തെരഞ്ഞെടുപ്പ് സുതാര്യമായേ തീരൂ
text_fields1950ലെ ആർ.പി ആക്റ്റിലും 1960ലെ രജിസ്ട്രേഷൻ ഓഫ് ഇലക്ടേഴ്സ് റൂളുകളിലും നിഷ്കർഷിക്കുന്ന നടപടിക്രമങ്ങൾ പാലിക്കാതെ വോട്ടർപട്ടികയിൽനിന്ന് പേരുകൾ നീക്കംചെയ്യരുതെന്ന് ഈ വർഷം ആഗസ്റ്റ് നാലിന് പുറപ്പെടുവിച്ച വിധിയിൽ സുപ്രീംകോടതിയും നിർദേശിച്ചിട്ടുണ്ട്
ഇലക്ട്രോണിക് വോട്ട് യന്ത്രങ്ങളുമായി ബന്ധപ്പെട്ട് കേൾക്കുന്ന പലവിധ വാർത്തകളുടെ പശ്ചാത്തലത്തിൽ ഒരുവിഭാഗം വോട്ടർമാർക്കിടയിൽ തെരഞ്ഞെടുപ്പ് ഫലങ്ങൾ സംബന്ധിച്ച് ഒരുതരം അവിശ്വസനീയത നിലനിൽക്കുന്നുണ്ട്. ഇന്ത്യൻ സൈന്യത്തിലും സിവിൽ സർവിസിലും ഉന്നത ഉദ്യോഗസ്ഥനായിരുന്ന ആക്ടിവിസ്റ്റ് എം.ജി. ദേവസഹായത്തിന്റെ നേതൃത്വത്തിൽ 6500 ലേറെ വോട്ടർമാർ ഓൺലൈനിലൂടെയും പതിനായിരത്തിലേറെ പേർ നേരിട്ടും ഒപ്പുവെച്ച ഒരു നിവേദനം ഡിസംബർ എട്ടിന് ദേശീയ തെരഞ്ഞെടുപ്പ് കമീഷനും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണർമാർക്കും സമർപ്പിക്കപ്പെടുകയുണ്ടായി. ഇത്രയേറെ ആളുകൾ ഒപ്പുവെച്ചതിൽനിന്ന് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ജനങ്ങൾക്കുള്ള വിശ്വാസക്കമ്മിയാണ് പ്രകടമാവുന്നതെന്ന് സിറ്റിസൺസ് കമീഷൻ ഓൺ ഇലക്ഷൻസ് എന്ന കൂട്ടായ്മയുടെ സംഘാടകനായ ദേവസഹായം പറയുന്നു.
നിവേദനത്തിൽ പരാമർശിച്ചിരിക്കുന്ന ആവശ്യങ്ങൾ ഇവയാണ്: വോട്ടിങ്ങിന്റെയും എണ്ണലിന്റെയും സമഗ്രത ഉറപ്പാക്കുക. വിവിപാറ്റ് സംവിധാനം വോട്ടർമാർക്ക് പരിശോധിച്ച് ഉറപ്പുവരുത്താൻ കഴിയുന്നതരത്തിൽ വീണ്ടും ക്രമീകരിക്കുക.
വിവിപാറ്റ് സ്ലിപ് വോട്ടർമാർക്ക് കൈയിൽ ലഭിക്കുകയും അത് ഒരു ചിപ്പ് രഹിത ബാലറ്റ് ബോക്സിൽ നിക്ഷേപിക്കുകയും വേണം. ഈ വിവിപാറ്റ് സ്ലിപ്പുകൾ ഫലപ്രഖ്യാപനത്തിന് മുമ്പ് എല്ലാ നിയോജക മണ്ഡലങ്ങളിലും പൂർണമായി എണ്ണണം. സ്ലിപ്പുകൾക്ക് വലിപ്പമുണ്ടായിരിക്കണം, കുറഞ്ഞത് അഞ്ച് വർഷമെങ്കിലും സൂക്ഷിക്കാൻ കഴിയുന്നവിധത്തിൽ പ്രിന്റ് ചെയ്യുകയും വേണം.
വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിയതും വോട്ട് യന്ത്രത്തിലെ വോട്ടുകളുടെ എണ്ണവും തമ്മിൽ പരിശോധിക്കുകയും എണ്ണത്തിൽ പൊരുത്തക്കേടുണ്ടായാൽ തെരഞ്ഞെടുപ്പ് നിയമങ്ങൾക്കനുസൃതമായി വിവിപാറ്റ് സ്ലിപ്പുകൾ എണ്ണി തയാറാക്കിയ ഫലം അന്തിമമായി കണക്കാക്കുകയും വേണം.
മറ്റൊരു നിർണായക വശത്തെക്കുറിച്ചും ഈ നിവേദനം പരാമർശിക്കുന്നുണ്ട്; വോട്ടർ പട്ടികകളുടെ സമഗ്രതയാണത്. അനിയന്ത്രിതമായി വോട്ടർമാരുടെ പേരുകൾ വെട്ടിപ്പോകുന്നത് തടയുന്നതിന്, പേര് നീക്കംചെയ്യാൻ നിർദേശിക്കപ്പെടുന്ന ഓരോ വോട്ടർക്കും മുൻകൂർ അറിയിപ്പ് നൽകിയിട്ടുണ്ടെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഉറപ്പാക്കണം.
1950ലെ ആർ.പി ആക്റ്റിലും 1960ലെ രജിസ്ട്രേഷൻ ഓഫ് ഇലക്ടേഴ്സ് റൂളുകളിലും നിഷ്കർഷിക്കുന്ന നടപടിക്രമങ്ങൾ പാലിക്കാതെ വോട്ടർ പട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്യരുതെന്ന് ഈ വർഷം ആഗസ്റ്റ് നാലിന് പുറപ്പെടുവിച്ച വിധിയിൽ സുപ്രീംകോടതിയും നിർദേശിച്ചിട്ടുണ്ട്.
ഏതു സാഹചര്യത്തിലും പട്ടികയിൽനിന്ന് പേര് നീക്കം ചെയ്യപ്പെടാൻ നിർദേശിക്കപ്പെട്ട വോട്ടർമാർക്ക് നോട്ടീസ് നൽകണം. ഒരു വോട്ടറും അന്യായമായി നീക്കം ചെയ്യപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കാൻ അത് നിർണായകമാണ്. വോട്ടർ പട്ടികകളുടെ സോഷ്യൽ ഓഡിറ്റിങ് സുതാര്യമാക്കാനുള്ള സംവിധാനം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഉടൻ നടപ്പാക്കണം. വോട്ടർ പട്ടികകൾ ഏറ്റവും ലഭ്യമാവുന്നരീതിയിൽ പൊതുവായി പ്രദർശിപ്പിക്കുകയും തിരച്ചിൽ നടത്താനാകുന്ന രീതിയിൽ തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റിൽ ലഭ്യമാക്കുകയും വേണം. സ്വന്തം വിവരങ്ങളും ഇരട്ടിപ്പും തങ്ങളുടെ പ്രദേശത്തുനിന്ന് വ്യാജമായി ചേർത്തിരിക്കുന്ന പേരുകളും പരിശോധിക്കാൻ പൗരന്മാർക്ക് അധികാരം നൽകണം.
നിവേദനത്തിലെ മറ്റൊരു നിർണായക കാര്യംകൂടി നോക്കുക: രാഷ്ട്രീയ പാർട്ടികളുടെ ഫണ്ടിങ്ങിൽ സുതാര്യതക്കായി തെരഞ്ഞെടുപ്പ് കമീഷൻ ശക്തമായി നിലകൊള്ളുകയും തെരഞ്ഞെടുപ്പുകളെയും ഫലങ്ങളെയും പണാധിപത്യം സ്വാധീനിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. രാഷ്ട്രീയ പാർട്ടികൾക്ക് പരിധിയില്ലാത്ത ‘അജ്ഞാത ധനസഹായം’ ലഭ്യമാക്കുന്ന ഇലക്ടറൽ ബോണ്ടുകളെ എതിർക്കണം.നിവേദനത്തിലെ ഈ നിർദേശങ്ങളും ആവശ്യങ്ങളും എന്ത് സ്വാധീനമാണ് ഉണ്ടാക്കുകയെന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ല. നമ്മിൽ ഭൂരിഭാഗവും തങ്ങൾക്കുമേൽ അടിച്ചേൽപിക്കപ്പെടുന്നതെന്തും സ്വീകരിക്കുന്ന സാഹചര്യമാണല്ലോ ഇന്ന്. നിരാശയും നിസ്സഹായതയും മാത്രമാണ് എങ്ങും നിഴലിച്ചു നിൽക്കുന്നത്.
ഈ വർഷം അവസാനത്തിലേക്ക് നീങ്ങവെ രാജ്യത്തെ ജനങ്ങളുടെ പ്രതിനിധികളായി പാർലമെന്റിലെത്തിയ 143 അംഗങ്ങൾ സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കുന്നു. നമ്മുടെ രാജ്യത്ത് ജനാധിപത്യം ക്രമാനുഗതമായി ശിഥിലമാകുകയും നശിപ്പിക്കപ്പെടുകയും ചെയ്യുകയാണ്. ഇത്രയധികം എം.പിമാരെ പുറത്തിറക്കി നിർത്തിക്കൊണ്ട് ക്രിമിനൽ ഭേദഗതി ബില്ലുകൾ പാസാക്കപ്പെട്ടിരിക്കുന്നു. പാർലമെന്റിൽ സംഭവിച്ച ഗുരുതരമായ സുരക്ഷാ വീഴ്ചയെക്കുറിച്ച് വിശദീകരിക്കണമെന്നും അന്വേഷണ കാര്യങ്ങൾ പരസ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ടതിനാണ് ഈ സസ്പെൻഷൻ. കുഴപ്പം സൃഷ്ടിച്ചവർക്ക് പാർലമെന്റിലേക്ക് കടന്നുകയറാൻ സന്ദർശക പാസ് ലഭ്യമാക്കിയ ബി.ജെ.പി എം.പി നാളിതുവരെയും സസ്പെൻഡ് ചെയ്യപ്പെട്ടിട്ടുമില്ല.
ബി.ജെ.പിക്കാരനായ മൈസൂരു എം.പി പ്രതാപ്സിംഹക്ക് പകരം മറ്റേതെങ്കിലുമൊരു പാർട്ടിയിൽനിന്നുള്ള എം.പിയുടെ പാസുപയോഗിച്ചാണ് ആ അക്രമികൾ വന്നിരുന്നതെങ്കിൽ എന്തെല്ലാംതരം നടപടികളും അന്വേഷണങ്ങളുമാണ് നേരിടേണ്ടിവരുമായിരുന്നത് എന്നൊന്ന് ആലോചിച്ചുനോക്കൂ.
പാർലമെൻറിനകത്ത് രാജ്യത്തെ മുൻനിര പ്രതിപക്ഷ ജനപ്രതിനിധികളുടെ അവസ്ഥ ഇവ്വിധമാണെങ്കിൽ തെരുവുകളിൽ സാധാരണക്കാരും ദുർബല-ന്യൂനപക്ഷ സമൂഹങ്ങളും ജീവിക്കുന്നത് എപ്രകാരമാവും? സ്ഥിതിഗതികൾ ഓരോ ദിവസം കഴിയുംതോറും വഷളായി മാറുകയാണ്.
രാജസ്ഥാനിലും മധ്യപ്രദേശിലും വഴിയോരക്കച്ചവടക്കാരുടെ സസ്യേതര ഭക്ഷണ വിൽപനക്കുണ്ടായ നിയന്ത്രണം ക്രമേണ ഹലാൽ മാംസ വിൽപനയിലേക്ക് മാറിയിരിക്കുന്നു. കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന ആണയിടൽ തുടരുന്നതിനിടെ ഉത്തർപ്രദേശ് തലസ്ഥാന നഗരിയായ ലഖ്നോയിൽനിന്നുള്ള വാർത്ത കേൾക്കുക: കശ്മീരിൽനിന്നുള്ള ഡ്രൈ ഫ്രൂട്ട് വിൽപനക്കാരെ തെരഞ്ഞുപിടിച്ച് നടത്തുന്ന ആക്രമണത്തിൽ അവരുടെ ഉപജീവനമാർഗം പട്ടാപ്പകൽ പരസ്യമായി നശിപ്പിക്കപ്പെടുന്നു. എല്ലാം അവരുടെ പിഴ, കശ്മീർ താഴ്വരയിൽനിന്ന് മൈലുകൾ താണ്ടി ഇന്ത്യയുടെ ഹൃദയഭൂവിൽ എത്തിയതുതന്നെ അവർ ചെയ്ത അപരാധം.
താഴ്വരയിൽനിന്ന് രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്ന കശ്മീരികൾ നേരിടേണ്ടി വരുന്ന പ്രയാസങ്ങൾ പലവുരു ചർച്ച ചെയ്യപ്പെട്ടതാണ്. യാത്ര ദുഷ്കരമാണെന്നത് അറിയപ്പെടുന്ന വസ്തുതയാണ്. ഓക്സ്ഫഡ് യൂനിവേഴ്സിറ്റി പ്രസ് ഈയിടെ പ്രസിദ്ധീകരിച്ച എന്റെ പുസ്തകം - ‘ഗുൽ മുഹമ്മദിന്റെ ഡയറി: ഒരു കശ്മീരി മുസ്ലിം പയ്യന്റെ കേരളയാത്ര (The Diary of Gull Mohammad: A Kashmiri Muslim boy’s Journey from Kashmir to Kerala) ചർച്ച ചെയ്യുന്നത് 14 വയസ്സുകാരൻ ഗുൽ മുഹമ്മദ് കടന്നുപോകുന്ന ജീവിത യാഥാർഥ്യങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.