്റെ എൻ.ജി.ഒയെ ഉപയോഗിച്ച് ഭാരതീയ ജനതാ പാർട്ടിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു എന്ന് പ്രസ്താവിച്ചിരുന്നു. ഇരുവരുടെയും അറസ്റ്റ് ബി.ജെ.പിയും ഹിന്ദുത്വ സംഘടനകളും വലിയ രീതിയിൽ ആഘോഷിക്കുക മാത്രമല്ല, ഇരുവർക്കുമെതിരെ ഭീകരമായ ആരോപണങ്ങളും സമൂഹമാധ്യമങ്ങളിൽ ഉന്നയിച്ചിരുന്നു. അമിത് ഷായുടെ ആരോപണങ്ങൾ കൂട്ടുപിടിച്ച് ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ടത് ടീസ്റ്റയാണ്.
അവരുടെ ജുഹുവിലുള്ള വീടിന് നേർക്കുവരെ ഹിന്ദുത്വ തീവ്രവാദികൾ ആരോപണം ഉന്നയിച്ചു. ടീസ്റ്റക്കെതിരെ പുതിയ ആരോപണവുമായി ഇപ്പോൾ രംഗത്തുവന്നിരിക്കുകയാണ് ഹിന്ദുത്വ ശക്തികൾ. 1919ൽ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്ന ജാലിയൻവാലാബാഗ് സംഭവത്തിലെ അന്വേഷണ സമിതിയുടെ ഭാഗമായ ഹണ്ടർ കമ്മീഷനിൽ സെറ്റൽവാദിന്റെ മുതുമുത്തശ്ശൻ ചിമൻലാൽ ഹരിലാൽ സെറ്റൽവാദും ഒരു അംഗമായിരുന്നു. ഇദ്ദേഹം അംഗമായ കമീഷൻ ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് കാരണക്കാരനായ ജനറൽ ഡയറിനെ കുറ്റമുക്തനാക്കി എന്നാണ് ഹിന്ദുത്വ തീവ്രവാദികൾ പ്രചരിപ്പിക്കുന്നത്. ഈ പ്രചാരണത്തിന്റെ സത്യാവസ്ഥ അന്വേഷിച്ച് പുറത്തുകൊണ്ടുവന്നിരിക്കുകയാണ് ഫാക്ട് ചെക്കിങ് വെബ്സൈറ്റായ 'ആൾട്ട് ന്യൂസ്'.
സെറ്റൽവാദിന്റെ കുടുംബത്തിന് 'രാഷ്ട്രത്തെ ഒറ്റിക്കൊടുത്ത' ചരിത്രമുണ്ടെന്നും മുത്തശ്ശൻ ജനറൽ ഡയറിന് ക്ലീൻ ചിറ്റ് നൽകിയ ആളാണെന്നും ഹിന്ദുത്വ വാദികൾ ഫേസ്ബുക്കിലും മറ്റും വിവരങ്ങൾ പങ്കുവെച്ചു. വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ മുതിർന്ന ഉപദേഷ്ടാവ് കാഞ്ചൻ ഗുപ്തയാണ് ഈ അവകാശവാദം ട്വീറ്റ് ചെയ്തവരിൽ ഒരാൾ.
ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിലെ പത്രപ്രവർത്തകൻ നിശാന്ത് ആസാദ്, ബി.ജെ.പി അനുകൂല പോർട്ടലായ ഒപ് ഇന്ത്യ ഹിന്ദിയുടെ സീനിയർ സബ് എഡിറ്റർ അനുപം കെ. സിംഗ് തുടങ്ങി നിരവധി പേർ ഇതേ അവകാശവാദം ഉന്നയിച്ചു.
വസ്തുത
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ അനന്തരഫലങ്ങൾ നിരവധി രാഷ്ട്രീയ പ്രശ്നങ്ങൾക്ക് വഴിവെച്ചു. ജനറൽ ഡയറിന്റെ പ്രവർത്തനങ്ങൾ പരക്കെ വിമർശിക്കപ്പെട്ടു. എന്നാൽ അതേ സമയം, മൈക്കൽ ഒഡ്വയർ ഉൾപ്പെടെ നിരവധി ആളുകൾ ഡയറിനെ പിന്തുണച്ചു. 1991ൽ പ്രസിദ്ധീകരിച്ച ഡെറക് സയർ എഴുതിയ 'ബ്രിട്ടീഷ് റിയാക്ഷൻ ടു ദി അമൃത്സർ മസാക്ർ 1919 - 1920' എന്ന പുസ്തകത്തിൽ ഇത് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ ഇന്ത്യയുടെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന എഡ്വിൻ മൊണ്ടാഗുവിന്റെ മേൽ വർദ്ധിച്ച സമ്മർദ്ദമാണ് ഹണ്ടർ കമ്മീഷൻ രൂപീകരിക്കുന്നതിലേക്ക് നയിച്ചത്.
ബോംബെ, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിലെ അസ്വസ്ഥജനകമായ സംഭവങ്ങളെക്കുറിച്ചും അവ നേരിടാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും അന്വേഷിക്കാൻ എഡ്വിൻ മൊണ്ടാഗു ഒരു അന്വേഷണ സമിതി രൂപീകരിച്ചു. 1919 ഒക്ടോബർ 14ന്, ഇന്ത്യാ ഗവൺമെന്റ് ഡിസോർഡേഴ്സ് അന്വേഷണ സമിതിയുടെ രൂപീകരണം പ്രഖ്യാപിച്ചു. അത് പിന്നീട് അതിന്റെ ചെയർമാനായിരുന്ന വില്യം ഹണ്ടർ പ്രഭുവിന്റെ പേരിൽ ഹണ്ടർ കമ്മീഷൻ എന്നറിയപ്പെട്ടു.
ടീസ്റ്റ സെറ്റൽവാദിന്റെ മുത്തശ്ശൻ സർ ചിമൻലാൽ ഹരിലാൽ സെറ്റൽവാദ് ഹണ്ടർ കമ്മീഷന്റെ ഭാഗമായിരുന്നു. മുകളിൽ സൂചിപ്പിച്ച പട്ടികയിലെ ആറാമത്തെ വ്യക്തിയാണ് അദ്ദേഹം. 'ബ്രിട്ടീഷ് റിയാക്ഷൻ ടു ദി അമൃത്സർ മസാക്ർ 1919 - 1920' എന്ന പുസ്തകത്തിലും ഹണ്ടർ കമ്മീഷൻ റിപ്പോർട്ട് വംശീയതയുടെ അടിസ്ഥാനത്തിൽ രണ്ടായി വിഭജിക്കപ്പെട്ടതായി പരാമർശിക്കുന്നു. കമ്മിറ്റിയിലെ അഞ്ച് വെള്ളക്കാർ ചേർന്ന് ഒരു 'ഭൂരിപക്ഷ റിപ്പോർട്ട്' സമർപ്പിച്ചു. മൂന്ന് ഇന്ത്യൻ അംഗങ്ങൾ ഒരു 'ന്യൂനപക്ഷ റിപ്പോർട്ട്' സമർപ്പിച്ചു. സമിതിയിലെ ഇന്ത്യൻ അംഗങ്ങളിൽ ഒരാളായിരുന്നു സർ ചിമൻലാല ഹരിലാൽ സെറ്റൽവാദ്.
'ആൾട്ട് ന്യൂസ്' വിഷയത്തിൽ വിശദ പഠനം നടത്തി. ഹണ്ടർ കമ്മിറ്റിയിൽ അഞ്ച് വെള്ളക്കാരും മൂന്ന് ഇന്ത്യക്കാരും ഉണ്ടായിരുന്നു. അംഗങ്ങൾ സമർപ്പിച്ച രണ്ട് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു - ഭൂരിപക്ഷ റിപ്പോർട്ടും ന്യൂനപക്ഷ റിപ്പോർട്ടും. ഭൂരിപക്ഷ റിപ്പോർട്ട് ജനറൽ ഡയറിന് അനുകൂലമായിരുന്നു. ന്യൂനപക്ഷ റിപ്പോർട്ട് ജനറൽ ഡയറെയും അന്നത്തെ പഞ്ചാബ് ഗവർണറായിരുന്ന മൈക്കൽ ഒഡ്വയറെയും കുറ്റവിമുക്തനാക്കിയതിനെതിരെ വിയോജിപ്പുള്ള കുറിപ്പുകൾ നൽകി. രണ്ട് റിപ്പോർട്ടുകളും ഇപ്പോഴും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.