അനാഥരാക്കരുത് ആ പ്രിയ ജീവിതങ്ങളെ
text_fieldsനമ്മുടെ നാട്ടിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒരു സാമൂഹിക പ്രതിഭാസമാണ് ജീവിത സായാഹ്നങ്ങളിൽ സ്വന്തം ഇടങ്ങളിൽതന്നെ അനാഥരും ഏകാന്തരുമായിപ്പോകുന്ന മനുഷ്യർ. പ്രായത്തിന്റെ ആധികൾ പേറുന്ന ഒരു വയോധികൻ, ഒപ്പം സമാനമായ അസുഖങ്ങളെല്ലാമുള്ള സഹധർമിണി. അവർക്ക് കൂട്ടായി കൂടിപ്പോയാൽ ഒരു വളർത്തുമൃഗവും. വിദേശകുടിയേറ്റം വ്യാപകമായ കേരളത്തിന്റെ പല പ്രദേശങ്ങളിലും ഇത്തരം ഒറ്റപ്പെട്ട ജീവിതങ്ങളെ ഏറെ കാണാനാകും.
വിദേശരാജ്യങ്ങളിലേക്ക് ജോലി ആവശ്യാർഥം കുടിയേറുകയും പൗരത്വം സ്വീകരിച്ച് സകുടുംബം അവിടെത്തന്നെ സ്ഥിരതാമസമാക്കുകയും ചെയ്യുന്ന പുതുതലമുറ മലയാളികളുടെ എണ്ണം അനുദിനം വർധിക്കുകയാണ്. രക്ഷിതാക്കളെക്കൂടി വിദേശത്തേക്ക് ക്ഷണിക്കുന്നവരാണ് പല മക്കളുമെങ്കിലും പിറന്ന മണ്ണും ജനിച്ചുവളർന്ന വീടും അധ്വാനിച്ചുണ്ടാക്കിയ പറമ്പും നട്ടുനനച്ചുണ്ടാക്കിയ കൃഷിയുമെല്ലാം ഉപേക്ഷിച്ച് പോകാൻ അവരിൽ മിക്കവരും ഒരുക്കമല്ല.
ഫലത്തിൽ മക്കളും കൊച്ചുമക്കളുമെല്ലാമൊഴിഞ്ഞ വീട്ടിൽ ഗൃഹനാഥനും ഗൃഹനാഥയും ഏകാന്തപഥികരായി കഴിയേണ്ടിവരുന്നു. ഇങ്ങനെയുള്ളവരെ സന്ദർശിക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്യേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണെന്നാണെന്റെ വിശ്വാസം. അത്തരമൊരു വീട്ടിൽ അടുത്തിടെ പോകാനിടയായി. ആ ഗൃഹനാഥന്റെ വിദേശത്തുള്ള മക്കളെ എനിക്ക് പരിചയമുണ്ട്.
ഏകദേശം ഒരേക്കറുള്ള തോട്ടത്തിന്റെ ഒത്ത നടുവിലാണ് ആ വീട്. മുറ്റത്ത് വാഹനമെത്തിയപ്പോഴേക്കും വളർത്തുനായ് കുരച്ചു ചാടി. അതിനെ പിടിച്ചുനിർത്താനായി പ്രായാധിക്യം വകവെക്കാതെ ആ ഗൃഹനാഥൻ ഓടിവന്നു. സ്നേഹപൂർവം എന്നെ സ്വീകരിച്ച് അകത്തേക്കിരുത്തി. സുഖവിവരങ്ങൾ അന്വേഷിക്കുന്നതിനൊപ്പം വിദേശത്തുള്ള മക്കളെക്കുറിച്ചും ഞാൻ ഇരുവരോടും തിരക്കി. ‘‘അവരൊക്കെ സുഖമായിരിക്കുന്നു, ഇടക്ക് വിളിക്കാറുണ്ട്’’ -ഒറ്റവരിയിൽ നിസ്സംഗമായ മറുപടിയാണ് ലഭിച്ചത്.
ആ മാതാപിതാക്കളുടെ മുഖഭാവങ്ങളിലും ശരീരഭാഷയിലും കടുത്ത നിരാശയും അതിലേറെ കനംതൂങ്ങുന്ന ദുഃഖവും വായിച്ചെടുക്കാൻ കഴിയുമായിരുന്നു. വിഷയം മാറ്റാനായി ഞാൻ പൊതുകാര്യങ്ങൾ എടുത്തിട്ട് സംസാരം വഴിതിരിച്ചു. പക്ഷേ, താനനുഭവിക്കുന്ന നീറുന്ന ഏകാന്തതയെക്കുറിച്ച് മനസ്സുതുറന്ന് ആ പിതാവ് പറഞ്ഞു - ‘‘ഈ പറമ്പിലൂടെ കൃഷിയും മറ്റും നോക്കി ഞങ്ങളിങ്ങനെ കുറെ നടക്കും.
വല്ലപ്പോഴും പുറത്തു പോകാൻ ടാക്സി വിളിക്കും. പിന്നെ ഞങ്ങൾക്ക് ആകെയുള്ള കൂട്ട് ഇവനാണ്.’’ വളർത്തുനായെ അയാൾ ചേർത്തുപിടിച്ചു. ‘‘വൈകീട്ട് അൽപം ടി.വി കാണും. വേദഗ്രന്ഥം വായിക്കും. ചിലപ്പോൾ മക്കൾ വിഡിയോ കാളിൽ വരും. അതുകഴിഞ്ഞ് അത്താഴവും കഴിച്ച് വേഗം കിടക്കും.’’
കള്ളന്മാരെ പേടിയുണ്ടോ എന്ന ചോദ്യത്തിന് ഒരു ചിരിയായിരുന്നു മറുപടി. ‘‘കള്ളന്മാർ വരുകയാണെങ്കിൽ വന്നോട്ടെ, ഞങ്ങൾ രണ്ട് പുരാവസ്തുക്കളല്ലാതെ ഇവിടെ വിലപിടിച്ച മുതലുകളൊന്നുമില്ല. ഞങ്ങൾ ഉറങ്ങാൻ കിടക്കുംമുമ്പ് വന്നാൽ ഒരു ചായ കൊടുക്കാം, അൽപം സംസാരിച്ചിരിക്കാം’’ -ചിരിച്ചുകൊണ്ടാണ് അദ്ദേഹമിത് പറഞ്ഞതെങ്കിലും മനസ്സിനുള്ളിലെ വിങ്ങൽ പ്രകടമായിരുന്നു.
‘‘മക്കളെല്ലാം നല്ല നിലയിലാണല്ലോ. അവരുടെ കൂടെ പോകരുതോ’’ -ഞാൻ വെറുതെ ഒരു ചോദ്യമെറിഞ്ഞു. ‘‘ഇല്ല, ഈ നാട് വിട്ടെങ്ങോട്ടുമില്ല. ഇവിടെവെച്ചുതന്നെ കണ്ണടക്കണമെന്നാണ് ആഗ്രഹം. ഇവിടെയുള്ള ശ്മശാനത്തിൽതന്നെ, ഞങ്ങളുടെ ഉറ്റവർക്കും ഉടയവർക്കുമൊപ്പം അന്തിയുറങ്ങണം. പണവും പ്രതാപവുമെല്ലാം മക്കൾ നേടിക്കൊള്ളട്ടെ. അതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ. അതിന്റെ ഒരു പങ്കും ഞങ്ങൾക്കു വേണ്ട, അതിന്റെ കാര്യവുമില്ല.’’
ഒന്നു നിർത്തി അൽപനേരത്തെ നിശ്ശബ്ദതക്കു ശേഷം അദ്ദേഹം തുടർന്നു: ‘‘ഒരുദിവസം ഞാനും നിങ്ങളുമെല്ലാം ഈ ലോകത്തോട് വിടപറയും. അതുവരെ ജീവിതം എങ്ങനെയെങ്കിലും തള്ളിക്കൊണ്ടു പോകണം.’’വല്ലാത്ത ശൂന്യത ഇരു മനസ്സുകളെയും വലയംചെയ്തതായി എനിക്ക് തോന്നി. ആരാലും പരിഗണിക്കപ്പെടാതെ, സ്നേഹസ്പർശവും കരുതലുമില്ലാതെ അവർ ഏകാന്തതയുടെ കൂരിരുളിൽ കഴിയുന്നു.
ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും അവർക്കുണ്ടായിരുന്നു. അതെല്ലാം വറ്റിവരണ്ടിരിക്കുന്നു. ഇരുവർക്കും സ്നേഹാശംസകൾ നേർന്ന് ഞാൻ അവിടെനിന്നിറങ്ങി. മടങ്ങവെ അദ്ദേഹം വിളിച്ചുപറഞ്ഞു: ‘‘ഇടക്കിടെ ഞങ്ങളെ തിരക്കി വരണേ, ഇങ്ങനെ ആരും ഇവിടെ വരാറില്ല. മോൻ വന്നത് വലിയ സന്തോഷമായി.’’ ആ രംഗം ദിവസങ്ങളോളം എന്റെ മനസ്സിൽ മായാതെ നിലകൊണ്ടു.
ഇതുപോലെ എത്രയോ മാതാപിതാക്കൾ ജീവിതത്തിന്റെ മധ്യയാമങ്ങളിലും സായാഹ്നങ്ങളിലും മക്കളുടെ കൂട്ടും തണലുമില്ലാതെ ഒറ്റപ്പെട്ട് കഴിയുന്നു. കൃഷിയും സ്വത്തും ജോലിയുമടക്കം എല്ലാമുണ്ടായിട്ടും ജീവിതത്തിൽ ഒറ്റപ്പെട്ടുപോകുന്ന എത്രയോ ജീവിതായുസ്സുകൾ! അവരിൽ മിക്കവരും ആഗ്രഹിക്കുന്നത് മക്കളുടെ പണമല്ല; അവരുടെ സാന്നിധ്യമാണ്.
മറുനാടുകളിൽ എത്ര തിരക്കുപിടിച്ച ജീവിതമാണെങ്കിലും കൃത്യമായ ഇടവേളകളിൽ മാതാപിതാക്കളെ തേടിയെത്താൻ, ഒന്ന് ചേർത്തുപിടിക്കാൻ മക്കൾക്ക് സാധിക്കണം. അതിനെക്കാൾ സന്തോഷം പകരുന്ന, വിലപിടിപ്പുള്ള സമ്മാനം മറ്റൊന്നുണ്ടാവില്ല നമ്മുടെ മാതാപിതാക്കൾക്ക്. ഇങ്ങനെ ഏകാന്തരായി പോകുന്നവർക്കായി സമൂഹത്തിനും പലതും ചെയ്യാനാകും.
ഇന്നലെകളിൽ സമൂഹത്തിന് വലിയ സംഭാവന അർപ്പിച്ച മനുഷ്യരാണ് അവരെല്ലാം. ആ കഴിവും ശേഷിയും നൈപുണിയും ഇന്നും അവരിലുണ്ട്. ആ ക്രിയാശേഷി ഉപയോഗപ്പെടുത്താൻ ശ്രമങ്ങൾ ഉണ്ടാവേണ്ടതല്ലേ? രണ്ടുതരത്തിലുള്ള ഗുണമാണ് അതിലൂടെ സാധ്യമാവുക. ഒന്ന്, പ്രയോജനരഹിതമായിപ്പോകുന്ന അതിവിപുലമായ മാനവവിഭവശേഷിയെ സമൂഹനന്മക്കായി ഉപയോഗപ്പെടുത്താൻ സാധിക്കുന്നു, രണ്ട്, ഏകാന്തതയിൽനിന്ന് ഒരുപാട് മനുഷ്യരെ മോചിപ്പിച്ച് ജീവിതത്തിന്റെ പച്ചപ്പിലേക്ക് വഴിനടത്താൻ സാധിക്കുന്നു.
ഒരു അജ്ഞാത പഴമൊഴിയിങ്ങനെ:
നിങ്ങളുടെ മാതാപിതാക്കളോടൊപ്പം സമയം ചെലവഴിക്കുന്നത് അൽപം കടുത്ത ശ്രമമായി തോന്നുന്നുവെങ്കിൽ ഓർക്കുക, ഒരുനാൾ നിങ്ങൾക്ക് നീക്കിയിരിപ്പായുണ്ടാവുക ആ ഓർമകൾ മാത്രമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.