ഇലക്ടറൽ ബോണ്ട് കൊള്ളക്കെതിരെ പോരാട്ടം അവസാനിക്കുന്നില്ല
text_fieldsരണ്ട് പതിറ്റാണ്ടുമുമ്പ്, അമേരിക്കയിൽ സോഫ്റ്റ് വെയർ എൻജിനീയറായി പ്രവർത്തിച്ചിരുന്ന ആദർശിന്റെ മനസ്സ് മാറ്റിയത് ബ്രൂസ് വില്ലിസിനെ നായകനാക്കി 2003ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ടിയേർസ് ഓഫ് ദി സൺ, 2004ൽ ഷാരൂഖ് ഖാൻ അഭിനയിച്ച ബോളിവുഡ് ക്ലാസിക് സ്വദേശ് എന്നീ സിനിമകളാണ്
മാർച്ച് 30ന്, 16,492 കോടി രൂപയുടെ ഇലക്ടറൽ ബോണ്ട് ദാതാക്കളുടെയും ഗുണഭോക്താക്കളുടെയും വിവരങ്ങൾ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ വെളിപ്പെടുത്തി ഏതാനും ദിവസങ്ങൾക്കകം, ആദർശ് അയ്യർ (50) എന്ന സാമൂഹിക പ്രവർത്തകനും സുഹൃത്തുക്കളും ബംഗളൂരു പൊലീസ് മുമ്പാകെ ഒരു പരാതിയുമായെത്തി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, കർണാടകയിലെ ഭാരതീയ ജനത പാർട്ടി നേതാക്കളായ നളിൻ കുമാർ കട്ടീൽ, ബി.വൈ. വിജയേന്ദ്ര എന്നിവർ ചേർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റടക്കമുള്ള ഏജൻസികളെ ഉപയോഗിച്ച് ഇലക്ടറൽ ബോണ്ട് പദ്ധതിയിലൂടെ കോടിക്കണക്കിന് രൂപ പാർട്ടിക്കുവേണ്ടി അന്യായമായി കൈവശപ്പെടുത്തിയെന്നായിരുന്നു മുൻ സോഫ്റ്റ് വെയർ എൻജിനീയർ കൂടിയായ ആദർശ് അയ്യരുടെ പരാതി.
വ്യക്തികൾക്കും കമ്പനികൾക്കും പേര് വെളിപ്പെടുത്താതെ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ സൗകര്യമൊരുക്കിയ ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താവ് ബി.ജെ.പിയായിരുന്നു. നിയമവിരുദ്ധമാക്കി സുപ്രീംകോടതി പ്രഖ്യാപിക്കുന്നതുവരെയുള്ള ആറു വർഷത്തിനിടെ 8,252 കോടി രൂപയാണ് ബി.ജെ.പി ഇലക്ടറൽ ബോണ്ട് വഴി സ്വന്തമാക്കിയത്. മറ്റ് 30 പാർട്ടികൾക്കും ചേർന്ന് ലഭിച്ചതിനെക്കാൾ കൂടിയ തുകയാണിത്. കേന്ദ്ര ഏജൻസികൾ നിയന്ത്രണത്തിലുള്ളതുകൊണ്ടാണ് വ്യവസായ ഗ്രൂപ്പുകളിൽ നിന്ന് കൂടുതൽ തുക സ്വരൂപിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞതെന്നാണ് അയ്യരുടെ വാദം.
തിലക്നഗർ പൊലീസ് സ്റ്റേഷനിൽ 15 പരാതികൾ നൽകിയിട്ട് ഒന്നിൽ പോലും എഫ്.ഐ.ആർ ഇടാഞ്ഞതോടെ, ഏപ്രിൽ 15ന് അവർ കോടതിയെ സമീപിച്ചു, ആറു മാസങ്ങൾക്കുശേഷം നിർമല സീതാരാമനും മറ്റുള്ളവർക്കുമെതിരെ കേസെടുക്കാൻ കോടതി പൊലീസിന് നിർദേശം നൽകി. നിർമല സീതാരാമനെ ഒന്നാം പ്രതിയും കട്ടീൽ, വിജയേന്ദ്ര, ബി.ജെ.പി ഭാരവാഹികൾ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ എന്നിവരെ സഹപ്രതികളുമാക്കി അന്യായമായി പണം ഈടാക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് 0224/2024 നമ്പർ കേസെടുത്തിരിക്കുന്നത്. എന്നിരിക്കിലും അടുത്ത വാദം കേൾക്കുന്ന ഒക്ടോബർ 22 വരെ എഫ്.ഐ.ആറിന് ഇടക്കാല സ്റ്റേ നൽകി കർണാടക ഹൈകോടതി.
മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെട്ട ഭൂമി കുംഭകോണത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള കോൺഗ്രസിന്റെ അടവാണിതെന്നാണ് ബി.ജെ.പി പ്രതികരിച്ചത്. എന്നാൽ, താൻ 2015ൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലെ കോൺഗ്രസ് സർക്കാറിന്റെ കാലത്ത് കർണാടക ലോകായുക്തയുടെ ഓഫിസിലെ പണംപിടുങ്ങൽ റാക്കറ്റിനെതിരെ രംഗത്ത് വന്നിരുന്നുവെന്ന് അയ്യർ പറയുന്നു. ഭൂമി കൈയേറിയ ജനതാദൾ (സെക്യുലർ) നേതാക്കൾക്കെതിരെയും കോവിഡ് സമയത്ത് സ്കൂൾ പരീക്ഷ നടത്തിയതിന് മുൻ വിദ്യാഭ്യാസ മന്ത്രിക്കെതിരെയും പല മുൻ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും പൊതുതാൽപര്യ വ്യവഹാരം നടത്തിയിട്ടുണ്ട്.
രണ്ട് പതിറ്റാണ്ടുമുമ്പ്, അമേരിക്കയിൽ സോഫ്റ്റ് വെയർ എൻജിനീയറായി പ്രവർത്തിച്ചിരുന്ന ഇദ്ദേഹത്തിന്റെ മനസ്സ് മാറ്റിയത് ബ്രൂസ് വില്ലിസിനെ നായകനാക്കി 2003ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ടിയേർസ് ഓഫ് ദി സൺ, 2004ൽ ഷാരൂഖ് ഖാൻ അഭിനയിച്ച ബോളിവുഡ് ക്ലാസിക് സ്വദേശ് എന്നീ സിനിമകളാണ്. ‘‘തിന്മ വിജയിക്കാൻ വേണ്ട ഒരേയൊരു കാര്യം നല്ലയാളുകൾ ഒന്നും ചെയ്യാതിരിക്കലാണ്’’ എന്ന ടിയേർസ് ഓഫ് ദി സണ്ണിലെ വരിയാണ് തന്റെ കാഴ്ചപ്പാട് മാറ്റിയതെന്ന് അയ്യർ പറയുന്നു.
2005ൽ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങിയ ഇദ്ദേഹം നിയമം പഠിക്കാൻ ചേർന്നു, കോൺഗ്രസ് സർക്കാറിനെതിരെ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന അഴിമതി വിരുദ്ധ സമരത്തിലും പങ്കാളിയായി. 2014ൽ ആം ആദ്മി പാർട്ടിക്കൊപ്പം കൂടിയെങ്കിലും അടുത്ത വർഷം സംസ്ഥാന ഘടകവുമായി തെറ്റി. പിന്നെ സുഹൃത്തുക്കൾക്കൊപ്പം ജനാധികാര സംഘർഷ പരിഷത്ത് എന്ന പേരിൽ പൗരാവകാശ കൂട്ടായ്മക്ക് രൂപം നൽകി. ലാഭേച്ഛയില്ലാതെ സേവനമനുഷ്ഠിക്കുന്ന അഭിഭാഷകരുടെ പിന്തുണയോടെയാണ് പ്രവർത്തനം.
നിർമല സീതാരാമനെതിരായ അയ്യരുടെ പരാതിയിൽ രണ്ട് പ്രത്യേക കേസുകളാണുള്ളത്. ഖനന ഭീമന്മാരായ വേദാന്ത ഗ്രൂപ്, ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ അരബിന്ദോ ഫാർമ തുടങ്ങിയ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്താൻ തന്റെ മന്ത്രാലയത്തിന് കീഴിലുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കേന്ദ്ര ധനമന്ത്രി നിർദേശം നൽകിയതായും അതിനെ തുടർന്ന് കമ്പനികൾ നൂറുകണക്കിന് കോടിയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങി ബി.ജെ.പിക്ക് സംഭാവന നൽകിയെന്നും അദ്ദേഹം ആരോപിക്കുന്നു. പഞ്ചാബിലെ വൈദ്യുതി നിലയം വേഗത്തിലാക്കാനായി കോൺഗ്രസ് എം.പി കാർത്തി ചിദംബരത്തിന് കൈക്കൂലി നൽകിയെന്ന വേദാന്ത ഗ്രൂപ് ഉദ്യോഗസ്ഥന്റെ ആരോപണത്തെത്തുടർന്ന് 2022 ആഗസ്റ്റിൽ തമിഴ്നാട്ടിലെ അജ്ഞാത സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡുകളെക്കുറിച്ചുള്ള വാർത്തകൾ അയ്യർ ബംഗളൂരു കോടതി മുമ്പാകെ സമർപ്പിച്ച ഹരജിയിൽ ചേർത്തിട്ടുണ്ട്.
2019 ഏപ്രിലിനും 2023 നവംബറിനും ഇടയിൽ വേദാന്ത ഗ്രൂപ് ബി.ജെ.പിക്ക് നൽകിയ 230 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങളും പരാതിയിൽ ചേർത്തിട്ടുണ്ട്. അറ്റാച്ച് ചെയ്തിട്ടുണ്ട്. 2022 നവംബറിൽ മാത്രം 100 കോടി രൂപയാണ് നൽകിയത്. ഇലക്ടറൽ ബോണ്ട് വിശദാംശങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ വസ്തുതപരമായി പഠിച്ചാണ് കേസ് കൊടുത്തതെന്നും ബാക്കി കാര്യങ്ങൾ പൊലീസ് അന്വേഷിച്ച് കണ്ടെത്തണമെന്നും അയ്യർ പറയുന്നു.
അരബിന്ദോ ഫാർമയുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ കേസ്. 2022 സെപ്റ്റംബറിൽ അരബിന്ദോ ഫാർമയിൽ ഇ.ഡി നടത്തിയ റെയ്ഡും 2022 നവംബറിൽ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതും നിർമല സീതാരാമനും ബി.ജെ.പി നേതാക്കളും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്ന് അയ്യർ വാദിക്കുന്നു. ബി.ജെ.പി ഇലക്ടറൽ ബോണ്ടുകൾ വഴി 49.5 കോടി രൂപ തട്ടിയെടുക്കുക മാത്രമല്ല, 2024 മാർച്ചിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റും ചെയ്തു-അദ്ദേഹം ആരോപിച്ചു.
2022 നവംബറിൽ ഇ.ഡി അറസ്റ്റ് ചെയ്ത് ദിവസങ്ങൾക്കുശേഷം അരബിന്ദോ ഫാർമ ഡയറക്ടറും ഡൽഹി മദ്യനയക്കേസ് പ്രതിയുമായ പി. ശരത് ചന്ദ്ര റെഡ്ഡി ബി.ജെ.പിക്ക് അഞ്ചു കോടി രൂപ സംഭാവന നൽകിയതെങ്ങനെയെന്ന് ഇലക്ടറൽ ബോണ്ട് പദ്ധതിയെക്കുറിച്ച് സ്ക്രോൾ ഉൾപ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങളുടെ കൂട്ടായ്മ നടത്തിയ അന്വേഷണം വ്യക്തമാക്കിയിരുന്നു. 2023 ജൂണിൽ കേസിൽ മാപ്പുസാക്ഷിയായ റെഡ്ഡി 2023 നവംബറിൽ 25 കോടി രൂപ കൂടി ബി.ജെ.പിക്ക് സംഭാവനയായി നൽകി.
നിയമവാഴ്ച രാജ്യത്തെ സാധാരണ പൗരർക്കും രാഷ്ട്രീയക്കാർക്കും ഒരുപോലെ ബാധകമാണെന്നതാണ് തങ്ങൾ മുന്നോട്ടുവെക്കുന്ന സന്ദേശമെന്നും ഭരണഘടന ഉയർത്തിപ്പിടിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അയ്യർ പറയുന്നു.
ഈ കേസിന്റെ പേരിൽ നാളിതുവരെ ഭീഷണികളൊന്നുമുണ്ടായിട്ടില്ല. എന്നാൽ, എഫ്.ഐ.ആർ റദ്ദാക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചേക്കും. അങ്ങനെ വന്നാൽ നേരിടാൻ നിയമ വിദഗ്ധരുമായി കൂടിയാലോചന തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.