നാലു വർഷ ബിരുദ കോഴ്സ് ഉയർത്തുന്ന ചോദ്യങ്ങൾ
text_fieldsസ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ വ്യത്യസ്ത വിദ്യാഭ്യാസ കമീഷനുകൾ രൂപവത്കരിക്കപ്പെട്ടിട്ടുണ്ട്. സ്കൂൾ വിദ്യാഭ്യാസം മുതൽ ഡിഗ്രി വിദ്യാഭ്യാസം വരെ നാലു രൂപത്തിലുള്ള ഘടനകൾ ഉള്ളിടത്തുനിന്നും 1964-66 ലെ കോത്താരി കമീഷൻ ആണ് 10+2+3 എന്ന രൂപം ശിപാർശ ചെയ്തത്. 1986ൽ രാജീവ് ഗാന്ധി സർക്കാർ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയം ഈ ഘടന തുടരുകയും ചെയ്തു. ഇപ്പോൾ 2020 ലെ നാഷനൽ എജുക്കേഷൻ പോളിസിയിൽ വന്ന ശിപാർശ പ്രകാരം നാലു വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കാൻ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം യു.ജി.സിക്ക് നിർദേശം നൽകിയിരിക്കുകയാണ്.
കേന്ദ്രസർക്കാർ നയം പ്രഖ്യാപിച്ചപ്പോൾ തന്നെ വിദ്യാഭ്യാസത്തിനു മേലുള്ള സംസ്ഥാനങ്ങളുടെ അവകാശം കവർന്നെടുക്കുന്നു എന്ന വിമർശനം കേരളവും തമിഴ്നാടും അടക്കമുള്ള സംസ്ഥാനങ്ങൾ ഉയർത്തിയിരുന്നു. നാലു വർഷ ബിരുദ കോഴ്സ് പോലെയുള്ള വലിയ മാറ്റങ്ങൾ സംസ്ഥാനങ്ങളുടെ കൂടി കൂടിയാലോചനയോ പൊതുസമൂഹത്തിൽ ചർച്ചയോ ചെയ്യാതെ ആരംഭിക്കാനുള്ള നീക്കവും ഇത്തരത്തിൽ വിമർശന വിധേയമാക്കേണ്ടതുണ്ട്.
രാജ്യത്ത് നിലനിൽക്കുന്ന രീതി അനുസരിച്ച് യൂനിവേഴ്സിറ്റികൾ അറിവ് ഉൽപാദന കേന്ദ്രങ്ങൾ ആയും കോളജുകൾ എന്നത് അറിവ് വിതരണം ചെയ്യുന്ന ഇടങ്ങളുമായാണ് പ്രവർത്തിക്കുന്നത്. അറിവിന്റെ നിർമാണം നടക്കുന്ന ഇടങ്ങളായി കോളജുകൾ കൂടി മാറുക, ഗവേഷണ രംഗത്ത് കോളജുകൾക്ക് കൂടുതൽ പ്രാധാന്യം, വിവിധ വിഷയങ്ങൾ ഒരേസമയം പഠിക്കാൻ അവസരം എന്നിങ്ങനെയുള്ള മാറ്റങ്ങൾ എന്നത് പുതിയ പോളിസി മുന്നോട്ടുവെക്കുന്നു. നിലവിലെ യൂനിവേഴ്സിറ്റി വിദ്യാഭ്യാസ സിസ്റ്റത്തിൽ സബ്ജക്ട് ചോയ്സ് ലഭിക്കാതെ പഠനം നടത്തേണ്ടി വരുന്ന സാഹചര്യത്തിൽ ഇന്റർഡിസിപ്ലിനറി എന്നത് വലിയൊരു സാധ്യതയാണ് മുന്നോട്ടുവെക്കുന്നത്. ഒന്നിലധികം വ്യത്യസ്ത വിഷയങ്ങൾ; ഉദാഹരണത്തിന് കെമിസ്ട്രി + പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് + ഡേറ്റാ സയൻസ് തുടങ്ങിയ സാധ്യതകൾ നാലു വർഷ കോഴ്സിൽ ഉൾപ്പെടുന്നു. സയൻസ് വിദ്യാർഥികൾക്ക് മാനവിക വിഷയങ്ങളും മാനവിക വിഷയങ്ങൾ പഠിച്ച വിദ്യാർഥികൾക്ക് പുതിയ കാലത്തിന് അനുയോജ്യമായ സാങ്കേതിക വിഷയങ്ങളും ഒരേസമയം പഠനം നടത്താൻ സാധിക്കുന്നു.
കേരളത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വരേണ്ട കാതലായ മാറ്റങ്ങളെ കുറിച്ച് പഠിക്കാൻ 2022ൽ സർക്കാർ നിയോഗിച്ച പ്രഫസർ ശ്യാം ബി. മേനോൻ ചെയർപേഴ്സൻ ആയ കമ്മിറ്റി ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന്റെ ഗ്രോസ് എൻറോൾമെന്റ് റൈറ്റ് (GER -he) നിലവിലുള്ള 38.8 നിന്ന് 2036 ഓടുകൂടി 75ൽ ആവുക എന്ന ലക്ഷ്യം മുന്നോട്ടുവെക്കുന്നു.
നാലുവർഷ ബിരുദ കോഴ്സിലേക്ക് നിലനിൽക്കുന്ന സമ്പ്രദായം മാറുമ്പോൾ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്ന് പരിശോധിക്കണം. നിലവിൽ യൂനിവേഴ്സിറ്റികൾ പിന്തുടരുന്ന ചോയിസ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റത്തിൽ(cbcss) വിദ്യാർഥികൾക്ക് ആവശ്യമായ ചോയ്സുകൾ ലഭിക്കുന്നില്ല. ബിരുദ പഠനത്തിൽ ന്യായമായും വിദ്യാർഥികൾക്ക് ലഭിക്കേണ്ട ചോയ്സുകൾ ഇല്ലാതാകുന്നു എന്നുള്ളത് വിദ്യാഭ്യാസ നിലവാര തകർച്ചക്ക് കാരണമാകുന്നു. എന്നിരിക്കെ, വിദ്യാർഥികളിൽ ഒരേസമയം വിവിധ വിഷയങ്ങളിൽ പ്രാവീണ്യം ഉണ്ടാക്കാൻ സഹായിക്കുന്ന മൾട്ടി ഡിസിപ്ലിനറി പഠനസമ്പ്രദായം നിലവിലെ അവസ്ഥയിൽ എത്ര കണ്ട് സാധ്യമാണ് എന്നത് ഒരു ചോദ്യമാണ്. സ്കൂൾ തലം കഴിഞ്ഞ് കോളജ് തലത്തിലേക്ക് വരുമ്പോൾ വിദ്യാർഥികൾക്ക് ലഭിക്കേണ്ട ചോയിസും അതുപോലെ വിവിധ വിഷയങ്ങളിലുള്ള പഠനങ്ങളും ലഭ്യമാകുന്നില്ല എന്നതാണ് യാഥാർഥ്യം.
സർവ മേഖലയിലും സാങ്കേതികത (ടെക്നോളജി) ഒഴിച്ചുകൂടാനാകാത്ത കാലത്ത് വിദ്യാഭ്യാസ മേഖലയും ഇനിയും കുറെക്കൂടി സാങ്കേതിക - സൗഹൃദം ആവണം എന്നത് പുതിയ കരിക്കുലം ഫ്രെയിം വർക്ക് മുന്നോട്ടു വെക്കുന്നു. അധ്യാപക കേന്ദ്രീകൃത ബോധന രീതിയിൽനിന്ന് മാറി വിദ്യാർഥികളെ കേന്ദ്രീകരിക്കുന്ന രീതിയിലേക്ക് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മാറ്റം അതിവേഗം നടക്കേണ്ടതുണ്ട്. നേരത്തേ സൂചിപ്പിച്ചതുപോലെ കോളജുകൾ അറിവിന്റെ നിർമാണം നടക്കുന്ന ഇടങ്ങൾ ആയിത്തീരണമെങ്കിൽ ആ അർഥത്തിലുള്ള ഗവേഷണങ്ങൾ അവിടെ നടക്കേണ്ടതുണ്ട്. നാലുവർഷ ബിരുദ കോഴ്സ് പൂർത്തിയാക്കുന്ന ഒരു വിദ്യാർഥി നിശ്ചിത ക്രെഡിറ്റുകൾ നിർബന്ധമായും ഗവേഷണ മേഖലയിൽ നേടിയിരിക്കണം.
എന്നാൽ, ഈയൊരു പരിഷ്കരണത്തിന്റെ മറുവശംകൂടി നമ്മൾ പരിശോധിക്കേണ്ടതുണ്ട്. നാലു വർഷ ബിരുദ കോഴ്സുകൾക്ക് നിലവിലെ സാഹചര്യത്തിൽ ഒട്ടനവധി പ്രായോഗിക പരിമിതികളുണ്ട്. കേന്ദ്ര സർക്കാറിന്റെ കരട് രേഖ അടിസ്ഥാനമാക്കി കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ കോഴ്സ് രൂപരേഖയിൽ ഒന്നും രണ്ടും വർഷങ്ങളിലെ എക്സിറ്റ് ഒാപ്ഷനുകൾ എടുത്തുകളഞ്ഞ് മൂന്നും നാലും വർഷങ്ങളിലേക്ക് മാത്രമായി ചുരുക്കിയത് സ്വാഗതാർഹമാണ്. എക്സിറ്റ് ഓപ്ഷനുകൾ സ്വാഭാവികമായി ബാധിക്കുക പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളെയാണ്. അതിനാൽ, യൂനിവേഴ്സിറ്റി/കോളജ് തലത്തിൽ കൃത്യമായ മോണിറ്ററിങ് സംവിധാനമില്ലാതെ ഇതു നടപ്പിലാക്കുന്നതും വിദ്യാർഥികളുടെ ഭാവിയെ ബാധിക്കും.
പുതിയ കോഴ്സിലെ പ്രധാന ഘടകമായ റിസർച്ച് അടിസ്ഥാനപ്പെടുത്തിയുള്ള ബിരുദ പഠനത്തിനാവശ്യമായ അടിസ്ഥാന സംവിധാനങ്ങളും അധ്യാപകരും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലവിലില്ല എന്നതും പ്രശ്നകരമാണ്. അവസാന വർഷത്തിൽ അധ്യാപകരെ ഗൈഡ് ആയി നിശ്ചയിച്ചു നടക്കേണ്ട ഗവേഷണത്തിൽ അധ്യാപകർക്ക് എത്ര കണ്ട് വിദ്യാർഥികളുടെ അഭിരുചി മനസ്സിലാക്കി ഗവേഷണ മേൽനോട്ടം വഹിക്കാൻ സാധിക്കും എന്നത് ഒരു പ്രശ്നമാണ്. മാത്രമല്ല, ഒരു കരിക്കുലം എപ്പോഴും പ്രാദേശിക തലത്തിൽനിന്നുള്ള അധ്യാപകരുടെയും വിദ്യാർഥികളുടെയും അനുഭവത്തിൽനിന്നു കൂടി രൂപപ്പെടേണ്ടതാണ്. കേന്ദ്ര തലത്തിൽ തീരുമാനിച്ചുറപ്പിച്ച് താഴേക്ക് നടപ്പിലാക്കാൻ നൽകുന്ന കരിക്കുലമെന്ന നിലക്ക് നിലവിലെ രൂപരേഖ കേരളത്തിലെ വിദ്യാർഥി - അധ്യാപക സമൂഹത്തിന്റെ വിദ്യാഭ്യാസ അനുഭവത്തെ മാനിക്കാത്തതാണ്.
ഏതൊക്കെ കോഴ്സുകളാണ് ഇൻറർ ഡിസിപ്ലിനറിയായി ഒരുമിച്ച് എടുക്കാൻ കഴിയുക എന്ന കൃത്യതയില്ലാത്തതും സയൻസ്-കോമേഴ്സ്-ഹ്യുമാനിറ്റീസ് തുടങ്ങിയ വ്യത്യസ്ത സ്ട്രീമുകളിൽനിന്ന് ബിരുദ തലത്തിലേക്ക് വരുന്ന വിദ്യാർഥികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കും. സയൻസ് പഠിച്ച വിദ്യാർഥികൾക്ക് ബിരുദ തലത്തിൽ ഏതു കോഴ്സും എടുക്കാനുള്ള സാഹചര്യം ഉണ്ടാവുകയും കോമേഴ്സ്, ഹ്യുമാനിറ്റീസ് സ്ട്രീം പഠിച്ചവർക്ക് ബിരുദതലത്തിലെ പഠന സാധ്യത ചുരുങ്ങുകയും ചെയ്യും എന്നതാണ് സംഭവിക്കുക. അപ്പോൾ ഏതൊക്കെ കോഴ്സ്, ആർക്കൊക്കെയാണ് ചേരാൻ സാധിക്കുക, എന്താണ് ഇന്റർഡിസിപ്ലിനറിയുടെ അഡ്മിഷൻ മാനദണ്ഡം എന്നിവ കൃത്യപ്പെടുത്തിയിട്ടേ കോഴ്സ് ആരംഭിക്കാൻ പാടുള്ളു. നേരത്തേ തന്നെ ഡൽഹി യൂനിവേഴ്സിറ്റിയടക്കം നടപ്പിലാക്കുകയും അപ്രായോഗികമെന്ന് ചൂണ്ടിക്കാട്ടി നിർത്തലാക്കുകയും ചെയ്ത ഒരു സംവിധാനം ജനകീയാടിസ്ഥാനത്തിലും പ്രാദേശികമായും കൂടുതൽ പഠനം നടത്താതെ ധിറുതിപ്പെട്ട് നടപ്പിലാക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ഏതൊരു വിദ്യാഭ്യാസ പരിഷ്കരണവും ഫലവത്താവുക അതിന്റെ ഗുണഫലങ്ങൾ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളിലേക്ക് നീതിപൂർവം വിതരണം ചെയ്യപ്പെടുമ്പോഴാണ്. മതിയായ ആലോചനകൾ ഇല്ലാതെ പെട്ടെന്ന് പരിഷ്കരണങ്ങൾ കൊണ്ടുവരുമ്പോൾ സ്വാഭാവികമായും പുറംതള്ളപ്പെടുന്നത് സമൂഹത്തിലെ പിന്നാക്ക ജനവിഭാഗങ്ങൾ ആണ് എന്നതാണ് നമ്മുടെ മുന്നിലെ മുന്നനുഭവം. പിഎച്ച്. ഡി പ്രവേശനത്തിന് അടക്കം യോഗ്യതയായി പരിഗണിക്കപ്പെടാൻ പോകുന്ന നാലു വർഷ ബിരുദ കോഴ്സ് പോരായ്മകളും ആശങ്കകളും പരിഹരിച്ചു ജനകീയാടിസ്ഥാനത്തിൽ ചർച്ചകൾ നടത്തി വേണം അധികാരികൾ മുന്നോട്ടു കൊണ്ടുപോകാൻ.
(ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ്
പ്രസിഡൻറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.