പരസ്യവിചാരണക്കില്ല, വിവാദം താങ്ങാനുള്ള ശേഷി കോൺഗ്രസിനില്ല
text_fieldsകെ. കരുണാകരനെന്ന പിതാവിനെക്കുറിച്ച് ഒേട്ടറെ ഒാർമകളുണ്ടെങ്കിലും അദ്ദേഹത്തിെൻറ രാഷ്ട്രീയജീവിതത്തിലെ രണ്ടു പ്രധാനസംഭവങ്ങൾ മറക്കാൻ കഴിയില്ല. തട്ടിൽ എസ്റ്റേറ്റ് കൊലക്കേസിലും രാജൻ കേസിലും പ്രതിയാക്കപ്പെട്ട രണ്ടു സംഭവങ്ങൾ. തട്ടിൽ കേസിൽ പ്രതിയാക്കാനുള്ള പ്രധാന കാരണം, അവിടെ ശക്തമായ തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുത്തതിെൻറ ശത്രുതയാണ്. അക്കാലത്ത് മുതലാളിമാരുടെ ഗുണ്ടായിസമായിരുന്നു. തൊഴിലാളികളെ ഭീഷണിപ്പെടുത്തി അടക്കിവാഴുന്ന കാലത്താണ് െഎ.എൻ.ടി.യു.സി നേതൃത്വത്തിൽ തട്ടിൽ എസ്റ്റേറ്റിൽ യൂനിയൻ രൂപവത്കരിക്കുന്നത്. അങ്ങെനയിരിക്കെ എസ്റ്റേറ്റ് സൂപ്രണ്ട് കൊല്ലപ്പെട്ടു. പ്രതികൾ െഎ.എൻ.ടി.യു.സി അംഗങ്ങളായ തൊഴിലാളികൾ ആയിരുന്നെങ്കിലും ആ സംഭവത്തിന് യൂനിയനുമായി ബന്ധമുണ്ടായിരുന്നില്ല. തികച്ചും വ്യക്തിപരമായ കാരണങ്ങളായിരുന്നുവെന്ന് കേസിൽ ഒന്നാം പ്രതിയായിരുന്ന തൂക്കിക്കൊല്ലപ്പെട്ട ആലി പറഞ്ഞിരുന്നു. സൂപ്രണ്ടിെൻറ വഴിവിട്ട പ്രവർത്തനങ്ങളൊക്കെയായിരുന്നു കാരണം. എന്നാൽ, കെ. കരുണാകരെൻറ ശത്രുക്കൾ അതൊരു ആയുധമാക്കി. കരുണാകരനെ തളക്കാനുള്ള ആയുധമാക്കി മാനേജ്മെൻറും ഉപയോഗിച്ചു. ഇതുപയോഗിച്ച് കെ. കരുണാകരനെ അപമാനിക്കാനാണ് ശ്രമിച്ചത്. കേസിൽ പ്രതിയാക്കാനുള്ള അവരുടെ സ്വാധീനം വിജയിച്ചു. എന്നാൽ, കരുണാകരനെ അറസ്റ്റ് ചെയ്ത് തൃശുർ റൗണ്ടിലൂടെ വിലങ്ങുവെച്ചു കൊണ്ടുപോകാനുള്ള ശ്രമം വിജയിച്ചില്ല. ഇക്കാര്യമറിഞ്ഞ കുറൂർ നീലകണ്ഠൻ നമ്പൂതിരിയും കെ.കെ. ബാലകൃഷ്ണനും ചേർന്ന് അദ്ദേഹത്തെ ഒളിവിൽ പോകാൻ നിർബന്ധിച്ചു. ഒരു ദിവസം സ്കൂൾവിട്ടു വന്നപ്പോൾ അച്ഛനെ കണ്ടില്ല. അമ്മയോട് ചോദിച്ചപ്പോൾ കെട്ടിപ്പിടിച്ച് കരച്ചിലായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള പ്രായമായിരുന്നില്ല. ഒരു മാസം കഴിഞ്ഞാണ് അച്ഛൻ എത്തിയത്. മദിരാശിയിൽ ഒളിവിൽ കഴിഞ്ഞുവെന്നാണ് പിന്നീട് മനസ്സിലാക്കിയത്. ഒരു മാസം കഴിഞ്ഞാണ് ജാമ്യം ലഭിക്കുന്നത്.
അന്ന് തൊഴിലാളികൾക്കിടയിലൂടെ കോടതിയിലേക്ക് എത്തുേമ്പാൾ പൊലീസ് കാണുകയും അറസ്റ്റ് ചെയ്യാൻ ശ്രമം നടക്കുകയും ചെയ്തു. ആരോ തള്ളിവിട്ടതിനാൽ മജിസ്ട്രേറ്റിെൻറ മുന്നിലാണ് ചെന്നുവീണത്. തൊഴിലാളികളും ഒപ്പമുണ്ടായിരുന്നവരും അങ്ങനെ തള്ളിവിടുമെന്ന് കരുതുന്നില്ല. ഏതോ അജ്ഞാത ശക്തിയാണ് രക്ഷക്കെത്തിയത്. അന്നു മുതൽ അദ്ദേഹം ഗുരുവായൂരപ്പെൻറ ഭക്തനായി മാറുകയായിരുന്നു. ജാമ്യം കിട്ടുകയും ചെയ്തു. കോടതി ആവശ്യത്തിനല്ലാതെ തൃശൂർ താലൂക്കിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയായിരുന്നു ജാമ്യം. അക്കാലത്ത് ആമ്പല്ലൂരിലെ ചെറിയ ലോഡ്ജിലായിരുന്നു താമസം. ഞായറാഴ്ചകളിൽ ഞങ്ങൾ മക്കളും അമ്മയും ചേർന്ന് ആമ്പല്ലൂർക്ക് പോകും. അച്ഛെൻറ സന്തത സഹചാരിയായിരുന്ന ബാലനായിരുന്നു ഞങ്ങളെ കൊണ്ടുപോയിരുന്നത്. ഒന്നുകിൽ ബസിൽ അല്ലെങ്കിൽ റിക്ഷയിൽ. അന്ന് സൈക്കിൾ റിക്ഷ തൃശൂരിൽ എത്തിയിട്ടില്ല. പിന്നീട് കോടതി കുറ്റവിമുക്തനാക്കി. യഥാർഥ പ്രതിയെ ശിക്ഷിച്ചു. കേസ് അനാവശ്യമായിരുന്നുവെന്ന നിരീക്ഷണമാണ് സെഷൻസ് കോടതിയിൽ നിന്നുണ്ടായത്. ജീവിതത്തിൽ േനരിട്ട വലിയ പ്രതിസന്ധിയായിരുന്നു അത്. കോൺഗ്രസിലെ പലർക്കും അതിൽ പങ്കുണ്ടായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി അത്രക്ക് എതിർത്തിരുന്നില്ല.
രാജൻ കേസ്
രാജൻ കേസും സമാനമാണ്. 1977 മാർച്ചിൽ കെ. കരുണാകരനും സി.എച്ച്്. മുഹമ്മദ് കോയയും മാത്രം അംഗങ്ങളായ മന്ത്രിസഭയാണ് അധികാരമേറ്റത്. ബജറ്റ് പാസാക്കിയിരുന്നില്ല. അതിനാൽ, ധനകാര്യം സി.എച്ചിനായിരുന്നു. ബജറ്റ് അവതരണത്തിനായി നിയമസഭ ചേർന്നു. ഇതിനൊപ്പം മന്ത്രിസഭ വികസന ചർച്ചകളും നടന്നു. ഇതിനിടെയിലാണ് ഇൗച്ചര വാര്യർ മകനെ കാണാനില്ലെന്ന ഹേബിയസ് കോർപസ് ഹരജി നൽകുന്നത്. അതിൽ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, െഎ ജി തുടങ്ങിയവരായിരുന്നു എതിർകക്ഷികൾ. അച്ഛൻ കക്ഷിയായിരുന്നില്ല. പിന്നീട് ഇതു സംബന്ധിച്ച് ജനതപാർട്ടിയിലെ പി.കെ. ശങ്കരൻകുട്ടി നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. രാജൻ എന്നൊരു വിദ്യാർഥി പൊലീസ് കസ്റ്റഡിയിൽ ഇല്ലെന്നാണ് പൊലീസ് റിപ്പോർെട്ടന്ന് മുഖ്യമന്ത്രി മറുപടി നൽകി. നിയമസഭയിൽ തെറ്റായ വിവരമാണ് നൽകിയതെന്നു പറഞ്ഞ് ഇതിനു ശേഷമാണ് പിറ്റേന്ന് കെ. കരുണാകരനെ കേസിൽ കക്ഷിയാക്കിയത്.
മന്ത്രിസഭ വികസനം പൂർത്തിയാക്കി രണ്ടാം ദിവസമാണ് ഹൈകോടതിയുടെ ഉത്തരവ് വന്നത്. മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് വിശ്വസിക്കാൻ കഴിയില്ലെന്നും രാജനെ ഹാജരാക്കണമെന്നുമായിരുന്നു ഉത്തരവ്. ഇല്ലെങ്കിൽ എന്തുകൊണ്ട് ഹാജരാക്കാൻ കഴിയില്ലെന്ന് വിശദീകരിക്കണമെന്നും പറഞ്ഞു. രാജനെ ആരോ ഒളിവിൽ പാർപ്പിച്ച് രാഷ്ട്രീയം കളിക്കുന്നുവെന്ന തോന്നലാണ് അച്ഛനുണ്ടായിരുന്നത്. ഹൈകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ‘വീക്ഷണം’ ദിനപത്രം മുഖപ്രസംഗം എഴുതി. താൻ രാജിവെച്ചാൽ, രാജൻ തിരിച്ചുവരുമെന്ന് അച്ഛൻ വിശ്വസിച്ചു. ഇക്കാര്യം കുടുംബാംഗങ്ങളുമായി ആലോചിച്ചു. അങ്ങനെയാണ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചത്. കെ.പി.സി.സി പ്രസിഡൻറായിരുന്ന എ.കെ. ആൻറണി മുഖ്യമന്ത്രിയായി. രാജൻ കേസിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കരുതെന്ന അഭിപ്രായമായിരുന്നു മുസ്ലിംലീഗിനും ആർ.എസ്.പിക്കും. കോടതിയിൽ കുറ്റപത്രമില്ല, വിധിയുമില്ല. പിന്നെ എന്തിനാണ് രാജിയെന്ന നിലപാടായിരുന്നു സി.എച്ചിനും ബേബി ജോണിനും. എന്നാൽ, സി.പി.െഎക്ക് മറിച്ചായിരുന്നു അഭിപ്രായം.
തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈകോടതിയുടേത് പരാമർശം മാത്രമാണെന്നും ഹേബിയസ് കോർപസ് തീർപ്പാക്കിയശേഷം വേണമെങ്കിൽ വീണ്ടും ഹരജി നൽകാമെന്നും സുപ്രീംകോടതി പറഞ്ഞു. അതിനുശേഷം കെ. കരുണാകരൻ ഹൈകോടതിയിൽ സത്യവാങ്മൂലം നൽകി. മുഖ്യമന്ത്രിയെന്ന നിലയിൽ പൊലീസിൽനിന്നു ലഭിച്ച വിവരമാണ് നിയമസഭയിൽ പറഞ്ഞതെന്നും ഹൈകോടതിയെ അറിയിച്ചു. ഹൈകോടതി കേസ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് വിട്ടു. ഇതേ തുടർന്ന് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. ഹൈകോടതിയുടെ പരാമർശം പരിഗണിക്കാതെ വിചാരണ തുടരാനാണ് സുപ്രീംകോടതി നിർദേശിച്ചത്. കുറ്റവിമുക്തനാക്കിയാൽ മുഖ്യമന്ത്രിസ്ഥാനം കെ. കരുണാകരന് തിരിച്ചുനൽകുമെന്ന് എ.കെ. ആൻറണി പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതു വേണ്ടിവന്നില്ല. കാരണം, വിചാരണ തുടരാനായിരുന്നു ഉത്തരവ്. പിന്നീടാണ് സി.ജെ.എം കോടതി കെ. കരുണാകരനെ കുറ്റവിമുക്തനാക്കിയത്.
രാജൻ കേസിെൻറ വിചാരണ നടക്കുന്ന കാലത്താണ് സഹോദരി പത്മജയുടെ വിവാഹം. നേരത്തേ നിശ്ചയിച്ച വിവാഹമായിരുന്നുവെങ്കിലും രാജൻ കേസ് ആശങ്ക സൃഷ്ടിച്ചിരുന്നു. രാഷ്ട്രീയ സാഹചര്യം തടസ്സമാകില്ലെന്ന് വരെൻറ വീട്ടുകാർ പറഞ്ഞിരുന്നുവെങ്കിലും അച്ഛന് ഭീതിയുണ്ടായിരുന്നു. കേസ് എന്താകുമെന്നതായിരുന്നു ഭയത്തിന് കാരണം. എന്തായാലും കുറ്റവിമുക്തമനാക്കപ്പെട്ടതോടെ പാർട്ടി പ്രവർത്തകർ വിവാഹം ഏറ്റെടുത്തു. ചാരക്കേസ് കൊണ്ടുവന്നവർക്കുപോലും അറിയാമായിരുന്നു കെ. കരുണാകരൻ രാജ്യത്തെ ഒറ്റുകൊടുക്കില്ലെന്ന്. സ്ഥാനം നഷ്ടപ്പെട്ടതൊഴിച്ചാൽ കോടതിക്ക് മുന്നിൽ നിൽക്കേണ്ടി വന്നില്ല.
അപകടം
ആയുസ്സു കുറക്കാൻ കാരണമായത് അപകടമായിരുന്നു. അന്ന് അപകടം സംഭവിച്ചില്ലായിരുന്നുവെങ്കിൽ ജന്മശതാബ്ദിക്ക് നമുക്കൊപ്പം അദ്ദേഹം ഉണ്ടാകുമായിരുന്നു. കെ. കരുണാകരൻ അല്ലായിരുന്നെങ്കിൽ അപകടത്തെ തരണം ചെയ്യുമായിരുന്നില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്. മിത ഭക്ഷണം, മരുന്നുകൾ കഴിക്കാത്ത ശീലം, മറ്റ് അസുഖങ്ങൾ ഒന്നുമില്ല. ചിട്ടയായ ജീവിതം, ആരോഗ്യമുള്ള ശരീരം. ഇതൊക്കെയാണ് തിരിച്ചുവരവിന് കാരണമായത്. എന്നാൽ, അപകടശേഷം അദ്ദേഹം ജനങ്ങൾക്കിടയിൽ നിന്നകന്നു. ഇൻഫക്ഷൻ ഉണ്ടാകുമോയെന്ന ഭീതിയിൽ അദ്ദേഹത്തെ ജനക്കൂട്ടത്തിൽ നിന്നു മാറ്റിനിർത്തി. ജനങ്ങളുടെ വികാരം നേരിട്ട് മനസ്സിലാക്കാൻ കഴിയാതെ പോയി. അതാണ് പിന്നീട് ഗ്രാഫ് താേഴക്കു പോകാൻ കാരണം.
വർഗീയതക്ക് എതിരെ എന്നും ശക്തമായ നിലപാടാണ് അച്ഛൻ എടുത്തിരുന്നത്. കെ. കരുണാകരൻ ജീവിച്ചിരുന്നെങ്കിൽ വർഗീയ വിപത്ത് ഉണ്ടാകുമായിരുന്നില്ലെന്ന് എ.കെ. ആൻറണി പറഞ്ഞതാണ് അദ്ദേഹത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരം. ഇന്ദിരഗാന്ധിക്കും കെ. കരുണാകരനും ഒരു കാര്യത്തിൽ സമാനതയുണ്ടായിരുന്നു. എടുക്കുന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയെന്നതായിരുന്നു പ്രധാനം. അടിയന്തരാവസ്ഥയെ ഒരിക്കലും അദ്ദേഹം തള്ളിപ്പറഞ്ഞിട്ടില്ല. നല്ല രീതിയിൽ ഉപയോഗിച്ചിരുന്നെങ്കിൽ തിരിച്ചടിയുണ്ടാകുമായിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കേരളം ഉദാഹരണമായി ചൂണ്ടിക്കാട്ടി. എന്നാൽ, വിമോചന സമരം വേണ്ടിയിരുന്നില്ലെന്ന അഭിപ്രായമായിരുന്നു. ഭരിക്കുന്ന സർക്കാറിനെ സമരമാർഗത്തിലൂടെ പുറത്താക്കുന്നത് ശരിയല്ലെന്ന നിലപാടായിരുന്നു.
സി.പി.െഎയും ആർ.എസ്.പിയും
സി.പി.െഎക്കും ആർ.എസ്.പിക്കും കോൺഗ്രസുമായി നേരിട്ട് ബന്ധമുണ്ടായിരുന്നില്ല. അഖിലേന്ത്യ രാഷ്ട്രീയ നിലപാടായിരുന്നു കാരണം. കെ. കരുണാകരനാണ് 1969ൽ ഇൗ കക്ഷികളെ കോൺഗ്രസുമായി അടുപ്പിക്കുന്നത്. എന്നാൽ, സി.പി.െഎയിലെ ചിലരുമായി െക. കരുണാകരന് പിന്നീട് നല്ല ബന്ധമായിരുന്നില്ല, പ്രത്യേകിച്ച് വെളിയം ഭാർഗവൻ ഏകോപന സമിതിയിൽ എത്തിയശേഷം. ഇതു പിന്നീട് ഡി.െഎ.സിയെ ഇടതുമുന്നണിയിൽ ഘടകകക്ഷിയാക്കുന്നതിനെ എതിർക്കുന്നയിടത്തേക്ക് എത്തി. വീണ്ടും യു.ഡി.എഫിലേക്ക് വന്നപ്പോൾ ഡി.െഎ.സിയുടെ നിലപാട് ചോദ്യം ചെയ്യപ്പെട്ടു. അടിത്തറ തകർന്നു. എന്തിനായിരുന്നു ഒമ്പത് എം.എൽ.എമാർ രാജിവെച്ചതെന്ന ചോദ്യം ഉയർന്നു. പരസ്പരം പോരടിച്ചവർ ഒന്നായപ്പോൾ ധാർമികത ചോദ്യം ചെയ്യപ്പെട്ടു.
എന്നും ശത്രുക്കൾ സ്വന്തം പാളയത്തിൽ
കെ. കരുണാകരന് എന്നും ശത്രുക്കൾ സ്വന്തം പാളയത്തിൽനിന്നു തന്നെയായിരുന്നു. രാജൻ കേസിൽ രാജി ആവശ്യപ്പെട്ടത് പാർട്ടി പത്രമാണ്. തട്ടിൽ കേസിലും പാർട്ടിക്കാരുടെ പങ്കുണ്ട്. സ്വന്തം പാർട്ടിക്കാർ വടി കൊടുക്കുേമ്പാൾ അത് എതിർപാർട്ടിക്കാർ ഉപയോഗിച്ചുവെന്നു മാത്രം. കോൺഗ്രസിനകത്തുനിന്നു കെ. കരുണാകരൻ നേരിട്ട ഒറ്റപ്പെടുത്തലും അപമാനിക്കാനുള്ള ശ്രമവും കുടുംബത്തിെൻറ സ്വകാര്യദുഃഖമായി കാണുകയാണ്. ഒരു പരസ്യ വിചാരണക്കില്ല. വിവാദം താങ്ങാനുള്ള ശേഷി കോൺഗ്രസിനില്ല. ഇപ്പോൾ മൂന്നാമതൊരു ശക്തികൂടിയുണ്ട്. ഒരു വിവാദമുണ്ടാക്കിയാൽ അതിെൻറ ക്ഷീണം കോൺഗ്രസിനായിരിക്കും. അതിനാൽ, പോസ്റ്റ്മോർട്ടത്തിനില്ല.
തയാറാക്കിയത്: എം.ജെ. ബാബു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.