ഡോ. കെ.എസ്. മണിലാൽ: സസ്യസമ്പത്തിനായി സമർപ്പിച്ച ജീവിതം
text_fieldsപരിഭാഷപ്പെടുത്തുക മാത്രമല്ല, 27 വർഷം നീണ്ട പ്രയത്നം കൊണ്ട് പുസ്തകത്തിൽ പ്രതിപാദിക്കുന്ന 742ൽ ഒന്നൊഴികെ മുഴുവൻ ചെടികളെയും കേരളത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് കണ്ടെത്തി ഉണക്കി ഹെർബറിയത്തിൽ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട് മണിലാലും കൂട്ടരും സസ്യ സമ്പത്തിനെക്കുറിച്ചുള്ള പഠനത്തിനായി ജീവിതം സമർപ്പിച്ച ഡോ. കെ.എസ്. മണിലാലിന്റെ ഗവേഷണ വഴികൾ കല്ലും മുള്ളും നിറഞ്ഞതായിരുന്നു. ഉപാസന പോലെ ഏറ്റെടുത്ത ആ ചുമതല കഠിനാധ്വാനം നിറഞ്ഞ വഴികളിലൂടെയാണ് അദ്ദേഹം പൂർത്തിയാക്കിയത്. 1973ൽ സൈലൻറ് വാലി പദ്ധതിക്ക്...
പരിഭാഷപ്പെടുത്തുക മാത്രമല്ല, 27 വർഷം നീണ്ട പ്രയത്നം കൊണ്ട് പുസ്തകത്തിൽ പ്രതിപാദിക്കുന്ന 742ൽ ഒന്നൊഴികെ മുഴുവൻ ചെടികളെയും കേരളത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് കണ്ടെത്തി ഉണക്കി ഹെർബറിയത്തിൽ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട് മണിലാലും കൂട്ടരും
സസ്യ സമ്പത്തിനെക്കുറിച്ചുള്ള പഠനത്തിനായി ജീവിതം സമർപ്പിച്ച ഡോ. കെ.എസ്. മണിലാലിന്റെ ഗവേഷണ വഴികൾ കല്ലും മുള്ളും നിറഞ്ഞതായിരുന്നു. ഉപാസന പോലെ ഏറ്റെടുത്ത ആ ചുമതല കഠിനാധ്വാനം നിറഞ്ഞ വഴികളിലൂടെയാണ് അദ്ദേഹം പൂർത്തിയാക്കിയത്. 1973ൽ സൈലൻറ് വാലി പദ്ധതിക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടാണ് ആ മേഖലയിലെ പുഷ്പിതസസ്യങ്ങളെക്കുറിച്ച് പഠനം നടത്താൻ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് കാലിക്കറ്റ് സർവകലാശാലയിലെ അധ്യാപകനായ പ്രഫ. കെ.എസ്. മണിലാലിന് അനുമതി നൽകിയത്. നാലുവർഷത്തോളം നിബിഡവനത്തിൽ വിഷസർപ്പങ്ങളെയും വന്യമൃഗങ്ങളെയും കനത്ത മഴയെയും കൂസാതെ നടത്തിയ പഠനത്തിലെ കണ്ടെത്തലുകളാണ് മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി സൈലൻറ് വാലി പദ്ധതിക്ക് അനുമതി നിഷേധിക്കാൻ പ്രധാന കാരണമായത്. അറിയപ്പെടുന്ന സസ്യശാസ്ത്രജ്ഞൻ, ദീർഘദർശിയായ അധ്യാപകൻ, ഇന്ത്യയിൽ സസ്യവർഗീകരണ ശാസ്ത്രത്തിന് പുതിയ മാനം നൽകിയ വ്യക്തി, സസ്യവർഗീകരണ ജേണലായ ‘റീഡിയ’യുടെ ചീഫ് എഡിറ്റർ, 200 ലേറെ പ്രബന്ധങ്ങളുടെയും 15 പുസ്തകങ്ങളുടെയും രചയിതാവ്-രാജ്യം പത്മശ്രീ നൽകി ആദരിച്ച പ്രഫ. കെ.എസ്. മണിലാലിനെ വേറിട്ട് നിർത്തുന്നത്, പക്ഷേ ഈ നേട്ടങ്ങളൊന്നുമല്ല. കേരളീയരുടെ പരമ്പരാഗത വൈദ്യവിജ്ഞാനത്തിന്റെ അമൂല്യഖനിയായ ‘ഹോർത്തൂസ് മലബാറിക്കസ്’ ഇംഗ്ലീഷിലേക്കും തുടർന്ന് മലയാളത്തിലേക്കും പരിഭാഷപ്പെടുത്തി സാധാരണക്കാർക്ക് പ്രാപ്യമായ രീതിയിലാക്കിയെന്നതാണ്.
കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച്, 17ാം നൂറ്റാണ്ടിൽ കൊച്ചിയിൽ ഡച്ച് ഗവർണറായിരുന്ന ഹെൻറിക് ആഡ്രിയാൻ വാൻറീഡിന്റെ മേൽനോട്ടത്തിലാണ് ഹോർത്തൂസ് മലബാറിക്കസ് എഴുതപ്പെടുന്നത്. 12 വാള്യങ്ങളായി 1678 മുതൽ 1693 വരെയുള്ള കാലഘട്ടത്തിൽ ആംസ്റ്റർഡാമിൽനിന്ന് പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകത്തിൽ നമ്മുടെ നാട്ടിലെ 742 സസ്യങ്ങളെക്കുറിച്ചുള്ള സചിത്ര വിവരണങ്ങൾ, ഔഷധോപയോഗങ്ങൾ, ചികിത്സാവിധികൾ എന്നിവയാണുള്ളത്. മലയാളി വൈദ്യന്മാർ പറഞ്ഞുകൊടുത്ത വിവരങ്ങൾ പോർചുഗീസ് ഭാഷയിൽ എഴുതിയെടുക്കുകയും പിന്നീട് ഡച്ചിലേക്ക് മൊഴിമാറ്റുകയുമായിരുന്നു. തുടർന്ന് ഡച്ചിൽ നിന്ന് ലാറ്റിൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി.
ലാറ്റിൻ ഭാഷയിൽ പ്രസിദ്ധീകരിച്ച കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയാണ് മണിലാൽ നിർവഹിച്ചത്. ഇത് 2003ൽ കേരള സർവകലാശാല പ്രസിദ്ധീകരിച്ചു. തുടർന്ന് ഇംഗ്ലീഷിൽ നിന്ന് മണിലാൽ മലയാളത്തിലേക്ക് ചെയ്ത പുസ്തകം 2008ൽ പ്രസിദ്ധീകരിക്കപ്പെട്ടു. പ്രഫ. മണിലാലിന്റെ ഭാഷയിൽ പറഞ്ഞാൽ ‘‘ഈ മലയാള പതിപ്പിന്റെ പ്രസിദ്ധീകരണം കൊണ്ട് ഒരു വൃത്തം പൂർത്തിയാക്കപ്പെടുകയാണ്. മലയാളം - പോർചുഗീസ്- ഡച്ച്- ലാറ്റിൻ- ഇംഗ്ലീഷ്- മലയാളം എന്ന വൃത്തം പൂർണമാകാൻ 330 വർഷം വേണ്ടിവന്നിരിക്കുന്നു’’.
മലയാളവും ലാറ്റിനും ഒരുപാട് മാറ്റങ്ങൾക്ക് വിധേയമായിരുന്നു മൂന്ന് നൂറ്റാണ്ടുകൾക്കുള്ളിൽ. പല സന്ദർഭങ്ങളിലും പരിഭാഷ വെല്ലുവിളിയുയർത്തി. ലാറ്റിൻ വശമില്ലാത്ത മണിലാൽ, നിരവധി വൈദികരുടെ സഹായത്തോടെ തർജമ നിർവഹിക്കാൻ 12 വർഷത്തോളം വാരാന്ത്യങ്ങളിൽ തേഞ്ഞിപ്പലത്തുനിന്ന് കൊച്ചിയിലേക്ക് ബസ് യാത്ര ചെയ്യുമായിരുന്നു. അധ്യാപക ജോലിയുടെ ഇടവേളകളിലാണ് അദ്ദേഹം ഹോർത്തൂസിനുവേണ്ടി സമയം ചെലവഴിച്ചിരുന്നതെന്നോർക്കണം.
1958ൽ വിദ്യാർഥിയായിരിക്കെ ഡറാഡൂണിലെ വനഗവേഷണ ലൈബ്രറിയിൽനിന്ന് ആദ്യമായി ഹോർത്തൂസ് മലബാറിക്കസ് ലാറ്റിൻ പതിപ്പ് വായിക്കുന്നതുമുതൽ 2008ൽ അതിന്റെ മലയാളം പതിപ്പ് പ്രസിദ്ധീകൃതമാകുന്നതുവരെ, നീണ്ട അമ്പത് വർഷത്തെ പ്രയത്നമാണ് അദ്ദേഹം നടത്തിയത്.
പരിഭാഷപ്പെടുത്തുക മാത്രമല്ല, 27 വർഷം നീണ്ട പ്രയത്നം കൊണ്ട് പുസ്തകത്തിൽ പ്രതിപാദിക്കുന്ന 742ൽ ഒന്നൊഴികെ മുഴുവൻ ചെടികളെയും കേരളത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് കണ്ടെത്തി ഉണക്കി ഹെർബറിയത്തിൽ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട് മണിലാലും കൂട്ടരും.
‘‘എഴുതുന്നെങ്കിൽ ഹോർത്തൂസ് പോലൊരു പുസ്തകമെഴുതണമെന്ന’’ അമ്മയുടെ അഭിപ്രായവും അച്ഛന്റെ പത്രശേഖരണത്തിലെ ഹോർത്തൂസിനെക്കുറിച്ചുള്ള ക്ലിപ്പിങ്ങുകളും അദ്ദേഹത്തെ പരോക്ഷമായി ഈ ഉദ്യമത്തിന് പ്രാപ്തനാക്കിയിരിക്കണം.
ഈ പുസ്തകം ലഭ്യമല്ലാതിരുന്ന കാലത്ത്, കോയമ്പത്തൂരിലെ സർവകലാശാലയിൽനിന്ന് പുസ്തകത്തിന്റെ പേജുകളുടെ 5000 സ്നാപ്പുകൾ എടുക്കാൻ 25,000 രൂപ ചെലവാക്കിയ വ്യക്തിയാണ് മണിലാൽ. അന്ന് അഞ്ചേക്കർ നിലം വാങ്ങാൻ ഉതകുമായിരുന്നു ആ തുക. ബ്രിട്ടൻ, അമേരിക്ക, നെതർലൻഡ്, റഷ്യ എന്നീ രാജ്യങ്ങളിൽ വിവരശേഖരണങ്ങൾക്കും വ്യക്തതക്കുമായി യാത്രചെയ്തു അദ്ദേഹം. വാൻ റീഡിന്റെ ഭൗതികശരീരം അടക്കം ചെയ്ത സൂറത്തിലെ മുസ്സോളിയം സന്ദർശിച്ച് ചിത്രങ്ങളെടുത്ത് ഡച്ച് എംബസിക്ക് വിശദാംശങ്ങൾക്കായി അയക്കുകവഴി, വിസ്മൃതിയിലാണ്ട ഒരധ്യായമാണ് പൊടിതട്ടിയെടുത്തത്.
എന്നാൽ, അരനൂറ്റാണ്ടിന്റെ അക്ഷീണ പ്രയത്നം തട്ടിൽ വെച്ച് തൂക്കിനോക്കാതെ, വായനക്കാരിലെത്തിക്കാൻ ആത്മാർഥമായി ആഗ്രഹിച്ച അദ്ദേഹത്തിന് അവഗണനയും അവഹേളനവും മാത്രമേ ജന്മനാട് സമ്മാനിച്ചിട്ടുള്ളൂ. മലയാളികൾക്ക് എത്രപേർക്ക് ഇദ്ദേഹത്തെ അറിയാമെന്നതും ഒരു ചോദ്യമാണ്.
2011ൽ ഡച്ച് അംബാസഡർ മണിലാലിനെ കോഴിക്കോട്ടെ വസതിയിൽ സന്ദർശിച്ചു, ബഹുമതിപത്രം നൽകി ആദരിച്ചു. 2012 ൽ, ‘ഓഫിസർ ഓഫ് ദി ഓർഡർ ഓറഞ്ച്’ പുരസ്കാരം നെതർലൻഡ്സ് രാജ്ഞി പ്രത്യേക ദൂതൻ മുഖേന അയച്ച് കോഴിക്കോട്ടെ ചടങ്ങിൽ ആദരിക്കുകയുണ്ടായി. ഏറെ വൈകിയാണെങ്കിലും മണിലാലിന്റെ പ്രതിഭയും പരിശ്രമവും പത്മശ്രീയിലൂടെ അംഗീകരിക്കപ്പെട്ടു. ആ പ്രയത്നത്തിന്റെ പ്രാധാന്യമറിഞ്ഞ് പിന്തുണയേകിയ പത്നി ജ്യോത്സ്ന, മകൾ അനിത, കുടുംബാംഗങ്ങൾ എന്നിവരുടെ പങ്കും പറയാതെ വയ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.