ദഹനശിഷ്ടവും ദഹിക്കാത്ത കോൺഫിഡൻഷ്യൽ കത്തും
text_fieldsമലയാളികളെ സംബന്ധിച്ചിടത്തോളം, തിരുവാതിരയും ഞാറ്റുവേലയുമൊക്കെ ശോഷിച്ചുവെങ്കിലും കർക്കടകം ബലവാനാവുകയാണെന്ന് ഒരു ജ്യോതിഷ ലൈനിൽ പറയാം. പണ്ട് പഞ്ഞമാസം എന്നാണ്അറിയപ്പെട്ടിരുന്നതെങ്കിലും പിന്നീട് സംഘ്പരിവാർ ആഞ്ഞുപിടിച്ചതോടെ, അത് രാമായണ മാസമായി എന്നാണ് ബി.ജെ.പിക്കാരുടെ 'രാജേട്ടൻ' ആത്മകഥയായ 'ജീവിതാമൃത'ത്തിൽ പറയുന്നത്. എന്നാൽ, ഇപ്പോൾ നമ്മുടെ രാഷ്ട്രീയനേതാക്കളെല്ലാം കൂടി ഇതിനെ ഒരു മാപ്പ് മാസമാക്കി മാറ്റിയിരിക്കുകയാണ്.
ആയുർവേദ വിധിപ്രകാരം ദഹനപ്രക്രിയ കുറവുള്ള മാസവുമാണിത്. ദഹനം കുറയുന്നതോടെ, ശാരീരികപ്രശ്നങ്ങൾ മാത്രമല്ല, ചിലർക്കത് മാനസിക പ്രശ്നങ്ങളും സൃഷ്ടിക്കാം. അനന്തരഫലമായി ചിലർ കിടപ്പിലാകും. മറ്റു ചിലരാവട്ടെ, രോഗം മൂർച്ഛിച്ച് പിച്ചും പേയും പറയും. എന്ത് സംഭവിക്കുമെന്ന് പറയാൻ പറ്റാത്തത്ര വള്ളിക്കെട്ടാണ് ഉണ്ടാവുകയെന്ന് ചുരുക്കം. ജ്യോതിഷശാസ്ത്രത്തിൽ 'കർക്കടകക്കൂറി'ന് കൊടുത്തിരിക്കുന്ന അടയാളചിത്രം ഞണ്ടാണ്. അതുകൊണ്ടുതന്നെ മാസഫലം ഏങ്ങനെയായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കയറിപ്പോകുമ്പോൾ വലിച്ച് താഴെയിടുന്നതാണല്ലോ ഞണ്ടിന്‍റെ ലൈൻ.
കേരളരാഷ്ട്രീയം ഒന്ന് നോക്കിയാൽതന്നെ കർക്കടക വിക്രിയകൾ വ്യക്തമാവും. ഈമാസം നമ്മുടെ നേതാക്കൾ പറഞ്ഞതൊക്കെ അവർക്കല്ലാതെ മറ്റാർക്കും ദഹിച്ചിട്ടില്ല. കാലാവസ്ഥാവ്യതിയാനത്താൽ കർക്കടകം കയറും മുമ്പേതന്നെ ഇത്തരം അസ്കിതകൾ തുടങ്ങിയിരുന്നു. ഒടുവിൽ, ഇതിന് പ്രതിവിധിയായി 'മാപ്പ്','പിൻവലിക്കൽ' തുടങ്ങിയ കായം ടാബ്‍ലറ്റുകളും ജലൂസിലുമൊക്കെ ഉപയോഗിക്കേണ്ട ഗതികേടിലാണ് നേതാക്കൾ.
മന്ത്രിയായിരുന്ന സജി ചെറിയാന് ദഹിക്കാതെപോയത് ഭരണഘടനയായിരുന്നു. പാർട്ടിയും സർക്കാറും ഭരണഘടനാസാക്ഷരതയുമായി ഇറങ്ങിയതൊന്നും അദ്ദേഹത്തിനത്ര ദഹിച്ചില്ല. ആ ദഹനശിഷ്ടം പ്രസംഗരൂപത്തിൽ പുറത്തുചാടി. അതോടെ പണിയും പോയി, കേസുമായി. അങ്ങനെ സജിയുടെ ഹെൽമറ്റില്ലാ യാത്രയൊക്കെ കണ്ടുകൊണ്ടിരുന്ന കേരളത്തിന് മുന്നിലേക്ക് അടുത്തതായി എത്തിയത് മണിയാശാനാണ്. വായിൽ വരുന്നതാണ് മണിമുഴക്കം. കപ്പയും കാന്താരിയുംപോലെ തനി നാടൻ പ്രയോഗം. പഞ്ഞമാസം പഴങ്കഥയായപോലെ നാട്ടിലെ രാഷ്ട്രീയശരികളിലും 'വൺ, ടു, ത്രീ' ലൈനിലുമൊക്കെ മാറ്റം വന്നു.
പക്ഷേ, കമ്യൂണിസ്റ്റുകാരനായിട്ടും മണിക്ക് വന്നത് കാലക്കേട്. അദ്ദേഹം 'വിധി' വിശ്വാസിയായി. എന്നാൽ, അത് ആർക്കുമങ്ങോട്ട് ദഹിച്ചില്ല. അതോടെ മാപ്പുപറയാനായി മണിയെന്ന കമ്യൂണിസ്റ്റിന്‍റെ 'വിധി'. ആദ്യമൊക്കെ കാരണഭൂതൻവരെ ന്യായീകരണൗഷധം ചൂണ്ടിക്കാട്ടിയെങ്കിലും അവസാനം സ്പീക്കർ മാപ്പുരസായനം തന്നെ കഴിപ്പിച്ചു.ഇതേസമയം തന്നെ കെ.പി.സി.സി പ്രസിഡന്റിനും നാക്കുളുക്കി. അദ്ദേഹവും അനുയായികളും മണിയധിക്ഷേപം ഒട്ടും കുറച്ചില്ല. കാര്യം കൈവിട്ടുപോയതോടെ കെ.എസും മാപ്പുകുടിച്ച് തടി രക്ഷിച്ചു.
കര്‍ക്കടക ചികിത്സപോലെ എം.എൽ.എമാരുടെ നാവിന് സ്പീക്കർ തന്നെ മരുന്നുകൊടുത്താൽ പല വേദനജനകമായ റൂളിങ്ങുകളിൽനിന്നും രക്ഷപ്പെടാം. നാവ് നന്നായാൽ നാട് നന്നാകുമെന്നാണല്ലോ പ്രമാണം. ഇനിവരാനുള്ള വലിയ മാപ്പ് കെ-റെയിലിന്‍റേതാണ്. അതിന്‍റെ 'ട്രെയിലർ' കർക്കടകം പത്തിന് ക്യാപ്റ്റനിൽ നിന്നുതന്നെ വന്നിട്ടുമുണ്ട്.
കാലംതെറ്റിവന്ന മറ്റൊരു വാവിട്ട വാക്കായിരുന്നു സ്വപ്നയുടേത്. മുൻ മന്ത്രി കെ.ടി. ജലീലായിരുന്നു സ്വപ്നനാവിൽ കുരുങ്ങിയത്. ജനാധിപത്യത്തിന്‍റെയും മാധ്യമസ്വാതന്ത്ര്യത്തിന്‍റെയും അപ്പോസ്തലനാണ് അദ്ദേഹം. സി.പി.എമ്മിനൊപ്പം ചേർന്നതോടെ വ്യവസ്ഥാവിരുദ്ധനായി മാറിയ 'അബ്ദുൽ ജലീലിന്' നിലവിലെ വ്യവസ്ഥകളൊക്കെ തച്ചുടക്കണം. ആ കൈത്തരിപ്പിനാവട്ടെ ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടുമില്ല. ഉടച്ചേ തീരൂ.
കത്തിയെടുത്താൽ ചോര കണ്ടേ ഗൂർഖ താഴെയിടൂ എന്നനിലയിലായി സാഹിബ്. കോവിഡ് കാലത്ത് മരിച്ച പ്രവാസിമലയാളികളെ കുറിച്ച് 'മാധ്യമ'ത്തിൽ വാർത്ത വന്നതോടെ കത്തിയൂരി നിരോധിപ്പിച്ചേ അടങ്ങൂ എന്നും പറഞ്ഞ് രംഗത്തെത്തി. പിന്നെ കത്തോട് കത്ത്. കൈത്തരിപ്പ് തീരും വരെ കത്തെഴുതി. ഒളിവിലെ കമ്യൂണിസ്റ്റുകളുടെ രഹസ്യഭാഷയും കോഡുമൊക്കെ ഒഴിവാക്കിയെങ്കിലും മൂക്കിൽ പിടിക്കാൻ മൂന്ന് വലത് എന്ന പ്രമാണത്തിൽ വിട്ടുവീഴ്ച കാണിച്ചില്ല.
'കോമ്രേഡ്' എന്ന് വിളിച്ചാൽ കഴുത്തിന് പിടിക്കുമോ എന്ന് ഭയന്നിട്ടാണോ എന്നറിയില്ല 'സഹോദരാ' എന്നായി അഭിസംബോധന. വളരെ അടുപ്പമുള്ള ആളായിരിക്കുമല്ലോ, അല്ലെങ്കിൽ 'ഡിയർ ബ്രദർ' പ്രയോഗം വരില്ലല്ലോ. ഇനി 'ഗഫൂർ കാ ദോസ്ത് എന്ന് പറഞ്ഞാൽ മതി, ബാക്കിയൊക്കെ ഓക്കെ' എന്ന മാമുക്കോയയുടെ ഡയലോഗ് പോലെ ജലീലിനെ ആരെങ്കിലും പറഞ്ഞുപറ്റിച്ചതാണോ എന്നുമറിയില്ല.
അച്ഛൻ മകൾക്കയച്ച കത്തുകൾക്ക് ശേഷം ചരിത്രം സൃഷ്ടിച്ചത് കോൺസൽ ജനറലിന് ജലീൽ അയച്ച ഈ കത്ത് പാട്ടാണ്. ഒറിജിനലോ കോപ്പിയോ ഒക്കെ കൈവശമുള്ളവർ സൂക്ഷിച്ചുവെച്ചാൽ ഭാവിയിൽ നല്ലവില കിട്ടിയേക്കും. ആദ്യം പാർട്ടി സെക്രട്ടറിക്കും പിന്നെ മുഖ്യമന്ത്രിക്കും കത്ത് ദഹിക്കാതായതോടെ കോളജ് കൂട്ടുകാരിക്ക് പ്രേമക്കത്ത് കൊടുത്ത കുമാരന്‍റെ അവസ്ഥയിലായി ജലീൽ.
കൊടുത്ത 'മോസ്റ്റ് കോൺഫിഡൻഷ്യൽ' കത്ത് കുമാരി വലിയവായിൽ വിളിച്ചുകൂവിയതും പോരാഞ്ഞ് അവളുടെ ആങ്ങളയുടെയും അച്ഛന്‍റെയും തൊഴിയും കിട്ടിയപോലെയായി കാര്യങ്ങൾ. ഇങ്ങനെ അധികാരം ദഹിക്കാതെ കിടന്ന് മനംപിരട്ടലുണ്ടാക്കുമ്പോൾ നേതാക്കൾക്ക് നാവും ചിലപ്പോൾ കൈയും തരിക്കും. ഈ തരിപ്പ് മറ്റുള്ളവരുടെ തലയിൽ കയറാനുള്ള ലൈസൻസുമാവുന്നുണ്ട് അവർക്ക്. അതൊഴിവാക്കാൻ ഒരു പരിഹാരചികിത്സക്ക് രാഷ്ട്രീയനേതൃത്വങ്ങൾ മുൻകൈ എടുത്താൽ അവർക്ക് കൊള്ളാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.