തെരഞ്ഞെടുത്ത സർക്കാറും തെരഞ്ഞെടുക്കാത്ത ഗവർണറും
text_fieldsതാൻ ജനം തെരഞ്ഞെടുത്തയാളല്ലെന്ന് ഗവർണർക്ക് ഓർമ വേണം. ഗവർണറുടെ അധികാരം കൂടുതൽ ശുഷ്കവും പരിമിതവുമാക്കുന്നതാണ് പേരറിവാളൻ കേസിലെ സുപ്രീംകോടതി വിധി. ഒരു ജനാധിപത്യ ഭരണഘടനയിൽ ജനം തെരഞ്ഞെടുത്ത സർക്കാറിനെ തെരഞ്ഞെടുപ്പില്ലാതെയെത്തിയ ഗവർണർ മാനിക്കണമെന്നും സുപ്രീംകോടതി നിഷ്കർഷിക്കുന്നു.
തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ സർക്കാറിനുമേൽ ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ സംബന്ധിച്ച പ്രശ്നങ്ങൾ എക്കാലത്തുമുള്ളതാണ്. ഈ വിഷയത്തിൽ, നിരന്തരം സംഭവിക്കാറുള്ള അസ്വാരസ്യങ്ങളിൽ സുപ്രീംകോടതി പലവുരു ഇടപെട്ട് പ്രശ്നം പരിഹരിക്കാറുള്ളതുമാണ്. ഏറ്റവുമൊടുവിലത്തേതായിരുന്നു എ.ജി. പേരറിവാളൻ കേസിലെ പരമോന്നത കോടതി ഇടപെടൽ.
ഗവർണറുടെ അധികാരങ്ങൾ
ഭരണഘടനയുടെ 161ാം വകുപ്പാണ് ഗവർണറുടെ അധികാരങ്ങൾ നിർണയിച്ചിട്ടുള്ളത്. 1935ലെ ഗവ. ഓഫ് ഇന്ത്യ നിയമം 50ാം വകുപ്പാണ് ഇതിന്റെ ആധാരം. നിയമത്തിലെ 48 മുതൽ 52 വരെ വകുപ്പുകൾ ഗവർണറുടെ അധികാരങ്ങൾ സംബന്ധിച്ചാണ്. ഭരണനിർവഹണം, മന്ത്രിമാരെ കണ്ടെത്തി നിയമിക്കലും പുറത്താക്കലും തുടങ്ങി വലിയ അധികാരങ്ങളാണ് ഈ വകുപ്പുകൾ ഗവർണർക്ക് നൽകുന്നത്. മന്ത്രിസഭ യോഗത്തിൽ ഗവർണർക്ക് അധ്യക്ഷനാകാം. സ്വന്തം തീരുമാനപ്രകാരം അഡ്വക്കറ്റ് ജനറലിനെ നിയമിക്കാം. നിയമകോടതിക്കു മുന്നിൽ ഗവർണറുടെ തീരുമാനം ചോദ്യം ചെയ്യപ്പെടാനുമാകില്ല. ഇത്രയും കണക്കിലെടുത്താൽതന്നെ ഗവർണറുടെ പരമാധികാരം വ്യക്തമാകും.
ബ്രിട്ടീഷ് ഭരണകാലത്ത് ഇവരെ നിയമിച്ചിരുന്നത് രാജാവാണെന്നതാണ് ഗവർണർക്ക് ഇത്രയും അധികാരങ്ങൾ ആസ്വദിക്കാൻ അവസരം നൽകിയത്. സ്വാഭാവികമായും ഗവർണർമാരെ സർവാധികാരികളായി നിർത്തുന്നത് രാജഭരണത്തിന് ആവശ്യമായിരുന്നു. സ്വാതന്ത്ര്യത്തിനു മുമ്പ് അനിയന്ത്രിതാധികാരം ദുരുപയോഗം ചെയ്ത് ഗവർണർമാർ ചെയ്തുകൂട്ടിയ കൊടിയ അനീതികൾ പലതും ചരിത്രത്തിൽ രേഖപ്പെട്ടുകിടക്കുന്നുണ്ട്.
ഇന്ത്യൻ ഭരണഘടന തയാറാക്കുമ്പോൾ, കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി അംഗങ്ങൾക്കിടയിൽ സ്വാഭാവികമായും ഗവർണറുടെ അധികാരങ്ങൾ സംബന്ധിച്ച് വലിയ വാഗ്വാദങ്ങളാണ് നടന്നത്. ഗവർണർ പദവിതന്നെ തുടച്ചുനീക്കി രാജ്യത്തിന്റെ പൊതുസ്മൃതിചിത്രത്തിൽ ഈ ക്രൂരതകളുടെ ആവർത്തനം ഒഴിവാക്കാമെന്നായിരുന്നു മഹാഭൂരിപക്ഷത്തിന്റെയും നിലപാട്. ഗവർണറുടെ ഓഫിസുകൾ ചെയ്തുവെച്ച ചരിത്രപരമായ അനീതികൾ ഇനിയും ഉണ്ടാകാതെ സൂക്ഷിക്കാനും അതുവഴി ആകും.
കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി അംഗം ബി. ദാസ് പറഞ്ഞത് ഗവർണർ പദവി ശുദ്ധ ശൂന്യതയാണെന്നായിരുന്നു. ഭരണഘടനക്കു കീഴിൽ ഇനിയും ഗവർണർ പദവി അരുതെന്ന് മറ്റൊരു അംഗം എച്ച്.വി. കാമത്ത് അഭിപ്രായപ്പെട്ടു. എന്നാൽ, ഇത് അംഗീകരിക്കാൻ ബി.ആർ. അംബേദ്കർ കൂട്ടാക്കിയില്ല. ഗവർണർ പദവി നിലനിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാനഡ, ആസ്ട്രേലിയ സർക്കാറുകൾ അത് നിലനിർത്തിയിട്ടുണ്ടെന്നായിരുന്നു ന്യായം. കരട് ഭരണഘടന തയാറാക്കുമ്പോൾ അടിസ്ഥാന തത്ത്വങ്ങൾ തയാറാക്കാനായി കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി പ്രവിശ്യ ഭരണഘടന സമിതിയെ വെച്ചിരുന്നു. ഈ സമിതി തയാറാക്കിയ ധാരണപത്രം ഒമ്പതാം അനുച്ഛേദപ്രകാരം ഗവർണർ മന്ത്രിസഭയുടെ ഉപദേശ, സഹായങ്ങളോടെ പ്രവർത്തിക്കണം. എന്നാൽ, ചില വിഷയങ്ങളിൽ സ്വന്തം അധികാരം പ്രയോഗിക്കുകയുമാകാം. പ്രവിശ്യയുടെ ശാന്തി, സമാധാനം എന്നിവക്ക് ഭംഗംവരുന്ന സംഭവങ്ങളിലാണ് അതിലൊന്ന്.
കരട് ധാരണപത്രത്തിന്റെ മുഖ്യ സവിശേഷതകൾ വിവരിച്ച് 1947 ജൂലൈ 15ന് സർദാർ വല്ലഭ് ഭായ് പട്ടേൽ വിശദീകരിച്ചു: ''അതത് പ്രവിശ്യയിൽ സമാധാനവും ശാന്തിയും അപകടപ്പെടുന്ന ഘട്ടങ്ങളിൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് ചെയ്യലാണ് ഗവർണറുടെ ചുമതലയെന്ന് സമിതി ഈ വിഷയത്തിൽ വ്യക്തമാക്കുന്നു. ഗവർണർ അധികാരം പ്രയോഗിക്കുന്നതു മൂലം മന്ത്രിസഭയും ഗവർണറും തമ്മിൽ സംഘർഷമുണ്ടാക്കുന്ന സാഹചര്യമുണ്ടാകരുത്. സേവനങ്ങൾക്കു മേൽ ഗവർണർക്ക് അധികാരമുണ്ടാകില്ല. രാജ്യത്ത് നിലവിലുള്ള സാഹചര്യങ്ങൾ പരിഗണിച്ച് വിഷയത്തിൽ കടുത്ത അഭിപ്രായഭിന്നതകൾ നിലനിൽക്കുന്നുവെങ്കിലും ഭരണനിർവഹണാധികാരം സമ്പൂർണമായി മന്ത്രിസഭക്കാണ്. പൂർണമായി വ്യവസ്ഥാപിതമാകാത്ത സാഹചര്യം പരിഗണിച്ച് ഗവർണർക്ക് പരിമിതമായ ചില അധികാരങ്ങൾ നൽകണമെന്ന് ചിലർ ചിന്തിച്ചിരുന്നുവെങ്കിലും അത് പ്രായോഗികമല്ലെന്ന് സമിതി തീർപ്പിലെത്തി. പരമാവധി രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകുകയെന്നതു മാത്രമായി ഗവർണറുടെ അധികാരം പരിമിതപ്പെടുത്തി.
എന്നാലും, ഗവർണർക്ക് വളരെ ചെറിയ അർഥത്തിൽ സ്വന്തം തീരുമാനം നടപ്പാക്കാൻ ഭരണഘടനാശിൽപികൾ ആഗ്രഹിച്ചുവെന്നതും ചേർത്തുവായിക്കണം.
ഗവർണറുടെ അധികാരങ്ങളുടെ ജുഡീഷ്യൽ റിവ്യൂ
163 (2), (3) വകുപ്പുകൾ പ്രകാരം ഗവർണർക്ക് സ്വയം തീരുമാനമെടുക്കാൻ അധികാരമുണ്ട്. ഗവർണറുടെ തീരുമാനം അന്തിമമായിരിക്കും. കോടതിയിൽ അവ ചോദ്യം ചെയ്യാനുമാകില്ല. എന്നാൽ, പല ഘട്ടങ്ങളിലും സുപ്രീംകോടതി ഇടപെട്ട് 163ാം വകുപ്പ് പ്രകാരം എടുക്കുന്ന തീരുമാനങ്ങളിൽ ജുഡീഷ്യൽ റിവ്യൂ ആവശ്യമാണെന്ന് അസന്ദിഗ്ധമായി തീർത്തുപറഞ്ഞു. മാരു റാം (മാപ്പു നൽകാനുള്ള ഗവർണറുടെ അധികാരം), നബാംറബിയ (അസംബ്ലി വിളിച്ചുകൂട്ടാനുള്ള അധികാരം), ഷംഷീർ സിങ് (ഉത്തരവിറക്കാനുള്ള ഗവർണറുടെ അധികാരം) തുടങ്ങിയ വിധികൾ ഗവർണർമാരുടെ അധികാരങ്ങൾ വൻതോതിൽ ചുരുക്കിക്കളഞ്ഞിട്ടുണ്ട്.
ഗവർണർ: പേരിനൊരു പദവി
'ഗവർണർ അധികാരമില്ലാത്ത നാമമാത്ര പദവി മാത്രമാണെന്ന് ജസ്റ്റിസ് കൃഷ്ണയ്യർ ഒരിക്കൽ പറഞ്ഞിരുന്നു. ജനം തെരഞ്ഞെടുത്ത് എത്തിയവരല്ലാത്ത ഗവർണർമാർ സംസ്ഥാന ഭരണം താളംതെറ്റിക്കാൻ മാത്രം അധികാരമുള്ളവരായി ഒരിക്കലും കണക്കാക്കപ്പെട്ടിരുന്നില്ല. ഓരോ സംസ്ഥാനത്തും പേരിനൊരു പദവി മാത്രമായിട്ടായിരുന്നു ഇത്രയും കാലം ഇത് കണക്കാക്കപ്പെട്ടിരുന്നത്. ഭരണഘടന സംവിധാനം തകരുന്ന ഘട്ടത്തിൽ മാത്രം രക്ഷാകവചമാകാനായിരുന്നു നിയോഗം. ഭരണഘടന മൊത്തം വായിച്ചാൽ വ്യക്തമാകുന്നത്, ഗവർണർ പൂർണമായും സംസ്ഥാന മന്ത്രിസഭയുടെ തീരുമാനങ്ങളും ഉപദേശങ്ങളും അനുസരിച്ച് പ്രവർത്തിക്കാനുള്ളവരാണ്. എന്നാൽ, 163 (2), (3) വകുപ്പുകൾ ഗവർണർക്ക് ചില അധികാരങ്ങൾ നൽകുന്നുണ്ട്. അതാകട്ടെ, ഭരണഘടന വ്യക്തമാക്കുന്നുമില്ല. ഗവർണറുടെ ബുദ്ധിയും ദർശനവും പ്രകാരമാണ് അത് പ്രയോഗിക്കേണ്ടത്. ഭരണഘടന പ്രതിസന്ധി സംഭവിക്കുന്നിടത്ത് സംസ്ഥാനത്തിന്റെ പരമാധികാരി അദ്ദേഹമായിരിക്കും. കേന്ദ്ര സർക്കാറിന്റെ പരിധിവിട്ട രാഷ്ട്രീയ നിയമനങ്ങളാണ് പല ഘട്ടങ്ങളിലും സുപ്രീംകോടതി ഇടപെട്ട് ഗവർണറുടെ അധികാരങ്ങൾ വെട്ടിക്കുറച്ചുകൊണ്ടേയിരുന്നത്.
എ.ജി. പേരറിവാളൻ കേസ്
ഗവർണറുടെ അധികാരം പരിമിതപ്പെടുത്തി പേരറിവാളൻ കേസിൽ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവാണ് ഏറ്റവും ഒടുവിലത്തേത്. എ.ജി. പേരറിവാളനെ വിട്ടയക്കാൻ നിർദേശിച്ച് 9.9.2018ന് തമിഴ്നാട് സർക്കാർ ഗവർണറുടെ തീർപ്പിനായി അയച്ചു. സാധാരണ രീതിയിൽ ഗവർണർ നിശ്ചിത സമയത്തിനകം ഇതിൽ ഒപ്പുവെക്കേണ്ടതായിരുന്നു. എന്നാൽ, 2021 ജനുവരി 25 വരെ തീർപ്പാക്കാതെ ഗവർണർ ഫയൽ അടച്ചുവെച്ചു. തീർപ്പുകൽപിക്കേണ്ടത് രാഷ്ട്രപതിയാണെന്ന് പറഞ്ഞ് അന്നാണ് ഫയൽ പ്രസിഡന്റിന് അയക്കുന്നത്. തമിഴ്നാട് സർക്കാർ നിർദേശം അത്രയും ദീർഘമായ സമയം അടച്ചുവെക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും രണ്ടര വർഷം മൂടിവെച്ചത് ഭരണഘടനാവിരുദ്ധമാണെന്നും പരമോന്നത കോടതി വ്യക്തമാക്കി. ഗവർണർ എന്നാൽ, സംസ്ഥാന ഭരണകൂടത്തിന്റെ ചെറിയ രൂപമാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. അധികാരം പ്രയോഗിക്കുന്നതിൽ ഗവർണർ വരുത്തുന്ന സമയവീഴ്ചയും ഇവിടെ കോടതി വിഷയമാക്കി. സംസ്ഥാന സർക്കാറും കേന്ദ്രവും തമ്മിൽ അഭിപ്രായഭിന്നതകളുള്ളിടത്ത് ഗവർണറുടെ ഓഫിസ് സംസ്ഥാന സർക്കാർ തീരുമാനങ്ങൾ മാസങ്ങളും ചിലപ്പോൾ വർഷങ്ങളും വെച്ചുനീട്ടുക സ്വാഭാവികം. ഇവിടെ ഫെഡറൽ സർക്കാറിന്റെ അധികാരങ്ങൾ മാത്രമല്ല, പൗരന്റെ അവകാശങ്ങളുംകൂടിയാണ് ഹനിക്കപ്പെടുന്നത്. ഗവർണർക്ക് നിർദേശം സമർപ്പിച്ചുകഴിഞ്ഞാൽ അതിന് അംഗീകാരം നൽകുന്നത് വൈകിക്കരുതെന്ന് ഈ വിധിയിലൂടെ സുപ്രീംകോടതി ഖണ്ഡിതമായി വ്യക്തമാക്കി. പരിമിത പദവി മാത്രമാണ് ഗവർണറുടേതെന്ന് വ്യക്തമാക്കുന്നതാണ് ഈ വിധി. ഗവർണർക്ക് അധികാരം നൽകുന്ന വകുപ്പ് നിയമമാക്കുമ്പോൾ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിലെ പല അംഗങ്ങളും മുന്നോട്ടുവെച്ച ആശങ്കകളാണ് പരമോന്നത കോടതി വിവിധ വിധികളിലൂടെ അംഗീകരിക്കുന്നത്. പല രാജ്യങ്ങളുടെയും ഭരണഘടനകളുടെ പകർപ്പാണെന്നതാണ് ഇന്ത്യൻ ഭരണഘടനയുടെ വലിയ പോരായ്മയായി അക്കാദമീഷ്യന്മാരിൽ പലരുടെയും പരിഭവം.
ഗവർണർ വിഷയം കാനഡ, ആസ്ട്രേലിയ രാജ്യങ്ങളുടെ ഭരണഘടനകൾ പരിഗണിച്ചാണെന്ന് ഡോ. ബി.ആർ. അംബേദ്കർ പറഞ്ഞത് ഉദാഹരണം. കാനഡ ഭരണഘടനയുടെ 55ാം വകുപ്പ് അദ്ദേഹം എടുത്ത് ഉദ്ധരിക്കുന്നുമുണ്ട്.
ഗവർണറുടെ പ്രീതി
മന്ത്രി വിഷയത്തിൽ ഗവർണറുടെ പ്രീതി പിൻവലിക്കുന്ന തീരുമാനം തീർത്തും അപ്രധാനമാണ്. ഒരു മന്ത്രിയെ ഏകപക്ഷീയമായി പിരിച്ചുവിടാൻ ഗവർണർക്ക് അധികാരമില്ലെന്നതുതന്നെ കാരണം. 164ാം വകുപ്പും വിഷയത്തിലെ സുപ്രീംകോടതി വിധിയും ഇക്കാര്യത്തിൽ കൃത്യമായ അതിര് നിർണയിച്ചിട്ടുണ്ട്. മന്ത്രിമാരെ നിയമിക്കുന്നത് മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണെന്നും വിഷയം നിയമസഭയുടെ കൂട്ടുത്തരവാദിത്തമാണെന്നുമാണ് 164ാം വകുപ്പ് പറയുന്നത്.
അമിതാധികാര നിയന്ത്രണം
മറുവശത്ത്, സംസ്ഥാന സർക്കാറുകളുടെ അധികാര ദുർവിനിയോഗം വലിയ സത്യമായി മാറിയ ആധുനിക ജനാധിപത്യത്തിൽ ഗവർണർക്ക് തീർച്ചയായും വഹിക്കാൻ ചില ദൗത്യങ്ങളുണ്ട്. രാഷ്ട്രീയ നേതൃത്വം അമിതാധികാരപ്രയോഗത്തിന് തിടുക്കം കാട്ടും. ഇവിടെ ഗവർണർക്ക് അവയെ ചെറുത്തുനിൽക്കാനാകും. ലോകായുക്ത, കേരള സർവകലാശാല ബില്ലുകൾ പോലുള്ളവ മടക്കൽ ഉദാഹരണം. എന്നാൽ, മാന്യതയും പൊതുമര്യാദയും പാലിക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്നത് ഭരണഘടന സത്തയിൽ അന്തർലീനമാണ്. ആത്മനിയന്ത്രണത്തോടെ പ്രവർത്തിക്കുന്ന ഗവർണർക്ക് രാഷ്ട്രീയ അമിതാധികാരപ്രയോഗത്തെ തടഞ്ഞുനിർത്താനാകും. എന്നാൽ, ആക്രമണോത്സുകവും പക്ഷപാതപരവുമായ പ്രസ്താവനകൾ വായിൽനിന്ന് വീഴുന്ന സാഹചര്യം ഇല്ലാതെ സൂക്ഷിക്കേണ്ടത് ഗവർണറുടെ ബാധ്യത.
എന്നാൽ, മറ്റു ചിലയിടങ്ങളിൽ സർക്കാർ ന്യൂനപക്ഷമാകുകയും നിയമസഭ വിളിച്ചുകൂട്ടാതിരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാകും. അവിശ്വാസം അവതരിപ്പിക്കാൻ സ്പീക്കർ പ്രതിപക്ഷത്തിന് അവസരം നിഷേധിക്കുകയും ചെയ്യും. ഇത്തരം ഘട്ടങ്ങളിൽ ഗവർണർ ഇടപെട്ടേ മതിയാകൂ. എന്നാൽ, രാഷ്ട്രപതിഭരണം പ്രഖ്യാപിക്കൽ ഉൾപ്പെടെ ഏമാന്മാരുടെ കൽപനകൾ നടപ്പാക്കാനായി രാഷ്ട്രീയാഭിമുഖ്യമുള്ള ഗവർണർ നിയമനങ്ങൾ സുപ്രീംകോടതി ഇടപെടൽ അനിവാര്യമാക്കും. 163 (2), (3) വകുപ്പുകൾ നൽകുന്ന ഗവർണറുടെ അധികാരം പരിമിതപ്പെടുത്തുകയും വേണ്ടിവരും.
അവസാനക്കുറി
താൻ ജനം തെരഞ്ഞെടുത്തയാളല്ലെന്ന് ഗവർണർക്ക് ഓർമ വേണം. ഗവർണറുടെ അധികാരം കൂടുതൽ ശുഷ്കവും പരിമിതവുമാക്കുന്നതാണ് പേരറിവാളൻ കേസിലെ സുപ്രീംകോടതി വിധി. സംസ്ഥാന മന്ത്രിസഭയുടെ അധികാരം അത് ഊന്നിപ്പറഞ്ഞതാണ്. ഗവർണർ മന്ത്രിസഭയുടെ ഉപദേശങ്ങൾ പാലിക്കേണ്ടയാളാണെന്നും സംസ്ഥാന സർക്കാർ നിർദേശങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടാകരുതെന്നും അത് വ്യക്തമാക്കുന്നു. ഒരു ജനാധിപത്യ ഭരണഘടനയിൽ ജനം തെരഞ്ഞെടുത്ത സർക്കാറിനെ തെരഞ്ഞെടുപ്പില്ലാതെയെത്തിയ ഗവർണർ മാനിക്കണമെന്നും സുപ്രീംകോടതി നിഷ്കർഷിക്കുന്നു.
(സുപ്രീംകോടതി അഭിഭാഷകനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.