ഇന്ത്യയുടെ വിദേശനയവും മോദിയുടെ വിവരക്കേടും
text_fields‘‘പതിറ്റാണ്ടുകളായി, എല്ലാ രാജ്യങ്ങളിൽ നിന്നും അകലം പാലിക്കുക എന്നതായിരുന്നു ഇന്ത്യയുടെ നയം’’- ഈയിടെ പോളണ്ട് സന്ദർശിച്ച വേളയിൽ പ്രധാനമന്ത്രി മോദി നടത്തിയതാണ് തികച്ചും അപഹാസ്യമായ ഈ പ്രസ്താവന. ഈ സാഹചര്യം മാറ്റിയതിന്റെ ക്രെഡിറ്റ് സ്വയം ഏറ്റെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു: “ഇന്ന് ഇന്ത്യയുടെ നയം എല്ലാ രാജ്യങ്ങളുമായും അടുത്ത ബന്ധം നിലനിർത്തുക എന്നതാണ്. ഇന്നത്തെ ഇന്ത്യ എല്ലാവരുമായും ബന്ധപ്പെടാൻ ആഗ്രഹിക്കുന്നു. സ്വാതന്ത്ര്യ സമരകാലം മുതൽക്കുതന്നെ,...
‘‘പതിറ്റാണ്ടുകളായി, എല്ലാ രാജ്യങ്ങളിൽ നിന്നും അകലം പാലിക്കുക എന്നതായിരുന്നു ഇന്ത്യയുടെ നയം’’- ഈയിടെ പോളണ്ട് സന്ദർശിച്ച വേളയിൽ പ്രധാനമന്ത്രി മോദി നടത്തിയതാണ് തികച്ചും അപഹാസ്യമായ ഈ പ്രസ്താവന. ഈ സാഹചര്യം മാറ്റിയതിന്റെ ക്രെഡിറ്റ് സ്വയം ഏറ്റെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു: “ഇന്ന് ഇന്ത്യയുടെ നയം എല്ലാ രാജ്യങ്ങളുമായും അടുത്ത ബന്ധം നിലനിർത്തുക എന്നതാണ്. ഇന്നത്തെ ഇന്ത്യ എല്ലാവരുമായും ബന്ധപ്പെടാൻ ആഗ്രഹിക്കുന്നു.
സ്വാതന്ത്ര്യ സമരകാലം മുതൽക്കുതന്നെ, ലോകത്തിന്റെ മറ്റു കോണുകളുമായി സജീവമായ ഇടപഴകൽ ആഘോഷിക്കുകയും വൻശക്തികളുടെ സൈനിക സംഘങ്ങളുമായി സഖ്യം ചേരുന്നതിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയും ചെയ്യുന്ന ഇന്ത്യയുടെ വിദേശനയത്തിന്റെ ചരിത്രത്തെയും കാഴ്ചപ്പാടിനെയും നയതന്ത്ര ദിശാബോധത്തെയുമാണ് ഇത്തരം വളച്ചൊടിച്ച പ്രസ്താവനകൾ നിരാകരിക്കുന്നത്. വിദേശനയത്തിന്റെ കാര്യത്തിൽ നമുക്കൊരു ദേശീയ സമവായം ഉണ്ടായിരുന്നു; അടൽ ബിഹാരി വാജ്പേയി സർക്കാർ ഉൾപ്പെടെ അതാണ് പിന്തുടർന്നത്.
2024 ജൂലൈയിൽ മോദിയുടെ ഓസ്ട്രിയ സന്ദർശന വേളയിൽ, ആ രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും പുനഃസ്ഥാപിക്കുന്നതിന് 1955ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി നെഹ്റു വഹിച്ച നിർണായക പങ്കിനെക്കുറിച്ച് ചാൻസലർ കാൾ നെഹാമർ മോദിയുടെ സാന്നിധ്യത്തിൽ അനുസ്മരിച്ചിരുന്നു. ഓസ്ട്രിയയുടെ അഭ്യർഥന മാനിച്ച് പഴയ സോവിയറ്റ് യൂനിയനു മേൽ കടുത്ത നിർബന്ധം ചെലുത്തിക്കൊണ്ടാണ് നിർണായകമായ ആ ഉടമ്പടി നെഹ്റു സാധ്യമാക്കിയത്.
മോദി വിശ്വസിപ്പിക്കുന്നതു പോലെ നെഹ്റു ‘‘എല്ലാ രാജ്യങ്ങളിൽ നിന്നും അകലം പാലിച്ചിരുന്നു’’വെങ്കിൽ 1938 ൽ ജർമനി പിടിച്ചെടുത്ത ഓസ്ട്രിയ, രണ്ടാം ലോകമഹായുദ്ധത്തിലെ ജർമനിയുടെ പരാജയ ശേഷം സോവിയറ്റ് യൂനിയൻ, ബ്രിട്ടൻ, ഫ്രാൻസ്, യു.എസ് എന്നീ പഴയ കാല അധിനിവേശ ശക്തികളുടെ കീഴിൽ തുടരുമായിരുന്നു. പ്രതിജ്ഞാബദ്ധമായ നിഷ്പക്ഷത പുലർത്തുന്ന ഒരു സ്വതന്ത്ര രാഷ്ട്രമായി ഓസ്ട്രിയ പുനരുജ്ജീവിക്കപ്പെട്ടതിൽ സൈനിക സഖ്യങ്ങൾക്കൊപ്പം കൂടാതെ, എല്ലാ രാജ്യങ്ങളോടും സൗഹാർദവും സമത്വപൂർണവുമായ പാരസ്പര്യം ഉയർത്തിപ്പിടിക്കുന്ന നെഹ്റുവിന്റെ ചേരിചേരാ വിദേശനയത്തിന്റെ പങ്ക് കണ്ടെത്താനാവും.
നെഹ്റുവിന്റെ 1927ലെ വിദേശനയം
കോളനിവാഴ്ചക്കും സാമ്രാജ്യത്വത്തിനുമെതിരിൽ 1927ൽ ബ്രസൽസിൽ നടന്ന അടിച്ചമർത്തപ്പെട്ട ദേശീയതകളുടെ അന്തർദേശീയ സമ്മേളനത്തിൽ പങ്കെടുത്ത സമയത്ത് എഴുതിയ ഇന്ത്യക്ക് ഒരു വിദേശ നയം (A Foreign Policy for India) എന്ന ലേഖനത്തിലാണ് ആധുനിക ഇന്ത്യയുടെ വിദേശനയം ആദ്യമായി ജവഹർലാൽ നെഹ്റു പ്രഖ്യാപിച്ചത്.
അദ്ദേഹമെഴുതി: ‘‘സകല രാജ്യങ്ങളോടും പുലർത്തുന്ന സമാധാനപരവും സൗഹൃദപരവുമായ നയവും ജനങ്ങളുടെ ആവേശവുമാണ് നമ്മുടെ പ്രധാന ശക്തി’’. നെഹ്റുവിന്റെ കാഴ്ചപ്പാട് ഇന്ത്യയുടെ വിദേശകാര്യ ബന്ധങ്ങളുടെ കാതലായിത്തീരുകയും മാറിമാറി വന്ന സർക്കാറുകൾ അതുമായി മുന്നോട്ട് നീങ്ങുകയും ചെയ്തു.
ആഗോള വിഷയങ്ങളിൽ ഇന്ത്യ ഒറ്റപ്പെടുന്നതിന് ബ്രിട്ടീഷ് കൊളോണിയൽ ഭരണാധികാരികളെയാണ് നെഹ്റു തന്റെ ലേഖനത്തിൽ കുറ്റപ്പെടുത്തിയിരുന്നതെന്നും പ്രസ്താവ്യമാണ്. അദ്ദേഹം എഴുതി: ‘‘ കോളനിവാഴ്ചക്കു മുമ്പ് ഇന്ത്യ കിഴക്കൻ രാജ്യങ്ങളുമായും ചില പാശ്ചാത്യ രാജ്യങ്ങളുമായിപ്പോലും അടുത്ത ബന്ധം പുലർത്തിയിരുന്നു’’.
‘‘ക്രമേണ ഈ ബന്ധങ്ങൾ കുറഞ്ഞു, ബ്രിട്ടീഷുകാരുടെ വരവോടെ അവ ഏതാണ്ട് ഇല്ലാതെതന്നെയായി’’. ‘‘രാഷ്ട്രീയമായ കാരണങ്ങളും യൂറോപ്പിലേക്കുള്ള കടൽപാതകളുടെ വികസനവും നമ്മെ ഇംഗ്ലണ്ടുമായി കൂടുതൽ ബന്ധിപ്പിച്ചു, എന്നാൽ, ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് നമ്മെ ഒറ്റപ്പെടുത്തി’’ എന്നാണ് നെഹ്റു നിരീക്ഷിച്ചത്. എന്നിരുന്നാലും, ഗാന്ധിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമരം ശക്തി പ്രാപിക്കുകയും യൂറോപ്പിലുടനീളം അദ്ദേഹം ഒരു ചിരപരിചിത നാമമായി മാറുകയും ചെയ്തത് ഇംഗ്ലണ്ടിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഇന്ത്യയുടെ അഭിലാഷങ്ങൾക്ക് അനുകൂലമായി പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിന് സഹായകമായി വർത്തിച്ചു.
ബ്രിട്ടീഷ് ഭരണം ഇന്ത്യയെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് അടർത്തിയപ്പോൾ, ഇന്ത്യൻ സ്വാതന്ത്ര്യപ്പോരാട്ടം മറ്റ് രാജ്യങ്ങളുമായി വിശാലമായ ബന്ധം സ്ഥാപിക്കുന്നതിന് നിമിത്തമായി. ഈ പ്രവണത കോൺഗ്രസിൽ മാത്രം ഒതുങ്ങിനിൽക്കുന്നതായിരുന്നില്ല. ഗദ്ദർ പ്രസ്ഥാനവും പിന്നീട് കമ്യൂണിസ്റ്റുകളും ലോകമൊട്ടുക്കുള്ള വിപ്ലവകാരികളും അവരുടെ പോരാട്ടങ്ങളുമായി ബന്ധം സ്ഥാപിച്ചു. ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരെ പൊരുതുന്ന ഐറിഷ് വിമതരുമായി നിരന്തര സമ്പർക്കം സൂക്ഷിച്ചിരുന്നു ശഹീദ് ഉദ്ദംസിങ്. ഏറെ നീണ്ടതാണ് ആ ഉജ്ജ്വലമായ പട്ടിക. അതുകൊണ്ട്, 2014ന് മുമ്പ് ഇന്ത്യ മറ്റ് ലോകരാജ്യങ്ങളിൽ നിന്ന് അകന്നുനിന്നിരുന്നുവെന്ന മോദിയുടെ പ്രസ്താവന തികച്ചും തെറ്റാണ്.
നെഹ്റുവിന്റെ നിരീക്ഷണങ്ങൾ
മോദി പറഞ്ഞത് നെഹ്റുവിന്റെ പുരോഗമനാത്മക കാഴ്ചപ്പാടിനും വിരുദ്ധമാണ്. അദ്ദേഹം എഴുതി: “നാം ആഗ്രഹിച്ചാലും ഇല്ലെങ്കിലും, ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് അകന്നു നിലനിൽക്കാൻ ഇന്ത്യക്കാവില്ല ഒരു രാജ്യത്തിനും അതു സാധിക്കില്ല’’. ‘‘അത്തരം ഒറ്റപ്പെടൽ സാധിക്കാത്ത വിധം പരസ്പരം ഇഴചേർന്ന് കിടക്കുന്നു ആധുനിക ലോകം’’എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
അന്താരാഷ്ട്ര കാര്യങ്ങളിൽ തീരുമാനം രൂപപ്പെടുത്തുന്ന ശക്തികളെക്കുറിച്ചും, വൻശക്തികളുടെ വിദേശനയത്തെക്കുറിച്ചും വ്യക്തമായ ധാരണയോടെ അദ്ദേഹം എഴുതി, “...ജനാധിപത്യം എന്ന് വിളിക്കപ്പെടുന്ന സർക്കാറുകളെപ്പോലും നിയന്ത്രിക്കുന്ന, യുദ്ധവും സമാധാനവും തീരുമാനിക്കുന്ന ഇന്നത്തെ ഏറ്റവും വലിയ ലോകശക്തികൾ മൂലധനവും സമ്പത്തുമാണ്’’.
ആകയാൽ, ‘‘ഇന്ത്യക്ക്’’, ‘‘ഈ വലയുടെ കുരുക്കിൽ നിന്ന് അകന്നുനിൽക്കാൻ കഴിയില്ല, അതിന് വിസമ്മതിക്കുന്നത് തീർച്ചയായും നാടിനെ ദുരന്തത്തിലേക്ക് നയിച്ചേക്കാം." ലോക ചലനങ്ങളും രാഷ്ട്രീയവും മനസ്സിലാക്കണമെന്നും അതിനനുസൃതമായി ഇന്ത്യ മുന്നേറണമെന്നും നെഹ്റു ഊന്നിപ്പറഞ്ഞു. ലോക വിഷയങ്ങളിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുന്നത് നമ്മുടെ രാജ്യത്തെ മികച്ച രീതിയിൽ സേവിക്കുന്നതിന് ഉപകരിക്കും.
അദ്ദേഹത്തിന്റെ ഈ സമീപനം അന്താരാഷ്ട്ര മേഖലയിലെ സംഭവവികാസങ്ങൾ പഠിച്ച്, ദേശീയ താൽപര്യത്തിന് പരിഗണന നൽകി നമ്മുടെ വിദേശനയം രൂപപ്പെടുത്താൻ മാറിമാറി വരുന്ന സർക്കാറുകൾക്ക് വഴികാട്ടി. അതുവഴിയാണ് അതിഭീകരമായ വെല്ലുവിളികളെ അഭിമുഖീകരിച്ച് ആഗോളതലത്തിൽ ഇന്ത്യ വിജയം കണ്ടത്. മറ്റു രാജ്യങ്ങളുമായുള്ള നമ്മുടെ ഇടപെടൽ നിർണായകമായ ഒരു സൈനിക പ്രതികരണവുമായി സംയോജിപ്പിച്ച് 1971ൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിൽ, പാകിസ്താൻ അവരുടെ തന്നെ ബംഗാളി ജനതക്ക് നേരെ നടത്തിയ വംശഹത്യയെ ചെറുത്തത് ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. തദ്ഫലമായി ബംഗ്ലാദേശ് എന്ന പരമാധികാര രാജ്യം ഉയർന്നുവന്നു.
ആഗോള രാഷ്ട്രീയത്തിന്റെ ഉൾപ്പോരുകളെ മറികടക്കാൻ മോദി സത്യസന്ധമായി ആഗ്രഹിക്കുന്നുവെങ്കിൽ, ആഭ്യന്തര രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വിമർശിക്കുന്നതിനു പകരം ഈ അമൂല്യമായ പൈതൃകത്തെ അദ്ദേഹം ഉള്ളേറ്റണം.
(മുൻ രാഷ്ട്രപതി ഡോ. കെ.ആർ. നാരായണന്റെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ആയിരുന്നു ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.