ശരിക്കും നാം കുഞ്ഞുങ്ങളെ സ്നേഹിക്കുന്നുണ്ടോ?
text_fieldsആലുവയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കി കൊന്നതും കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമാവശ്യപ്പെട്ടതും മലയാളി സമൂഹത്തെ ഞെട്ടിച്ചിരുന്നു, നാം ഉള്ളുരുകി പ്രാർഥിക്കുകയും അക്രമികളെയോർത്ത് അമർഷം കൊള്ളുകയും ചെയ്തിരുന്നു.
ഫലസ്തീനിലെ മുറിവേറ്റ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ നാം സ്റ്റാറ്റസും സ്റ്റോറിയുമാക്കുന്നു. പക്ഷേ, ആ രോഷ പ്രകടനങ്ങൾക്ക് എത്രമാത്രം ആത്മാർഥതയുണ്ട്?
മലയാളിയുടെ കൺമുന്നിൽ എത്രയെത്ര ബാല്യങ്ങളാണ് അനുദിനം പിച്ചിപ്പറിക്കപ്പെടുന്നത്. ചോരക്കുഞ്ഞിനെ കൊന്ന് കുപ്പത്തൊട്ടിയിലുപേക്ഷിക്കുന്നതും കുഞ്ഞിനെ ചട്ടുകം പഴുപ്പിച്ച് ദേഹമാസകലം പൊള്ളിക്കുന്നതും ഇരുമ്പുകമ്പികൊണ്ട് കുഞ്ഞിന്റെ കൈ കാലുകൾ തല്ലിയൊടിക്കുന്നതുമെല്ലാം കേവലം വാർത്തകളായി വായിച്ചു തള്ളാനുള്ളതല്ല. എത്രമാത്രം ക്രൂരമായ ചുറ്റുപാടിലാണ് നമ്മുടെ കുഞ്ഞുങ്ങൾ വളരേണ്ടി വരുന്നത്.
ഒരുകാലത്ത് ഭിക്ഷാടന മാഫിയയാണ് ഇത്തരം ഹീനകൃത്യങ്ങൾ ചെയ്തിരുന്നതെങ്കിൽ ഇന്ന് പല കേസുകളിലും പ്രതികൾ പെറ്റമ്മയും പിതാവുമൊക്കെയാണ്. വാത്സല്യത്തിന്റെ നിറകുടങ്ങളായി എണ്ണപ്പെട്ടിരുന്ന മുത്തച്ഛന്മാരും മുത്തശ്ശിമാരുമൊന്നും പിന്നിലല്ല എന്നും പൊലീസ് കേസുകൾ വ്യക്തമാക്കുന്നു. പൊലീസുകാർ പ്രതികൾക്കുനേരെ പ്രയോഗിക്കുന്ന മൂന്നാംമുറയേക്കാൾ എത്രയോ കഠിനമാണ് സ്വന്തം വീടുകളിൽ ചില കുഞ്ഞുങ്ങൾ അനുഭവിക്കുന്ന യാതനകൾ.
കുഞ്ഞുങ്ങൾക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെ കേസുകളാണെങ്കിൽ അനുദിനം പെരുകുകയുമാണ്.ആർക്കു പിറന്നാലും, എവിടെ പിറന്നാലും ഈ കുഞ്ഞുങ്ങൾ മാതാപിതാക്കളുടേത് മാത്രമല്ല. നാടിന്റെ നാളെയുടെ പ്രതീക്ഷയാണ്. അതിനാൽ തന്നെ കുട്ടികളുടെ സംരക്ഷണത്തിൽ സമൂഹത്തിനുള്ള പങ്ക് വളരെ വലുതാണ്.
1956ലെ ബാലാധ്വാന നിരോധന നിയമം, 2006ലെ ദേശീയ ബാലാവകാശ കമീഷന് നിയമം, 1986ല് നിലവില് വന്ന് പിന്നീട് പരിഷ്കരിക്കപ്പെട്ട ബാലനീതി നിയമം, കുട്ടികള്ക്കെതിരായ ലൈംഗിക അതിക്രമം തടയാനുള്ള പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസ് ആക്ട് ഉൾപ്പെടെയുണ്ടെങ്കിലും അവയൊക്കെ പലപ്പോഴും നോക്കുകുത്തികളാകുന്നു എന്നതിന്റെ തെളിവാണ് കുട്ടികൾക്കെതിരെ തുടരെ നടക്കുന്ന ക്രൂരതകൾ.
ഭർത്താവ് മദ്യപാനിയാവുമ്പോൾ കണ്ണീരുകുടിക്കുന്നത് ഭാര്യയാണ് എന്നൊരു ചൊല്ലുണ്ട്. ഇതിന് സമാനമാണ് കുട്ടികളുടെയും അവസ്ഥ. ആളുകൾ ലഹരിക്ക് അടിമയാകുമ്പോഴും ദമ്പതികൾ വഴക്കുകൂടി വേർപിരിയുമ്പോഴും രക്ഷിതാക്കൾ അവരുടെ സുഖങ്ങൾ തേടിപ്പോകുമ്പോഴുമെല്ലാം കൊടിയ യാതനകളും മാനസിക സംഘർഷങ്ങളും അനുഭവിക്കുന്നത് കുട്ടികളാണ്.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് മാത്രം കഴിഞ്ഞവർഷം സംസ്ഥാത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 4582 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 4643 പുരുഷന്മാരും (93 ശതമാനം) 115 സ്ത്രീകളുമാണ് (രണ്ട് ശതമാനം) പ്രതികൾ. 244 പേരുടെ (അഞ്ചു ശതമാനം) വിശദാംശങ്ങൾ ലഭ്യമായിട്ടുമില്ല.
ആൺ, പെൺ വ്യത്യാസമില്ലാതെ ലൈംഗികാതിക്രമം
ആൺ, പെൺ വ്യത്യാസമില്ലാതെ കുട്ടികൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ലൈംഗികാതിക്രമത്തിനിരയാവുന്നു എന്നതാണ്. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന കേസുകൾ പരിശോധിച്ചാൽ കുട്ടികളുമായി അടുത്ത ബന്ധമുള്ളവരാണ് അവരെ പലപ്പോഴും ക്രൂരകൃത്യങ്ങൾക്കിരയാക്കുന്നത് എന്നാണ് വ്യക്തമാകുന്നത്.
കഴിഞ്ഞ വർഷത്തെ പോക്സോ കേസ് പ്രതികളുടെ പട്ടിക
കുട്ടികൾക്ക് നേരിട്ട് അറിയാവുന്നവർ 908
അയൽക്കാർ 601
അടുത്ത കുടുംബാംഗങ്ങൾ 462
ബന്ധുക്കൾ 389
സുഹൃത്തുക്കൾ 313
സ്കൂൾ വാൻ, ഓട്ടോ ഡ്രൈവർമാർ 64
കമിതാക്കൾ 801
അധ്യാപകർ 170
ഒട്ടും അറിയാത്തവർ 901
വ്യക്തമാവാത്തവർ 901
(തുടരും...)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.