അടിയന്തരാവസ്ഥ: അന്നും ഇന്നും
text_fieldsഇന്ദിര ഗാന്ധി ഭരണകൂടത്തിന്റെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് അര നൂറ്റാണ്ടാകുമ്പോൾ എതിർശബ്ദങ്ങളെ വിലക്കുന്ന, മനുഷ്യാവകാശങ്ങൾ അടിച്ചമർത്തപ്പെടുന്ന, ന്യൂനപക്ഷങ്ങൾ പുറംതള്ളപ്പെടുന്ന ഭയാനകമായ ഇന്ത്യനവസ്ഥയിലാണ് നാമിന്ന്. പ്രഖ്യാപിത അടിയന്തരാവസ്ഥയും അപ്രഖ്യാപിത അടിയന്തരാവസ്ഥയും തമ്മിലെ വ്യത്യാസമെന്താണ്? ചെറുത്തുനിൽപുകളുടെ പേരിൽ ഇരുവട്ടവും തടവിലടക്കപ്പെട്ട ന്യൂസ് ക്ലിക് എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്ത വിശദമാക്കുന്നു
1975 സെപ്റ്റംബർ 25, ജവഹർലാൽ നെഹ്റു സർവകലാശാല(ജെ.എൻ.യു) കാമ്പസിന് അതൊരു സാധാരണ പ്രഭാതമായിരുന്നില്ല. വിദ്യാർഥി യൂനിയൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട അശോക് ലത ജെയിനിനെ പുറത്താക്കിയതിനെതിരെ എസ്.എഫ്.ഐ ആഹ്വാനം ചെയ്ത സമരത്തിന്റെ രണ്ടാം ദിനമായിരുന്നു അത്, കാമ്പസ് പ്രക്ഷുബ്ധമായിരുന്നു. പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് അന്നേക്ക് മൂന്നുമാസം തികഞ്ഞിരുന്നു.
എസ്.എഫ്.ഐയിലെ ഏതാനും സഖാക്കൾക്കൊപ്പം ഞാൻ സ്കൂൾ ഓഫ് ലാംഗ്വേജസിന്റെ പുൽത്തകിടിയിൽ ഇരിക്കുമ്പോൾ, ഒരു കറുത്ത അംബാസഡർ അരികിൽ വന്ന് നിർത്തി. ഒരു ബലിഷ്ഠനായ മനുഷ്യൻ പുറത്തിറങ്ങി. അയാൾ എന്റെ അടുത്തുവന്ന് ഡി.പി. ത്രിപാഠി (അന്നത്തെ വിദ്യാർഥി യൂനിയൻ പ്രസിഡൻറ്) യാണോ എന്ന് തിരക്കി. അല്ലെന്ന് ഞാൻ മറുപടിയും നൽകി, പക്ഷേ, ചോദ്യകർത്താവ് അത് വിശ്വസിച്ചില്ല. അയാൾ ഡി.ഐ.ജി-റേഞ്ചിലുള്ള ഒരു പൊലീസുകാരനായിരുന്നു- പി.എസ്. ബിന്ദർ. അയാളും സാധാരണ വസ്ത്രം ധരിച്ച് ഒപ്പമുണ്ടായിരുന്ന കൂട്ടാളികളും കൂടി തിടുക്കപ്പെട്ട് പട്ടാപ്പകൽ എന്നെ തട്ടിക്കൊണ്ടുപോയി. മെയിന്റനൻസ് ഓഫ് ഇന്റേണൽ സെക്യൂരിറ്റി ആക്ട് (മിസ) പ്രകാരം ഞാൻ ജയിലിലായി.
ഇനി അഞ്ച് പതിറ്റാണ്ട് മുന്നോട്ടുവരാം: നരേന്ദ്ര മോദി നയിക്കുന്ന ബി.ജെ.പി സർക്കാറാണ് 2014 മുതൽ ഇവിടെ ഭരണത്തിൽ. നമുക്കറിയാവുന്ന, നമ്മൾ നമ്മുടെ വീടായി കരുതുന്ന ഇന്ത്യ ഓരോ ദിവസം പിന്നിടുംതോറും പലപല വിധത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്.
2021 ഫെബ്രുവരി ഒമ്പത്: ഞാൻ പ്രാതലിനുശേഷം അന്നത്തെ പത്രങ്ങൾ വായിച്ചുകൊണ്ടിരിക്കെ, വീട്ടിലെ കാളിങ്ബെൽ മുഴങ്ങി. നോക്കുമ്പോൾ ഒരുസംഘം ആളുകളുണ്ട്, ഒരാളുടെ കൈയിൽ ഔദ്യോഗിക രേഖ എന്ന് തോന്നിക്കുന്ന ഒരു കടലാസും. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൽ നിന്നാണെന്ന് അദ്ദേഹം അറിയിച്ചു. റെയ്ഡ് നടത്താൻ വന്നതാണ്. 2009ൽ ഞാൻ തുടക്കമിട്ട ഡിജിറ്റൽ വെബ് പ്ലാറ്റ്ഫോമായ ന്യൂസ് ക്ലിക്കായിരുന്നു അവരുടെ ലക്ഷ്യം. ആ റെയ്ഡ് 113 മണിക്കൂർ നീണ്ടു, ഒരു സ്വകാര്യ വസതിയിൽ നടന്ന ഏറ്റവും ദൈർഘ്യമേറിയ റെയ്ഡായിരുന്നു അത്.
ഇതിനു മുമ്പുള്ള‘അടിയന്തരാവസ്ഥ ഏറ്റുമുട്ടൽ’ ജെ.എൻ.യുവിലെ വിദ്യാർഥി ചെറുത്തുനിൽപിന്റെ പശ്ചാത്തലത്തിലായിരുന്നു. ഡി.പി ത്രിപാഠി, അശോക് ലത, സീതാറാം യെച്ചൂരി തുടങ്ങിയവരായിരുന്നു ആ ചെറുത്തുനിൽപിലെ മുൻനിരക്കാർ. നിലവിലെ ‘അടിയന്തരാവസ്ഥ’യുടെ പശ്ചാത്തലം തികച്ചും വ്യത്യസ്തമാണ്. താരതമ്യേന ഒരു ചെറിയ പ്രസ്ഥാനമായ ന്യൂസ് ക്ലിക് 'പ്രശ്നക്കാരാ’ണെന്ന് എങ്ങനെയോ മനസ്സിലാക്കപ്പെട്ടു. അത് കൈകാര്യം ചെയ്തിരുന്ന മുന്നേറ്റങ്ങളുടെ ശ്രേണിയെക്കാൾ വലിയ പ്രശ്നകാരിയൊന്നുമായിരുന്നില്ല. ഭരണകൂടത്തിന്റെ കണ്ണിലുടക്കുന്നതിന് തൊട്ടുമുമ്പ്, ന്യൂസ് ക്ലിക് കർഷക മുന്നേറ്റത്തെ സമഗ്രമായി രേഖപ്പെടുത്തിയിരുന്നു, ആ കവറേജ് ഇന്ത്യക്കകത്തും പുറത്തും കാര്യമായി ശ്രദ്ധിക്കപ്പെട്ടു. പക്ഷേ, അത് ന്യൂസ് ക്ലിക് മാത്രമായിരുന്നില്ല. മറ്റനവധി ഡിജിറ്റൽ മാധ്യമങ്ങളും ചില മുഖ്യധാരാ മാധ്യമങ്ങൾപോലും ജനങ്ങൾക്കെതിരായ അക്രമങ്ങൾ, ജീവൽ പ്രശ്നം, ഇവക്കെതിരായ ജനകീയ പ്രതിഷേധങ്ങൾ എന്നിവയെല്ലാം നന്നായി കവർ ചെയ്തിരുന്നു, ഞങ്ങളെപ്പോലെ തന്നെ അവരും ഭരണകൂടത്തിന്റെ കർശന നോട്ടത്തിനു കീഴിലായിരിക്കും. ഞാനും ന്യൂസ് ക്ലിക്കും നേരിടുന്ന കേസുകളും ഒരു കൂട്ടം മാധ്യമങ്ങളെ ഉപയോഗിച്ച് ഞങ്ങൾക്കെതിരെ അഴിച്ചുവിട്ട പ്രചാരണങ്ങളും സംബന്ധിച്ച് ഇവിടെ വിശദീകരിക്കുന്നില്ല. കേസുകളെ കോടതിയിൽ നിയമവഴിയിൽ നേരിടും. ന്യൂസ് ക്ലിക് ആരംഭിച്ചതെന്തിനാണോ, അന്ന് മുതൽ ചെയ്യുന്നത് എന്താണോ, അത് ഞങ്ങൾ തുടരും. ജനകീയ മുന്നേറ്റങ്ങളെ രേഖപ്പെടുത്തുകയും സാധാരണ ഗതിയിൽ പലപ്പോഴും കേൾക്കപ്പെടാതെ പോകുന്ന ജനങ്ങളുടെ ശബ്ദം ഉറക്കെ കേൾപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും ഞങ്ങൾ.
അന്നത്തേതും ഇപ്പോഴുള്ളതും തമ്മിലെ പ്രധാന വ്യത്യാസം പ്രത്യയശാസ്ത്ര തലത്തിലാണ്. കോൺഗ്രസ് പ്രത്യയശാസ്ത്രം ജനങ്ങളിലെ ചില വിഭാഗങ്ങളെ പുറത്തുനിന്നുള്ളവരായി കാണുകയോ രണ്ടാംകിട പൗരരായി പരിഗണിക്കുകയോ ചിലരുടെ പൗരാവകാശങ്ങൾ മാത്രം ഒഴിവാക്കുകയോ ചെയ്തിരുന്നില്ല. ന്യൂനപക്ഷങ്ങൾക്ക് രാജ്യത്ത് തുടരാം, പക്ഷേ, രണ്ടാംതരം പൗരന്മാരായി മാത്രം എന്ന ഔപചാരികമായും അനൗപചാരികമായും ഇന്ന് അവതരിപ്പിക്കുന്ന സവർക്കർ തീസിസ് അല്ല പ്രത്യയശാസ്ത്രപരമായി കോൺഗ്രസ് പിന്തുടരുന്നത്
2014 മുതൽ, വിദ്വേഷ കുറ്റകൃത്യങ്ങൾ എന്ന് മാത്രം വിളിക്കാവുന്ന തരം അതിക്രമങ്ങളിൽ നാടകീയമായ വർധനയുണ്ടായിട്ടുണ്ട്. ഈ കുറ്റകൃത്യങ്ങൾ ഗണ്യമായ രീതിയിൽ ഉന്നമിടുന്നത് മുസ്ലിംകളെയാണ്; ദലിതരും ആദിവാസികളും സ്ത്രീകളും മതനിരപേക്ഷ സാമൂഹിക പ്രവർത്തകരും ഈ ഉന്നപട്ടികയുടെ ഭാഗമാണ്.
ഇതായിരുന്നോ അടിയന്തരാവസ്ഥക്കാലത്തെ അവസ്ഥ? അന്നും അടിച്ചമർത്തലുകളാണ് നടന്നത്, പക്ഷേ, അത് മതത്തിലൂന്നിയല്ലായിരുന്നു. അന്നുണ്ടായ തുർക്ക് മാൻ ഗേറ്റ് സംഭവത്തിൽ മുസ്ലിംകൾ (പിന്നെ അവിടത്തെ മറ്റു പ്രദേശവാസികളും) ആക്രമിക്കപ്പെട്ടിരുന്നു.
വന്ധ്യംകരണത്തിന്റെ രൂപത്തിൽ കുടുംബാസൂത്രണവും നഗര സൗന്ദര്യവത്കരണമെന്ന പേരിൽ പാവങ്ങൾ പാർക്കുന്ന പ്രദേശങ്ങൾ ഇടിച്ചുനിരത്തുകയും ചെയ്ത ഈ സംഭവം അടിയന്തരാവസ്ഥ അജണ്ടയുടെ ഒരു വിഷക്കൂട്ടിനെ വരച്ചുകാട്ടുന്നു ( ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിലെ ജനപ്പെരുപ്പം ഭൂഗോളത്തിലെ വിഭവങ്ങളുടെ മേലുള്ള അവരുടെ നിയന്ത്രണത്തിന് ഭീഷണിയായി പടിഞ്ഞാറൻ രാജ്യങ്ങൾ കാണുന്നതുപോലെ ദരിദ്രർ അമിതമായി പെറ്റുകൂട്ടുന്നെന്ന മധ്യവർഗങ്ങളുടെ അന്യായഭയമാണ് കുടുംബാസൂത്രണത്തിലൂടെ പ്രകടിതമായത്. പക്ഷേ, മൊത്തത്തിൽ അന്നത്തെ അടിയന്തരാവസ്ഥ സർക്കാർ ന്യൂനപക്ഷങ്ങളെ പുറംതള്ളാൻ ശ്രമിച്ചിരുന്നില്ല.
അടിയന്തരാവസ്ഥ ‘അച്ചടക്ക’ത്തിന്റെ അനിവാര്യമായ ഒരു ഇടക്കാലമായിരുന്നെന്ന് അല്ലെങ്കിൽ വിനോബ ഭാവെ പറഞ്ഞതുപോലെ, ‘അച്ചടക്കത്തിന്റെ ഉത്സവം’ ആയിരുന്നെന്ന് കോൺഗ്രസ് പറഞ്ഞു. അടിയന്തരാവസ്ഥയെ ഹ്രസ്വകാല പരിഹാരമായി വിശേഷിപ്പിക്കുകയല്ലാതെ ഭരണകൂടത്തിനകത്തെ ഒരു ഘടനയായി അത് വിവർത്തനം ചെയ്യപ്പെട്ടില്ല.
വ്യത്യസ്തമായ ഒരു കാഴ്ചയാണ് നാം ഇന്ന് കാണുന്നത്. ഭരണഘടന പ്രത്യക്ഷത്തിൽ ഒന്നുതന്നെ; പക്ഷേ, അത് പൊള്ളയായിരിക്കുന്നു. ഭരണകൂട അധികാരത്തിന് പൂരകമായി ഉയർന്നുവന്ന ഒരു സംഘടിതശക്തിയുണ്ട്. ഈ സംഘടിതശക്തി ജനങ്ങളിൽ നിന്നുയരുന്ന ഏത് ചെറുത്തുനിൽപിനെയും എതിരിടുന്നു. ഭരണകൂടവും ഇത്തരത്തിലുള്ള ഭീഷണിപ്പെടുത്തൽ രാഷ്ട്രീയവും തമ്മിൽ ഉടമ്പടിയുമുണ്ട്. അവർ രാജ്യത്തെ ഒരു പ്രധാന രാഷ്ട്രീയ ശക്തിയാണ്, അവർ 'മുഖ്യധാര'യാണ്. ഒരുതരം വിനാശകരവും വിഭാഗീയവുമായ രാഷ്ട്രീയം കെട്ടിപ്പടുക്കാൻ അവ സഹായിക്കുന്നു.
ചില ഇന്ത്യക്കാരുടെ പൗരത്വ അവകാശങ്ങൾ ഇല്ലാതാക്കുന്ന തരത്തിൽ, സമുദായത്തിന്റെ അടിസ്ഥാനത്തിൽ ആളുകളെ പുറന്തള്ളുക എന്നതാണ് ലക്ഷ്യം. കോൺഗ്രസിന്റെ ജനിതകഘടനയിൽ ഈ പുറംതള്ളൽ രാഷ്ട്രീയം ഉണ്ടായിരുന്നില്ല; ആർ.എസ്.എസിന്റെ ജീനുകളിൽ അതുണ്ട്. ഇതു തന്നെയാണ് നിർണായകമായ വ്യത്യാസം.
അന്നും ഇന്നും തമ്മിലെ മറ്റൊരു വ്യത്യാസം, നമ്മുടെ മതേതര ധാർമികത, സംസ്കാരം, വിദ്യാഭ്യാസം, ശാസ്ത്രം, യുക്തി എന്നിവക്കുമേലുള്ള നിരന്തരവും ബഹുമുഖവുമായ ആക്രമണങ്ങളാണ്. തീർച്ചയായും, നമ്മുടെ അസംഖ്യം സ്വാതന്ത്ര്യസമര സേനാനികൾ വിഭാവനം ചെയ്ത ശാസ്ത്രീയ വീക്ഷണത്തോടെ, ഏവരെയും ഉൾക്കൊള്ളുന്ന, മതേതര രാഷ്ട്രവുമായി ഒരു ബന്ധവുമില്ലാത്ത ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കുക എന്ന പ്രത്യയശാസ്ത്ര പ്രേരക പദ്ധതിയുടെ ഭാഗമാണിത്.
ഹിന്ദുത്വ ബ്രിഗേഡ് ദേശീയ പ്രസ്ഥാനത്തെ പരാജയപ്പെടുത്തി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയിട്ടില്ലാത്ത അവർക്ക് ഇന്ത്യയെ 1947ലേതിൽ നിന്ന് വ്യത്യസ്തമായ ഒരു പാതയിലേക്ക് കൊണ്ടുപോകുകയാണ് വേണ്ടത്. അവരുടെ യുദ്ധം അന്നും ഇന്നും മുസ്ലിംകൾക്കെതിരെയായിരുന്നു. കൂടുതൽ കൃത്യമായി പറഞ്ഞാൽ അന്നും ഇന്നും അത് ഹിന്ദു മേൽക്കോയ്മക്കുവേണ്ടിയാണ്. തെരുവുകളുടെയും നഗരങ്ങളുടെയും പേരുകൾ മാറ്റിയും, സ്മാരകങ്ങൾ പൊളിച്ചും, അല്ലെങ്കിൽ എല്ലായിടത്തും ക്ഷേത്രങ്ങൾ കണ്ടെത്തിയും എന്നിങ്ങനെ പല തരത്തിൽ, ഹിന്ദു മേൽക്കോയ്മവാദികൾ ഇപ്പോഴും തങ്ങളുടെ യുദ്ധം ചെയ്യുന്നു. അവർ ഏർപ്പെട്ടിരിക്കുന്ന യുദ്ധം പിന്നിലേക്കാണ് നോക്കുന്നത്; നാളെക്കായി നൽകാൻ അവരുടെ പക്കൽ ഒന്നുമില്ല.
നരേന്ദ്ര മോദിയും ഇന്ദിര ഗാന്ധിയും
കൂടുതൽ ശക്തമായ പേരില്ലാത്ത ഈ പുതിയ അടിയന്തരാവസ്ഥയെ നാം എങ്ങനെ പ്രതിരോധിക്കും? ജനങ്ങളുടെ ഒത്തുചേരൽ ഇതിനാവശ്യമാണെന്ന് ഞാൻ കരുതുന്നു. അതുകൊണ്ടാണ് കർഷക പ്രസ്ഥാനത്തിന് ഇത്രയേറെ പ്രാധാന്യം കിട്ടിയത്. ഉദാഹരണത്തിന്, പശ്ചിമ ഉത്തർപ്രദേശിൽ, മുസ്ലിം, ജാട്ട് കർഷകർ പ്രസ്ഥാനത്തിലൂടെ ഒന്നിച്ചു. അതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ 2013 സെപ്റ്റംബറിൽ മുസഫർനഗർ ജില്ലയിൽ മുസ്ലിംകൾക്കും ജാട്ടുകൾക്കുമിടയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത് നാം ഓർക്കണം. കലാപം ഇരുസമുദായങ്ങൾക്കുമിടയിലുണ്ടാക്കിയ വിള്ളൽ ഒരു പരിധിവരെ കർഷക പ്രസ്ഥാനം സുഖപ്പെടുത്തി. മുന്നേറ്റങ്ങൾ ഇത്തരത്തിലെ ഐക്യവും രൂപപ്പെടുത്തും.
ജാതി, സാമുദായിക വിഭജനം അസാധ്യമാകുന്നതുകൊണ്ടാണ് വർഗ പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രസ്ഥാനങ്ങളെ വലതുപക്ഷക്കാർ അപകടകരമെന്ന് കരുതുന്നത്: കർഷക പ്രസ്ഥാനങ്ങളും തൊഴിലാളി പ്രസ്ഥാനങ്ങളും ജാതിവിരുദ്ധ പ്രസ്ഥാനങ്ങളും വിദ്യാർഥി പ്രസ്ഥാനങ്ങളും വരെയുള്ള മുന്നേറ്റങ്ങൾ ആർ.എസ്.എസിനും ബി.ജെ.പിക്കും പ്രത്യയശാസ്ത്ര ഭീഷണിയായി മാറുന്നതിൽ അത്ഭുതമുണ്ടോ?
കോൺഗ്രസ് അടിയന്തരാവസ്ഥക്കാലത്ത്, ജയിലിൽ സൂക്ഷിച്ചിരിക്കുന്ന ചിലരെങ്കിലും എന്നെങ്കിലും ഭരണാധികാരികളായേക്കുമെന്ന് ജയിലർമാർ നന്നായി മനസ്സിലാക്കിയിരുന്നു. ഈ തടവുകാരോട് വേറിട്ട രീതിയിൽ പെരുമാറാനുള്ള പ്രചോദനമായിരുന്നു അവർക്കത്. ഈ തടവുകാർ തകർക്കാൻ പറ്റുന്ന ‘സാധാരണ’ക്കാരല്ലെന്ന വസ്തുത ശ്രീമതി ഗാന്ധിയുടെ സർക്കാറും അംഗീകരിച്ചു. മാധ്യമങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കലും എതിരാളികളെ ഒതുക്കലുമായിരുന്നു അവരുടെ പ്രവർത്തന പദ്ധതി.
ആളുകളെ നിശബ്ദരാക്കാനുള്ള പദ്ധതികളും രീതികളും ഇന്ന് തികച്ചും വ്യത്യസ്തമായി. എതിരായി നിൽക്കുന്ന ആളുകളെ എങ്ങനെ തകർക്കണമെന്നതാണ് നോട്ടം. എതിർ ശബ്ദങ്ങളില്ലാതെ ഭരണകൂടത്തെ പുനർനിർമിക്കലാണ് അവരുടെ ലക്ഷ്യം. സർക്കാറിനോ വലതുപക്ഷ ശക്തികളുടെ വിവിധ അവതാരങ്ങൾക്കെതിരെ നിലകൊള്ളാൻ ഒരാളുമുണ്ടാകില്ലെന്ന് ഉറപ്പുവരുത്താനാണിത്. നിലവിലെ ഭരണകൂടം രാഷ്ട്രീയ തടവുകാരെ കൈകാര്യം ചെയ്യുന്ന ഭയാനക രീതികൾ ഇത് വ്യക്തമാക്കിത്തരും. ആദിവാസികൾക്കിടയിൽ പ്രവർത്തിച്ചിരുന്ന സ്റ്റാൻ സ്വാമി എന്ന 83കാരനെ ഭീമാ കൊറേഗാവ് കേസിൽ പങ്കുണ്ടെന്നാരോപിച്ച് ജയിലിലടച്ചത് ഇതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണ്. പാർക്കിൻസൺസ് രോഗമുൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന അദ്ദേഹം വെള്ളം കുടിക്കാൻ ഒരു പാത്രവും സ്ട്രോയും അനുവദിച്ചുകിട്ടാനായി അപേക്ഷ നൽകിയിരുന്നു. അപേക്ഷ പരിഗണിക്കാൻ എൻ.ഐ.എ ‘സമയം തേടി’; പ്രത്യേക കോടതിയാകട്ടെ, ഈ ആവശ്യം നിരസിക്കുകയും ചെയ്തു. ഞങ്ങൾക്ക് നിങ്ങൾക്കെതിരായി എന്തും ചെയ്യാം, ആർക്കും ഞങ്ങളെ തടയാനാകില്ല എന്ന സന്ദേശമാണ് ഇത്തരം നിന്ദ്യമായ ക്രൂരതകളും മനുഷ്യത്വരാഹിത്വവും വഴി അവർ കൈമാറുന്നത്. കോടതികൾ രാഷ്ട്രീയ തടവുകാർക്ക് ആവശ്യമായ സംരക്ഷണം നൽകാത്തിടത്തോളം കാലം ഈ സന്ദേശം യാഥാർഥ്യമായി തുടർന്നേക്കും. കോടതികൾ കൂടുതലായി ഇത്തരം കേസുകൾ കൂടുതൽ ഏറ്റെടുക്കുന്നു എന്നതാണ് ശുഭകരമായ കാര്യം. നഗ്നമായ അവകാശ ലംഘനങ്ങൾ കൂടുതൽ ദൃശ്യമാകുമ്പോൾ, കൂടുതൽ കൂടുതൽ ചോദ്യങ്ങളും ഉയർന്നുകേൾക്കുമെന്ന് നാം പ്രതീക്ഷിക്കുക.
(ലെഫ്റ്റ് വേഡ് ബുക്സ് പ്രസിദ്ധീകരിച്ച Keeping Up the Good Fight എന്ന പുസ്തകത്തിൽ നിന്ന്)
●മൊഴിമാറ്റം: സവാദ് റഹ്മാൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.