നിയമത്തെ നോക്കുകുത്തിയാക്കുന്ന പെരുംകുറ്റവാളികള്‍
text_fieldsആരാധനാലയങ്ങളുടെ (പ്രത്യേക വ്യവസ്ഥകൾ) നിയമം,1991, ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 ആഗസ്റ്റ് 15ന് നിലനിന്നിരുന്ന എല്ലാ ആരാധനാലയങ്ങളുടെയും മതപരമായ സ്വഭാവം സംരക്ഷിക്കാൻ ദീര്‍ഘദര്‍ശനത്തോടെ ആവിഷ്കരിക്കപ്പെട്ട സുപ്രധാന നിയമനിർമാണമാണ്. ഇതിൽ അനുശാസിക്കുന്ന വ്യവസ്ഥകളില്‍ ഏറ്റവും പ്രധാനം, ഒരു ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം 1947 ആഗസ്റ്റ് 15ന് എങ്ങനെ നിലനിന്നിരുന്നുവോ അതുപോലെതന്നെ തുടര്‍ന്നും സംരക്ഷിക്കപ്പെടണം എന്നതാണ്. ഏതു സാഹചര്യത്തിലും ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെ ആരാധനാലയം മറ്റൊന്നിലേക്ക് മാറ്റുന്നത് നിരോധിക്കുന്ന നിയമമാണിത്. മതപരമായ സ്ഥലങ്ങൾ പരിവർത്തനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതിയ കേസുകൾ ഫയൽ ചെയ്യുന്നതോ നിലവിലുള്ള സ്യൂട്ടുകളുടെ തുടർച്ചയോ ഇത് തടയുന്നുണ്ട്. അത്തരം പരിവർത്തനങ്ങൾ സംബന്ധിച്ച് ഒരു കോടതിയും ഒരു സ്യൂട്ട്, അപ്പീൽപോലും സ്വീകരിക്കാൻ പാടില്ലെന്ന് നിയമം വ്യവസ്ഥചെയ്യുന്നു. അയോധ്യയിലെ രാമജന്മഭൂമി-ബാബരി മസ്ജിദ് മാത്രമാണ് ഇതിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കപ്പെട്ടിരുന്നത്. അതിന്റെ പരിണാമഗുപ്തി നാം കണ്ടതുമാണ്. ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവം മാറ്റുന്നത് വ്യക്തമായ നിയമലംഘനവും മൂന്ന് വർഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യവുമാണ്.
ബഹുസ്വര നൈതികതയുടെ അടിസ്ഥാനം
ആരാധനാലയങ്ങളെച്ചൊല്ലിയുള്ള തർക്കങ്ങൾ വർഗീയസംഘർഷത്തിന് കാരണമാകുന്നില്ലെന്ന് ഉറപ്പുവരുത്തി ഇന്ത്യയുടെ ബഹുസ്വരഘടനയെ സംരക്ഷിക്കുന്ന ഈ നിയമം 1991ൽ പി.വി. നരസിംഹറാവു സർക്കാറിന്റെ കാലത്താണ് നിലവിൽവന്നത്. ബാബരി മസ്ജിദ്- രാമജന്മഭൂമി തർക്കമായി മാറ്റാന്‍ ഹിന്ദുത്വരാഷ്ട്രീയത്തിന് കഴിഞ്ഞതിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യയില്‍ വർധിച്ചുവന്ന ന്യൂനപക്ഷഹിംസയുമായി ബന്ധപ്പെട്ട്, ആരാധനാസ്ഥലങ്ങളെക്കുറിച്ചുള്ള കൂടുതൽ തർക്കങ്ങൾ തടയുന്നതിനാണ് ഭരണഘടനയുടെ അന്തഃസത്തയും അടിസ്ഥാനമൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന ഈ നിയമനിർമാണമുണ്ടായത്. ചരിത്രപരമായ ദുഷ്ത്തര്‍ക്കങ്ങളില്‍ വേരൂന്നിയ സംഘർഷങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്നതിനാൽ ഈ നിയമനിർമാണം ഇന്ത്യയുടെ ബഹുസ്വരമായ നൈതികതയുടെ അടിസ്ഥാനം കൂടിയാണ്.
പരിമിതമായെങ്കിലും രാഷ്ട്രീയമോ സാമുദായികമോ ആയ നേട്ടങ്ങൾക്കായി മതവികാരങ്ങൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കാണുന്ന നിയമം എന്നനിലയില്‍ പ്രസക്തമായ ഇടപെടലായിരുന്നു ഇത്.
ഭരണഘടനാ വിരുദ്ധ കൈയേറ്റങ്ങൾ
എല്ലാ വ്യക്തികൾക്കും മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പുനൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 25, സ്വന്തം മതകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള വിവിധ മതവിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ആർട്ടിക്കിൾ 26, മതപരമായ സ്ഥലങ്ങൾ ഉൾപ്പെടുന്ന ദേശീയപ്രാധാന്യമുള്ള സ്മാരകങ്ങളും സ്ഥലങ്ങളും സംരക്ഷിക്കാനുള്ള നിർദേശം മുന്‍നിര്‍ത്തിയുള്ള ആർട്ടിക്കിൾ 49, ജനങ്ങള്‍ക്കിടയില്‍ ഐക്യവും പൊതുസാഹോദര്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിയമനിർമാണങ്ങള്‍ നിർദേശിക്കുന്ന ആർട്ടിക്കിൾ 51എ, അതിലെല്ലാമുപരി, ഇന്ത്യയെ മതസങ്കുചിതത്വങ്ങള്‍ക്ക് വിധേയമാക്കാന്‍ വിസമ്മതിക്കുന്നതും എല്ലാ മതങ്ങളുടെയും സമത്വത്തിനും സമാധാനപരമായ സഹവർത്തിത്വത്തിനുമുള്ള രാഷ്ട്രത്തിന്‍റെ പ്രതിജ്ഞാബദ്ധത ഉറപ്പുവരുത്തുന്നതുമായ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എന്നിവയെല്ലാം ആരാധനാലയങ്ങളെച്ചൊല്ലിയുള്ള മതപരമായ തർക്കങ്ങൾ നിരുത്സാഹപ്പെടുത്തുന്ന ഈ നിയമത്തിന് ബലം നല്‍കുന്നതാണ്.
ഇന്ത്യയിലെ ഹിന്ദുത്വരാഷ്ട്രീയം പക്ഷേ ഇത് അംഗീകരിക്കാന്‍ ഒരുക്കമല്ലെന്നതാണ് മുസ്‍ലിം പള്ളികളെ വീണ്ടും വീണ്ടും തര്‍ക്കങ്ങളിലേക്ക് വലിച്ചിഴക്കുന്നതിലൂടെ അവര്‍ നിരന്തരം പ്രഖ്യാപിക്കുന്നത്. ഒരു നിയമവും ഭരണഘടനയും ബാധകമല്ലാത്ത കൈയേറ്റസംഘമായി അവര്‍ മാറിയിരിക്കുന്നു. വിവിധ മുസ്‍ലിം ആരാധനാലയങ്ങളുടെ ഉത്ഭവത്തെക്കുറിച്ചുള്ള പുതിയ തർക്കങ്ങൾ തികച്ചും ഭരണഘടനാവിരുദ്ധമാണ് എന്ന് പറയുവാന്‍ കഴിയും. അവ പണ്ടെങ്ങോ പൊളിച്ചുമാറ്റപ്പെട്ട ഹിന്ദുക്ഷേത്രങ്ങൾക്ക് മുകളിലാണ് നിർമിച്ചതെന്ന അവകാശവാദങ്ങള്‍ക്ക് യാതൊരു ഭരണഘടനാ സാധുതയുമില്ലെന്ന് പ്രഥമദൃഷ്ട്യാതന്നെ സുവ്യക്തമാണ്. ഇത്തരം വിവാദങ്ങളും അവയുടെ അടിസ്ഥാനത്തിലുള്ള നിയമയുദ്ധങ്ങളും ഔദ്യോഗിക സർവേകളും രാഷ്ട്രത്തിന്‍റെ സാമൂഹിക-സാംസ്കാരിക ഐക്യത്തെ ചോദ്യംചെയ്യുന്ന ക്രിമിനല്‍ ഇടപെടലുകളായിത്തന്നെ കണക്കാക്കപ്പെടേണ്ടതുണ്ട്.
സംഭൽ വിവാദം നിയമവിരുദ്ധം
ഉത്തർപ്രദേശിലെ സംഭലിൽ ഷാഹി ജമാ മസ്ജിദുമായി ബന്ധപ്പെട്ട തര്‍ക്കം ഇത്തരത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ഒരു നിയമവിരുദ്ധ വിവാദമാണ്. പതിനാറാം നൂറ്റാണ്ടിലെ ഈ മസ്ജിദ്, മുഗൾ കാലഘട്ടത്തിൽ തകർക്കപ്പെട്ട ഏതോ ഹിന്ദുക്ഷേത്രത്തിന് മുകളിലാണ് നിർമിച്ചതെന്ന് ഒരു അഭിഭാഷകൻ സമർപ്പിച്ച ഹരജിയിൽ ആരോപിക്കുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ട്, ഈ അവകാശവാദത്തെക്കുറിച്ച് അന്വേഷിക്കാൻ കോടതി ഉത്തരവിട്ടതുതന്നെ നിയമവിരുദ്ധമാണ്.
അതിനും പുറമെ ഉത്തര്‍പ്രദേശ് ഭരണകൂടം അവിടെ നിയമവിരുദ്ധമായ ഒരു സർവേയും ആരംഭിച്ചു. സ്വാഭാവികമായും ആരാധനാലയത്തിന്റെ ഇപ്പോഴത്തെ നിയമപരമായ അവകാശികള്‍ എതിർപ്പുയർത്തി. ഇതിനെ ഒരു സംഘര്‍ഷമായി വളര്‍ത്താനാണ് ഭരണകൂടം ശ്രമിച്ചത്. പ്രതിഷേധത്തിനും തുടർന്നുള്ള സംഘർഷങ്ങൾക്കും വഴിയൊരുക്കിയ സര്‍ക്കാര്‍ നടപടിമൂലം നിരവധി മരണങ്ങളും ന്യൂനപക്ഷവിരുദ്ധ ആക്രമണങ്ങളുമുണ്ടായി. പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ സ്‌കൂളുകൾ അടച്ചിടാനും ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാനും പൊതുസമ്മേളനങ്ങൾ നിയന്ത്രിക്കാനും അങ്ങനെ അപ്രഖ്യാപിതമായ അടിയന്തരാവസ്ഥയിലേക്ക് പ്രദേശത്തെ തള്ളിവിടാനുമാണ് യു.പി സര്‍ക്കാര്‍ ശ്രമിച്ചത്.
മസ്ജിദുകളുടെ മേലുള്ള പുതിയ അവകാശവാദങ്ങളുടെ അടിസ്ഥാനം, രാജ്യം ഭരിക്കുന്ന ബി.ജെ.പിയുമായി ബന്ധപ്പെട്ടിരിക്കുന്ന ഹിന്ദു ദേശീയവാദ ഗ്രൂപ്പുകൾ, ഇന്ത്യയിൽ ഉടനീളമുള്ള നിരവധി മുസ്‍ലിം പള്ളികൾ ഒരുകാലത്ത് ഹിന്ദുക്ഷേത്രങ്ങൾ നിലനിന്നിരുന്ന സ്ഥലങ്ങളിൽ നിർമിച്ചവയാണെന്ന ആക്രോശം മുഴക്കുന്നു എന്നതുമാത്രമാണ്. ഹിന്ദുക്ഷേത്രങ്ങളില്‍ പലതും ബുദ്ധ-ജൈനക്ഷേത്രങ്ങള്‍ തകര്‍ത്ത് നിർമിക്കപ്പെട്ടവയാണ് എന്ന ചരിത്രസത്യവും നമ്മുടെ മുന്നിലുണ്ട്. പ്രാദേശിക ഐതിഹ്യങ്ങളുടെയും കേട്ടുകേള്‍വികളുടെയും അടിസ്ഥാനത്തില്‍ ആരാധനാലയങ്ങളുടെമേലുള്ള അവകാശത്തര്‍ക്കങ്ങള്‍ സൃഷ്ടിക്കുന്നതുപോലെ ഇത്രയും വിവേകശൂന്യമായ ഒരു സമീപനം മറ്റൊന്നില്ല. സംഭലിലെ ഷാഹി ജമാ മസ്ജിദുമായി ബന്ധപ്പെട്ട വിവാദവും അർഥശൂന്യവും ഭരണഘടനാവിരുദ്ധവുമായ ന്യൂനപക്ഷഹിംസയാണ്. മസ്ജിദ് നില്‍ക്കുന്നത് മുമ്പ് ഒരു ക്ഷേത്രം ഉണ്ടായിരുന്ന സ്ഥലത്താണ് എന്ന ദുര്‍ബലമായ അവകാശവാദം കേട്ടതോടെ, സർവേ നടത്താൻ ഉത്തരവിടുകയും ഇതിനായി ഉദ്യോഗസ്ഥരെ നിയോഗിക്കുകയും സർവേ നടത്തിയെടുക്കുകയും ചെയ്ത കോടതിയാണ് നമ്മുടെ മതേതരമാതൃക എന്നത് എത്ര പരിതാപകരമായ അവസ്ഥയാണ്.
പിന്നെയെന്തിനാണ് കോടതികൾ
സംഭലിലെ ഷാഹി ജമാ മസ്ജിദിന് പുറമെ വാരാണസിയിലെ ഗ്യാൻവാപി മസ്ജിദ് ഹിന്ദുക്ഷേത്രത്തിന്മേൽ പണിതതാണെന്ന അവകാശവാദവുമായും ഹിന്ദുത്വരാഷ്ട്രീയം മുന്നോട്ടുവന്നിട്ടുണ്ട്. 2024ൽ പള്ളിക്കുള്ളിൽ ഹിന്ദു പ്രാർഥനകൾക്ക് കോടതി അനുമതി നൽകിയത് യഥാർഥത്തില്‍ 1991ലെ നിയമത്തിന് വിരുദ്ധമായ ഇടപെടലായിരുന്നു. കോടതികള്‍ ഇത്തരം കാര്യങ്ങളില്‍ പുലര്‍ത്തേണ്ടത് ഭരണഘടനയോടും നിയമസംവിധാനത്തോടുമുള്ള പ്രതിബദ്ധതയാണ്. കേവലമായ വികാരപ്രകടനങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ ആണെങ്കില്‍ കോടതികളുടെ ആവശ്യമെന്താണ്? അതുപോലെയാണ് മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദിന്റെ കാര്യവും. കൃഷ്ണജന്മഭൂമിക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്ന ഈ സ്ഥലം ഒരു ഹിന്ദുക്ഷേത്രത്തിന് മുകളിൽ പണിതതാണെന്ന് ആരോപിച്ച് നിയമപരമായ തര്‍ക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് ഹിന്ദുത്വരാഷ്ട്രീയം. ഈ തർക്കവുമായി ബന്ധപ്പെട്ട ഹരജികള്‍ കോടതികൾ പരിഗണിക്കുന്നത് നിലവിലുള്ള നിയമത്തിന്റെ ലംഘനമല്ലേ എന്ന് നിയമജ്ഞര്‍ വ്യക്തമാക്കേണ്ടതുണ്ട്. സംഭലിൽ അക്രമാസക്തമായ സംഘർഷങ്ങളെത്തുടർന്ന് അലഹബാദ് ഹൈകോടതി കേസ് കേൾക്കുന്നതുവരെ മസ്ജിദ് സർവേയുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവെക്കാൻ സുപ്രീംകോടതി വിചാരണക്കോടതിയോട് നിർദേശിച്ചതുപോലും നിയമപരമായി എടുക്കാവുന്ന നടപടിയിലും താഴെയാണ്. സര്‍വേ നിര്‍ത്തിവെക്കുകയല്ല, പൂര്‍ണമായും ഉപേക്ഷിക്കുകയാണ് യഥാർഥത്തില്‍ നിയമപരമായി ചെയ്യുവാന്‍ കഴിയുന്ന ഏകകാര്യം. സർവേ റിപ്പോർട്ട് സീൽ ചെയ്തുവെന്നത് എന്തായാലും ആശ്വാസകരമാണ്.
രാഷ്ട്രീയനേതാക്കള്‍ വോട്ടർമാരോട് മതപരമായ അഭ്യർഥനകൾ നടത്തുന്നതിൽനിന്ന് വിലക്കുന്ന നിയമം നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ, രാമക്ഷേത്രവും പള്ളികള്‍ പൊളിച്ചുള്ള ക്ഷേത്രനിർമാണങ്ങളും മോദിയുടെ പ്രസംഗങ്ങളിലും ബി.ജെ.പിയുടെ പ്രകടനപത്രികകളിലും പതിവായി ഇടംപിടിക്കുന്നുണ്ട് എന്നതുതന്നെ അയോഗ്യതയാണെന്ന് ഇലക്ഷന്‍ കമീഷനോ കോടതികളോ കാണുന്നില്ല എന്നിടത്താണ് ഇന്ത്യന്‍ മതേതരത്വം എത്രമാത്രം ദുര്‍ബലമായ ഒരു ആശയമായി മാറിയിരിക്കുന്നു എന്നത് വ്യക്തമാവുന്നത്. ഇന്ത്യയുടെ മതേതര-ജനാധിപത്യ മാനദണ്ഡങ്ങളുടെ തുടര്‍ച്ചയായ ഇത്തരം ലംഘനങ്ങള്‍ ഒരു നീതിപീഠവും പരിഗണിക്കുന്നുപോലുമില്ല. പുരോഹിതരെയും പരികർമികളെയും മാറ്റിനിര്‍ത്തി രാഷ്ട്രീയക്കാരനായ പ്രധാനമന്ത്രിതന്നെ ക്ഷേത്രസമര്‍പ്പണം നടത്തുന്നതില്‍ ഹിന്ദുത്വരാഷ്ട്രീയവും യാതൊരുവിധ അനുഷ്ഠാനലംഘനവും കാണുന്നില്ല. മോദിക്ക് അയോധ്യയിൽപോയി രാഷ്ട്രീയറാലി നടത്തി ഹിന്ദുദേശീയതയുടെ വക്താവായി ഔദ്യോഗിക പ്രഖ്യാപനം നടത്താന്‍ ഒരു തടസ്സവുമില്ല. ഭരണഘടനയെ നോക്കുകുത്തിയാക്കുക എന്നതാണ് ഒരു രാഷ്ട്രത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ കുറ്റകൃത്യം. ആരൊക്കെയാണ് ഈ ക്രിമിനല്‍ പരമ്പരയില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് ആലോചിച്ചുനോക്കുക! രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഭരണഘടന കൈയിലേന്തിയാണ് സത്യപ്രതിജ്ഞ നിര്‍വഹിച്ചത് എന്നതിന്‍റെ പ്രതീകമൂല്യം പ്രധാനമാവുന്നത് ഈ സാഹചര്യത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.