മഴ ചതിച്ചാൽ ഇരുട്ടിൽത്തപ്പുന്ന കാലം
text_fieldsതിരൂരങ്ങാടിയിലെ ഒരു കൂട്ടം ചെറുപ്പക്കാർ നടത്തിയ പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. നിരന്തരം വൈദ്യുതി മുടങ്ങുന്നതിനാൽ പ്രായമായവരും കുഞ്ഞുങ്ങളുമുൾപ്പെടെയുള്ളവരുടെ ഉറക്കം നഷ്ടപ്പെടുന്നുവെന്നറിയിച്ച് പ്രദേശത്തെ വൈദ്യുതി ഓഫിസിലെത്തി പായവിരിച്ച് കിടന്നാണ് അവർ പ്രതിഷേധം രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയിൽനിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നും പറഞ്ഞുകേട്ടിരുന്ന കൊടുംചൂട് കേരളം നേരിട്ടനുഭവിച്ച വേനൽക്കാലമാണിത്.
സകല റെക്കോഡുകളും മറികടന്ന് ചൂട് കുതിച്ചുയർന്നപ്പോൾ എ.സിയും ഫാനുമൊക്കെയായി വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ഉപഭോഗം കുത്തനെ വർധിച്ചു. ആദ്യമാദ്യം വോൾട്ടേജ് ക്ഷാമം പതിവായി. പിന്നീട് രാവും പകലും മുന്നറിയിപ്പില്ലാതെ വൈദ്യുതി നിലച്ചു. ജനം വിയർത്തൊലിക്കുേമ്പാൾ രൂക്ഷമായ പ്രതിസന്ധിയിൽ വെന്തുരുകുകയായിരുന്നു കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെ.എസ്.ഇ.ബി). ഒടുവിൽ ആശ്വാസമായി വേനൽമഴയെത്തിയപ്പോൾ പൊതുജനങ്ങളേക്കാൾ ആശ്വസിക്കുന്നതും ബോർഡ് അധികൃതരാണ്.
എന്തായാലും 110 ദശലക്ഷം യൂനിറ്റും കടന്ന പ്രതിദിന വൈദ്യുതി ഉപയോഗം വേനൽമഴയെത്തിയതോടെ 100 ദശലക്ഷം യൂനിറ്റിന് താഴെയായിട്ടുണ്ട്. പക്ഷേ, മഴയൊന്ന് നിലച്ചാൽ നാം അനുഭവിച്ച പ്രയാസങ്ങളും കെ.എസ്.ഇ.ബിയുടെ പ്രതിസന്ധിയും ജനങ്ങളുടെ പ്രതിഷേധവും ആവർത്തിക്കപ്പെടും. ജല, സൗരോർജ പദ്ധതികളുൾപ്പെടെ ആഭ്യന്തര വൈദ്യുതി ഉൽപാദനം കൂട്ടുന്നതിനുള്ള വഴികൾ പ്രയോജനപ്പെടുത്തുന്നതിന് പകരം വൈദ്യുതി വാങ്ങി ഉപയോഗിക്കാം എന്ന മനഃസ്ഥിതി തുടരുന്നിടത്തോളം കാലം ഈ പ്രതിസന്ധിക്ക് മാറ്റമുണ്ടാകില്ല. വിതരണ ശൃംഖല കാലത്തിനൊത്ത് ശക്തിപ്പെടുത്താതെയും ഈ ഇരുൾക്കാലം താണ്ടാൻ ഇനി നമുക്കാവില്ല.
േലാഡ് ഷെഡിങ്ങ് പുതിയ പേരിൽ
ഉപഭോഗം പുതിയ റെക്കാഡുകളിലേക്ക് കുതിച്ചതോടെ കേരളത്തിന്റെ വൈദ്യുതോൽപാദന-വിതരണ കമ്പനിക്ക് മുന്നിൽ ഒറ്റവഴിയേ ഉണ്ടായിരുന്നുള്ളൂ, വൈദ്യുതി നിയന്ത്രണം. ജനങ്ങൾക്കിടയിൽ ചീത്തപ്പേരുണ്ടാക്കുന്ന ലോഡ് ഷെഡിങ്ങ് പ്രഖ്യാപനത്തിൽ സർക്കാറിന് താൽപര്യമില്ലായിരുന്നു. അതിനൊപ്പം, വൈദ്യുതി മേഖലയിലെ കേന്ദ്രാവിഷ്കൃത പദ്ധതികളും സഹായങ്ങളും ലഭ്യമാകാൻ ലോഡ് ഷെഡിങ് പ്രതികൂലമാവുകയും ചെയ്യുമെന്നതിനാൽ ആ വഴി തെരഞ്ഞെടുക്കുന്നതിന് തടസ്സമായി. അങ്ങനെയാണ് പ്രാദേശിക നിയന്ത്രണം അല്ലെങ്കിൽ മേഖലാ നിയന്ത്രണം എന്നപേരിൽ അപ്രഖ്യാപിത ലോഡ് ഷെഡിങ് പരീക്ഷിച്ചത്.
ലോഡ് കൂടുന്നയിടങ്ങളിൽ ഓട്ടോമാറ്റിക് ആയി വൈദ്യുതി വിതരണം തടസ്സപ്പെടുന്ന ഈ സംവിധാനം ഗാർഹിക ഉപഭോക്താക്കളെ ബാധിക്കില്ലെന്നായിരുന്നു അധികാരികളുടെ ഉറപ്പ്. എന്നാൽ നഗര-ഗ്രാമഭേദമെന്യേ വൈദ്യുതി മുടങ്ങി. അതിൽ സഹികെട്ടാണ് സ്ത്രീകളും കുട്ടികളുമടക്കം കെ.എസ്.ഇ.ബി ഓഫിസുകളിലേക്ക് പ്രതിഷേധവുമായെത്തിയത്. ഉപയോഗം കുറക്കണമെന്ന ഉപദേശമാണ് അവർക്കു മുന്നിൽ കെ.എസ്.ഇ.ബി നിരത്തിയത്. ഉപയോഗിക്കുന്ന വൈദ്യുതിക്ക് മറ്റു പല സംസ്ഥാനങ്ങളേക്കാളും ഉയർന്ന നിരക്കിൽ ഉപഭോക്താവിനെ പിഴിഞ്ഞ് പണം വാങ്ങുേമ്പാൾ അത് തടസ്സം കൂടാതെ ലഭ്യമാക്കൽ തങ്ങളുടെ ഉത്തരവാദിത്തമാണെന്ന സാമാന്യബോധം പോലുമില്ലാതെ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ കെ.എസ്.ഇ.ബി വരുത്തുന്ന അലംഭാവമാണ് പ്രതിസന്ധിയുടെ ആക്കംകൂട്ടുന്ന ഘടകങ്ങളിലൊന്ന്.
സബ് സ്റ്റേഷനുകൾ, ട്രാൻസ്ഫോമർ, വൈദ്യുതി ലൈനുകൾ എന്നിവ വിപുലപ്പെടുത്താനുള്ള മൂലധന നിക്ഷേപ പദ്ധതികൾ ഒന്നുംതന്നെ കൃത്യമായ ആസൂത്രണത്തോടെയല്ലായിരുന്നു. വൈദ്യുതി റെഗുലേറ്ററി കമീഷന് സമർപ്പിച്ച മൂലധന നിക്ഷേപ പദ്ധതിയുടെ പുതുക്കിയ പ്രാഥമിക വിവരങ്ങളിലെ ട്രാൻസ്ഫോമറുകളുടെ എണ്ണം വർധിപ്പിക്കുന്നതടക്കമുള്ള നിർദേശങ്ങൾ വരുംവർഷങ്ങളിലെ ആവശ്യകത നിറവേറ്റപ്പെടുന്ന വിധമല്ലെന്ന സംശയം റഗുലേറ്ററി കമീഷൻതന്നെ ഉന്നയിച്ചിട്ടുണ്ട്. ജൂണിനു മുമ്പ് െക.എസ്.ഇ.ബി പുതുക്കിയ മൂലധന നിക്ഷേപ പദ്ധതി കമീഷന് സമർപ്പിക്കും. വിവിധ ജില്ലകളിൽ നടപ്പാക്കേണ്ട വികസന പദ്ധതികളുടെ വിശദാംശങ്ങൾ ഇതിലാകും ഉണ്ടാവുക.
വിലകൊടുത്തു വാങ്ങിയ പ്രതിസന്ധി
സംസ്ഥാനത്താകെ 1.37 കോടിയിലേറെ എൽ.ടി. ഉപഭോക്താക്കൾ. 7500 ഓളം എച്ച്.ടി ഉപഭോക്താക്കൾ. 776 സെക്ഷൻ ഓഫിസുകളിലായി മൂന്ന് ലക്ഷം കിലോമീറ്റർ എൽ.ടി ലൈനുകൾ, 69000 കിലോമീറ്റർ എച്ച്.ടി ലൈനുകൾ, 88000 ട്രാൻസ്ഫോമറുകൾ. സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനത്തിന്റെ സംവിധാനങ്ങൾ ചെറുതല്ല. പക്ഷേ ഉയർന്ന വൈദ്യുതി ഉപഭോഗത്തിനൊത്ത് മുന്നേറാൻ കെ.എസ്.ഇ.ബിക്ക് കഴിഞ്ഞില്ല. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിലെ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലുണ്ടായ വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് മുഖ്യകാരണം.
ഓരോ വർഷവും വൈദ്യുതി ഉപഭോഗത്തിൽ വരുന്ന വർധന തിരിച്ചറിഞ്ഞ് പദ്ധതികൾ ദീർഘവീക്ഷണത്തോടെ ആസൂത്രണം ചെയ്യുന്നില്ല. രാജ്യത്തെ ആകെ വൈദ്യുതി ഉപയോഗത്തിലെ വർധന കഴിഞ്ഞവർഷം ഏപ്രിലിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഏപ്രിലിൽ 10.89 ശതമാനമായിരുന്നപ്പോൾ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിലെ വർധന 15.62 ശതമാനമായിരുന്നു. 2023 ഏപ്രിലിൽ വൈദ്യുതി ഉപഭോഗം 2759.9522 ദശലക്ഷം യൂനിറ്റായിരുന്നത് 2024 ഏപ്രിലിൽ 3191.0352 ദശലക്ഷം യൂനിറ്റായാണ് ഉയർന്നത്. പീക്ക് സമയ ഉപയോഗത്തിൽ 12.38 ശതമാനമാണ് വർധന. 2023 ഏപ്രിലിൽ 5024 മെഗാവാട്ടായിരുന്നത് 2024 ഏപ്രിലിൽ 5646 മെഗാവാട്ടിലേക്കുയർന്നു.
ഇത് വിതരണശൃംഖലക്ക് താങ്ങാവുന്നതിലേറെയായിരുന്നു. ട്രാൻസ്ഫോമർ തകരാറുകൾ വ്യാപകമായി. 800ലേറെ ട്രാൻസ്ഫോമറുകൾക്ക് കേടുപാടുണ്ടായി. ലോഡ് കുറഞ്ഞ പ്രദേശങ്ങളിൽനിന്ന് കൂടിയ പ്രദേശങ്ങളിലേക്ക് ശേഷികൂടിയ ട്രാൻസ്ഫോമറുകൾ മാറ്റി സ്ഥാപിച്ചടക്കം പ്രതിസന്ധി പരിഹരിക്കാൻ ശ്രമം നടന്നെങ്കിലും മലബാർ മേഖലയിൽ ഇത്തരം പ്രവർത്തനങ്ങൾകൊണ്ടൊന്നും വൈദ്യുതി മുടക്കം ഒഴിവായില്ല. വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടർന്നപ്പോൾ പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അളവും കൂടി. ശരാശരി 85 ദശലക്ഷം യൂനിറ്റായിരുന്ന പുറത്തുനിന്നുള്ള പ്രതിദിന വൈദ്യുതി വാങ്ങൽ 90 ദശലക്ഷം യൂനിറ്റിന് മുകളിലേക്ക് കടന്നു.
തയാറാക്കിയത്: ഇ. ബഷീർ, എസ്. ഷാജിലാൽ,പി.പി. പ്രശാന്ത്
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.