തെരഞ്ഞെടുപ്പ് കമീഷണർ നിയമന ബിൽ; സ്വതന്ത്ര-നീതിയുക്ത തെരഞ്ഞെടുപ്പുകൾ അന്യമാകുമോ?
text_fieldsഒരു വർഷത്തിനുള്ളിൽ പാർലമെന്റ് തെരഞ്ഞെടുപ്പും നിരവധി സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളും വരാനിരിക്കെ, ഒരു ‘പരിഷ്കരണ’ മോഡിലേക്ക് നീങ്ങുന്ന മട്ടിലാണ് കേന്ദ്രസർക്കാർ. ആഗസ്റ്റ് 10ന് രാജ്യസഭയിലെ പ്രതിപക്ഷ ബഹളത്തിനിടെ ‘മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെയും മറ്റു തെരഞ്ഞെടുപ്പ് കമീഷണർമാരുടെയും (നിയമനം, സേവനവ്യവസ്ഥകൾ, ഓഫിസ് കാലാവധി) ബിൽ, 2023’ ഗൂഢമായി അവതരിപ്പിച്ചു സർക്കാർ. തെരഞ്ഞെടുപ്പ് കമീഷണർമാരെ നിയമിക്കുന്ന നിലവിലെ സമ്പ്രദായം പൊളിച്ചടുക്കുകയാണ് ലക്ഷ്യം, പ്രധാനമന്ത്രി, ലോക്സഭ പ്രതിപക്ഷ നേതാവ് അഥവാ ഏറ്റവും വലിയ പ്രതിപക്ഷകക്ഷിയുടെ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതി യോഗ്യരായവരുടെ ഒരു പാനൽ പരിഗണിക്കുകയും അതിൽനിന്ന് ഭൂരിപക്ഷാഭിപ്രായപ്രകാരം ഒരാളെ തിരഞ്ഞെടുത്ത് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി വിടുകയുംചെയ്യുന്ന കൊളീജിയം രീതിയായിരുന്നു നിലവിൽ.
എന്നാൽ, പുതിയ ബില്ലിന്റെ സെക്ഷൻ ഏഴുപ്രകാരം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഒരു സെലക്ഷൻ കമ്മിറ്റി രൂപവത്കരിക്കുന്നു, അതിൽ പ്രധാനമന്ത്രി നാമനിർദേശംചെയ്യുന്ന ഒരു കേന്ദ്രമന്ത്രിയും പ്രതിപക്ഷനേതാവും അംഗങ്ങളായുണ്ടാകും. ഈ കമ്മിറ്റിയിൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനോ അല്ലെങ്കിൽ ഒരു നിയമജ്ഞനോ ഇടമില്ല. ഇതിനർഥം മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെയും (സി.ഇ.സി) മറ്റു തെരഞ്ഞെടുപ്പ് കമീഷണർമാരെയും (ഇ.സി) ഇനി നിയമിക്കുന്നത് പ്രതിപക്ഷ നേതാവിന്റെ തീരുമാനത്തെ അവഗണിക്കുകയോ അസാധുവാക്കുകയോ ചെയ്യുന്ന ഭരണകക്ഷിയുടെ രാഷ്ട്രീയ എക്സിക്യൂട്ടിവ് ആയിരിക്കും. അത്തരത്തിൽ നിയമിക്കപ്പെടുന്നവരിൽനിന്ന് എന്തുതരത്തിലുള്ള ‘നിഷ്പക്ഷത-സ്വതന്ത്ര’ നിലപാടുകളാണ് പ്രതീക്ഷിക്കാൻ സാധിക്കുക?
ഈ ചതിക്രിയ മറച്ചുവെക്കാനെന്നോണം, ബില്ലിന്റെ സെക്ഷൻ ആറ് പ്രകാരം, കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മറ്റു രണ്ട് സെക്രട്ടറിമാരെ അംഗങ്ങളാക്കി ഒരു സെർച് കമ്മിറ്റി രൂപവത്കരിക്കുമെന്ന് പറയുന്നുണ്ട്. ഈ കമ്മിറ്റി ‘തെരഞ്ഞെടുപ്പ് മാനേജ്മെന്റിലും നടത്തിപ്പിലും അറിവും പരിചയവും സത്യസന്ധതയുമുള്ള യോഗ്യരായ അഞ്ച് ഉദ്യോഗസ്ഥരുടെ പട്ടിക തെരഞ്ഞെടുപ്പ് കമീഷണർ നിയമനത്തിന് പരിഗണിക്കാനായി ശിപാർശ ചെയ്യുകയുംചെയ്യും. എന്നാൽ, അതേ ബില്ലിൽ സെക്ഷൻ 8(1) പ്രകാരം സെർച് കമ്മിറ്റി തീരുമാനത്തെ പോലും തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് മറികടക്കാൻ വകുപ്പുണ്ട്.
എന്നാൽ, ഇതിലേറെ ഭീകരമായ അട്ടിമറി വരുന്നത്, സെർച് കമ്മിറ്റി പാനലിൽ ഉൾപ്പെടുത്തിയവർക്കുപുറമെ മറ്റേതെങ്കിലും വ്യക്തിയെ പരിഗണിക്കാൻ തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് അധികാരം നൽകുന്ന സെക്ഷൻ 8(2)ലാണ്. ഇതിനർഥം തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് സെർച് കമ്മിറ്റിയുടെ ശിപാർശകൾക്കപ്പുറത്തേക്ക് പോയി ആരെ വേണമെങ്കിലും സി.ഇ.സി/ഇ.സി ആയി നിയമിക്കാനാകും എന്നാണ്. അങ്ങനെ മുഴുവൻ ‘തെരഞ്ഞെടുപ്പ്’ പ്രക്രിയയും ഒരു പ്രഹസനമായി ചുരുങ്ങും. ഫലത്തിൽ, അധികം താമസിയാതെ, മുഖ്യതെരഞ്ഞെടുപ്പ് കമീഷണറും കമീഷണർമാരും ‘നശീകരണ വ്യവസ്ഥിതി’യുടെ ഉൽപന്നങ്ങളായി മാറും, കമീഷൻ ഭരണകക്ഷിയുടെ കൈയിലെ വെറും കളിപ്പാവയുമായിത്തീരും. ഇപ്പോൾ ഭരണഘടനയുടെ ആർട്ടിക്കിൾ 324(5) പ്രകാരം പരിഗണിക്കപ്പെടുന്ന സി.ഇ.സിയുടെയും ഇ.സിയുടെയും പദവി, ബില്ലിന്റെ 10ാം വകുപ്പ് സുപ്രീംകോടതി ജഡ്ജിയുടെ തലത്തിൽനിന്ന് കാബിനറ്റ് സെക്രട്ടറിയുടെ പദവിയിലേക്ക് തരംതാഴ്ത്തിയേക്കാം.
അങ്ങനെവരുമ്പോൾ ഭരണഘടന സ്ഥാപനത്തിനുപകരം എക്സിക്യൂട്ടിവ് അതോറിറ്റിയായി ഇ.സി.ഐയെ മാറ്റുന്നതിന് പുതിയ ബിൽ വഴിയൊരുക്കുമോ?
ബില്ലിലെ നിയമന വ്യവസ്ഥകൾ ഉള്ളിടത്തോളം ഇത് സംഭവിക്കാനിടയില്ല -ഓരോ ഇ.സിക്കും ഒരു നിശ്ചിത കാലാവധിയുണ്ട് [സെക്ഷൻ 9(1)], ഇ.സിയുടെ പുനർനിയമനത്തിന് നിരോധനമുണ്ട് [സെക്ഷൻ 9(2). കൂടാതെ, ഭരണഘടനയുടെ 324ാം വകുപ്പിൽ അടങ്ങിയിരിക്കുന്ന വ്യവസ്ഥകൾക്കനുസൃതമല്ലാതെ സി.ഇ.സി, ഇ.സിമാരെ നീക്കംചെയ്യാൻ പറ്റാത്ത കർശന വ്യവസ്ഥയാണ് ബില്ലിലെ [സെക്ഷൻ 11 (2)]ലുള്ളത്. എന്നാൽ വാസ്തവത്തിൽ, സി.ഇ.സിയുടെയും ഇ.സിയുടെയും തസ്തികകൾ തരംതാഴ്ത്തുന്നതോടെ, ഈ വ്യവസ്ഥകൾ കൂടുതൽ ദുർബലമാകും, അങ്ങനെ ഭരണഘടന പദവി ഒരു നേർത്ത നൂൽമാത്രമായി മാറും.
സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ 2015 മാർച്ച് 2ലെ വിധിക്ക് മറുപടിയായാണ് നരേന്ദ്ര മോദി സർക്കാർ ഈ ഇരട്ടപ്രഹര ബിൽ പ്രഖ്യാപിച്ചത്. യഥാർഥത്തിൽ തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനം കൂടുതൽ സുതാര്യമാക്കുന്ന സംവിധാനം ഏർപ്പെടുത്തുന്നതിനാണ് പരമോന്നത കോടതി സർക്കാറിനോട് നിർദേശിച്ചിരുന്നത്.
എന്നാൽ, ‘സ്വതന്ത്രവും നീതിയുക്തവുമായ’ തെരഞ്ഞെടുപ്പ് നടത്തുന്നതിനായി തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസിന്റെ ‘നിഷ്പക്ഷതയും സ്വാതന്ത്ര്യവും’ ഉറപ്പാക്കുന്നതിനുപകരം അന്നത്തെ പ്രധാനമന്ത്രിയുടെ ഇംഗിതത്തിന് വിധേയമാകുന്ന തികച്ചും വിപരീതമായ വ്യവസ്ഥകളാണ് പുതിയ ബില്ലിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അതുവഴി അപകടത്തിലാക്കുന്നതാകട്ടെ കമീഷൻ കൊണ്ട് ലക്ഷ്യമിടുന്ന യഥാർഥ ഉദ്ദേശ്യംതന്നെയാണ്.
ഇ.സി.ഐയെ ഭരണകൂട നിയന്ത്രണത്തിൽ കൊണ്ടുവരുന്നത് നമ്മുടെ ഭരണഘടന ശിൽപികൾ ഭരണഘടന നിർമാണ അസംബ്ലിയിൽ വിശദീകരിച്ച ‘ഒരു സ്വതന്ത്ര തെരഞ്ഞെടുപ്പ് കമീഷൻ’ എന്ന ആശയത്തിന് വിരുദ്ധമാണ്. വാസ്തവത്തിൽ, മൗലികാവകാശങ്ങൾ കൈകാര്യംചെയ്യാൻ നിയോഗിക്കപ്പെട്ട സമിതി സ്വതന്ത്രമായ തെരഞ്ഞെടുപ്പുകൾ ഉറപ്പുവരുത്തലും നിയമനിർമാണ സഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ ഭരണകൂട ഇടപെടലുകൾ ഒഴിവാക്കുന്നതും മൗലികാവകാശമായി കണക്കാക്കി അനുവദിക്കാൻ അതുൾപ്പെടുന്ന അധ്യായത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
നിയമനിർമാണ സഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വിശുദ്ധിയുടെയും സ്വാതന്ത്ര്യത്തിന്റെയും താൽപര്യങ്ങൾ മുൻനിർത്തി സഭ ഒരു തരത്തിലുള്ള വിയോജിപ്പുംകൂടാതെ അതിനെ അംഗീകരിക്കുകയായിരുന്നു. ഭരണകൂടത്തിന്റെ ഏതെങ്കിലും തരത്തിലുള്ള ഇടപെടലിൽനിന്ന് തെരഞ്ഞെടുപ്പുകളെ മോചിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമായി അവർ കണ്ടു. ഭരണഘടനയുടെ മറ്റേതെങ്കിലും ഭാഗത്ത് ഇത് നൽകണമെന്ന് സഭ ആഗ്രഹിച്ചതിനാൽ, ഡ്രാഫ്റ്റിങ് കമ്മിറ്റി ഈ ചോദ്യം മൗലികാവകാശങ്ങളുടെ വിഭാഗത്തിൽനിന്ന് നീക്കംചെയ്യുകയും ആർട്ടിക്കിൾ 289, 290 മുതലായവ അടങ്ങുന്ന പ്രത്യേക ഭാഗത്തിൽ ഉൾപ്പെടുത്തുകയുമായിരുന്നു.
ഭരണഘടനാ വ്യവസ്ഥകളുടെ പ്രാഥമിക ഉദ്ദേശ്യം- പിന്നീട് ഭരണഘടനാ അസംബ്ലി അംഗീകരിച്ചതുപോലെ (ആർട്ടിക്കിൾ 324, മുതലായവ)- തെരഞ്ഞെടുപ്പ് കമീഷൻ എക്സിക്യൂട്ടിവിന്റെ നിയന്ത്രണത്തിന് പുറത്തായിരിക്കണം എന്നതാണ്. എക്സിക്യൂട്ടിവിന്റെ സ്വാധീനം വന്നുപെടുന്നപക്ഷം സ്വതന്ത്രവും നീതിയുക്തവുമായ രീതിയിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള അതിന്റെ കഴിവിൽ രാഷ്ട്രീയ പാർട്ടികൾക്കും പൊതുജനങ്ങൾക്കും വേണ്ടത്ര ആത്മവിശ്വാസം നൽകുന്നതിൽ പരാജയപ്പെടുന്നതിന് കാരണമാകും.
ഇ.സി.ഐയുടെ ‘നിഷ്പക്ഷതയും സ്വാതന്ത്ര്യവും’ ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമീഷണർമാരെ നിയമിക്കുന്ന രീതി പരിഷ്കരിക്കണമെന്നത് ദീർഘകാലമായുള്ള ആവശ്യമാണ്. എന്നാൽ ഈ ആവശ്യത്തെ പരിഹസിക്കുന്നതാണ് ഈ ബിൽ. സുപ്രീം കോടതി മുൻ ജഡ്ജി മദൻ ബി. ലോകുർ പറയുന്നതനുസരിച്ച്, ‘സുപ്രീംകോടതി വിധിയുടെ ആത്മാവ് ഭരണഘടനാ അസംബ്ലിയുടെ കാഴ്ചപ്പാടുകളുടെ പ്രകടനമായിരുന്നു. തെരഞ്ഞെടുപ്പ് മെഷിനറി ഉറപ്പായും ഗവൺമെന്റ് നിയന്ത്രണത്തിന് പുറത്തായിരിക്കണമെന്ന് ഭരണഘടന അസംബ്ലി വ്യക്തമാക്കിയിരുന്നു.’
ഭരണഘടന നിർമാണ അസംബ്ലി തീരുമാനത്തെയും സുപ്രീംകോടതിയുടെ വിധിയെയും ധിക്കരിക്കുന്നതായി സർക്കാറിന്റെ പുതിയ ‘പരിഷ്കരണം’ എന്നത് ഏറെ വിരോധാഭാസമാണ്. തെരഞ്ഞെടുപ്പ് കമീഷന്റെ പ്രതിബദ്ധത ജനങ്ങളേക്കാളേറെ പ്രധാനമന്ത്രിയുടെ ഓഫിസിനോടായി മാറുകവഴി രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതതന്നെ സംശയനിഴലിലാകും. തെരഞ്ഞെടുപ്പ് കമീഷനെ ഫലത്തിൽ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ കാൽക്കീഴിലാക്കുന്ന ഈ ബിൽ കാര്യങ്ങൾ കൂടുതൽ വഷളാക്കും. അങ്ങനെവന്നാൽ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകളും എന്നെന്നേക്കുമായി ഇല്ലാതാവും.
deva1940@gmail.com
Thanks to Thewire.in
(ഇന്ത്യൻ കരസേനയിലും സിവിൽ സർവിസിലും ഉദ്യോഗസ്ഥനായിരുന്ന ലേഖകൻ സിറ്റിസൺസ് കമീഷൻ ഓൺ ഇലക്ഷൻസ് കോഓഡിനേറ്ററാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.