കർണാടക 2024ലെ ഇന്ത്യയോട് പറയുന്നത്...
text_fieldsകർണാടക ഫലത്തെ ഇന്ത്യയിലെ ബി.ജെ.പി ഇതര പാർട്ടികളുടെ മനോവീര്യം വർധിപ്പിക്കാൻ ഉതകുന്ന ഉത്തേജക മരുന്നായി വേണം കാണാൻ. അല്ലാതെ, കോൺഗ്രസും മറ്റു പാർട്ടികളും തമ്മിലെ പുതിയ താൻപോരിമത്തർക്കങ്ങൾ ക്കുള്ള വെടിമരുന്നായല്ല
കർണാടക നിയമസഭ തെരഞ്ഞെടുപ്പിനെ നിർവചിക്കുന്ന ചിത്രം, പ്രചാരണം ആരംഭിക്കുന്നതിന് ഏറെ മുമ്പുതന്നെ പുറത്തുവന്നിരുന്നു -റോഡിലൂടെ ജോഗ് ചെയ്യുന്ന രാഹുൽ ഗാന്ധിയുടെ ഇരുവശങ്ങളിലുമായി നിൽക്കുന്ന സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും.
സംസ്ഥാന കോൺഗ്രസിലെ സമുന്നത നേതാക്കളുടെ ഒരുമ വ്യക്തമാക്കുന്ന ഈ ചിത്രം ജനങ്ങൾക്ക് വ്യക്തമായ ഒരു സന്ദേശം കൈമാറി; പാർട്ടി ഒരുമിച്ച് ഒറ്റക്കെട്ടായി പ്രയത്നിക്കാനൊരുങ്ങിയിരിക്കുന്നു എന്ന സന്ദേശം. ജാതിക്കും മതത്തിനും പ്രാദേശികതകൾക്കുമപ്പുറം കർണാടകയിലങ്ങോളമുള്ള ഒരുപാടൊരുപാട് വോട്ടർമാരിൽ അത് നിർണായക സ്വാധീനമുണ്ടാക്കി.
അതിന്റെ ഫലം നമുക്കു മുന്നിലുണ്ട്-കർണാടകയിൽ ഉയിർത്തെഴുന്നേറ്റ കോൺഗ്രസ് 135 സീറ്റുകൾ നേടി. വോട്ടുശതമാനത്തിലും 43 ശതമാനം എന്ന ആരോഗ്യകരമായ വളർച്ച കൈവരിച്ചു. ജനങ്ങൾ കൈയൊഴിഞ്ഞ ബി.ജെ.പി 104 സീറ്റുകളിൽനിന്ന് 66ലേക്ക് പതിച്ചെങ്കിലും 36 ശതമാനം വോട്ടുകൾ നിലനിർത്തിയിരിക്കുന്നു. ആകെ തകർന്നുപോയ ജനതാദൾ -എസ് 13.3 ശതമാനം വോട്ടുകളുമായി 19 സീറ്റിലൊതുങ്ങി.
കർണാടകയിലെ ഫലം ഈ വർഷം നടക്കാനിരിക്കുന്ന മറ്റുചില സുപ്രധാന നിയമസഭ തെരഞ്ഞെടുപ്പുകളിലും ദേശീയതലത്തിൽ 2024ലെ പൊതുതെരഞ്ഞെടുപ്പിലും ബി.ജെ.പിക്കും കോൺഗ്രസിനും ഇന്ത്യയിലെ മറ്റു പ്രതിപക്ഷ പാർട്ടികൾക്കും കാര്യമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കും.
പരാജയപ്പെട്ട ഭിന്നിപ്പിക്കൽ രാഷ്ട്രീയം
കർണാടകയിൽ പരാജയപ്പെട്ടത് ബി.ജെ.പിയുടെ ഭിന്നിപ്പിക്കൽ രാഷ്ട്രീയമാണ്. ഹിജാബ് നിരോധനമോ മുസ്ലിം സംവരണം റദ്ദാക്കിയതോ ‘കേരള സ്റ്റോറി’യുടെ മറവിൽ അവതരിപ്പിച്ച ലവ് ജിഹാദ് ആരോപണങ്ങളോ ശരാശരി വോട്ടർമാരെ സ്വാധീനിച്ചതേയില്ല.
പാഠപുസ്തകങ്ങൾ മാറ്റിമറിക്കാൻ മുന്നിട്ടിറങ്ങിയ, ഗീതയുമായി താരതമ്യപ്പെടുത്തി ബൈബിളിനെയും ഖുർആനെയും അവഹേളിക്കുകയും ചെയ്ത കർണാടക വിദ്യാഭ്യാസ മന്ത്രിയും ഹിജാബ് നിരോധനത്തിനു പിന്നിൽ പ്രവർത്തിച്ചയാളുമായ ബി.സി. നാഗേഷ് തുമകുരുവിലെ തിപ്തൂർ മണ്ഡലത്തിൽനിന്ന് പരാജയപ്പെട്ടു എന്നത് ശ്രദ്ധേയമാണ്.
40 ശതമാനം കമീഷൻ പറ്റുന്ന സർക്കാറിനെ നയിക്കുന്ന പേ സി.എം എന്ന ചീത്തപ്പേര് കേൾപ്പിച്ച ബസവരാജ് ബൊമ്മൈയെ മുഖ്യമന്ത്രിയായി പിന്തുണച്ചത് ബി.ജെ.പിയുടെ തന്ത്രപരമായ പാളിച്ചയായി. ബി.ജെ.പി നേതാവ് കെ.എസ്. ഈശ്വരപ്പ 40 ശതമാനം കമീഷൻ ആവശ്യപ്പെട്ടുവെന്ന ഉഡുപ്പിയിലെ കരാറുകാരൻ സന്തോഷ് പാട്ടീലിന്റെ ആത്മഹത്യക്കുറിപ്പിലെ ആരോപണം പാർട്ടിയെ നല്ലപോലെ ബാധിച്ചു. ഈശ്വരപ്പക്ക് സീറ്റ് നിഷേധിച്ചുകൊണ്ട് മായ്ച്ചുകളയാൻ കഴിയുന്നതായിരുന്നില്ല ആ കളങ്കം.
തെരഞ്ഞെടുപ്പിനു മുമ്പ് ഒരു നേതൃമാറ്റം നടത്തിയിരുന്നുവെങ്കിൽ കേടുപാടുകൾ കുറക്കാൻ സാധിച്ചേനെ. പക്ഷേ, ഒതുക്കപ്പെട്ടതിനെത്തുടർന്ന് പുറത്തുപോയ യെദിയൂരപ്പ കഴിഞ്ഞാൽ ബി.ജെ.പിക്ക് എടുത്തുകാണിക്കാൻ പറ്റുന്നൊരു നേതാവ് സംസ്ഥാനത്തുണ്ടായിരുന്നില്ല എന്നത് മറ്റൊരു സത്യം.
പാളംതെറ്റിയ ഡബ്ൾ എൻജിൻ
ഉത്തരേന്ത്യയിൽ താരപ്രചാരകനായി കരുതപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെന്നിന്ത്യയിൽ അത്തരത്തിലെ ഒരു സ്വീകാര്യതയില്ലെന്ന് മാത്രമല്ല, എടുത്തുകാണിക്കാൻ കൊള്ളാവുന്ന ഒരു സംസ്ഥാന നേതാവ് ഇല്ലാത്തിടത്തോളം ‘കേന്ദ്ര-സംസ്ഥാന ഡബ്ൾ എൻജിൻ’ എന്ന വാചകമടി ജനങ്ങൾക്കിടയിൽ വിലപ്പോവുകയില്ലെന്ന പാഠമാണ് കർണാടകയിൽനിന്ന് ലഭിക്കുന്നത്.
കർണാടക ഫലപ്രഖ്യാപനത്തിനു പിന്നാലെ ബി.ജെ.പി ഇതര പാർട്ടികളും നിരീക്ഷകരുമെല്ലാം ‘ബി.ജെ.പി മുക്ത ദക്ഷിണേന്ത്യ’യെ ആഘോഷമാക്കുകയാണ്. ബി.ജെ.പി ദക്ഷിണേന്ത്യയിലും കാര്യമായ മുന്നേറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ട് എന്നായിരുന്നു ഡൽഹിയിലെ ബി.ജെ.പി നേതാക്കളുടെയും നാഗ്പുരിലെ ആർ.എസ്.എസ് ബുദ്ധികേന്ദ്രങ്ങളുടെയും കണക്കുകൂട്ടൽ.
അവരുടെ അനുമാനത്തിൽ എന്തെങ്കിലും ശരിയുണ്ടെങ്കിൽ തന്നെ അത് വോട്ടുകളായി മാറിയിട്ടില്ല എന്നു മനസ്സിലാക്കണം. തങ്ങളുടെ തെന്നിന്ത്യൻ തന്ത്രങ്ങളുടെ പരീക്ഷണശാലയായി കണക്കാക്കിയിരുന്ന കർണാടകയിൽ പോലും ഭരണത്തുടർച്ച നേടാൻ കഴിയാതെ ബി.ജെ.പി വഴിമുട്ടിപ്പോയിരിക്കുന്നു. ഈ തോൽവി ഓരോ ദക്ഷിണേന്ത്യൻ സംസ്ഥാനത്തിനും വേറിട്ട തന്ത്രം ആവശ്യമാണെന്ന തിരിച്ചറിവ് പ്രധാനം ചെയ്യുന്നുണ്ട്.
തെന്നിന്ത്യക്ക് കണക്കുകൾ മാറ്റിമറിക്കാനാവും
കർണാടകയിലെ ബി.ജെ.പി തോൽവി 2024ലെ പൊതുതെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്നതാണ് മറ്റൊരു ചർച്ചാവിഷയം. 2019ൽ നടന്ന അവസാന പൊതുതെരഞ്ഞെടുപ്പിൽ തമിഴ്നാട്, കേരളം, ആന്ധ്ര എന്നിവിടങ്ങളിൽ പൂജ്യരായ ബി.ജെ.പിക്ക് തെലങ്കാനയിൽ നാലും കർണാടകയിലെ 28ൽ 25 ലോക്സഭ സീറ്റുകളും സ്വന്തമാക്കാൻ സാധിച്ചിരുന്നു.
ദേശീയ തെരഞ്ഞെടുപ്പിന്റെ കളിനിയമങ്ങൾ തീർത്തും വ്യത്യസ്തമാണെങ്കിലും 28ൽ 25 എന്ന മട്ടിലൊരു പ്രകടനം ആവർത്തിക്കാനുള്ള സാധ്യത തുലോം കുറവാണിനി. നിതീഷ് കുമാറിന്റെ ജനതാദൾ (യുനൈറ്റഡ്) എൻ.ഡി.എ വിട്ട് കോൺഗ്രസുമായി ചേർന്ന് സഖ്യം പുനഃസ്ഥാപിച്ചതോടെ വരും തെരഞ്ഞെടുപ്പിൽ ബിഹാറിലെ ചിത്രം അടിമുടി മാറിമറിയും.
ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ഹരിയാന, ഡൽഹി, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഏതാണ്ടെല്ലാ സീറ്റുകളും 2019ൽ തൂത്തുവാരിയ ബി.ജെ.പിക്ക് അവിടങ്ങളിൽനിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല. തെന്നിന്ത്യയിൽ നേട്ടം നൽകിയ കർണാടകയാവട്ടെ, കൈയിൽനിന്ന് വഴുതിപ്പോയിരിക്കുന്നു.
ഈ നിലയിൽ 303 സീറ്റുകളെന്ന നേട്ടം ആവർത്തിക്കൽ ബി.ജെ.പിയെ സംബന്ധിച്ച് വെല്ലുവിളി തന്നെയാണ്. അവർക്ക് പ്രതീക്ഷയർപ്പിക്കാനുള്ള ഒരേയൊരു ഘടകം 36 ശതമാനം വോട്ടുകൾ ഇപ്പോഴും കൈയിലുണ്ട് എന്നതു മാത്രമാണ്.
ഒരുമ നൽകിയ വിജയം
ഈ കുറിപ്പിന്റെ തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ, സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറിനെയും യോജിപ്പിച്ചുനിർത്തി വോട്ടർക്ക് കോൺഗ്രസിൽ പ്രതീക്ഷയർപ്പിക്കാൻ വകനൽകി എന്നതാണ് കോൺഗ്രസ് നടത്തിയ ഏറ്റവും ബുദ്ധിപരമായ നീക്കം. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും പാർട്ടിയുടെ പ്രതിച്ഛായ ഉയർത്താൻ സഹായകമായി.
നിലവിലെ ഭരണകൂടത്തിനു പകരംവെക്കാൻ ഒരു ബദൽ ശക്തിയില്ല എന്ന പ്രശ്നം ദേശീയതലത്തിൽ നിലനിൽക്കുന്നതായി വിശകലന വിദഗ്ധർ ആവർത്തിക്കുന്നു. വിജയസാധ്യതയും പാടവവുമുള്ള ഒരു നേതാവിനെ ഉയർത്തിക്കാണിക്കാൻ കഴിയാത്തിടത്തോളം ഭരണവിരുദ്ധ വികാരം ഫലപ്രാപ്തിയിലെത്തിക്കാനാവില്ല.
കർണാടകയിൽ സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറിനെയും ഒരുമിപ്പിച്ച് നിർത്താൻ തിരശ്ശീലക്കു പിന്നിൽനിന്ന് പ്രവർത്തിച്ച രാഷ്ട്രീയ തന്ത്രജ്ഞൻ എസ്. കനുഗോലുവിന് കൊടുക്കണം കൈയടി. ഈ ചേർച്ച 2024ലെ തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെയെങ്കിലും ഇഴപിരിയാതെ സംരക്ഷിക്കേണ്ടിവരും കോൺഗ്രസ്.
സംസ്ഥാനത്തെ ബാധിക്കുന്ന വിഷയങ്ങൾ സമർഥമായിത്തന്നെ ഉപയോഗപ്പെടുത്താൻ കോൺഗ്രസിനായി. പ്രത്യേകിച്ച്, അവർക്ക് താലത്തിൽ വെച്ചുകിട്ടിയ അഴിമതി പ്രശ്നം. പക്ഷേ, ജാതിയും പ്രാദേശികതയും അതിലേറെ സമർഥമായാണ് അവർ കൈകാര്യം ചെയ്തത്. പ്രചാരണവേളയിലുടനീളം മല്ലികാർജുൻ ഖാർഗെയും സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും പരസ്പരം പൂരകങ്ങളായി നിന്നു.
ഖാർഗെയും സിദ്ധരാമയ്യയും പട്ടികജാതിക്കാരായ ഉന്നത നേതാക്കളാണ്. ഹൈദരാബാദ് കർണാടക മേഖലയിൽ സ്വാധീനമുറപ്പിക്കാനായത് എ.ഐ.സി.സി അധ്യക്ഷനായ ഖാർഗെയുടെ മികവുകൊണ്ടാണെങ്കിൽ പിന്നാക്ക- ന്യൂനപക്ഷ-ദലിത് വോട്ടുകൾ പാർട്ടിയിലേക്ക് ഒഴുക്കുന്നതിനായി കഠിനയത്നം നടത്തിയതിന്റെ ക്രെഡിറ്റ് സിദ്ധരാമയ്യക്ക് അവകാശപ്പെട്ടതാണ്.
പരമ്പരാഗതമായി ജനതാദളിന്റെ പെട്ടിയിൽ വീണിരുന്ന വൊക്കലിഗ സമുദായത്തിന്റെ വോട്ടുകൾ കോൺഗ്രസിലേക്കെത്തിക്കാൻ ഡി.കെ. ശിവകുമാറിന്റെ പ്രവർത്തനങ്ങൾക്ക് സാധിച്ചു. ഇതിനെല്ലാമുപരിയായി ഏകീകൃതമായ ഒരു നേതൃത്വമുണ്ടെന്ന ചിന്ത വോട്ടർമാരിൽ ആത്മവിശ്വാസമുയർത്തി. വോട്ട് ഭിന്നിച്ചുപോകരുതെന്ന ബോധ്യത്തോടെ അവർ ജെ.ഡി.എസിനെ ഒഴിവാക്കി കോൺഗ്രസിനെ വരിച്ചു. വോട്ടുശതമാനം നിലനിർത്താനായെങ്കിലും അത് ബി.ജെ.പിക്ക് കനത്ത നഷ്ടം വരുത്തി.
ദേശീയതലത്തിൽ ആവർത്തിക്കാനാകുമോ?
യു.പി, ബിഹാർ, ഗുജറാത്ത്, പഞ്ചാബ്, ഒഡിഷ, തെലങ്കാന, തമിഴ്നാട്, ആന്ധ്ര, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ കോൺഗ്രസ് സംസ്ഥാന നേതാക്കൾ ആരാണെന്ന് ചോദിച്ചാൽ നമുക്ക് പലർക്കും പറയാൻ സാധിക്കില്ല. ചുരുക്കം ചിലർക്ക് മഹാരാഷ്ട്രയിലെയും ബംഗാളിലെയും നേതാക്കളെ ഓർമയുണ്ടാവും.
രാജസ്ഥാൻ ഈ വർഷം നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങവെ അവിടെയുള്ള വലിയ നേതാക്കളായ സചിൻ പൈലറ്റും അശോക് ഗെഹ് ലോട്ടും തമ്മിൽ പൊരിഞ്ഞ അടിയിലാണെന്ന് നാമേവർക്കുമറിയാം. നേതാക്കൾ തമ്മിൽ ഇത്ര പ്രകടമായ ഭിന്നത നിലനിൽക്കെ വോട്ടർമാർ ബി.ജെ.പിക്കൊപ്പം നിൽക്കാനാണ് സാധ്യത. അതായത് കർണാടകയിലെ നേതൃതർക്കം പരിഹരിക്കാൻ പാർട്ടിക്ക് സാധിച്ചെങ്കിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ സ്ഥിതി ശുഭകരമല്ല.
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് മാത്രമല്ല, പൊതുതെരഞ്ഞെടുപ്പിനായി പാർട്ടി അണികളെ സജ്ജരാക്കുന്നതിനും സംസ്ഥാന തലങ്ങളിൽ മികച്ച നേതാക്കൾ ആവശ്യമുണ്ട്. നേതൃപ്രശ്നം പരിഹരിക്കാൻ കാണിക്കുന്ന ഉദാസീനത എങ്ങനെ കൈയിൽനിന്ന് അധികാരം തട്ടിത്തെറിപ്പിക്കും എന്നതിന്റെ സമീപകാല ഉദാഹരണമാണ് പഞ്ചാബിൽ കോൺഗ്രസ് നേരിട്ട കനത്ത പതനം.
തീർച്ചയായും, ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസിന് പ്രകടമല്ലാതെ കിടക്കുന്ന വോട്ടുവിഹിതമുണ്ട്.എന്നാൽ, കുറച്ച് കാലമായി ലോക്സഭ തെരഞ്ഞെടുപ്പുകളിൽ ആ വോട്ട് ഉറപ്പാക്കാൻ അവർക്ക് കഴിയാതെ പോകുന്നു.
ഐക്യ പ്രതിപക്ഷം സാധ്യമാകണമെങ്കിൽ
2024നു മുമ്പായി, ഒരു ഐക്യ പ്രതിപക്ഷം സാധ്യമാക്കാനാകുമോ എന്ന സമസ്യക്ക് ഇനിയും ഉത്തരമായിട്ടില്ല. കർണാടക ഫലം അതിനെ ഏതുവിധത്തിലാണ് ബാധിക്കുക? രണ്ടു സാധ്യതകളുണ്ട്. ഒന്ന്, ഈ വിജയം കോൺഗ്രസുകാരെ വീണ്ടും അഹങ്കാരികളാക്കിയേക്കാം. അങ്ങനെ സംഭവിച്ചാൽ ദൗർഭാഗ്യകരം എന്നേ പറയാനാവൂ. ഡൽഹിയിലിരിക്കുന്ന പാർട്ടിയുടെ ആസ്ഥാന ബുദ്ധിജീവികൾക്ക് പലപ്പോഴും വിവിധ സംസ്ഥാനങ്ങളിലെ അടിസ്ഥാന യാഥാർഥ്യങ്ങളെക്കുറിച്ച് തരിമ്പും ധാരണയില്ല.
കർണാടകയിലുള്ള അതേ ശക്തി കോൺഗ്രസിന് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലില്ല. സഖ്യ ചർച്ചകൾക്കിടയിൽ കർണാടക വിജയത്തിന്റെ പേരും പറഞ്ഞ് സാമാന്യബുദ്ധിക്ക് നിരക്കാത്ത രീതിയിലെ സീറ്റ് വിഹിതം അവർ ആവശ്യപ്പെട്ടാൽ അത് പരമാബദ്ധമായി മാറും. പ്രധാനമന്ത്രി സ്ഥാനാർഥി തങ്ങളുടേതാവണം എന്ന ആവശ്യം മുന്നോട്ടുവെക്കുന്നതിനു മുമ്പ് കോൺഗ്രസ് രണ്ടുവട്ടം ആലോചിക്കുന്നത് പ്രതിപക്ഷ ഐക്യത്തിന് കരണീയമായേക്കും.
അതോടൊപ്പം കോൺഗ്രസുമായി ചേർന്ന് ഒരു ഐക്യ പ്രതിപക്ഷമുണ്ടാക്കുന്നതിൽ ഒട്ടും താൽപര്യമില്ലാത്ത മമത ബാനർജിയെപ്പോലുള്ള നേതാക്കൾ കർണാടക ഫലം പരിശോധിക്കുന്നത് നന്നാവും. ഐക്യത്തോടെ നിന്ന് പ്രവർത്തിച്ചാൽ പല സംസ്ഥാനങ്ങളിലും ബി.ജെ.പിയെ നേരിടാൻ കെൽപുള്ള ഒരു പാർട്ടി കോൺഗ്രസാണെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്.
മറ്റു പ്രതിപക്ഷ പാർട്ടികൾ അത് മനസ്സിലാക്കി ആ സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ പിന്തുണക്കുകയാണ് യുക്തി. അതേസമയം, കോൺഗ്രസും പ്രാദേശിക പാർട്ടികളും നേർക്കുനേർ പൊരുതാറുള്ള ബംഗാൾ, തെലങ്കാന, യു.പി, ബിഹാർ പോലുള്ള സംസ്ഥാനങ്ങളിലെ സീറ്റ് വിഭജന കാര്യത്തിലെ പ്രശ്നപരിഹാരത്തിനായി സമചിത്തതയോടെയുള്ള കൂടിയാലോചനയും വിട്ടുവീഴ്ചയുമുണ്ടായേ തീരൂ.
കർണാടക ഫലത്തെ ഇന്ത്യയിലെ ബി.ജെ.പി ഇതര പാർട്ടികളുടെ മനോവീര്യം വർധിപ്പിക്കാൻ ഉതകുന്ന ഉത്തേജക മരുന്നായി വേണം കാണാൻ. അല്ലാതെ, കോൺഗ്രസും മറ്റു പാർട്ടികളും തമ്മിലെ പുതിയ താൻപോരിമത്തർക്കങ്ങൾക്കുള്ള വെടിമരുന്നായല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.