‘നരകവാതിൽ തുറക്കുന്ന മനുഷ്യനും’ കാർബൺ അനീതിയും
text_fieldsലോകത്ത് ഇന്ന് ഒരു വൻ കാർബൺ അനീതി (Carbon Injustice) നിലനിൽക്കുന്നു. സമ്പന്ന രാഷ്ട്രങ്ങളും സമ്പന്നവർഗവും അവരുടെ സൗഖ്യത്തിനുവേണ്ടിയാണ് പ്രവർത്തിക്കുക. വികസനം ഒരർഥത്തിൽ അധീശവർഗ പ്രത്യയശാസ്ത്രമാണ്. കാർബൺ പ്രസാരണത്തിന്റെ ദുരന്തഫലം ഏറിയകൂറും വഹിക്കുന്നത് പാവപ്പെട്ടവരാണ്. വർധിച്ചുവരുന്ന അസമത്വങ്ങൾക്ക് ഇത് ആക്കംകൂട്ടുന്നു.
ഇക്കോണമി, ഇക്കോളജി, എക്യുമിനിസം (തുടർച്ച)
ഇക്കോണമി അഥവാ സമ്പദ് വ്യവസ്ഥ എന്ന സങ്കല്പനത്തെക്കുറിച്ചും, വർത്തമാനലോകത്ത് കമ്പോള സമ്പദ് വ്യവസ്ഥയാണ് വിഭവവിന്യാസം നിർവഹിക്കുന്നതെന്നും, അതിൽ ചരക്കുകളുടെ വില വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ചും കഴിഞ്ഞ പംക്തിയിൽ പരാമർശിക്കുകയുണ്ടായി. കമ്പോള വ്യവസ്ഥയിൽ ആർക്ക് എന്തുകിട്ടുമെന്നു നിശ്ചയിക്കുന്നത് കമ്പോളത്തിൽ കയറാനുള്ള നിങ്ങളുടെ കഴിവിനെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ, എല്ലാ വിഭവവും പ്രകൃതിദത്തമാണ് എന്നിരിക്കെ വിഭവം എങ്ങനെ വിന്യസിക്കപ്പെടുന്നുവെന്ന അന്വേഷണത്തിനും ഏറെ പ്രാധാന്യമുണ്ട്. അങ്ങനെയാണ് ഇക്കോളജി അഥവാ പരിസ്ഥിതിശാസ്ത്രം പ്രസക്തമാവുക.
ഇക്കോളജി എന്ന വാക്ക് ഓയിക്കോസ് (Oikos) അഥവാ വീട്, ലോഗോസ് (logos) അഥവാ പഠനം എന്നീ വാക്കുകളിൽനിന്ന് ഉത്ഭവിച്ചതാണ്. വ്യാപകാർഥത്തിൽ ഭൂമി എന്ന ബൃഹദ് ഭവനത്തിന്റെ പരിസ്ഥിതിയുടെ പഠനമാണ് ഇവിടെ വിവക്ഷ. പരിസ്ഥിതിശാസ്ത്രത്തെ ജീവികളും അവയുടെ ചുറ്റുപാടും തമ്മിലെ പാരസ്പര്യ വ്യവഹാരം സംബന്ധിച്ച ശാസ്ത്രീയ പഠനമെന്നു നിർവചിക്കാനാവും.
മനുഷ്യനാണ് ഏറ്റവും നിർണായക ജീവി. ജീവനെ നിലനിർത്തുന്ന വായുമുതൽ ഊർജം ഉൽപാദിപ്പിക്കുന്നതിനു സഹായിക്കുന്ന കൽക്കരി വരെയുള്ള എണ്ണമറ്റ വിഭവങ്ങൾ മനുഷ്യൻ എങ്ങനെ ഉപയോഗിക്കുന്നു, പ്രയോജനപ്പെടുത്തുന്നുവെന്നിടത്താണ് സമ്പദ് വ്യവസ്ഥയും പരിസ്ഥിതിയും കൂട്ടിമുട്ടുന്നത്. സമ്പദ് വ്യവസ്ഥക്കും പരിസ്ഥിതിക്കും അധികാരപരിധികളുണ്ടെന്ന് പറയാമെങ്കിലും, ഭൂഗോളം തന്നെയാണ് പരിസ്ഥിതിയുടെ അധികാരപരിധി. ഉദാഹരണത്തിന് ചൈനയിലെ ഒരു രോഗാണുവിന് ചിലിയിലെത്താൻ ആരുടെയും ഇമിഗ്രേഷൻ ക്ലിയറൻസ് വേണ്ട.
ധനകാര്യ മൂലധനത്തിന് വർത്തമാനകാല ആഗോള സമ്പദ് വ്യവസ്ഥയിൽ ശരവേഗത്തിൽ സഞ്ചരിച്ച് ലാഭം കൊയ്യാനാവുമെങ്കിലും, ചില പരിമിതികളുണ്ട്. അദൃശ്യവും അസ്പർശിയുമായ സൂക്ഷ്മാണുക്കൾക്ക് വിലങ്ങുകൾ ഒന്നുമില്ല. അണുബോംബും വിഷവായുവും വർഷിക്കുന്നവന് അതിന്റെ പ്രഹരശക്തിയെ പറയുന്നിടത്ത് പിടിച്ചുകെട്ടാനാവില്ല. നിങ്ങൾ എത്ര ദേശീയത പറഞ്ഞാലും ഭൂഗോളത്തിലെ താപനിലയും കാലാവസ്ഥ വ്യതിയാനവും നിങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല.
എന്നാൽ, നിങ്ങളുടെ സ്വാർഥലാഭത്തിനുവേണ്ടി അനിയന്ത്രിതമായി ഇടപെട്ടാൽ അന്തരീക്ഷ മലിനീകരണം വർധിപ്പിക്കുന്ന കാർബൺഡയോക്സൈഡ്, മീഥൈൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയ ഹരിതഗൃഹ വാതകങ്ങൾ ഉൽപാദിപ്പിക്കപ്പെടും. അത് ഭൂമിയുടെ താപനിലയെയും കാലാവസ്ഥയെയും പ്രതികൂലമായി ബാധിക്കും. വാസ്തവത്തിൽ ലോകം നേരിടുന്ന ഏറ്റവും വലിയ ദുരന്തം ഇതാണ്. സമ്പദ്ഘടന കരുതലോടെ പ്രവർത്തിക്കാത്തതിന്റെ പരിണിതഫലമാണിത്.
ഇക്കോണമിയും ഇക്കോളജിയും വേർതിരിഞ്ഞു കാണേണ്ട സങ്കൽപനങ്ങൾ അല്ലെന്നു സാരം. അടുത്തിടെ (സെപ്റ്റംബർ 20) ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ക്ലൈമറ്റ് അംബീഷൻ സമ്മിറ്റിൽ ചെയ്ത ഉദ്ഘാടന പ്രസംഗത്തിൽ നിന്ന് ചില വരികൾ ഉദ്ധരിക്കുന്നത് വളരെ പ്രസക്തമാണെന്ന് തോന്നുന്നു. ‘‘മനുഷ്യവർഗം നരകത്തിന്റെ വാതിൽ തുറന്നിരിക്കുന്നു... ഒന്നും സംഭവിച്ചില്ലെങ്കിൽ നമ്മൾ 2.8 ഡിഗ്രി സെൽഷ്യസ് താപനില വർധനയിലേക്ക് നീങ്ങും- അതേ, അപകടകരവും അസ്ഥിരവുമായ ഒരു ലോകത്തിലേക്ക്.’’ അന്തരീക്ഷ മലിനീകരണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ചില രാജ്യങ്ങൾ ഇത് ചെവിക്കൊണ്ടില്ല.
അവർ ഈ ഉച്ചകോടിയിൽനിന്ന് മാറിനിന്നു. ലോകത്തിലെ ഗ്രീൻ ഹൗസ് ഗ്യാസിന്റെ 42 ശതമാനം ഉൽപാദിപ്പിക്കുന്ന അമേരിക്ക, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങൾ പ്രസ്തുത ഉച്ചകോടിയിൽ പങ്കെടുക്കാതിരുന്നത് മനുഷ്യരാശിയോടുള്ള കൂട്ടുത്തരവാദിത്തത്തിനെതിരെയുള്ള വെല്ലുവിളിയാണ്. വെറും 15 ശതമാനം മാത്രം ജനസംഖ്യയുള്ള അമേരിക്ക, കാനഡ, യൂറോപ്, റഷ്യ, ജപ്പാൻ എന്നീ രാജ്യങ്ങളാണ് വ്യവസായ വിപ്ലവ ശേഷം (ഏതാണ്ട് 1750 മുതൽ) ഉൽപാദിപ്പിക്കപ്പെട്ട കാർബൺ ഗ്യാസിന്റെ 80 ശതമാനം ഉൽപാദിപ്പിച്ചിട്ടുള്ളതെന്ന് ഓർത്താൽ അവരുടെ ഉത്തരവാദിത്തത്തിന്റെ അളവ് എത്രകണ്ട് ഭീമമാണെന്നു ഊഹിക്കാവുന്നതാണ്. 1950 മുതൽ 2000 വരെയുള്ള അരനൂറ്റാണ്ടിൽ പ്രതിശീർഷ കണക്കെടുത്താൽ അമേരിക്ക 25-30 ടൺ കാർബണും യൂറോപ് 15 ടൺ കാർബണും അന്തരീക്ഷത്തിലേക്ക് തള്ളിവിട്ടിട്ടുണ്ട്.
ലോകത്ത് ഇന്ന് ഒരു വൻ കാർബൺ അനീതി (Carbon Injustice) നിലനിൽക്കുന്നു. സമ്പന്ന രാഷ്ട്രങ്ങളും സമ്പന്നവർഗവും അവരുടെ സൗഖ്യത്തിനുവേണ്ടിയാണ് പ്രവർത്തിക്കുക. വികസനം ഒരർഥത്തിൽ അധീശവർഗ പ്രത്യയശാസ്ത്രമാണ്. കാർബൺ പ്രസാരണത്തിന്റെ ദുരന്തഫലം ഏറിയകൂറും വഹിക്കുന്നത് പാവപ്പെട്ടവരാണ്. വർധിച്ചുവരുന്ന അസമത്വങ്ങൾക്ക് ഇത് ആക്കംകൂട്ടുന്നു. തീർച്ചയായും കാർബൺ പ്രസാരണത്തിന്റെ നിയന്ത്രണത്തിന് കൂട്ടായ പരിശ്രമം കൂടിയേതീരു. 1979 മുതൽ ഒട്ടേറെ യു.എൻ ഏജൻസികൾ ലോകത്തിലെ വിവിധ വിദഗ്ധരെ പങ്കെടുപ്പിച്ച് നിരവധി കോൺ ഫറൻസുകൾ നടത്തിയിട്ടുണ്ടെങ്കിലും വഞ്ചി പിന്നെയും തിരുനക്കരത്തന്നെ എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്.
2015ലെ പാരിസ് കാലാവസ്ഥ ഉടമ്പടി പ്രകാരം വ്യവസായ വിപ്ലവകാലഘട്ടത്തിനേക്കാൾ 1.5 ഡിഗ്രി സെൽഷ്യസിനപ്പുറം ആഗോള താപനില കൂടാതിരിക്കാൻ എല്ലാ രാജ്യങ്ങളും സമ്മതിച്ചെങ്കിലും പുരോഗതി വളരെ മന്ദഗതിയിലാണ്. 196 രാജ്യങ്ങൾ പങ്കെടുത്ത ഈ യു.എൻ കോൺഫറൻസിൽ 21ാം നൂറ്റാണ്ടിന്റെ പകുതിക്കുമുമ്പ് ഈ ലക്ഷ്യം നേടാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് എല്ലാവരും പ്രതിജ്ഞയെടുത്തുവെന്നത് പ്രത്യക്ഷത്തിൽ ചെറിയ കാര്യമല്ല. 2022ലെ യു.എൻ എമിഷൻ ഗ്യാപ് റിപ്പോർട്ട് പ്രകാരം കുറഞ്ഞത് 23 ലക്ഷം കോടി ടൺ കാർബൺഡയോക്സൈഡ് പ്രസാരണമെങ്കിലും കുറക്കാതെ പാരിസ് ഉടമ്പടി മുന്നോട്ടുവെച്ച ലക്ഷ്യത്തിലെത്താൻ സാധ്യമല്ല.
പാരിസ് ഉടമ്പടിയിലെടുത്ത പ്രതിജ്ഞ പൂർണമായും നടപ്പാക്കിയാൽതന്നെ രണ്ടോ മൂന്നോ ലക്ഷം കോടി ടൺ കാർബൺ മാത്രമേ കുറക്കാൻ സാധിക്കുകയുള്ളു. ഈ വാഗ്ദാനം തന്നെ കർശനമായി പാലിക്കുമെന്ന് ഒരു സൂചനയും ഇന്നു കാണുന്നില്ല. ലക്ഷ്യം നേടിയാൽ തന്നെ 87 ശതമാനം വിടവ് നിലനിൽക്കുമെന്നു വ്യക്തം. നിലവിലുള്ള വികസന പ്രത്യയശാസ്ത്രം വെച്ചു നോക്കുമ്പോൾ നാം എവിടെയും എത്താൻ പോകുന്നില്ല. വർധിതവും ലയണൽ റോബിൻസിന്റെ വാക്കുകൾ കടമെടുത്താൽ ‘പരിധിയില്ലാത്ത ഉപഭോഗത്തിൽ ഊന്നിയ’ വികസനമാണ് ഈ പ്രത്യയശാസ്ത്രത്തിന്റെ കാതൽ. പണമുള്ളവരുടെ ഡിമാൻഡ് (അതു മുഖ്യവും കൃത്രിമമായി സൃഷ്ടിക്കുന്നതുമാണ്) അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു വ്യവസ്ഥിതി പുറന്തള്ളുന്ന മാലിന്യക്കൂമ്പാരങ്ങളും കാർബൺ വികിരണവും ഭയപ്പെടുത്തുന്നതാണ്.
ഈ അടുത്തിടെ ഒലിവർ ഫ്രാങ്ക്ളിൻ വാലിസ് പ്രസിദ്ധീകരിച്ച വേസ്റ്റ്ലൻഡ് എന്ന പുസ്തകം ഉയർന്ന ഉപഭോഗം വരുത്തിവെക്കുന്ന വൻ വിനകളെക്കുറിച്ചുള്ള സത്യം വിശദമാക്കി പറയുന്നു. ‘‘നാം തീൻമേശയിൽ ഭക്ഷിക്കാതെ ഉപേക്ഷിക്കുന്ന ഭക്ഷണസാധനങ്ങളുടെ മൂന്നിലൊന്നുതന്നെ ഭൂമിയിലെ വിശക്കുന്ന ജനതയുടെ വിശപ്പ് അടക്കുന്നതിനുവേണ്ടതിലും വളരെ മടങ്ങ് അധികമാണ്. മാത്രമല്ല, കാർബൺ വികിരണത്തിന്റെ എട്ടുമുതൽ പത്തുവരെ ശതമാനം ഇങ്ങനെ സൃഷ്ടിക്കപ്പെടുന്നതാണുതാനും’’.
ലോകത്തിലെ ചൂടു വർധന എത്ര ദുരന്തങ്ങൾ വരുത്തിവെക്കുന്നുവെന്നു നമ്മുടെ കൺമുന്നിൽത്തന്നെ ചുരുളഴിയുകയാണ്. പകർച്ചവ്യാധികൾ പരത്തുന്ന അണുക്കളുടെ ജനിതക ഘടനയിൽ മാറ്റം സംഭവിക്കുകയും അവയുടെ സംഹാരശേഷി വളരെ മടങ്ങ് വർധിക്കുകയും ചെയ്യുന്നു. പുതിയ രോഗങ്ങളുടെ ശക്തി കോവിഡിനേക്കാൾ വളരെ മാരകമാണെന്നും ശാസ്ത്രലോകം മുന്നറിയിപ്പു നൽകുന്നു. വളർച്ചനിരക്ക് വർധിപ്പിക്കാൻ പ്രകൃതി നിയമങ്ങളെ കാറ്റിൽ പറത്തിക്കൊണ്ടുനടത്തുന്ന മുന്നേറ്റം, സമ്പന്ന വർഗങ്ങളുടെ താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന വർത്തമാനകാല രാഷ്ട്രീയ സാമ്പത്തിക ശക്തികൾ അവരുടെ മുന്നിൽ കാണുന്ന ചുവരെഴുത്തുകളെ തൊടു ന്യായങ്ങൾപറഞ്ഞ് പ്രതിരോധിക്കുകയാണ്.
ദുരന്തങ്ങളുടെ ചുവരെഴുത്ത് ശർക്കരത്തോണിയിൽ കൈയ്യിട്ടിരിക്കുന്ന സമ്പന്നവർഗം അവഗണിക്കുകയും ചെയ്യുന്നു. ഗ്ലോബൽ സെന്റർ ഓൺ അഡാപ്റ്റേഷൻ 2021ൽ പുറത്തുവിട്ട ഒരു റിപ്പോർട്ടു പ്രകാരം കാലാവസ്ഥ വരുത്തിവെക്കുന്ന അപകടങ്ങൾ മാത്രം പത്തുകോടി ജനങ്ങളെ അതിദാരിദ്യ്രത്തിലേക്ക് തള്ളിവിടുമെന്ന് ചൂണ്ടിക്കാണിക്കുന്നു. ‘നരൻ ക്രമാൽ തന്റെ ശവം ചവിട്ടി പോകുന്നൊരീപ്പോക്ക് ഉയരത്തിലേക്കോ?’ എന്നു കവി നാലപ്പാട്ട് നാരായണമേനോൻ ചോദിച്ചത് ആവർത്തിക്കാൻ തോന്നുകയാണ്.
എന്തായാലും ഇക്കോണമിയും ഇക്കോളജിയും ചേർത്തുനിർത്തിയല്ലാതെ വികസനം അപഗ്രഥിക്കാനാവില്ല. ഭൂഗോള നിവാസികൾക്ക് നീതിയിലും പൊതുനന്മയിലും ഊന്നിയ വ്യവസ്ഥിതിയെക്കുറിച്ചുള്ള വീണ്ടുവിചാരം അനിവാര്യമാണ്. എക്യുമിനിസം പറയുന്നവർ അക്കാര്യത്തിൽ എവിടെ നിൽക്കുന്നുവെന്ന് അടുത്ത പംക്തിയിൽ പരിശോധിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.