ബഹുജൻ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കും മന്ത്രിയുടെ കള്ളവും
text_fieldsഹിന്ദുത്വം ഭരണമേറ്റെടുത്തതിൽപിന്നെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാവിവത്കരണവും നവ ഹൈന്ദവവത്കരണവും ശക്തിപ്പെട്ടതാണ്. പാഠ്യപദ്ധതികളിലും സിലബസിലും മാറ്റം വരുത്താനും അക്കാദമിക് ഫാക്കൽറ്റികളിലും വി.സി, പി.വി.സി, രജിസ്ട്രാർ മുതലായ അധികാര സ്ഥാനങ്ങളിലും കടുത്ത ഹിന്ദുത്വ പക്ഷപാതികളെ നിയമിക്കാനും ഭരണകൂടം സർവസന്നാഹവും നടത്തുന്നുണ്ട്
അമേരിക്കൻ എഴുത്തുകാരനും സംഗീതജ്ഞനും ചലച്ചിത്ര പ്രവർത്തകനുമായിരുന്നു അമിരി ബറാക്ക (ലിറോയി ജോൺസ്). അദ്ദേഹം ന്യൂയോർക്കിലെ അതിപ്രശസ്തമായൊരു സർവകലാശാലയിൽ ഉപരിപഠനത്തിനായി ചേർന്നു. ആ കലാലയത്തിലെ ബഹുഭൂരിപക്ഷം വിദ്യാർഥികളും അധ്യാപകരും സമൂഹത്തിന്റെ ഉന്നത ശ്രേണികളിൽനിന്ന് വന്നിട്ടുള്ളവരാണ്.
അവിടെ നിലനിന്നിരുന്ന വരേണ്യമായ അന്തരീക്ഷവും വെളുത്തവർക്ക് കിട്ടുന്ന സവിശേഷ പരിഗണനയും തന്നെ വീർപ്പുമുട്ടിച്ചിരുന്നതായും ആ കലാലയത്തിൽ ചെലവഴിച്ച വർഷങ്ങളിൽ ആരോ വലിച്ചെറിഞ്ഞ ഒരു സിഗരറ്റ് കുറ്റിയുടെ വിലയാണ് സ്വയം അനുഭവപ്പെട്ടതെന്നും അദ്ദേഹം പിൽക്കാലത്ത് എഴുതുകയുണ്ടായി.
അമേരിക്ക പോലുള്ള വർണ മേധാവിത്വവും മൂലധന ശക്തികളുടെ സർവാധിപത്യവും നിലനിൽക്കുന്ന ഒരു സമൂഹത്തിൽ ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി പ്രയത്നിക്കുന്ന കറുത്ത വംശത്തിൽ ഉൾപ്പെട്ട ഒരു വിദ്യാർഥിക്ക് തോന്നുന്ന അന്യഥാവത്കരണത്തെപ്പറ്റി സൂചിപ്പിക്കാൻ അമരി ബറാക്ക എഴുതിയതിൽ കൂടിയ മറ്റൊരു വാക്ക് കണ്ടെത്താൻ പ്രയാസമാണ്.
കഴിഞ്ഞ ദിവസം പാർലമെന്റിൽ ബി.എസ്.പി അംഗം നരേഷ് പാണ്ഡ്യയുടെ ചോദ്യത്തിന് ഉത്തരമായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാർ, ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് കൊഴിഞ്ഞുപോകുന്ന ദലിത്-പിന്നാക്ക വിഭാഗം വിദ്യാർഥികളുടെ കണക്ക് പുറത്തുവിടുകയുണ്ടായി.
അഞ്ചുവർഷത്തിനിടയിൽ കേന്ദ്ര സർവകലാശാലകൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവിടങ്ങളിൽനിന്ന് മാത്രമായി 13,500 ദലിത്-പിന്നാക്ക വിദ്യാർഥികൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ രേഖകളുടെ അടിസ്ഥാനത്തിൽ മന്ത്രി പറഞ്ഞത്.
ഈ കൊഴിഞ്ഞുപോക്കിന് കാരണമായി അദ്ദേഹം വിശദീകരിച്ചത്, വിവിധ ഘട്ടങ്ങളിൽ ചേരാനും പുറത്തുപോകാനും സൗകര്യമുള്ളതിനാൽ വിദ്യാർഥികൾ മറ്റു കോഴ്സുകൾ തിരഞ്ഞെടുത്തും ജോലി തേടിയും പോവുകയാണെന്നാണ്.
അതേസമയം, മേൽപറഞ്ഞ സ്ഥാപനങ്ങളിൽ കഴിഞ്ഞ വർഷം പഠിച്ചിരുന്ന 33 വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായി വിദ്യാഭ്യാസ മന്ത്രാലയം ഈ വർഷം ആദ്യം പാർലമെന്റിനെ അറിയിച്ചിരുന്നു. 2014-2021 കാലയളവിൽ ഇതേ സ്ഥാപനങ്ങളിൽ മാത്രം 122 വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്. ഇവരിൽ പട്ടികജാതി വിഭാഗങ്ങളിൽനിന്ന് 24 പേരും പട്ടികവർഗക്കാർ മൂന്നുപേരും പിന്നാക്ക വിഭാഗങ്ങളിൽനിന്ന് 41 പേരുമാണുള്ളത്.
കേന്ദ്ര സർവകലാശാലകളിൽനിന്ന് കൊഴിഞ്ഞുപോയവരുടെ കണക്ക് ഇപ്രകാരമാണ്. പട്ടികജാതി 2424, പട്ടികവർഗം 2622, പിന്നാക്ക വിഭാഗം 4596, ഐ.ഐ.ടികളിലെ കണക്ക്: പട്ടികജാതി 1068, പട്ടികവർഗം 408, പിന്നാക്കക്കാർ 2066, ഐ.ഐ.എമ്മിൽനിന്ന് കൊഴിഞ്ഞുപോയവർ, പട്ടികജാതി 163, പട്ടികവർഗം 186, പിന്നാക്കക്കാർ 91, കൂടാതെ എൻ.ഐ.ടികളിൽനിന്ന് മേൽപറഞ്ഞ വിഭാഗങ്ങളിലെ 1008 പേരും പഠനം നിർത്തി പോവുകയുണ്ടായി.
ഇന്ത്യയിൽ 21 ഐ.ഐ.എമ്മുകളും 23 ഐ.ഐ.ടികളും 56 കേന്ദ്ര സർവകലാശാലകളും 31 എൻ.ഐ.ടികളുമാണുള്ളത്. ഇവയിലെല്ലാം കൂടി പ്രവേശനം ലഭിക്കുന്ന ബഹുജൻ വിദ്യാർഥികളുടെ എണ്ണം സവർണ വിദ്യാർഥികളെ അപേക്ഷിച്ച് വളരെ കുറവാണ്. ഇവരിൽ കുറച്ചുപേർ മറ്റു കോഴ്സുകളിലേക്കോ തൊഴിലുകളിലേക്കോ പോയിരിക്കും.
എന്നാൽ, കീഴാള ഉദ്യോഗാർഥികൾക്ക് ലഭ്യമാകുന്ന തൊഴിൽ സാധ്യതകൾ വളരെ പരിമിതമാണെന്നതും മറ്റു കോഴ്സുകൾ തിരഞ്ഞെടുക്കാനുള്ള വൈഷമ്യങ്ങൾ ഏറെയാണെന്നതും വസ്തുതയാണ്. ഇന്ത്യയിലെ മികച്ച തൊഴിലവസരങ്ങൾ ഉൾക്കൊള്ളുന്ന സ്വകാര്യ മേഖലയിൽ സവർണർക്ക് മുന്തിയ പരിഗണനയാണ് കൊടുക്കാറുള്ളത്.
ബഹുജൻ ഉദ്യോഗാർഥികളെ സംവരണ പരിഗണനവെച്ച് നിയമിക്കുന്ന കേന്ദ്ര സർക്കാറും വിവിധ സംസ്ഥാന സർക്കാറുകളും കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ തൊഴിലവസരങ്ങൾ വർധിപ്പിച്ചിട്ടില്ലെന്നു മാത്രമല്ല, ഉള്ളവ വെട്ടിക്കുറക്കുകയാണ് ചെയ്തതെന്ന് വിവിധ രേഖകൾ വ്യക്തമാക്കുന്നു. ഇതിനർഥം, ഉന്നത വിദ്യാഭ്യാസ മേഖലയിലെ ബഹുജൻ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കിന് കാരണമായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി പറയുന്ന വസ്തുതകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നതാണ്.
യഥാർഥ വസ്തുത: ഹിന്ദുത്വം ഭരണമേറ്റെടുത്തതിൽപിന്നെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാവിവത്കരണവും നവ ഹൈന്ദവവത്കരണവും ശക്തിപ്പെട്ടതാണ്.
പാഠ്യപദ്ധതികളിലും സിലബസിലും മാറ്റം വരുത്താനും അക്കാദമിക് ഫാക്കൽറ്റികളിലും വി.സി, പി.വി.സി, രജിസ്ട്രാർ മുതലായ അധികാര സ്ഥാനങ്ങളിലും കടുത്ത ഹിന്ദുത്വ പക്ഷപാതികളെ നിയമിക്കാനും ഭരണകൂടം സർവസന്നാഹവും നടത്തുന്നുണ്ട്. തത്ഫലമായി കാമ്പസുകളുടെ പൊതുമതേതരത്വ സ്വഭാവം തകർക്കപ്പെടുകയും അതേസ്ഥാനത്ത് ബ്രാഹ്മണിസ്റ്റ് വംശീയ മേൽക്കോയ്മയിൽ അധിഷ്ഠിതമായ ഏകത്വമോ അഖണ്ഡതയോ ബലമായി സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു.
ഇത്തരം അധികാര പ്രയോഗങ്ങൾ പൊതുവേ ഹൈന്ദവേതരരായ ദലിത്-പിന്നാക്ക വിദ്യാർഥികൾക്കും ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കും കടുത്ത മാനസിക സമ്മർദവും അന്യഥാവത്കരണവുമാണ് ഉണ്ടാക്കുന്നത്. മാത്രമല്ല, അവസരങ്ങളുടെ കുറവും സ്വതന്ത്രമായ സംഘടനാ പ്രവർത്തനങ്ങളും ബൗദ്ധിക പ്രവർത്തനങ്ങളും നടത്താനുള്ള തടസ്സങ്ങളും അവരെ വലിയ തോതിലുള്ള ഒറ്റപ്പെടലിന് വിധേയമാക്കുന്നു. ഇത്തരം കാര്യങ്ങൾ കടുത്ത നൈരാശ്യവും പ്രതീക്ഷാ നഷ്ടവുമാണ് കീഴാള-ന്യൂനപക്ഷ വിദ്യാർഥികളിൽ ഏൽപിക്കുന്നത്.
മുൻ യൂനിവേഴ്സിറ്റി ഗ്രാന്റ് കമീഷൻ ചെയർമാനും സമുന്നത വിദ്യാഭ്യാസ ചിന്തകനുമായ പ്രഫ. സുഖദിയോ തോറാത്ത് 2007ൽ തന്നെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ബഹുജൻ വിദ്യാർഥികൾ അനുഭവിക്കുന്ന സമ്മർദങ്ങളെയും ജാതീയ വിവേചനങ്ങളെയും പറ്റി വിശദമായ റിപ്പോർട്ട് തയാറാക്കുകയും പരിഹാര നിർദേശങ്ങൾ നൽകുകയും ചെയ്തതാണ്. നാളിതുവരെയുള്ള ഭരണകൂടങ്ങൾ അദ്ദേഹത്തിന്റെ നിർദേശങ്ങൾ നടപ്പാക്കാൻ കൂട്ടാക്കിയിട്ടില്ല.
രോഹിത് വെമുലയുടെ സ്ഥാപനവത്കൃത കൊലപാതകത്തിനുശേഷം തോറാത്ത് കമീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്ന് വിവിധ വിദ്യാർഥി-അധ്യാപക സംഘടനകളും സിവിൽ സമൂഹവും മാധ്യമങ്ങളും ശക്തിയായി ആവശ്യപ്പെടുകയുണ്ടായി. ഹിന്ദുത്വ ഭരണകൂടം ഇത്തരം ആവശ്യങ്ങളെ ഉരുക്കുമുഷ്ടി കൊണ്ട് നിശ്ശബ്ദീകരിക്കുകയാണുണ്ടായത്.
ഇതേസമയം രോഹിത് വെമുലയുടെ സ്ഥാപനവത്കൃത കൊലപാതകം നടന്ന ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്സിറ്റിയിൽ മൂന്നു വർഷത്തിനുള്ളിൽ അഞ്ചോളം വിദ്യാർഥികൾ ആത്മഹത്യ നടത്തുകയുമുണ്ടായി.
കീഴാള വിഭാഗങ്ങളിലെ വിദ്യാർഥികളുടെ സാമൂഹിക നിലവെച്ച് അവർ ജാതീയ വിവേചനങ്ങളും വംശീയമായ വെറുപ്പും അനുഭവിക്കേണ്ടിവരുന്നു എന്ന വസ്തുതക്കൊപ്പം തിരിച്ചറിയപ്പെടേണ്ട നിരവധി പ്രശ്നങ്ങൾ വേറെയുമുണ്ട്.
തങ്ങളുടെ അഭിരുചിക്ക് അനുസരിച്ച് വിഷയങ്ങൾ തിരഞ്ഞെടുക്കാനോ സഹഭാവമുള്ള ഗൈഡുകളെ കിട്ടാനോ ഉള്ള അപര്യാപ്തതയാണ് ഇതിലൊന്ന്.
പലരും ഗൈഡുകളുമായി ഒത്തുചേർന്ന് പോകാനാവാതെ ഗവേഷണം നിർത്തിപ്പോകുന്നത് സർവസാധാരണമാണ്. വളരെ ദരിദ്രമായ പശ്ചാത്തലത്തിൽനിന്ന് വരുന്നവരാണ് ബഹുഭൂരിപക്ഷം പേരും. ഇവർ നഗരത്തിലെ സർവകലാശാലകളിലെത്തുമ്പോൾ സമയത്തിന് ഗ്രാന്റ് കിട്ടാത്തതും കൊഴിഞ്ഞുപോകലിന് കാരണമാകുന്നുണ്ട്.
കേരളത്തിലെ ദലിതരായ ഗവേഷണ വിദ്യാർഥികൾക്ക് മാസങ്ങളായി ഗ്രാന്റ് കൊടുത്തിട്ടില്ല. ഇവരിൽപെട്ട ഒരു പെൺകുട്ടി ഇനിയും പിടിച്ചുനിൽക്കാനാവാതെ ഗവേഷണം നിർത്തിപ്പോവുകയാണെന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത് എല്ലാവരും വായിച്ചതാണ്.
ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ സ്ഥാപനവത്കൃതമായ ജാതി വിവേചനങ്ങളും വംശീയ തരംതിരിവുകളും മൂലം അടിത്തട്ടിലെ ജനതയുടെ ഏറ്റവും ഉദ്ബുദ്ധമായ വിഭാഗമാണ് ഇപ്രകാരം അന്യവത്കരിക്കപ്പെടുന്നതും അനാഥരാവുന്നതും. ജാതിവ്യവസ്ഥയുടെ പുറന്തള്ളൽ എന്ന അധികാര പ്രയോഗവുമായും ഹിംസാത്മകമായ തിരിച്ചടികളുമായും ഇതിന് നേരിട്ട് ബന്ധമുണ്ട്.
ഇതേസമയം, ഇതിനൊരു മറുപുറവുമുണ്ട്. കീഴാള വിദ്യാർഥികളും ഉദ്യോഗാർഥികളും അന്യവത്കരണത്തിലൂടെ പുറന്തള്ളപ്പെടുമ്പോൾ ആഭിജാത സമൂഹങ്ങൾക്ക് അനർഹമായ അവസരങ്ങളും പ്രാതിനിധ്യവും കൂടുതലായി ലഭിക്കുന്നു എന്നതാണത്.
അതായത്; സവർണരുടെയും വരേണ്യരുടെയും പരമ്പരാഗതമായ ആർജിത സാംസ്കാരിക മൂലധനത്തെ വ്യവസ്ഥയും സ്ഥാപനങ്ങളും കൂടുതലായി സ്വീകരിക്കുമ്പോൾ കീഴാളരുടെ സ്വപ്രയത്നത്തിലൂടെ രൂപപ്പെടുന്ന സാംസ്കാരിക മൂലധനത്തെ ഇതേ സ്ഥാപനങ്ങൾ നിഷേധിക്കുകയും നിരാകരിക്കുകയും ചെയ്യുന്നു.
ഇത്തരത്തിലുള്ള പ്രശ്നമേഖലകളെ അഭിസംബോധന ചെയ്യാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഘടനാപരമായി പൊളിച്ചെഴുതുകയും അതിനെ ഉൾക്കൊള്ളലിന് സജ്ജമാക്കുകയുമാണ് അനിവാര്യമായിട്ടുള്ളത്. അല്ലാതെ ഭരണകൂട മേധാവികൾ പറയുന്ന രക്ഷപ്പെടൽ തന്ത്രങ്ങൾ ഒരു ഫലവും ചെയ്യില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.