നിരാശയല്ല, വരാനിരിക്കുന്നത് നല്ലൊരു പുലരി
text_fieldsഅനുദിനം പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കാലത്ത് അതിനെ അതിജയിക്കാൻ ആറിന നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നു ജമാഅത്തെ ഇസ് ലാമി അഖിലേന്ത്യാ അധ്യക്ഷൻ സയ്യിദ് സആദത്തുല്ല ഹുസൈനി
പൊതുതെരഞ്ഞെടുപ്പിന് ഇനി ഏതാനും ആഴ്ചകൾ മാത്രം. രാജ്യത്തെ മുസ്ലിം സമുദായവും ഇതര ന്യൂനപക്ഷ ദുർബല സമൂഹങ്ങളും അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്ക് നാൾക്കുനാൾ കനംവെച്ചുവരുകയാണ്. വർഗീയതയും വിഭാഗീയതയും വളർത്തുന്ന ശക്തികൾ കുടുസ്സായ രാഷ്ട്രീയ-പ്രത്യയശാസ്ത്ര ലാഭങ്ങൾക്കുവേണ്ടി നിർലജ്ജം നമ്മുടെ ജനാധിപത്യസ്ഥാപനങ്ങളെ കലുഷിതമാക്കിക്കൊണ്ടിരിക്കുന്നു.
ഇത്തരം നടപടികൾ മുസ്ലിം സമുദായത്തിനിടയിൽ കാര്യമായ രോഷങ്ങൾക്കും ആകുലതകൾക്കും വഴിവെക്കുന്നുണ്ട്. പക്ഷേ, നിരാശപ്പെടുകയോ ചകിതരാവുകയോ അരുത്. ഈ വെല്ലുവിളികളെ മറികടക്കാൻ നിശ്ചയദാർഢ്യത്തോടെ, ആർജവത്തോടെ പ്രവർത്തനങ്ങൾ തുടരുകയാണ് കാലഘട്ടത്തിന്റെ ആവശ്യം.
1857ലെ ഒന്നാം സ്വാതന്ത്ര്യപ്പോരാട്ടത്തിലും ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്തും വിഭജനവേളയിലുമെല്ലാമായി ഇതിനുമുമ്പും ഒട്ടനവധി പരീക്ഷണകാലങ്ങളിലൂടെ കടന്നുപോയിട്ടുണ്ട് നമ്മൾ. ദൈവാനുഗ്രഹത്താൽ ആ വെല്ലുവിളികളെയെല്ലാം നേരിടാനും അതിജീവിക്കാനുമായി. ഇസ്ലാമിക അധ്യാപനങ്ങളിലും മഹിതതത്ത്വങ്ങളിലും വേരൂന്നിയതാണ് തങ്ങളുടെ ശക്തിയെന്ന് മുസ് ലിംകൾ തിരിച്ചറിയണം. സമൂഹത്തിലെ ചൂഷണങ്ങൾക്കും അടിച്ചമർത്തലുകൾക്കുമെതിരായ കവചമായി നിലകൊള്ളുന്നതുകൊണ്ടുതന്നെ മുസ്ലിംകൾ ഉന്നംവെക്കപ്പെടും, പരീക്ഷണങ്ങൾക്കും ക്ലേശങ്ങൾക്കും വിധേയരാവുകയും ചെയ്യും. പൊടുന്നനെ പരിഹാരം കണ്ടെത്താൻ കഴിയുന്നവയല്ല രാജ്യവും ന്യൂനപക്ഷങ്ങളും കടന്നുപോകുന്ന വെല്ലുവിളികളെന്ന് മനസ്സിലാക്കിയേ തീരൂ. ഈ കാലയളവിലേക്ക് ആറിന നിർദേശങ്ങൾ സമുദായത്തിനു മുന്നിൽ വെക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
- രാജ്യത്തെ സഹപൗരജനങ്ങളുമായുള്ള ബന്ധം സുദൃഢമാക്കുക. മുസ്ലിംകളെയും ഇസ്ലാമിനെയും സംബന്ധിച്ച് പരക്കുന്ന തെറ്റിദ്ധാരണകൾ നീക്കി യഥാർഥ ചിത്രം പകർന്നുനൽകുക.
- സമുദായത്തിന്റെ അവസ്ഥ മെച്ചപ്പെടുത്താൻ പരിശ്രമിക്കുക. വിദ്യാഭ്യാസം, സാമ്പത്തികാവസ്ഥ എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ദൗർബല്യങ്ങൾ ഇല്ലാതാക്കാൻ പരിശ്രമിക്കുകയും ചെയ്യുക. പരമപ്രധാനമായി, സ്വഭാവത്തിലെ ധാർമിക ഗുണങ്ങളും വിശ്വാസദാർഢ്യവും മുറുകെപ്പിടിക്കുക.
- ഉത്തമ സമുദായത്തിന്റെ ഭാഗധേയം നിർവഹിക്കുക.
- അടിച്ചമർത്തപ്പെടുന്ന, ദുർബലരായ മനുഷ്യർക്ക് നീതി ഉറപ്പാക്കാൻ ജാതിയോ മതമോ സമുദായമോ നോക്കാതെ മുന്നോട്ടുവരുക. തികഞ്ഞ സമാധാനമാർഗത്തിൽത്തന്നെ എല്ലാവിധ അനീതികളെയും മുസ്ലിംകൾ എതിർക്കുകയും ചെറുക്കുകയും ചെയ്യും.
- സമൂഹമാധ്യമങ്ങളെ നൈരാശ്യവും ഇച്ഛാഭംഗവും പ്രകടിപ്പിക്കുന്നതിനുള്ള വേദിയാക്കാതെ സർഗാത്മകവും ക്രിയാത്മകവുമായ രീതിയിൽ ഉപയോഗിക്കുക. ജനങ്ങൾ നേരിടുന്ന യഥാർഥ പ്രശ്നങ്ങളെക്കുറിച്ച് രാജ്യത്തെ ഉണർത്താനും ഇസ്ലാമിനെക്കുറിച്ച് അവബോധം വളർത്താനും സമുദായത്തിന് ആത്മബലം പകരാനുമാവട്ടെ സമൂഹമാധ്യമ ഉപയോഗം.
- വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് രാജ്യത്തെ സംബന്ധിച്ചിടത്തോളം അതിനിർണായകമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ആളുകളെല്ലാം ഭാഗഭാക്കാവുന്നുവെന്നും ഉത്തരവാദിത്തം കൃത്യമായി നിർവഹിക്കുന്നുവെന്നും ഉറപ്പാക്കണം, സമാധാനം കാംക്ഷിക്കുന്ന, നീതിയുടെ പക്ഷത്ത് നിൽക്കുന്നവർക്കാവണം മുസ്ലിംകളുടെ പിന്തുണ. പ്രതിസന്ധികൾ നിറഞ്ഞ ഈ കാലത്തെ ഒരു പുതിയ യുഗത്തിന്റെ ഉദയമാക്കി മാറ്റുക, ഉള്ളിലുയരുന്ന ദേഷ്യത്തെയും മോഹഭംഗങ്ങളെയും സൃഷ്ടിപരമായ ഊർജമായി പരിവർത്തിപ്പിക്കുക. തീർച്ചയായും നല്ലൊരു കാലം വരുകതന്നെ ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.