ജനാധിപത്യത്തെ കുഴിച്ചുമൂടരുത്
text_fieldsവിദേശമാധ്യമങ്ങളിൽ ഇന്ത്യയെ സംബന്ധിച്ച് വരുന്ന വാർത്തകളെയെല്ലാം അപ്പാടെ തള്ളിക്കളയുന്ന എൻ.ഡി.എ സർക്കാർ ചൈനീസ് അനുകൂല പ്രചാരണം നടത്തുന്നതിന് ഫണ്ട് ലഭിക്കുന്ന സ്ഥാപനങ്ങളുടെ കൂട്ടത്തിൽ ന്യൂസ് ക്ലിക് ഉൾപ്പെടുന്നുവെന്ന് ന്യൂയോർക് ടൈംസിൽ വന്ന അവ്യക്തമായ റിപ്പോർട്ട് വളരെ ഗൗരവമായി എടുത്തു. ആ വാർത്ത വേദവാക്യമായി സ്വീകരിച്ച മോദി സർക്കാറും ഡൽഹി പൊലീസും ന്യൂസ് ക്ലിക് എഡിറ്റർക്കും എച്ച്.ആർ മേധാവിക്കും മേൽ യു.എ.പി.എയുടെ കഠോര വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തുകയും ചെയ്തു
ജനപക്ഷ വാർത്തകൾക്ക് വലിയ പ്രാധാന്യം നൽകി ചുരുങ്ങിയ കാലംകൊണ്ട് സുപ്രധാന ശബ്ദങ്ങളിലൊന്നായി മാറിയ പോർട്ടലാണ് ന്യൂസ് ക്ലിക്. ആ മാധ്യമസ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർ, സാങ്കേതിക വിദഗ്ധർ, റിപ്പോർട്ടർമാർ, കൺസൽട്ടന്റുമാർ എന്നിവരെയെല്ലാം ഡൽഹി പൊലീസ് സ്പെഷൽ സെൽ ഉദ്യോഗസ്ഥർ ചോദ്യംചെയ്തു, ഓഫിസുകളിലും വീടുകളിലും തിരച്ചിൽ നടത്തി.
മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തു, സ്ഥാപക എഡിറ്റർ പ്രബീർ പുരകായസ്തയെയും എച്ച്.ആർ മേധാവി അമിത് ചക്രവർത്തിയെയും കഠോരമായ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു- പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യത്തിന്റെ മാതാവ് എന്നു വിശേഷിപ്പിക്കുന്ന നാട്ടിലാണ് ജനാധിപത്യ അവകാശങ്ങളെ കുഴിച്ചുമൂടുന്ന ഈ സംഭവങ്ങളെല്ലാം നടമാടിയത്.
76 വയസ്സുണ്ട് പ്രബീറിന്. അദ്ദേഹം ആദ്യമായല്ല ജയിലിലേക്കു പോകുന്നതും. 1975ൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥിയായിരിക്കെ അദ്ദേഹത്തെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയിരുന്നു.
അന്ന് ജീവിക്കാനുള്ള അവകാശം ഉൾപ്പെടെയുള്ള മൗലികാവകാശങ്ങൾ റദ്ദാക്കപ്പെട്ട ഒരു കാലമായിരുന്നു, ഇന്നോ? പ്രഖ്യാപിതമായ ഒരു അടിയന്തരാവസ്ഥ ഇല്ലെന്നാകിലും സാഹചര്യം അന്നത്തേക്കാൾ ഭയാനകമാണ്. 2021 ഫെബ്രുവരിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ന്യൂസ് ക്ലിക് ഓഫിസും പ്രബീറിന്റെ വീടും റെയ്ഡ് ചെയ്തിരുന്നു.
അഞ്ചു ദിവസം അദ്ദേഹത്തെ വീട്ടിൽ തടഞ്ഞുവെച്ചു. ഇ.ഡിക്ക് ഒരു കുറ്റവും കണ്ടുപിടിക്കാനായില്ല, അതിനു പുറമെ എന്തെങ്കിലും രീതിയിലെ ബലപ്രയോഗനടപടികൾ പ്രയോഗിക്കുന്നതിന് ഡൽഹി ഹൈകോടതി വിലക്കേർപ്പെടുത്തിയിരുന്നതിനാൽ സാധാരണ നിയമങ്ങൾ ചുമത്തി അന്ന് പ്രബീറിനെ അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ കുപ്രസിദ്ധമായ യു.എ.പി.എ വഴി സ്വീകരിച്ചതോടെ അതും എളുപ്പമായി. ന്യൂസ് ക്ലിക് ഓഫിസ് അടച്ചുപൂട്ടി സീൽവെച്ചതോടെ സ്ഥാപനത്തിന്റെ പ്രവർത്തനവും നിലച്ചമട്ടാണ്.
നിയമവിരുദ്ധ പ്രവർത്തനം, ഭീകരവാദ പ്രവർത്തനം, ഭീകരവാദ പ്രവർത്തനങ്ങൾക്കായി പണസമാഹരണം, ഗൂഢാലോചന, കമ്പനികളും ട്രസ്റ്റുകളും നടത്തുന്ന നിയമലംഘനങ്ങൾ എന്നിങ്ങനെ യു.എ.പി.എയിലെ വിവിധ വകുപ്പുകളും വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത സൃഷ്ടിക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നിങ്ങനെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് പ്രഥമ വിവര റിപ്പോർട്ട് ഫയൽ ചെയ്തിരിക്കുന്നത്.
ഡൽഹി, ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, മുംബൈ എന്നീ നഗരങ്ങളിൽ ഒക്ടോബർ മൂന്നിന് രാവിലെ ആരംഭിച്ച തിരച്ചിൽ മണിക്കൂറുകളോളം നീണ്ടു. അഭിസാർ ശർമ, ഭാഷ സിങ്, ഊർമിളേശ്, ഔനിന്ധി ചക്രവർത്തി, പരൻജോയ് ഗുഹ താകുർത്ത, സത്യം തിവാരി, സുബോദ് വർമ, കാർട്ടൂണിസ്റ്റ് ഇർഫാൻ, ചരിത്രകാരൻ സുഹൈൽ ഹശ്മി, ഹാസ്യാവതാരകൻ സഞ്ജയ് രജൗറ, ടീസ്റ്റ സെറ്റൽവാദ് എന്നിവരുൾപ്പെടെ ന്യൂസ് ക്ലിക്കുമായി ഇപ്പോൾ സഹകരിക്കുന്നവരും സഹകരിച്ചിരുന്നവരുമായ 46 പേരെയാണ് വീടുകളിലും സ്പെഷൽ സെൽ ഓഫിസിലുമായി ചോദ്യംചെയ്തത്.
ചൈനീസ് പ്രോപഗണ്ടക്ക് അനുകൂലമായ വാർത്തകൾ നൽകി എന്നാണ് യു.എ.പി.എ ചുമത്തുന്നതിനായി ഉയർത്തിയിരിക്കുന്ന ആരോപണം. ആ ആരോപണത്തെ പരോക്ഷമായെങ്കിലും സാധൂകരിക്കുന്ന ഒരു വാർത്തയെങ്കിലും തങ്ങളുടെ വെബ്സൈറ്റിൽ കാണിച്ചുതരാൻ ന്യൂസ് ക്ലിക് മോദി സർക്കാറിനെ വെല്ലുവിളിച്ചിരിക്കുകയാണിപ്പോൾ.
വിദേശമാധ്യമങ്ങളിൽ ഇന്ത്യയെ സംബന്ധിച്ച് വരുന്ന വാർത്തകളെയെല്ലാം അപ്പാടെ തള്ളിക്കളയുന്ന എൻ.ഡി.എ സർക്കാർ ലോകമൊട്ടുക്ക് ചൈനീസ് അനുകൂല പ്രചാരണം നടത്തുന്നതിന് നെവൽ റോയ് സിംഘം മുഖേന ഫണ്ട് ലഭിക്കുന്ന സ്ഥാപനങ്ങളുടെ കൂട്ടത്തിൽ ന്യൂസ് ക്ലിക് ഉൾപ്പെടുന്നുവെന്ന ആഗസ്റ്റ് ഒമ്പതിന് ന്യൂയോർക് ടൈംസിൽ വന്ന വളരെ അവ്യക്തമായ ഒരു റിപ്പോർട്ട് വളരെ ഗൗരവമായി എടുത്തു.
ആ വാർത്ത വേദവാക്യമായി സ്വീകരിച്ച മോദി സർക്കാറും ഡൽഹി പൊലീസും ന്യൂസ് ക്ലിക് എഡിറ്റർക്കും എച്ച്.ആർ മേധാവിക്കും മേൽ യു.എ.പി.എയുടെ കഠോര വകുപ്പുകൾപ്രകാരം കുറ്റം ചുമത്തുകയും ചെയ്തു.എന്നിരുന്നാലും, മാധ്യമപ്രവർത്തകരോട് പൊലീസ് ചോദിച്ച ചോദ്യങ്ങളിൽനിന്ന് വ്യക്തമാവുന്ന കാര്യം ഇന്ത്യയിലെ സമീപകാല സംഭവങ്ങൾ ന്യൂസ് ക്ലിക് കവർചെയ്ത രീതിയാണ് സർക്കാർ ഗൗരവത്തിലെടുത്തിരിക്കുന്നത് എന്നാണ്.
വിവാദ കാർഷിക നിയമങ്ങൾക്കെതിരെ നടന്ന കർഷകസമരം, വിവേചനപൂർണമായ പൗരത്വ നിയമത്തിനെതിരായ സമരം, 2020ന്റെ തുടക്കത്തിൽ ഡൽഹിയിൽ നടന്ന മുസ്ലിംവിരുദ്ധ വംശീയ അതിക്രമം, കോവിഡ്-19 മഹാമാരി കൈകാര്യം ചെയ്യുന്നതിൽ ഭരണകൂടം വരുത്തിയ വീഴ്ചകൾ എന്നിവ സംബന്ധിച്ച് ന്യൂസ് ക്ലിക് നൽകിയ വാർത്തകൾ സർക്കാറിനെ അരിശംപിടിപ്പിച്ചിരിക്കുന്നു, ആകുലപ്പെടുത്തിയിരിക്കുന്നു.
പ്രബീറിനു പുറമെ അറസ്റ്റ് ചെയ്തിരിക്കുന്ന അമിത് ചക്രവർത്തി പോളിയോ ബാധ മൂലം ശാരീരിക പരിമിതികളുള്ള, ക്രച്ചസിന്റെ സഹായത്തോടെ മാത്രം നീങ്ങാൻ സാധിക്കുന്ന വ്യക്തിയാണ്. ഈ അറസ്റ്റിനെ അപലപിച്ച നാഷനൽ പ്ലാറ്റ്ഫോം ഫോർ ദ റൈറ്റ്സ് ഓഫ് ദ ഡിസേബ്ൾഡ് ജനറൽ സെക്രട്ടറി മുരളീധരൻ ചൂണ്ടിക്കാട്ടിയത് പീഡനങ്ങളിൽനിന്നും മാനുഷികവിരുദ്ധമായ പെരുമാറ്റങ്ങളിൽനിന്നും സംരക്ഷണം ലഭിക്കാൻ അമിത് ചക്രവർത്തിക്ക് ന്യായമായ അവകാശമുണ്ടെന്നാണ്.
അദ്ദേഹത്തിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. നിയമവിരുദ്ധ മാർഗങ്ങളും കുപ്രസിദ്ധമായ നിയമങ്ങളുമുപയോഗിച്ച് അടിച്ചമർത്താൻ ഭരണകൂടം ശ്രമിക്കുമ്പോഴും കോടതികളിലും നീതിന്യായ വ്യവസ്ഥയിലും പൂർണമായ വിശ്വാസമുണ്ട് എന്ന് തറപ്പിച്ചുപറയുന്നു ന്യൂസ് ക്ലിക് പ്രവർത്തകർ. മാധ്യമസ്വാതന്ത്ര്യവും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും സംരക്ഷിക്കുന്നതിനായി പൊരുതിക്കൊണ്ടേയിരിക്കുമെന്നും അവർ പ്രഖ്യാപിക്കുന്നു.
(മുതിർന്ന ദേശീയ മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.