അയോധ്യയിൽ മുഴങ്ങുന്ന തെരഞ്ഞെടുപ്പ് കാഹളം
text_fieldsഉത്തരേന്ത്യയുടെ, വിശിഷ്യാ ഉത്തർപ്രദേശിന്റെ മുക്കുമൂലകളിൽ തമ്പടിച്ച് സാധാരണക്കാരായ ജനങ്ങളെ രാമക്ഷേത്രവുമായി ബന്ധപ്പെടുത്താനുള്ള യജ്ഞം ആരംഭിക്കാനിരിക്കയാണ് സംഘ്പരിവാർ പ്രവർത്തകർ
ഈ മാസം 22ന് അയോധ്യയിലെ രാമക്ഷേത്രത്തിൽ നടക്കാനിരിക്കുന്ന മെഗാ പരിപാടിയുടെ നെടുനായകൻ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാവും. എന്നാൽ, ആ പരിപാടിക്ക് മുമ്പും പിമ്പുമായി നടത്താനുറപ്പിച്ചുവെച്ചിരിക്കുന്ന അതിലും ബൃഹത്തായ പദ്ധതികൾക്കായി സംഘ്പരിവാറിന്റെ എല്ലാ ശാഖകളും കളത്തിലിറങ്ങിക്കഴിഞ്ഞിരിക്കുന്നു.
ഉത്തരേന്ത്യയുടെ, വിശിഷ്യാ ഉത്തർപ്രദേശിന്റെ മുക്കുമൂലകളിൽ തമ്പടിച്ച് സാധാരണക്കാരായ ജനങ്ങളെ രാമക്ഷേത്രവുമായി ബന്ധപ്പെടുത്താനുള്ള യജ്ഞം ആരംഭിക്കാനിരിക്കയാണ് ആർ.എസ്.എസ്, വി.എച്ച്.പി, ബജ്റംഗ് ദൾ സംഘടനകളുടെ പ്രവർത്തകർ.
അയോധ്യയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെയും പുതുക്കിപ്പണിത റെയിൽവേ സ്റ്റേഷനിൽനിന്നുള്ള വന്ദേഭാരത്, അമൃതഭാരത് ട്രെയിനുകളുടെയും ഉദ്ഘാടനം നിർവഹിച്ച് ഡിസംബർ 30ന് മോദി തുടക്കം കുറിച്ചത് ഈ യജ്ഞങ്ങൾക്ക് മാത്രമല്ല, തെരഞ്ഞെടുപ്പ് കാമ്പയിനു തന്നെയായിരുന്നു.
പരമ്പരാഗത ഹൈന്ദവരീതിയിൽ മഞ്ഞളും അരിയും വിതറിയ, രാമവിഗ്രഹത്തിന്റെ ചിത്രമുള്ള ക്ഷണപത്രിക രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനത്തെ ഓരോ വീടുകളിലും എത്തിക്കുക എന്ന പുത്തനൊരാശയവും നടപ്പിലാക്കുന്നു വി.എച്ച്.പി. ജനുവരി 22ന് വിവിധ തലങ്ങളിൽനിന്നുള്ള പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ ക്ഷേത്രത്തിൽ പരിപാടി നടക്കവെ വീടുകളിലെല്ലാം വിളക്ക് തെളിയിക്കണമെന്ന നിർദേശവുമായി കയറിയിറങ്ങുന്ന വീടുകളിലെല്ലാം മൺചെരാതുകളും വിതരണം ചെയ്യുന്നുണ്ട് സംഘ്പരിവാർ പ്രവർത്തകർ.
ദലിത്-ആദിവാസി സമൂഹങ്ങൾക്കെതിരായ ക്രൂരമായ മേൽജാതി ആക്രമണങ്ങൾക്ക് കുപ്രസിദ്ധമാണ് യു.പിയും മധ്യപ്രദേശുമുൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. എന്നാൽ, രാമക്ഷേത്രം ജാതികളെയെല്ലാം ഒരേ ചരടിൽ അണിനിരത്താനുള്ള ഒരു അവസരമായി സംഘ്പരിവാർ കാണുന്നു. സന്ദർശനവേളയിൽ ഗ്രാമങ്ങളിലെ ഒരു വീടുപോലും ഒഴിവാക്കരുത് എന്നാണ് ആർ.എസ്.എസ് നേതൃത്വം താഴേത്തട്ടിലേക്ക് നൽകിയിരിക്കുന്ന കർശന നിർദേശം. ‘ശ്രീരാമ ഭഗവാൻ എല്ലാവരുടേതുമാണ്, ആരും മാറ്റിനിർത്തപ്പെടുന്നില്ല എന്ന് എല്ലാ സമുദായങ്ങളെയും ബോധ്യപ്പെടുത്തുകയാണ് ഞങ്ങൾ’- അവധിലെ ആർ.എസ്.എസ് പ്രാന്ത് പ്രചാരക് അശോക് ദുബേ ചൂണ്ടിക്കാട്ടുന്നു.
കൃത്യമായിപ്പറഞ്ഞാൽ, പതിറ്റാണ്ടുകളായി ബി.ജെ.പിയുടെ അജണ്ടയിൽ ഇല്ലാതിരുന്ന അധഃസ്ഥിത സമുദായങ്ങളിലേക്ക് പടർന്നുകയറുന്നതിനുള്ള മറ്റൊരു സൂക്ഷ്മമായ മാർഗമാണിത്. ജനുവരി 22ലെ പരിപാടിയുടെ പ്രത്യേക അതിഥി പട്ടികയിൽ കുറഞ്ഞത് 132 വ്യത്യസ്ത ജാതികളിൽ നിന്നുള്ള ആളുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് മറ്റു പിന്നാക്ക സമുദായങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുകയും ചെയ്യും. വരേണ്യജാതിക്കാർക്ക് അനുകൂലമായ ബി.ജെ.പിയുടെ ഭരണത്തിനു കീഴിൽ ഒ.ബി.സികൾക്ക് അർഹമായ അവകാശം എത്രമാത്രം നിഷേധിക്കപ്പെടുന്നുവെന്ന് ബോധ്യപ്പെടുത്തി പിന്തുണ ഉറപ്പിക്കാനായി ജാതി സെൻസസ് ആവശ്യപ്പെടുന്ന പ്രതിപക്ഷ പാർട്ടികളുടെ നീക്കത്തെ തടയിടാൻ ഇതുവഴി സാധിച്ചേക്കുമെന്ന് ബി.ജെ.പി കരുതുന്നു.
രാമക്ഷേത്രത്തിൽ പ്രതിഷ്ഠ ചടങ്ങ് നടക്കുന്ന വിവരം നാടൊട്ടുക്ക് അറിയിക്കുന്നുണ്ടെങ്കിലും സാധാരണക്കാരായ വിശ്വാസികൾ അന്നേദിവസം അയോധ്യയിലെ ക്ഷേത്രത്തിലേക്ക് എത്തേണ്ടതില്ല എന്ന സൂചന സംഘാടകർ നൽകുന്നു. ജീവിതത്തിന്റെ വിവിധ തുറകളിൽനിന്നുള്ള സെലിബ്രിറ്റികളും വിദേശ പ്രമുഖരും ഉൾപ്പെടുന്ന അതിവിശിഷ്ട അതിഥികൾക്കുള്ള ദിവസമാണ് ജനുവരി 22.
സംഘ്പരിവാർ പ്രവർത്തകർ ഗ്രാമങ്ങൾ തോറും ഗൃഹസമ്പർക്കവുമായി മുന്നേറുമ്പോൾ, ഗോസ്വാമി തുളസീദാസിന്റെ ‘രാമചരിത മാനസിനൊപ്പം പരമ്പരാഗത ഹൈന്ദവ ആചാരങ്ങളിൽ അപൂർവമായി മാത്രം ഇടം ലഭിക്കാറുള്ള വാല്മീകി രാമായണത്തിന്റെ പ്രത്യേക പാരായണ പരിപാടികൾ സംഘടിപ്പിക്കാൻ എല്ലാ ജില്ല മജിസ്ട്രേറ്റുമാർക്കും നിർദേശം നൽകിയിട്ടുണ്ട് യോഗി ആദിത്യനാഥ് സർക്കാർ.
ജനുവരി 22ന് നടക്കുന്ന പരിപാടിക്ക് ഒരാഴ്ച മുമ്പ് വിവിധ ക്ഷേത്രങ്ങളിൽ എങ്ങനെ എന്തെല്ലാം പരിപാടികൾ നടത്തണം എന്നതുസംബന്ധിച്ച വിശദാംശങ്ങൾ വ്യക്തമായി പ്രതിപാദിച്ചു കൊണ്ടാണ് യു.പി സർക്കാർ സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ഒരാഴ്ച നടത്തുന്ന പരിപാടികൾക്കുള്ള എല്ലാ ചെലവുകളും സംസ്ഥാനം വഹിക്കുമെന്നും സംസ്ഥാന ചീഫ് സെക്രട്ടറി ദുർഗാശങ്കർ മിശ്ര പുറപ്പെടുവിച്ച സർക്കുലർ വ്യക്തമാക്കുന്നു. പരിപാടികൾ ഏകോപിപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമായി ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ നോഡൽ ഓഫിസറായി നിയോഗിച്ചിട്ടുണ്ട്.
യു.പിയുടെ സ്വന്തം ടീമിന് പുറമെ മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണാടക, ഛത്തിസ്ഗഢ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, സിക്കിം, ജമ്മു & കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ സംഘങ്ങൾ അടുത്തയാഴ്ച അയോധ്യയിലെത്തും. സിംഗപ്പൂർ, ഇന്തോനേഷ്യ, കംബോഡിയ, ശ്രീലങ്ക, തായ്ലൻഡ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്ന സാംസ്കാരിക സംഘങ്ങൾ അവരുടെ നാടുകളിലെ രാമലീല രീതികൾ ഇവിടെ അവതരിപ്പിക്കും.
സാംസ്കാരിക പരിപാടികൾ ജനുവരി 22 ന് നടക്കുന്ന പ്രതിഷ്ഠ ചടങ്ങോടെ സമാപിക്കുമെങ്കിലും പൂർണമായും രൂപമാറ്റം സംഭവിച്ച ക്ഷേത്രനഗരിയിൽ എത്തുന്ന എല്ലാ സന്ദർശകർക്കും സൗജന്യ ഭക്ഷണം വിതരണം ചെയ്യാനായി തുറക്കുന്ന പ്രത്യേക ഭണ്ഡാരകൾ കുറഞ്ഞത് രണ്ടു മാസമെങ്കിലും പ്രവർത്തനം തുടരും. പരിപാടികളെല്ലാം വൈവിധ്യം നിറഞ്ഞതാണെങ്കിലും ഇതിനെല്ലാം പിന്നിൽ ഒരേയൊരു ലക്ഷ്യം മാത്രമാണുള്ളത്- ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയവും ഭരണത്തുടർച്ചയും!.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.