വരും തലമുറ പഠിക്കാനിരിക്കുന്നതും രാജ്യം അനുഭവിക്കാൻ പോകുന്നതും
text_fieldsപുതിയ വിദ്യാഭ്യാസനയത്തിെൻറ വരവോടെ വിദ്യാഭ്യാസമേഖലയിലെ ആശങ്കയുടെ കാർമേഘങ്ങൾ കനക്കുകയാണ്. നരേന്ദ്ര മോദിയുടെ രണ്ടാം വരവിലെ ആദ്യ പാർലമെൻറ് സമ്മേളനത്തിൽ തിരക്കിട്ട് അവതരിപ്പിക്കാൻ വെച്ചതായിരുന്നു പുതിയ വിദ്യാഭ്യാസനയം.
സഭകളിൽ അവതരിപ്പിക്കപ്പെട്ടില്ലെങ്കിലും അന്നുതന്നെ ഞാനടക്കമുള്ള പ്രതിപക്ഷ എം.പിമാർ പുതിയ നയത്തിലെ അപകടങ്ങൾ നിരന്തരം ചൂണ്ടിക്കാണിക്കുകയും നിർദേശങ്ങൾ രേഖാമൂലം നൽകുകയും ചെയ്തിരുന്നു. എന്നാൽ ആ ചർച്ചകളെല്ലാം പ്രഹസനമായി അവശേഷിക്കുകയും നയത്തിെൻറ കരട് കാതലായ മാറ്റങ്ങളൊന്നുമില്ലാതെ അവതരിപ്പിക്കുകയും ചെയ്തു എന്നാണ് മനസ്സിലാകുന്നത്.
ഇത്രമേൽ പ്രധാനപ്പെട്ട ഒരു നയം പാർലമെൻറിൽ ചർച്ചക്കെടുക്കാതെ കോവിഡ് പ്രതിസന്ധികളുടെ മറവിൽ നടപ്പിലാക്കുകയാണ്.
പുതിയ നയത്തിെൻറ നിർവഹണത്തോടെ സാർവത്രികവിദ്യാഭ്യാസത്തിെൻറ യുഗം അവസാനിക്കുകയാണ് എന്ന് നിരീക്ഷിക്കേണ്ടി വരും. പ്രാഥമിക വിദ്യാഭ്യാസം സൗജന്യവും നിർബന്ധിതവുമായിരിക്കുമെന്ന നയത്തിൽ ഒന്നു മുതൽ എന്നതിന് പകരം പ്രീസ്‌കൂൾ സംവിധാനം കൊണ്ടുവന്നിരിക്കുകയാണ്.
എൻറോൾമെൻറ് തോത് വർധിപ്പിക്കുമെന്നും ഇടക്കുവെച്ച് പഠനം നിർത്തിപ്പോയവരെ തിരികെ കൊണ്ടുവരുമെന്നുമുള്ളതടക്കം ലക്ഷ്യമിടുന്നതാണ് പുതിയ നയമെന്ന് പറയുന്നു. എന്നാൽ അടിമുടി സ്വകാര്യവത്കരിക്കാൻ പാകത്തിൽ കെട്ടിവാർക്കുന്ന നയം സാമൂഹിക അസമത്വത്തിന് അടിത്തട്ടിൽ നിന്നുതന്നെ ശില പാകുന്ന കാഴ്ചയായിരിക്കും ബാക്കിയാവുന്നത്. കേന്ദ്ര സർവകലാശാലകൾ അടക്കമുള്ള ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ ഒരു കോർപറേറ്റ് കമ്പനിക്ക് സമാനമായി ഘടനവ്യത്യാസം വരുത്താനാണ് പുതിയ നയം ആലോചിക്കുന്നതത്രേ.
പരമാവധി എൻറോൾമെൻറ് ഉറപ്പാക്കാൻ കൂടുതൽ സ്ഥാപനങ്ങൾ എന്ന പേരിൽ സ്വകാര്യസ്ഥാപനങ്ങൾക്ക് എല്ലാവിധ ഒത്താശയും ചെയ്യുന്നതിലായിരിക്കും സർക്കാറിെൻറ താൽപര്യം. സർക്കാർ സ്ഥാപനങ്ങൾക്കില്ലാത്ത അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പുവരുത്തി പൊതുമേഖലയിലെ വിദ്യാഭ്യാസയജ്ഞങ്ങളെ കുരുതി കഴിക്കുന്നതോടെ അപകടം പൂർത്തിയാവും.
ഫീസ് നിശ്ചയിക്കുന്നതു മുതൽ സംവരണങ്ങളെയെല്ലാം അട്ടിമറിച്ചു പ്രവേശനരീതികൾ തീരുമാനിക്കുന്നതുവരെ എല്ലാം സ്വകാര്യമേഖലക്ക് ഒറ്റക്ക് അധികാരമുള്ളതാകും എന്നാണ് പുതിയ നയം പറയുന്നത്. മൊത്തം ജി.ഡി.പിയുടെ ആറു ശതമാനം വിദ്യാഭ്യാസത്തിനു നീക്കിവെക്കുമെന്ന പുതിയ നയം പ്രതീക്ഷ നൽകുന്നു.
സ്വതന്ത്രഭാരതത്തിെൻറ ആദ്യ വിദ്യാഭ്യാസമന്ത്രി മൗലാന അബുൽകലാം ആസാദിെൻറ വീക്ഷണമായിരുന്നു അത്. 1968ലെയും 1986 ലെയും വിദ്യാഭ്യാസനയങ്ങൾ ഇതേ നിർദേശം മുന്നോട്ടുവെച്ചിരുന്നു. പക്ഷേ, ചൊല്ലും ചെയ്തിയും ചേരാത്തതാണല്ലോ മോദിസർക്കാറുകളുടെ രീതി. 2014 മുതൽ 2019 വരെയുള്ള ബജറ്റുകളിലെല്ലാം ഏറ്റവും തഴയപ്പെട്ട മേഖലയാണ് വിദ്യാഭ്യാസം.
2011 മുതൽ 2014 വരെ യു.പി.എ സർക്കാർ ബജറ്റിൽ 4.5 ശതമാനം വിദ്യാഭ്യാസമേഖലക്ക് കരുതിയപ്പോൾ എൻ.ഡി.എ സർക്കാറിെൻറ നിലവിലത്തെ വിഹിതം ബജറ്റിെൻറ 3.4 ശതമാനം മാത്രമാണ്. 2017 -2018 സമയത്ത് ആകെ ജി.ഡി.പിയുടെ 2.7 ശതമാനം മാത്രമാണ് എൻ.ഡി.എ സർക്കാർ വിദ്യാഭ്യാസമേഖലക്ക് കണ്ടുവെച്ചത്.
2014 നുശേഷം ഇന്ത്യയിലെ ഗവേഷണ മേഖലക്ക് കാര്യമായ ക്ഷീണം സംഭവിച്ചു. ഗവേഷണവിദ്യാർഥികൾക്കുള്ള ഫെലോഷിപ്പിലെ അലംഭാവം, ഗവേഷണപ്രബന്ധങ്ങൾ ദേശീയതാൽപര്യത്തിലാവണമെന്ന നിഷ്കർഷ, ഗവേഷണസ്ഥാപനങ്ങൾക്കും കേന്ദ്രസർവകലാശാലകൾക്കും ഫണ്ട് അനുവദിക്കാതിരിക്കുക എന്നിങ്ങനെ ഈ മേഖലയിൽ മോദി അവരോധത്തിന് ശേഷം കാര്യങ്ങൾ സങ്കീർണമാണ്.
ഇന്ത്യയിൽ ഒരു ലക്ഷം വിദ്യാർഥികളിൽ 15 പേർ ഗവേഷകരാണെന്നാണ് കണക്ക്. ചൈനയിൽ ഇത് 111ഉം അമേരിക്കയിൽ 424ഉം ഇസ്രായേലിൽ ഇത് 825ഉം ആണ്. എന്നിട്ടും ഈ മേഖലയിൽ എൻ.ഡി.എ സർക്കാർ നിക്ഷേപങ്ങൾ കുറച്ചു. പുതിയ നയം ഗവേഷണത്തിന് മുന്തിയ പരിഗണന നൽകുമെന്നാണ് അവകാശവാദം.
അതിനായി നാഷനൽ റിസർച് ഫൗണ്ടേഷൻ രൂപവത്കരിക്കുകയാണ്. 20,000 കോടി എൻ.ആർ.എഫിലേക്ക് വഴിമാറ്റുമെന്നാണ് പറയുന്നത്. എന്നാൽ എൻ.ആർ.എഫിലെ അംഗങ്ങളെ തീരുമാനിക്കുക പ്രധാനമന്ത്രി നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ ശിക്ഷാ ആയോഗ് ആണ്. രാഷ്ട്രീയ ശിക്ഷാ ആയോഗ് എന്ന ഇന്ത്യയിലെ മാനവവിഭവ ശേഷി വികസനത്തെ ഇനി നിയന്ത്രിക്കാൻ പോകുന്ന സംവിധാനം പ്രധാനമന്ത്രി അധ്യക്ഷത വഹിക്കുന്ന ഭരണകൂടത്തിന് താൽപര്യമുള്ളവരെ അംഗങ്ങളാക്കാൻ പറ്റുന്ന ഒരു സമിതിയാണ്.
ആസാദും നെഹ്‌റുവും തുടങ്ങി ഡോ. എസ്. രാധാകൃഷ്ണനും എ. ലക്ഷ്മണസ്വാമി മുതലിയാരും ഡോ. ഡി. എസ്. കോത്താരിയുമൊക്കെ പലകാലങ്ങളിലായി ചിട്ടപ്പെടുത്തിയ വിദ്യാഭ്യാസ രംഗം ഇനിമുതൽ സ്വന്തം വിദ്യാഭ്യാസ യോഗ്യത തെളിയിക്കാൻ സത്യസന്ധമായി ഒരു സർട്ടിഫിക്കറ്റ് പോലുമില്ലാത്ത രാഷ്ട്രീയക്കാരും നാഗ്പൂരിൽ നിന്നുള്ള പ്രോപ്പഗൻഡ വിദഗ്‌ധരും ബാബാ രാംദേവും സദ്‌ഗുരുവുമടക്കമുള്ളവരും നിയന്ത്രിക്കുന്ന അതിദയനീയവും അപകടകരവുമായ സ്ഥിതി ആലോചിക്കാൻ പോലും കഴിയുന്നില്ല.
എൻറോൾ ചെയ്യുന്ന കുട്ടികളുടെ എണ്ണം ആനുപാതികമായി കുറയുന്നു എന്ന ആശങ്ക പരിഹരിക്കുമെന്ന് പുതിയ നയം അവകാശപ്പെടുന്നു. എന്നാൽ എൻറോൾ ചെയ്ത കുട്ടികളുടെ നിലവാരം അളക്കാനുള്ള മോണിറ്ററിങ് സംവിധാനത്തെപ്പറ്റി പുതിയ നയത്തിൽ പരാമർശമില്ല. ഇന്ത്യയുടെ മൊത്തം എൻറോൾമെൻറ് നിലവാരം 25.8 ശതമാനമാണ്.
ഇതിൽ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഏറ്റവും മുന്നിലുള്ള അമ്പത് ജില്ലകളിലാണ് ആകെയുള്ള 32.2 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളും. അതായത് നിലവിലുള്ള സൗകര്യങ്ങൾ വെച്ച് എൻറോൾമെൻറ് നിരക്ക് വർധിപ്പിക്കുമെന്ന് അവകാശപ്പെടുന്നത് വസ്തുതകളോട് യോജിക്കാത്തതാണ്. മാത്രവുമല്ല, അധ്യാപക പരിശീലനത്തിന് പ്രാധാന്യം കൊടുക്കാതെയാണ് പുതിയ നയം വന്നിട്ടുള്ളത്.
സർക്കാർ സ്ഥാപനങ്ങളിൽ സൗജന്യമായി വന്ന് അധ്യാപനം ചെയ്യാൻ താൽപര്യമുള്ള വളൻറിയർമാരുടെ അടക്കം സേവനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നാണ് പറയുന്നത്. ഇതോടെ പൊതുമേഖലയുടെ എല്ലാ നിലവാരവും ഇല്ലാതാകും എന്നുറപ്പിക്കാം. സ്വകാര്യവത്കരണത്തിനും, സങ്കുചിത കേന്ദ്രീകരണത്തിനും പുറമെ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്ന മറ്റൊരു സംഗതി പുതിയ നയത്തിെൻറ വർഗീയ ദിശയാണ്.
രാഷ്ട്രീയ ശിക്ഷാ ആയോഗും റിസർച് ഫൗണ്ടേഷനുമടക്കം എല്ലാം കോർപറേറ്റ്- ഫാഷിസ്റ്റ് രാഷ്ട്രീയത്തിെൻറയും സാമ്പത്തിക
താൽപര്യത്തിെൻറയും ചട്ടുകങ്ങളായി തീരുന്നതോടെ നിലവിൽ നടക്കുന്ന പാഠപുസ്തകങ്ങളിലെ ക്രമക്കേടുകൾ മുതൽ ചരിത്രം തിരുത്താനുള്ള അവിഹിത ശ്രമങ്ങൾ വരെ സാധൂകരിക്കപ്പെടുന്നതും ചോദ്യം ചെയ്യപ്പെടാത്തതുമാകും.
കോവിഡ് കാലത്ത് സിലബസ് ചുരുക്കേണ്ട സാഹചര്യം വന്നപ്പോൾ സി.ബി.എസ്.ഇ ആദ്യം വെട്ടിയത് മതനിരപേക്ഷതയും ജനാധിപത്യ സ്ഥാപനങ്ങളും സ്വാതന്ത്ര്യ സമരചരിത്രവും പ്രാചീന ഇന്ത്യയിലെയും മധ്യകാല ഇന്ത്യയിലെയും ജാതീയത അടക്കമുള്ള സാമൂഹിക അസമത്വങ്ങളെ സംബന്ധിച്ച ഭാഗങ്ങളുമൊക്കെയാണ്.
ഒരു സവർണസങ്കൽപം വാർത്തെടുക്കുന്ന സംഘ്പരിവാർ പദ്ധതി എത്രയെളുപ്പത്തിലാണ് സി.ബി.എസ്.ഇ പോലുള്ള സംവിധാനങ്ങളിലൂടെ നടപ്പാക്കിയതെന്ന് ഓർക്കണം. വരും തലമുറ എങ്ങനെ ചിന്തിക്കുമെന്നതിെൻറ ഭയപ്പെടുത്തുന്ന വാസ്തവങ്ങളാണ് നമ്മുടെ കലാലയങ്ങളിൽ ഇനി പഠിപ്പിക്കപ്പെടാൻ പോകുന്നത്. നമ്മൾ ഇത്രയും നാൾ പഠിച്ച ചരിത്രമൊക്കെ കാലഹരണപ്പെട്ടു പോയെന്നും ഇനി കോർപറേറ്റുകളും ഫാഷിസ്റ്റുകളും വാർത്തെടുക്കുന്ന സവർണവും ഏകശിലാത്മകവുമായ ഒരു ജ്ഞാനപാരമ്പര്യമാണ് ഇവിടെ അവശേഷിക്കാൻ പോകുന്നതെന്നും തിരിച്ചറിയണം.
വാർത്തകൾ പ്രോപ്പഗൻഡകൾക്ക് വഴി മാറിയതുപോലെ നമ്മുടെ വിദ്യാഭ്യാസവും നിക്ഷിപ്ത താൽപര്യങ്ങൾക്ക് ഇടം മാറും. ഏറെ പുരോഗതി പ്രാപിെച്ചന്ന് പറയുന്ന അമേരിക്കയിൽ ഇപ്പോഴും എന്തുകൊണ്ടായിരിക്കും വംശീയത ഇത്രമേൽ രൂക്ഷമെന്ന് നമ്മൾ ആശ്ചര്യപ്പെടാറില്ലേ? മുതലാളിത്തമാണ് വംശീയതയെ അവിടെ തീറ്റിപ്പോറ്റുന്നത്.
അതുപോലെ ഇന്ത്യയിൽ വർഗീയതയെ തീറ്റിപ്പോറ്റുന്നതും ഇവിടുത്തെ കോർപറേറ്റുകളായിരിക്കും. കേന്ദ്ര സർവകലാശാലകൾ ഫണ്ടില്ലാതെ ബുദ്ധിമുട്ടുമ്പോഴും കടലാസിൽ മാത്രമുള്ള അംബാനിയുടെ ജിയോ സർവകലാശാലക്ക് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എമിനൻസ് പദവി പതിച്ചുനൽകുന്ന മോദി വേറെന്താണ് നമ്മോട് പറയുന്നത്?.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.