കോവിഡ് യുദ്ധത്തിൽ ലക്ഷ്യം ഇനിയും അകലെയാണ്
text_fieldsലോകമാകെ കോവിഡ് കേസുകൾ വർധിക്കുകയും ആശുപത്രികൾ നിറഞ്ഞു കവിയുകയും സാമ്പത്തിക മേഖലയാകെ പ്രതിസന്ധി പടരുകയും ചെയ്യുന്നതിനിടക്കാണ് രണ്ട് നല്ല വാർത്തകൾ നമ്മെ തേടിയെത്തിയത്. രണ്ട് അമേരിക്കൻ കമ്പനികൾ വികസിപ്പിച്ച കോവിഡ് വാക്സിനുകൾ പ്രവർത്തനക്ഷമമാണെന്ന് ഏറെക്കുറെ തെളിയിക്കപ്പെട്ടിരിക്കുന്നു. ഇൗ പ്രതിസന്ധി കാലത്ത് വളരെയധികം പ്രതീക്ഷ നൽകുന്ന വാർത്തയായിരുന്നു അത്.
ജർമൻ കമ്പനിയായ ബയോൺടെക്കിെൻറ പങ്കാളിയായ അമേരിക്കൻ കമ്പനി ൈഫസറാണ് നവംബർ ഒമ്പതിന് ആദ്യ പ്രഖ്യാപനം നടത്തിയത്. തങ്ങൾ വികസിപ്പിച്ച വാക്സിൻ 90 ശതമാനത്തിലധികം പ്രവർത്തനക്ഷമത തെളിയിച്ചിരിക്കുന്നു എന്നായിരുന്നു ഫൈസർ അറിയിച്ചത്. നവംബർ 16 ന് അമേരിക്കൻ കമ്പനി തന്നെയായ മൊഡേണയും 94.5 ശതമാനം പ്രവർത്തനക്ഷമതയുള്ള വാക്സിൻ വികസിപ്പിച്ചതായി പ്രഖ്യാപ ിച്ചു.
വാക്സിനുകളുടെ പ്രവർത്തനക്ഷമതയെന്നാൽ...
വാക്സിനുകൾക്ക് ചുരുങ്ങിയത് 50 ശതമാനം പ്രവർത്തനക്ഷമതയാണ് അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിൻസ്ട്രേഷൻ മാനദണ്ഡമായി നിശ്ചയിച്ചിട്ടുള്ളത്. കോവിഡ് വാക്സിൻ 90 ശതമാനത്തിലധികം പ്രവർത്തനക്ഷമമാണെന്ന് കമ്പനികൾ അവകാശപ്പെടുേമ്പാൾ അത് ഏറെ സുരക്ഷിതവും ഫലസാധ്യതയുള്ളതും ആണെന്ന് കരുതാം.
ലോകമാകെ നിലവിൽ 150 ൽ അധികം കോവിഡ് വാക്സിനുകൾ വ്യത്യസ്ത പരീക്ഷണഘട്ടങ്ങളിലാണ്. അതിൽ 11 എണ്ണം മൂന്നാം ഘട്ട പരീക്ഷണത്തിലെത്തിയിരിക്കുന്നു. മൊഡേണ, ഫൈസറും ബയോൺടെക്കും, ജോൺസൺ ആൻറ് ജോൺസൺ, ഇന്ത്യയുടെ ഭാരത് ബയോടെക്കും െഎ.സി.എം.ആറും, ചൈനയുടെ സിനോഫാമും കാൻസിനോയും, ബ്രിട്ടെൻറ നോവാവാക്സ് തുടങ്ങിയ കമ്പനികളുടെ വാക്സിനുകൾ അവസാനഘട്ടത്തിലാണ്.
റഷ്യയുടെ വാക്സിനുകളായ സ്പുട്നികും എപിവാക്കൊറോണയും നിലവിൽ കോവിഡിന് നൽകുന്നുണ്ട്. എന്നാൽ, റഷ്യയുടെ വാക്സിനുകളുടെ സുരക്ഷിതത്വം, പ്രവർത്തനക്ഷമത എന്നിവ സംബന്ധിച്ചെല്ലാം വിദഗ്ധർ സംശയങ്ങൾ ഉന്നയിക്കുന്നുണ്ട്.
വാക്സിൻ എന്നാൽ...
ശരീരത്തിെൻറ സ്വാഭാവിക പ്രതിരോധ ശേഷിയെ ഒരു പ്രത്യേക അണുബാധക്കെതിരെ പോരാടാൻ പരിശീലിപ്പിക്കുകയാണ് വാക്സിൻ ചെയ്യുന്നത്. ശരീരം ഒരു രോഗത്തിന് വിധേയമാകുമ്പോൾ ചെയ്യുന്നതുപോലെ അണുബാധക്കെതിരായ ആൻറിബോഡികൾ സൃഷ്ടിക്കാൻ രോഗപ്രതിരോധ സംവിധാനത്തെ വാക്സിൻ പരിശീലിപ്പിക്കുന്നു. രോഗാണുക്കളുടെ നശിച്ചതോ ദുർബലമായതോ ആയ രൂപങ്ങൾ മാത്രമാണ് വാക്സിനുകളിൽ അടങ്ങിയിട്ടുള്ളത്. അവ രോഗത്തിന് കാരണമാകില്ല, അല്ലെങ്കിൽ അതിെൻറ സങ്കീർണതകൾക്ക് കാരണമാകില്ല.
വാക്സിനേഷൻ ലഭിച്ച ഒരാൾക്ക് ഭാവിയിൽ അണുബാധയേറ്റാൽ രോഗം ബാധിക്കുന്നതിന് മുമ്പ് ശരീരം അതിെന നശിപ്പിക്കും.
മൊഡേണയുടെയും ഫൈസറിെൻറയും വാക്സിനുകൾ ആർ.എൻ.എ വാക്സിനുകളാണ്. രോഗാണുവിനെ ഉടനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ ശരീരത്തിനെ സഹായിക്കുന്ന തരത്തിൽ ജനിതക ഭാഗം വാക്സിനിൽ ഉൾപ്പെടുത്തുന്ന പുതിയ വിദ്യയാണിത്. കോവിഡ് വൈറസിെൻറ പ്രോട്ടീൻ കൂടുകളെ ശരീരത്തിെൻറ പ്രതിരോധ സംവിധാനം തിരിച്ചറിയുന്നത് ഇൗ വിദ്യയിലൂടെയാണ്.
വാക്സിൻ വികസിപ്പിച്ച ശേഷം അത് രോഗ പ്രതിരോധത്തിനായി ഉപയോഗിക്കുന്നതിെൻറ മുമ്പ് നിരവധി ഘട്ടങ്ങളിലൂടെ കടന്ന് പോകേണ്ടതുണ്ട്. വർഷങ്ങളെടുക്കുന്ന പ്രക്രിയയാണിത്. എന്നാൽ, കോവിഡ് സൃഷ്ടിച്ച അടിയന്തര സാഹചര്യത്തിൽ പല ചട്ടങ്ങളും ഇളവ് ചെയ്താണ് വാക്സിൻ വികസിപ്പിച്ചത്.
പ്രീക്ലിനിക്കൽ, സുരക്ഷാ പരിശോധന, വ്യത്യസ്ത ഘട്ടങ്ങളായുള്ള പ്രർത്തനക്ഷമത പരീക്ഷണം, വിശദമായ ഫല അവലോകനം തുടങ്ങിയ വ്യത്യസ്ത ഘട്ടങ്ങൾ കഴിഞ്ഞ ശേഷമാണ് ഒരു വാക്സിൻ സമൂഹത്തിൽ വിതരണത്തിനെത്തിക്കുന്നത്.
കോവിഡ് വാക്സിനിൽ നമ്മൾ ലക്ഷ്യത്തിലെത്തിയോ?
പല കാരണങ്ങളാലും പുതിയ വാക്സിനുകളെ സംബന്ധിച്ച് എനിക്ക് ഏറെ സംശയങ്ങളുണ്ട്. പൂർണമായും സന്തോഷത്തിനുള്ള വക ആയിട്ടില്ലെന്നാണ് ഞാൻ കരുതുന്നത്. എെൻറ ഉള്ളിലെ ചോദ്യങ്ങൾ ഇവയാണ്:
ഇപ്പോൾ വികസിപ്പിച്ച വാക്സിനുകൾ സുരക്ഷിതമാണോ ?
മൂന്നാം ഘട്ട പരീക്ഷണത്തിലും കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും കോവിഡ് വാക്സിനുകൾ ഉണ്ടാക്കിയിട്ടില്ലെന്നാണ് രണ്ട് കമ്പനികളും പറയുന്നത്. ചെറിയ തളർച്ച, പേശീ വേദന, ഇഞ്ചക്ഷൻ ചെയ്ത സ്ഥലത്തെ വേദന തുടങ്ങിയ െചറിയ പ്രശ്നങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് കമ്പനികൾ പറയുന്നു. എന്നാൽ, പരീക്ഷണത്തിെൻറ ഭാഗമായവർ രണ്ടാംഘട്ട കുത്തിവെപ്പും എടുത്ത ശേഷം രണ്ട് വർഷമെങ്കിലും നിരീക്ഷിച്ച ശേഷമാണ് വാക്സിെൻറ സുരക്ഷ ഉറപ്പുവരുത്താനാകുക.
പരീക്ഷണത്തിന് വിധേയമായവർക്ക് ചില നാഡീ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് ആസ്ട്രസെനിക്കക്ക് മൂന്നാം ഘട്ടത്തിലെത്തിയ വാക്സിൻ പരീക്ഷണം സെപ്റ്റംബറിൽ നിർത്തിവെക്കേണ്ടി വന്നിരുന്നു. പരീക്ഷണത്തിനിടെ ഒരാൾ മരിച്ചതിനെ തുടർന്ന് ചൈനയുടെ സിനോവാകിനും വാക്സിൻ പരീക്ഷണം നിർത്തിവെക്കേണ്ടി വന്നിരുന്നു.
വാക്സിെൻറ സുരക്ഷിതത്വം സംബന്ധിച്ച് രണ്ട് കമ്പനികളുടെയും കൈവശമുള്ള വിവരങ്ങൾ പ്രാഥമികം മാത്രമാണ്. രണ്ടാംഘട്ട കുത്തിവെപ്പെടുത്ത ശേഷമുള്ള എഴാം ദിനം ശേഖരിച്ച വിവരങ്ങളാണത്.
വാക്സിൻ വിതരണം ഇന്ത്യയിൽ എത്രമാത്രം സാധ്യമാകും....
ഇപ്പോൾ വികസിപ്പിച്ച വാക്സിനുകളെല്ലാം ശീതികരിച്ച് സൂക്ഷിക്കേണ്ടവയാണ്. ഫൈസറിെൻറ വാക്സിൻ സാധാരണ ശീതീകരണികളിൽ പോലും സൂക്ഷിക്കാനാകില്ല. പത്ത് ദിവസം വരെ വാക്സിൻ സൂക്ഷിക്കാനാകുന്ന പ്രത്യേക ബാഗുകളിൽ വാക്സിൻ വിതരണം ചെയ്യുമെന്നാണ് ഫൈസർ കമ്പനി പറയുന്നത്. മൊഡേണയുടെ വാക്സിൻ സാധാരണ ശീതികരണികളിൽ 30 ദിവസം വരെ സൂക്ഷിക്കാനാകുമെന്നാണ് കമ്പനി പറയുന്നത്.
ഇൗ രണ്ട് വാക്സിനുകളും ഇന്ത്യൻ സാഹചര്യത്തിൽ വിതരണം സാധ്യമാകുക പ്രയാസമാണ്. ശീതീകരണ സംവിധാനവും വൈദ്യുതി വിതരണവുമുള്ള നഗരങ്ങളിൽ മാത്രമാണ് നമുക്ക് ഇൗ വാക്സിനുകൾ വിതരണം ചെയ്യാനാകുക. നഗരങ്ങൾക്ക് പുറത്തേക്ക് ഇൗ വാക്സിനുകൾ എത്തിക്കാനോ വിതരണം െചയ്യാനോ ഉള്ള സംവിധാനം ഇന്ത്യയിലില്ല. കോവിഡ് നിർമാർജനം സാധ്യമാകാൻ സുശക്തമായ ശീതീകരണ ശൃംഖല തന്നെ നമ്മൾ ഇന്ത്യയിൽ ഉണ്ടാക്കേണ്ടി വരും.
കുട്ടികളിൽ ഇൗ വാക്സിൻ ഉപയോഗിക്കാനാകുമോ?
ഇല്ല എന്നാണ് ഉത്തരം. മുതിർന്നവരിൽ മാത്രമാണ് ഇതുവരെ വാക്സിൻ പരീക്ഷണം നടന്നിട്ടുള്ളത്. കുട്ടികളിൽ ഇതെങ്ങിനെയാണ് പ്രവർത്തിക്കുക എന്ന് നിർണയിക്കപ്പെടാതെ വാക്സിൻ കുട്ടികളിൽ ഉപയോഗിക്കാനാകില്ല.
വാക്സിൻ വിതരണം എപ്പോൾ തുടങ്ങാനാകും ?
വിജയകരമായി വാക്സിൻ വികസിപ്പിച്ചതായി അവകാശപ്പെടുന്ന രണ്ട് കമ്പനികളും ആഴ്ചകൾക്കകം തന്നെ അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി അപേക്ഷിക്കാൻ സാധ്യതയുണ്ട്. അതിനിടയിൽ, വാക്സിെൻറ സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള വിവര ശേഖരണം പുരോഗമിക്കുകയും ചെയ്യും. അസുഖകരമായതൊന്നും സംഭവിക്കാതിരുന്നാൽ അടുത്ത വർഷം ആദ്യത്തോടെ 'ഹൈ റിസ്ക്' വിഭാഗത്തിന് വാക്സിൻ വിതരണം തുടങ്ങാനാകും. കമ്പനികളുടെ വാക്സിൻ ഉൽപാദന ശേഷിയെ കൂടി ആശ്രയിച്ചാണ് ഇത് സാധ്യമാകുക.
കോവിഡിനെതിരായ യുദ്ധം നമ്മൾ ജയിച്ചുവോ ?
ഇൗ യുദ്ധത്തിൽ വാക്സിനുകൾ നമ്മെ എത്ര സഹായിക്കും എന്നത് നിരവധി ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. വാക്സിനുകളുടെ പ്രവർത്തന ശേഷി, വാക്സിൻ ഉൽപാദന ശേഷി, വിതരണത്തിൽ നേരിടുന്ന വെല്ലുവിളികൾ, എത്രപേർക്ക് എത്ര കാലം കൊണ്ട് വാക്സിൻ നൽകാനാകും തുടങ്ങിയ നിരവധി ഘടകങ്ങൾ ഇൗ പോരാട്ടത്തെ സ്വാധീനിക്കും. കോവിഡ് ഒരു ആഗോളമാരിയായി പടർന്നതിനാൽ ആവശ്യമായ വാക്സിെൻറ അളവും വളരെയധികമാണ്.
വാക്സിൻ മറ്റു ചികത്സക്ക് സഹായമാകും
'വാക്സിൻ നമ്മുടെ മറ്റു ആയുധങ്ങളെ സഹായിക്കും, ഒരിക്കലും അവക്ക് പകരമല്ല. ഒരു വാക്സിൻ കൊണ്ട് മാത്രം പകർച്ചവ്യാധിയെ നമുക്ക് തോൽപിക്കാനാകില്ല.' -ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് പറഞ്ഞതാണിത്. പുതിയ സാേങ്കതിക വികസനം വികസ്വര രാജ്യങ്ങൾക്ക് ഉടനെ ലഭ്യമാകില്ല. ഇന്ത്യ പോലുള്ള രാജ്യങ്ങൾ കുറച്ചു കൂടി കാത്തിരിക്കേണ്ടി വരും.
വാക്സിൻ വിതരണത്തിെൻറ ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർ, വയോജനങ്ങൾ തുടങ്ങിയ 'ഹൈ റിസ്ക്' വിഭാഗത്തിനാണ് മുൻഗണന ലഭിക്കുക. എല്ലാവർക്കും പ്രതിരോധ വാക്സിൻ ലഭിക്കാൻ വർഷങ്ങൾ തന്നെ വേണ്ടി വരും. വരും മാസങ്ങളിലൊന്നും രോഗത്തിെൻറ പിടിയിൽ നിന്ന് നമ്മെ രക്ഷിക്കാൻ വാക്സിനാകില്ല. സർക്കാർ കൂടുതൽ കരുതലും ജാഗ്രതയും പുലർത്തിയില്ലെങ്കിൽ ഇനിയും കുറെ ജീവനുകൾ കോവിഡ് കവരും.
കോവിഡ് പരിശോധന വർധിപ്പിക്കുക, രോഗികളുടെ സമ്പർക്ക പട്ടിക തയാറാക്കുക, രോഗ സാധ്യതയുള്ളവർക്ക് സാമൂഹിക സമ്പർക്കം വിലക്കുക തുടങ്ങിയ നടപടികൾ ഇനിയും തുടരണം. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, കൈകൾ ഇടക്കിടെ അണുവിമുക്തമാക്കുക തുടങ്ങിയ മുൻകരുതലുകളിലൂടെ മാത്രമാണ് ഒരു പരിധിവരെയെങ്കിലും കോവിഡിെൻറ തേരോട്ടത്തെ പിടിച്ചു നിർത്താനാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.