ഇക്കണോമി, ഇക്കോളജി, എക്യുമിനിസം
text_fields17 ഏഷ്യൻ രാജ്യങ്ങളിലെ 99 ക്രൈസ്തവ സഭകളുടെ അഞ്ചരക്കോടി അംഗങ്ങളെ പ്രതിനിധീകരിക്കുന്ന ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യ (സി.സി.എ) യുടെ 15ാമത് അസംബ്ലി സെപ്റ്റംബർ 28 മുതൽ ഒക്ടോബർ മൂന്ന് വരെ കോട്ടയത്ത് നടക്കുകയുണ്ടായി. 58 രാജ്യങ്ങളിൽനിന്ന് 600 ൽ പരം പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിലെ ഏഷ്യൻ എക്യുമെനിക്കൽ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത് കേരള മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു.
വിവിധ വിഷയങ്ങളിൽ നടന്ന15 സമാന്തര സമ്മേളനങ്ങളിലൊന്ന് നയിക്കാൻ സംഘാടകർ എന്നോട് ആവശ്യപ്പെട്ടു. വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ നിരവധി സാമ്പത്തികകാര്യ സമ്മേളനങ്ങളിൽ പ്രത്യേക ക്ഷണിതാവായി ഇതിനു മുമ്പും ഞാൻ പ്രസംഗിച്ചിട്ടുണ്ട്.
ഇക്കണോമി, ഇക്കോളജി, ആൻഡ് ഓയിക്കോമിനെ (Oikoumene) ഇൻ ദി ഏഷ്യൻ കോൺടെക്സ്റ്റ്: വർക്കിങ് ടുവാർഡ്സ് ആൾട്ടർനേറ്റിവ് പാരഡൈയിംസ് എന്നായിരുന്നു എന്റെ പ്രബന്ധത്തിന്റെ തലക്കെട്ട്. ആ പ്രമേയത്തിലെ ഏറെ കാലികപ്രസക്തിയുള്ള, എന്റെ വിചാരത്തിൽ മൗലികമെന്നു തോന്നുന്ന ചില കാര്യങ്ങൾ ഈ പംക്തിയിലൂടെ അവതരിപ്പിക്കുകയാണ്. തീർച്ചയായും വർത്തമാനകാല ലോകസമ്പദ് വ്യവസ്ഥ ബദൽ അന്വേഷണവും, പ്രവർത്തനവും ആവശ്യപ്പെടുന്നുവെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
സങ്കൽപനങ്ങളുടെ വിശദീകരണം
ഇക്കോണമി, ഇക്കോളജി, എക്യുമിനിസം എന്നീ വാക്കുകൾ ഓയിക്കോസ് (Oikom) എന്ന മൂലപദത്തിൽ നിന്ന് ഉരുവായിട്ടുള്ളതാണ്. വീടും അതിലെ അംഗങ്ങളും എന്നതാണ് അതിന്റെ പൊതുവായ പൊരുൾ. ഇവയെല്ലാം വ്യത്യസ്ത വിജ്ഞാനശാഖകളായി വളർന്നിരിക്കുന്നു.
മാനവികവളർച്ച എന്ന മർമം ഈ പ്രക്രിയയിൽ അന്യം നിന്നിരിക്കുന്നു. സൃഷ്ടിയിലെ ഏറ്റവും പരിണാമം പ്രാപിച്ച മനുഷ്യൻ വസിക്കുന്ന ഭൂമിയിലെ വിഭവങ്ങൾ അവനും, അവളും കൂടി എന്തുചെയ്തിരിക്കുന്നു എന്നിടത്തുനിന്നു വേണം ബദൽ അന്വേഷണം തുടങ്ങാൻ.
ഓയിക്കോണോമിയ (Oikonomia) അഥവാ വീടിന്റെ മാനേജ്മെന്റ് എന്ന വാക്കിൽനിന്നാണ് ഇക്കോണമി എന്ന വാക്കിന്റെ ഉത്ഭവം. അതിന്റെ പ്രായോഗികതലം നിസ്സീമമാണ്. നിലമുഴുമ്പോൾ തുടങ്ങി നാം ഓരോ ഉൽപാദനകർമം ചെയ്യുമ്പോൾ, സാധനങ്ങൾ വാങ്ങുമ്പോൾ, വിൽക്കുമ്പോൾ എന്നുവേണ്ട മനുഷ്യർ അവരുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള കർമം ചെയ്യുമ്പോൾ സമ്പദ് വ്യവസ്ഥ പ്രവർത്തനസജ്ജമാകുന്നു.
അതേ സമയം സമ്പദ്ഘടനയുടെ പ്രവർത്തനത്തിൽ പുരോഗതി മാത്രമല്ല ദാരിദ്യ്രം, പട്ടിണി, അസമത്വം, അറപ്പുതോന്നുന്ന ആർഭാടം, മനുഷ്യനെ കൊന്നൊടുക്കുന്ന യുദ്ധം, സൈനിക വ്യവസായ കൂട്ടുകെട്ട് എന്നിങ്ങനെ പലതും പ്രകടമാകുന്നു. ഇത് വിഭവ വിന്യാസ പ്രക്രിയയുമായി കെട്ടുപിണഞ്ഞു കിടക്കുന്ന കാര്യമാണ്.
സാമാന്യമായി പറഞ്ഞാൽ സമൂഹത്തിന്റെ ഭൗതിക ആവശ്യങ്ങൾ നിറവേറ്റാൻ, അതിലെ അംഗങ്ങൾ എങ്ങനെ വിഭവങ്ങൾ സ്വന്തമാക്കുന്നു, നിയന്ത്രിക്കുന്നു, വിഭവങ്ങളും അധ്വാനവും ഉൽപാദനത്തിനുവേണ്ടി എങ്ങനെ പ്രയോജനപ്പെടുത്തുന്നു. ഉൽപന്നങ്ങളുടെ മേലുള്ള അവകാശം എങ്ങനെ തീർപ്പാക്കുന്നു തുടങ്ങിയ കാര്യങ്ങളുടെ ക്രമീകരണമാണ് സമ്പദ് വ്യവസ്ഥയെന്നു പറയാം. സമൂഹം വിഭവ വിന്യാസത്തിനും, വിതരണത്തിനും ഉപയോഗിക്കുന്ന പ്രമാണങ്ങൾ ഇവിടെ പ്രസക്തമാണ്.
ഉദാഹരണത്തിന് അമേരിക്കയിൽ ആയുധനിർമാണവും, ഗവേഷണവും സ്വകാര്യകമ്പനികൾ നിർവഹിക്കുന്നു. സ്വാഭാവികമായും അവർ ആയുധക്കച്ചവടവും യുദ്ധങ്ങളും പ്രോത്സാഹിപ്പിക്കും. അതിനെ പ്രതിരോധിക്കാനും മുൻകരുതലുകളെടുക്കാനും ഓരോ രാജ്യങ്ങളും തയാറെടുക്കുന്നു. സമൂഹത്തിന്റെ അടിയന്തര ആവശ്യങ്ങൾക്കായല്ല സമ്പദ്ഘടന ഇവിടെ പ്രവർത്തിക്കുക.
കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാക്കാൻ ഒരു ഉദാഹരണം പറയാം: നാലു വർഷം ഞാൻ ആഫ്രിക്കയിൽ ജോലി ചെയ്തപ്പോൾ ചില ഗോത്രവർഗക്കാരുടെ വിഭവവിന്യാസപ്രക്രിയ നിരീക്ഷിച്ചിട്ടുണ്ട്. അവർ വേട്ടയാടിക്കിട്ടുന്ന മാംസം വീതംവെക്കുമ്പോൾ വേട്ടക്കാരന്റെ വീട്ടിലേക്ക് നൽകുന്നതിനേക്കാൾ വലിയ ഓഹരി കുട്ടികൾ കൂടുതലുള്ള വിധവകളുടെ വീട്ടിലേക്ക് നൽകുന്നു.
കുടുംബത്തിന്റെ ആവശ്യത്തിനു മുൻതൂക്കം നൽകി ആത്യന്തിക തീർപ്പ് ഗോത്രമൂപ്പൻ നിർവഹിക്കുന്നു. ഇവിടെ വിതരണത്തിന്റെ മാനദണ്ഡം ആവശ്യമാണ്. എന്നാൽ കമ്പോളത്തിൽ വിലയാണ് താക്കോൽസ്ഥാനത്ത്. യുദ്ധഭീതി നിലനിർത്തുന്ന സന്ദർഭത്തിൽ പടക്കോപ്പുകളുടെ വില ന്യായമായും ഉയരും. പണമുണ്ടെങ്കിൽ അവശ്യസാധനങ്ങൾ വാങ്ങിക്കൂട്ടി കൃത്രിമം സൃഷ്ടിച്ചു വില കൂട്ടാം. സമ്പദ്ഘടന വികലമാക്കാനുള്ള സാധ്യത അനന്തമാണ്.
വിലയിൽ അധിഷ്ഠിതമായ വിഭവവിന്യാസമാണ് കമ്പോളസിദ്ധാന്തത്തിന്റെ അടിസ്ഥാനപ്രമാണം. ഇതാണ് മുഖ്യധാരാ സാമ്പത്തികശാസ്ത്രവും, നവ ഉദാരവത്കരണ വ്യവസ്ഥയും (Neoclassical System ) മുന്നോട്ടുവെക്കുന്നതും എല്ലാ മുതലാളിത്ത സമ്പ്രദായത്തിന്റെയും അടിസ്ഥാനസിദ്ധാന്തവും. സാമൂഹികകാര്യങ്ങൾക്ക് ശാസ്ത്രീയ പരിവേഷം നൽകാൻ, പോസിറ്റിവിസം എന്ന സമീപനം വ്യാപകമായി പ്രയോജനപ്പെടുത്തുന്നു.
ഗണിതശാസ്ത്രത്തേയും, യുക്തിയേയും ഉപയോഗിച്ച് സാമൂഹികകാര്യങ്ങളെ വിലയിരുത്തുന്ന ഒരു ഉപായമാണിതെന്ന് പറയാം. ഊർജതന്ത്രത്തിന്റെ സാർവത്രിക നിയമങ്ങളെപ്പോലെ സമ്പദ്ഘടനയെ കാണാൻ താൽപര്യപ്പെടുന്ന പണ്ഡിതർ ഇതിൽ ഊന്നി സിദ്ധാന്തങ്ങൾ ചമക്കുന്നു.
1969 ൽ തുടങ്ങിയ സാമ്പത്തികശാസ്ത്ര നൊബേൽ സമ്മാനങ്ങൾ അധികവും ഇത്തരക്കാർ നേടിയെടുത്തു. ഇതിന്റെ അനൗചിത്യത്തെക്കുറിച്ച് ഞാൻ ഒട്ടേറെ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്. സമൂഹം നേരിടുന്ന സാമ്പത്തിക ഉച്ചനീചത്വം, അവസര സമത്വമില്ലായ്മ, ദാരിദ്യ്രം, മനുഷ്യന്റെ അഭിമാനം, സാമൂഹികനീതി തുടങ്ങിയ നീറുന്ന പ്രശ്നങ്ങളെ അവഗണിക്കുന്ന സാമൂഹികശാസ്ത്രജ്ഞർ അവരുടെ ജീവതത്ത്വശാസ്ത്രപരമായ ലക്ഷ്യങ്ങളിൽനിന്ന് ഒളിച്ചോടുന്നവരാണ്.
താൻ രൂപകൽപന ചെയ്ത വികസന മോഡലിന് 1987 ൽ നൊബേൽ പുരസ്കാരം നേടിയ മസാചൂസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം.ഐ.ടി) പ്രഫസർ റോബർട്ട് സോളോവ് തന്റെ ഇക്കണോമിക്സ് ഫോർ ദി ക്യൂരിയസ്: ഇൻസൈഡ് ദി മൈൻഡ്സ് ഓഫ് 12 നൊബേൽ ലോറേട്സ് (Economics for the Curious: Inside the Minds of 12 Nobel Laureates) എന്ന പുസ്തകത്തിൽ സാമ്പത്തിക ശാസ്ത്രത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് പറയുന്നത് ശ്രദ്ധിക്കുക: ‘‘സാമ്പത്തിക ശാസ്ത്രത്തിന്റെ ലക്ഷ്യം സജ്ജീകൃതയുക്തി (organised reason) യും, വ്യവസ്ഥാപിതമായ നിരീക്ഷണവും (Systematic reason) ഉപയോഗിച്ചു ചെറുതും വലുതുമായ സാമ്പത്തികപ്രശ്നങ്ങളെ കാണുകയും, കൂട്ടത്തിൽ അൽപം ബൗദ്ധിക തമാശ (Intellectual fun) ഉണ്ടാക്കുകയുമാണ്.’’
ഇത് തികച്ചും നിരുത്തരവാദപരമായ സമീപനമാണെന്ന് ഞാൻ രണ്ടു പ്രമുഖ ജേണലുകളിൽ എഴുതിയിട്ടുണ്ട്. ഇത്തരം ബുദ്ധിജീവികൾക്ക് എങ്ങനെ സങ്കീർണമായ സാമ്പത്തികവ്യവസ്ഥയുടെ മർമം പ്രയോജനകരമായി വ്യാഖ്യാനിക്കാൻ കഴിയും. തോമസ് പിക്കറ്റിയുടെ കാപിറ്റൽ ഫോർ ദി ട്വന്റി ഫസ്റ്റ് സെഞ്ച്വറി നിരൂപണം ചെയ്തുകൊണ്ട്, സോളോവ് ‘‘മൂലധനത്തെക്കുറിച്ച് വേണ്ടതെല്ലാം’’ ഈ പുസ്തകത്തിലുണ്ടെന്ന് സമ്മതിക്കുമ്പോൾ ഒരർഥത്തിൽ അദ്ദേഹം മുട്ടുമടക്കുകയാണ്.
കാരണം മുഖ്യധാരാ സാമ്പത്തികശാസ്ത്രത്തിന്റെ നട്ടെല്ലൊടിക്കുന്നതാണ് പിക്കറ്റിയുടെ പുസ്തകം. വാസ്തവം പറഞ്ഞാൽ ക്ഷേമരാഷ്ട്ര സങ്കൽപനം പോലും അനാവശ്യമാണെന്നു വാദിക്കുന്നതാണ് നവഉദാരവത്കരണ സിദ്ധാന്തം. സമ്പന്നവർഗങ്ങൾക്ക് ഇത്തരം അയഥാർഥമിത്തുകളുടെ പിൻബലം ഊന്നുവടികളാണ്.
കമ്പോള മൗലികവാദത്തിന് ബദലില്ലെന്ന സമീപനം സമ്പദ് വ്യവസ്ഥയുടെ സാമൂഹിക ദിശാബോധം തന്നെ വഴിതെറ്റിക്കുന്നു. അതിനെ ഊട്ടി ഉറപ്പിക്കുന്ന ഒരു വലിയ സൈദ്ധാന്തിക മതിൽ നിലവിലുണ്ട്. 1989 ൽ ബർലിൻ മതിൽ തകർത്തപ്പോഴും 1991 ൽ സോവിയറ്റ് യൂനിയൻ കൂപ്പുകുത്തിയപ്പോഴും അവ മുതലാളിത്തത്തിന്റെ വിജയമായി കൊണ്ടാടപ്പെട്ടു.
1992ൽ ഫ്രാൻസിസ് ഫുകുയാമയുടെ ദി എൻഡ് ഓഫ് ഹിസ്റ്ററി ആൻഡ് ദി ലാസ്റ്റ് മാൻ എന്ന പുസ്തകം പുറത്തുവന്നു. വളരെ കൊട്ടിഘോഷിക്കപ്പെട്ട ഈ പുസ്തകം, മുതലാളിത്തത്തെ താങ്ങിനിർത്തുന്ന പ്രത്യയശാസ്ത്രങ്ങൾക്ക് ബദലില്ല എന്നു സ്ഥാപിക്കുന്നു. കമ്പോളവും മൂലധനസ്വാതന്ത്ര്യവുമാണ് മനുഷ്യരാശിയുടെ പ്രത്യാശ എന്ന വാദം തീർച്ചയായും പട്ടിണിയും, ദാരിദ്യ്രവും ഇല്ലാത്ത മനുഷ്യന്റെ ആത്മാഭിമാനത്തിനും വില നല്കുന്ന, മനുഷ്യനെ കമ്പോളച്ചരക്കായി കാണാത്ത, സാമൂഹിക നീതി ഉറപ്പുവരുത്തുന്ന ഒരു സാമൂഹിക ക്രമം ആഗ്രഹിക്കുന്നവർക്ക് തികച്ചും നിരാശജനകമാണെന്ന് പറയേണ്ടതില്ലല്ലോ.
ഈ പ്രസ്ഥാനത്തിന്റെ പ്രകൃതത്തിൽ റോബർട്ട് നെൽസൺ എന്ന സാമ്പത്തികശാസ്ത്രജ്ഞൻ ‘ഭൂലോകത്തിൽ സ്വർഗം’ എന്ന പുസ്തകത്തിൽ ക്രൈസ്തവ സമൂഹത്തെക്കുറിച്ചുള്ള ദൈവവിശ്വാസം കമ്പോളവും മൂലധനസ്വാതന്ത്ര്യത്തെ ഒരു വലിയ മൗലികപ്രമാണമാക്കി ഉയർത്തിക്കൊണ്ടുവരുന്നതിന് സഹായകരമായി എന്ന് സൂചിപ്പിക്കുന്നുണ്ട്.
സമ്പദ് വ്യവസ്ഥയെ ആഴത്തിൽ മനസ്സിലാക്കാതെ ബദൽ അന്വേഷണം സാധ്യമല്ല തന്നെ. അടുത്ത തവണ പരിസ്ഥിതിയെക്കുറിച്ചെഴുതാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.