ആ ജീവിതങ്ങൾ ഇല്ലാതാക്കിയത് നമ്മളാണ്...
text_fieldsഎൻഡോസൾഫാൻ ഇരകൾക്ക് മരണമോ മരുന്ന്? (പരമ്പര ആരംഭിക്കുന്നു...)
ലാഭക്കൊതി മൂത്ത്, മനുഷ്യജീവന് വിലകൽപിക്കാതെ കാസർകോട് ജില്ലയുടെ അതിർത്തി- മലയോര ഗ്രാമങ്ങളിലെ കശുമാവിൻ തോട്ടങ്ങളിൽ നടത്തിയ എൻഡോസൾഫാൻ പ്രയോഗത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളായ നിരവധി കുഞ്ഞുമുഖങ്ങൾ നമ്മുടെ നെഞ്ചിൽ നോവ് പടർത്തിയിരുന്നു.
മരണത്തിന്റെ വ്യാപാരികളായ കീടനാശിനി കമ്പനികളെ രക്ഷിച്ചെടുക്കാൻ വിഷയ വിദഗ്ധരും നിയമതന്ത്രജ്ഞരുമെല്ലാം ആഞ്ഞ് ശ്രമിക്കുന്നതിനിടെ നിരവധി കുഞ്ഞുങ്ങൾ ജീവിതം വിട്ടുപോയി. ആ കുഞ്ഞുങ്ങളെയോർത്തും നമ്മളൊരുപാട് വിലപിച്ചിരുന്നു. വട്ടംചുറ്റി നടന്ന മരണത്തിന് പിടികൊടുക്കാതെ മാതാപിതാക്കൾ ചിറകിനടിയിൽ സൂക്ഷിച്ചു വളർത്തിയ ആ മക്കളിൽ പലരുമിന്ന് മുതിർന്ന പൗരരായിരിക്കുന്നു.
അവരുടെ പുനരധിവാസത്തിനോ ചികിത്സക്കോ അധികൃതർ ഒരു നടപടിയും സ്വീകരിക്കാത്തതിനാൽ പ്രത്യേക പരിചരണം വേണ്ട ആ മനുഷ്യരുടെ പരിചരണം മാതാപിതാക്കളുടെ മാത്രം ബാധ്യതയായിരിക്കുന്നു, അവരുടെ മാത്രം വേദനയായിരിക്കുന്നു. ഈ വേദനകളിൽ നിന്ന് ശമനം തേടി അവർ ചെയ്യുന്നതെന്തെന്ന് ആരെങ്കിലും അറിയുന്നുണ്ടോ?
കരിവേടകം സ്വദേശി രാധ എൻഡോസൾഫാൻ ഇരയുടെ അമ്മയാണ്. കടുത്ത രോഗിയുമാണ്. കാസർകോട് ജില്ലയുടെ അതിർത്തി ഗ്രാമമായ കരിവേടകത്ത് നല്ലൊരു ആശുപത്രിപോലുമില്ല കാണിക്കാൻ. ഇരുകാലുകളും തളർന്ന് ഇഴഞ്ഞു നടക്കുന്ന കുഞ്ഞിനെ ഒരു നേരം പോലും മാറ്റി നിർത്തി എവിടെയും പോകാനും കഴിയില്ല.
മകളുടെ ജനനത്തോടെ അച്ഛൻ എന്നയാൾ കുടുംബത്തെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതാണ്. രണ്ടുമക്കളെ വിവാഹം കഴിച്ചയച്ച രാധ രോഗിയായ മകൾക്കും ഭാവിയുണ്ടെന്ന് സ്വപന്ം കണ്ടു. 20 പവൻ സ്വർണം സ്വരുക്കൂട്ടിവെച്ചു. താൻ ജീവിച്ചിരിക്കേണ്ടത് മകളുടെ ആവശ്യമായതുകൊണ്ട് ബന്ധുവിന്റെ അടുത്തു പോയി അപേക്ഷിച്ചപ്പോൾ ഒരു ദിവസം അവിടെ നിർത്താൻ സമ്മതം ലഭിച്ചു.
ആ ധൈര്യത്തിൽ സുള്ള്യയിലെ ആശുപത്രിയിൽ ചികിത്സ തേടിപ്പോയി. രാധയെ അസുഖത്തിന്റെ ഗൗരവം മനസ്സിലാക്കി കൊടുത്ത് ഡോക്ടർ കിടത്തിച്ചികിത്സ വേണമെന്ന് നിർദേശിച്ചു. നേരം ഇരുട്ടി വെളുത്തപ്പോൾ ബന്ധുക്കളുടെ വിളിവന്നു. കുട്ടിയെ കൂട്ടിക്കൊണ്ടുപോകണമെന്ന് പറഞ്ഞ്. ആ അമ്മ ആശുപത്രിയിൽ നിന്ന് വിടുതൽ വാങ്ങി ഇറങ്ങി.
പോരും വഴി ഒരു കുപ്പികോളയും കുറച്ചു ഫ്യൂറഡാനും വാങ്ങി. ബന്ധുവീട്ടിൽ പോയി കുഞ്ഞിനെയും കൂട്ടി. പിന്നീട് ആ അമ്മയും മകളും ആർക്കും 'ബുദ്ധിമുട്ടായിട്ടില്ല'. 2022 മേയ് 30നാണ് പനത്തടി ചാമുണ്ഡിക്കുന്നിലെ വിമലകുമാരി 28കാരിയായ എൻഡോസൾഫാൻ ഇരയായ മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. കിണറ്റിൽ വീണ് പരിക്കേറ്റ് പത്തുവർഷം ഭർത്താവിനെ കൂടി പരിചരിച്ച വിമലക്ക് പിന്നീട് പ്രായപൂർത്തിയായ, രോഗിയായ മകളായിരുന്നു മുന്നിൽ.
സ്കൂളിൽ പാചകക്കാരിയാണ് വിമല. കോവിഡിനു മുമ്പ്, ജോലിക്കുപോകുമ്പോൾ മകളെ സാമൂഹ്യനീതി വകുപ്പിന് കീഴിലെ കെയർഹോമിലും ബന്ധുവീട്ടിലും നിർത്തുകയായിരുന്നു പതിവ്. കോവിഡുകാലം വന്നപ്പോൾ മകളെ വീട്ടിലേക്കു കൊണ്ടുവന്നു. സ്കൂൾ കാലമായതോടെ വീണ്ടും പ്രശ്നമായി.
മകളെ വീട്ടിലാക്കി പോയാൽ അയൽ വീട്ടുകാർക്ക് 'ശല്യം' സ്കൂളിലേക്ക് കൊണ്ടുപോയാൽ അവിടെ അധ്യാപകർക്കും മറ്റുകുട്ടികൾക്കും 'ശല്യം'. അതിനിടെ സ്വന്തം അസുഖത്തിനായി ആയുർവേദചികിത്സ നടത്തുകയും വേണം. രാധയുടെ സമാന സ്ഥിതിയാണ് വിമലക്കുമുണ്ടായത്.
മകളെ ബന്ധുവീട്ടിലാക്കി ആശുപത്രിയിലേക്ക് പോയി. പിന്നാലെ ബന്ധുക്കളുടെ വിളിവന്നു. 'കൂട്ടിക്കൊണ്ടുപോകണം'. ആ വീട്ടിൽനിന്ന് മകളെ ഇറക്കിവിടുമെന്നായപ്പോൾ ആശുപത്രിയിൽ നിന്നും നിർബന്ധിത വിടുതൽ വാങ്ങി വീട്ടിലെത്തി മകളെ കഴുത്ത് ഞെരിച്ചുകൊന്നു. പിന്നാലെ വീട്ടിനകത്തെ ഫാനിൽ ജീവനൊടുക്കി.
ഈ വിഷയത്തിൽ ആദ്യത്തെ ജീവഹത്യ ചെറുവത്തൂരിലായിരുന്നു. തമ്പാൻ എന്ന ദരിദ്ര യുവാവിന്റെ ഏക മകന്റെ രോഗവുമായി ബന്ധപ്പെട്ടാണത്. അഞ്ചുവർഷം മുമ്പ്. അന്ന് ഇരകളുടെ പട്ടികയിൽ ധാരാളം പേരെ ചേർക്കുന്നുണ്ടായിരുന്നു. മകന്റെ അസുഖത്തിന് സർക്കാർ ആശുപത്രിയിൽ ചികിത്സയില്ലാതായപ്പോൾ തമ്പാൻ മകനുവേണ്ടി കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ചികിത്സക്ക് പണമില്ലാത്ത സ്ഥിതി വന്നു. സഹായിക്കാൻ എൻഡോസൾഫാൻ സെല്ലും ഉണ്ടായില്ല. മകനെ ആശുപത്രിയിൽ കൊലപ്പെടുത്തി ജനലഴിയിൽ കെട്ടിത്തൂക്കി മാതാപിതാക്കൾ ജീവനൊടുക്കുകയായിരുന്നു. അന്ന് ചികിത്സക്ക് മാർഗമൊരുക്കാൻ അധികൃതർ സന്നദ്ധമായിരുന്നുവെങ്കിൽ ആ കുടുംബം ഇന്നുണ്ടാകുമായിരുന്നു,
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.