അമേരിക്കൻ തെരഞ്ഞെടുപ്പും ചൈനീസ് സ്വപ്നങ്ങളും
text_fields2020 നവംബറിൽ നടക്കാനിരിക്കുന്ന അമേരിക്കൻപ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ആരു ജയിക്കണമെന്നാണ് ചൈന ആഗ്രഹിക്കുന്നതെന്ന വിഷയത്തിൽ ആഗോള പത്രമാധ്യമങ്ങൾ വിശകലനങ്ങൾ നടത്തിവരുകയാണ്. അടുത്ത നാലുവർഷംകൂടി ഡോണൾഡ് ട്രംപ് പ്രസിഡൻറാകാനാണ് ചൈന ആഗ്രഹിക്കുന്നതെന്ന് ഒരു വിഭാഗം വാദിക്കുന്നു. കഴിഞ്ഞ നാലുവർഷത്തെ ട്രംപിെൻറ പല നയങ്ങളും അന്തിമമായി ചൈനക്ക് അനുകൂലമായി ഭവിച്ചതാണ് അതിനു കാരണം എന്നവർ സമർഥിക്കുന്നു.
ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര അസന്തുലിതത്വം മുതൽ കൊറോണവൈറസ് വ്യാപനം വരെയുള്ള വിഷയങ്ങളിൽ ചൈനയെ കുറ്റപ്പെടുത്തിയുള്ള ട്രംപിെൻറ നയനിലപാടുകൾ പ്രത്യക്ഷത്തിൽ ചൈനക്കെതിരെയായിരുന്നുവെങ്കിലും അന്തിമമായി തങ്ങൾക്ക് അനുകൂലമായി ഭവിച്ചു എന്നാണ് പല ചൈനീസ് ഉദ്യോഗസ്ഥരും കരുതുന്നതെന്ന് ‘അൽജസീറ’ ചാനൽ പറയുന്നു. ട്രംപിെൻറ ‘അമേരിക്ക ഫസ്റ്റ്’ നിലപാടു കാരണം പല സഖ്യകക്ഷികളും അമേരിക്കയോട് പഴയപോലെ ആഭിമുഖ്യം കാണിക്കുന്നിെല്ലന്നത്, അവരോട് അടുക്കാനും ചൈനയുടെ നിലപാടുകൾ ബലപ്പെടുത്താനും സഹായിക്കും എന്നവർ കരുതുന്നു. ജോ ബൈഡനാണ് വിജയിക്കുന്നതെങ്കിൽ അമേരിക്കൻ സഖ്യകക്ഷികളുടെ പിന്തുണ അദ്ദേഹത്തിന് ധാരാളമായി ലഭിക്കുകയും അത് ൈചനയുടെ നിലപാട് ദുർബലപ്പെടുത്തുകയും ചെയ്യും.
ബൈഡൻ തെരഞ്ഞെടുക്കപ്പെട്ടാൽ സഖ്യകക്ഷികളെ ഉപയോഗപ്പെടുത്തി ചൈനയെ ഒറ്റപ്പെടുത്താൻ അദ്ദേഹം ശ്രമിക്കുമെന്നും അത് ചൈനക്ക് അപകടകരമാകുമെന്നും ജനീവയിലെ വ്യാപാരചർച്ചകൾക്ക് ചൈനീസ് ഭാഗത്തെ നയിച്ച ഷോജിയാമിങ് പറയുന്നു. ചൈന ഇപ്പോൾ പ്രാധാന്യം കൊടുക്കുന്നത് വ്യവസായവികസനവും വികസിതരാജ്യങ്ങളുടെ വിപണിയിലേക്കുള്ള കടന്നുകയറ്റവും യൂറോപ്പിലും ഏഷ്യയിലും ഉള്ള പല രാജ്യങ്ങളുമായി സഖ്യംസ്ഥാപിച്ച് അമേരിക്കയുടെ കടന്നുകയറ്റം ചെറുക്കുകയുമാണ്.
എന്നാൽ, ആരു വിജയിച്ചാലും അമേരിക്കയും ചൈനയും തമ്മിലെ ബന്ധങ്ങളിൽ കാര്യമായ പുരോഗതിയുണ്ടാകില്ലെന്നും ബന്ധം ഇനിയും വഷളാകാനാണ് സാധ്യതയെന്നും മറുവിഭാഗം കരുതുന്നു. അതിന് കാരണമുണ്ട്. ചൈനയെ എതിർക്കുകയെന്ന ഒറ്റ പോയൻറിൽ അമേരിക്കയിലെ എല്ലാ രാഷ്ട്രീയക്കാരും യോജിച്ചിരിക്കുന്നു. കൊറോണ വൈറസ് വിഷയത്തിൽ ചൈനക്കെതിരായ പ്രചാരണത്തിലും അമേരിക്ക-ചൈന വ്യാപാരബന്ധങ്ങളുടെ വിഷയത്തിലും അത് കണ്ടു. നേരേത്ത റിപ്പബ്ലിക്കൻപാർട്ടിയിലെ ഉന്നതർ ചൈനയുമായുള്ള വ്യാപാരബന്ധത്തിന് പ്രാധാന്യം നൽകിയിരുന്നുവെങ്കിലും, ചൈനയെ ഒറ്റപ്പെടുത്തുകയെന്ന അജണ്ടയിലേക്ക് പാർട്ടിയെ എത്തിക്കാൻ ട്രംപിന് സാധിച്ചു. ഡെമോക്രാറ്റുകൾ ആകട്ടെ, ഇത്തരം എല്ലാ ശ്രമങ്ങൾക്കും പരിപൂർണപിന്തുണ നൽകുകയും ചെയ്തു. ഹോങ്കോങ്ങിലെ പ്രതിഷേധക്കാർക്ക് പിന്തുണ നൽകാനും തായ്വാന് കൂടുതൽ സൈനികസഹായത്തിനുതകുന്ന നിയമനിർമാണങ്ങൾക്കും െഡമോക്രാറ്റുകൾ പിന്തുണയറിയിച്ചു.
ഇങ്ങനെയൊക്കെയാണെങ്കിലും തങ്ങൾ ഇതുവരെ പരിചയിച്ചുപോന്ന ഒരു അമേരിക്ക ഇപ്പോൾ നിലനിൽക്കുന്നില്ല എന്നാണ് ചൈനീസ് ഗവൺമെൻറിെൻറ ഭാഗമായ പലരുടെയും പ്രതികരണം. ഉയിഗൂർ മുസ്ലിംകൾക്കെതിരായ തങ്ങളുടെ വംശീയശുദ്ധീകരണ പ്രക്രിയക്കെതിരെ അമേരിക്കയുടെ എതിർപ്പ് കുറഞ്ഞുവരുന്നുണ്ട് എന്നവർ വാദിക്കുന്നു. മാത്രമല്ല കൊറോണ വൈറസിനെതിരെയുള്ള പോരാട്ടം, ജോർജ്ഫ്ലോയ്ഡിെൻറ മരണത്തെ തുടർന്നുള്ള പ്രതിഷേധപ്രകടനങ്ങളും പൊലീസ് അതിക്രമങ്ങളും തുടങ്ങിയവ അമേരിക്ക എന്ന സൂപ്പർപവറിെൻറ ദൗർബല്യങ്ങളെ തുറന്നുകാട്ടി. അതുകൊണ്ട്, ആരു ജയിച്ചാലും ചൈനക്ക് അത് പ്രശ്നമല്ല. അമേരിക്കയുമായുള്ള ബന്ധത്തിൽ തകരാൻ ഇനിയൊന്നും ബാക്കിയില്ലെന്നും മുൻ ചൈനീസ് നയതന്ത്രജ്ഞനും ഡെങ് സിയാവോ പിങ്ങിെൻറ ദ്വിഭാഷിയുമായിരുന്ന ഗവോ സികായ് പറയുന്നു.
മാധ്യമങ്ങളിൽ ഈ വിവാദം നടക്കുമ്പോൾത്തന്നെ, ചൈന ലോകത്തിെൻറ ശാക്തികചേരിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. ബാൽക്കൻമേഖലകളിലും സൗത്ത്ചൈന കടലിലും ഇത് പ്രകടമാണ്. ഇപ്പോൾതന്നെ ആഫ്രിക്ക വൻകരയെ ചൈനയുടെ വൻകര എന്നാണ് വിളിക്കുന്നത്. ദക്ഷിണാഫ്രിക്ക, യുഗാണ്ട, റുവാണ്ട, ഇത്യോപ്യ, ജിബൂതി എന്നിവിടങ്ങളിലൊക്കെ അടിസ്ഥാനസൗകര്യ വികസനപദ്ധതികൾക്ക് വൻപണമാണ് ചൈന ഒഴുക്കുന്നത്. റുവാണ്ട ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ്. ഒരുകാലത്ത് വംശീയകലാപത്തിന് കുപ്രസിദ്ധമായ റുവാണ്ട ഇപ്പോൾ പൂർണമായും ചൈനീസ് ആധിപത്യത്തിൻ കീഴിൽ വൻപുരോഗതിയാണ് നേടിയത്.
ജനാധിപത്യത്തെ അടിച്ചമർത്തി സിംഗപ്പൂർമോഡലിലുള്ള പുരോഗതിക്ക് റുവാണ്ടയെ പാകപ്പെടുത്തിയത് ചൈന പരിശീലിപ്പിച്ച സൈന്യവും സൈനികകമാൻഡർമാരുമാണ്. പോൾകെഗെയിം എന്ന പ്രസിഡൻറിനു കീഴിൽ ലോകത്തെ ഏറ്റവും സുരക്ഷയുള്ള രാജ്യങ്ങളിലൊന്ന് എന്നപേരിന് റുവാണ്ട അർഹമായി. അഴിമതിമുക്തരാജ്യം എന്ന പേരിലും ആ രാജ്യം പ്രശസ്തിനേടി. പകരം, ആ രാജ്യത്തിെൻറ എണ്ണസമ്പത്ത് മുഴുവൻ ചൈന ഊറ്റിയെടുത്തിരിക്കുന്നു. യു.എ.ഇയും കുവൈത്തും ഒന്നിച്ചുനൽകുന്നതിനേക്കാൾ വലിയ അളവിൽ എണ്ണയാണ് ഇൗ രാജ്യത്തുനിന്ന് ചൈന കയറ്റിക്കൊണ്ടുപോകുന്നത്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ നിക്ഷേപകൻ ഇപ്പോൾ ചൈനയാണ്. ഈജിപ്തിനുവേണ്ടി ഒരു വലിയ അഡ്മിനിസ്ട്രേറ്റിവ് കാപിറ്റൽ നിർമിക്കാൻ ചൈന തുനിയുന്നു.
ചുരുക്കിപ്പറഞ്ഞാൽ 2020ലെ അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ആരു ജയിക്കണമെന്ന് ചൈനീസ്പ്രസിഡൻറ് തീരുമാനിച്ചിരിക്കുന്നു. അത് ചൈന ആയിരിക്കും! അമേരിക്കൻ ജനാധിപത്യം ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് തെരഞ്ഞെടുപ്പിൽ നേരിടാൻപോകുന്നത്. ഏതൊക്കെ മുദ്രാവാക്യങ്ങൾ ഉയർന്നുകേട്ടാലും അതിനെയൊക്കെ മറികടക്കുന്ന രൂപത്തിൽ വംശീയചേരിതിരിവുകളും ആഭ്യന്തരദൗർബല്യങ്ങളും നിയമരാഹിത്യവും അരാജകത്വവും അമേരിക്കയെ പിടികൂടിയിരിക്കുന്നു.
മുമ്പൊക്കെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വിജയിയെ പ്രവചിക്കുക വളരെ ശക്തമായ ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരുന്നുവെങ്കിൽ അത്തരം മാനദണ്ഡങ്ങൾ പൂർണമായും അപ്രസക്തമായ ഒരു തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. ജനാധിപത്യമൂല്യങ്ങൾകൊണ്ടും ഭരണഘടനസ്ഥാപനങ്ങളുടെ ഫലപ്രാപ്തി കൊണ്ടും ശക്തമായ ആഗോളസ്വാധീനം നിലനിർത്തിയ രാജ്യമായിരുന്നു അമേരിക്ക. എന്നാൽ, കൊറോണ വൈറസിനെതിരായ പ്രവർത്തനങ്ങൾ രാജ്യത്തിെൻറ എല്ലാ ശക്തിയും തകർത്തെറിഞ്ഞിരിക്കുന്നു.
മറുവശത്ത് ചൈനക്ക് ഇത് ഏറ്റവും വലിയ അവസരമാണെന്നാണ് ചൈനീസ് നേതാക്കൾ അടക്കംപറയുന്നത്. തങ്ങളുടെ മോഡൽ ഭരണമാണ് ആഗോളമേധാവിത്വത്തിന് ഇനി യോജിക്കുക എന്നതാണ് ചൈനയുടെ വാദം. ഡോളറിനുപകരം ഒരു പുതിയ ഡിജിറ്റൽ കറൻസിയെക്കുറിച്ച് ചൈന ഗൗരവതരമായി ആലോചിക്കുന്നു. കൂടാതെ പല യു.എൻ സ്ഥാപനങ്ങൾക്കുള്ളിലും ചൈനീസ് ഉദ്യോഗസ്ഥരെ കുടിയിരുത്താൻ ആസൂത്രിതശ്രമം നടത്തിക്കൊണ്ടിരിക്കുന്നുവെന്ന് ‘പൊളിറ്റികോ’ മാഗസിനിൽ ക്രിസ്റ്റിൻ ലീ എഴുതുന്നു. ആഗോളരാഷ്ട്രീയരംഗത്ത് തങ്ങൾ ശക്തിയാണെന്നു കാണിക്കുന്നതിനും ലോകത്തെ ഏറ്റവുംവലിയ രണ്ടാമത്തെ സാമ്പത്തികവ്യവസ്ഥയാണ് തങ്ങളുടേതെന്ന് സ്ഥാപിക്കുന്നതിനും വേണ്ടിയുള്ള ശ്രമമാണ് ചൈനയുടേത്.
മേഖലയിൽ സൈനികശക്തി വർധിപ്പിക്കുന്നതിനും ചൈന ശ്രമിച്ചുകൊണ്ടിരിക്കുന്നു. ദക്ഷിണ ചൈനാകടലിൽ 80 പുതിയ ഭൂമിശാസ്ത്രപരമായ അതിരുകൾ രേഖപ്പെടുത്തി അത് തങ്ങളുടേതാണെന്നാണ് ചൈനീസ് അധികൃതർ വാദിക്കുന്നത്. തായ്വാനിലാകട്ടെ, കൂടുതൽ സൈനികമേധാവിത്വം പ്രകടിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് ചൈന നടത്തിക്കൊണ്ടിരിക്കുന്നത്. തായ്വാൻ കടലിടുക്കിൽ ഒരു പുതിയ വിമാനവാഹിനിക്കപ്പൽ എല്ലാവിധ ആധുനിക മിസൈൽ നശീകരണസംവിധാനങ്ങളോടുംകൂടി ചൈന സ്ഥാപിച്ചിരിക്കുകയാണ്. അടുത്തവർഷം ജൂലൈയിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികത്തോടുകൂടി തായ്വാനെ പൂർണമായും തങ്ങളുടേതാക്കി മാറ്റുമെന്നാണ് ചൈനീസ് സൈനികമേധാവികളുടെ വാദം. അതോടെ അമേരിക്കക്ക് ദക്ഷിണ ചൈന കടലിലുള്ള സൈനിക മേൽക്കോയ്മ അവസാനിക്കുകയും ചെയ്യും.
എന്നാൽ, അമേരിക്കക്ക് ഇപ്പോൾ സംഭവിച്ചിട്ടുള്ളത് പലപ്പോഴും സംഭവിച്ചതുപോലുള്ള ഒരു തെറ്റു മാത്രമാണെന്നു വാദിക്കുന്നവരും ഉണ്ട്. ഇത്തരം തെറ്റുകൾ മുമ്പ് തിരുത്തിയിട്ടുള്ളതുപോലെ ഇനിയും തിരുത്ത് സംഭവിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു. അസന്തുലിതമായ വികസനമോഹങ്ങൾ കൊണ്ടും അധാർമികമായ വ്യാപാരനടപടികൾ കൊണ്ടും അഹങ്കാരത്തിൽ അധിഷ്ഠിതമായ നയതന്ത്രനിലപാടുകൾകൊണ്ടും ചൈന സ്വയം നാശത്തിെൻറ കുഴി തോണ്ടുമെന്നും അവർ കരുതുന്നു. ഒരുകാര്യം ഉറപ്പിച്ചുപറയാം; ആരു വിജയിച്ചാലും ലോകത്തിെൻറ ശാക്തികസന്തുലനത്തിൽ ഇനിയങ്ങോട്ട് വളരെ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ പോകുന്നതായിരിക്കും അമേരിക്കൻ തെരഞ്ഞെടുപ്പ്ഫലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.