Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഇനി ലതേച്ചിയില്ലാത്ത...

ഇനി ലതേച്ചിയില്ലാത്ത അതിരപ്പിള്ളി

text_fields
bookmark_border
Dr. latha
cancel
camera_alt??. ??

ലതേച്ചി ഞങ്ങളെ വിട്ടുപോയ ദിവസം രാത്രിയിലാണ് ‘അതിരപ്പിള്ളി പദ്ധതി അഭിപ്രായ സമന്വയത്തിലൂടെ നടപ്പാക്കുക’  എന്ന തലക്കെട്ടോടു കൂടിയ കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍റെ ‘വൈദ്യുതി-വികസന’ സെമിനാർ അറിയിപ്പ് വാട്ട്‌സാപ്പിലൂടെ എനിക്ക് ലഭിക്കുന്നത്. ലതേച്ചിയെ അനുസ്മരിക്കുന്നതിനായി അടുത്തദിവസം തൃശൂരില്‍ സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്ന വേദിയില്‍ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. ടി.വി. സജീവ് പറഞ്ഞു, ‘പുഴ ഒഴുകണം എന്ന വളരെ ലളിതമായ, അടിസ്ഥാനകാര്യം മാത്രമാണ് ഡോ. ലത പറഞ്ഞത്. പക്ഷേ, ആ ലളിതമായ കാര്യം മനസ്സിലാക്കാന്‍ ഒരിക്കലും സന്നദ്ധമല്ലാത്ത ഭരണസംവിധാനങ്ങളെ അത് ബോധ്യപ്പെടുത്തുന്നതിനായി ഒരു ജീവിതം തന്നെ ലതയ്ക്ക് സമര്‍പ്പിക്കേണ്ടി വന്നു’. പബ്ലിക് ലൈബ്രറിയിലെ അനുസ്മരണ വേദിയില്‍ ഇടറിയ ശബ്​ദത്തോടെ അദ്ദേഹം ഇത് പറയുമ്പോള്‍ പുറത്ത് മേല്‍പ്പറഞ്ഞ കെ.എസ്.ഇ.ബി പരിപാടിയുടെ വലിയ ഫ്ലക്‌സ് ബോര്‍ഡ് ഞങ്ങളെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. അതേ, ലതേച്ചിയെപ്പോലുള്ളവര്‍ പറയുന്ന വളരെ ലളിതമായ ചില സത്യങ്ങള്‍ മനസ്സിലാക്കാന്‍ നമ്മുടെ ഭരണസംവിധാനങ്ങള്‍ തയ്യാറല്ല എന്നതുകൊണ്ടാണ് അതിരപ്പിള്ളി പദ്ധതിക്കായി അവര്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

Dr. latha

1990-കളുടെ മധ്യത്തിലാണ് ലതേച്ചി അതിരപ്പിള്ളി സമരവുമായി സജീവമായി ബന്ധപ്പെട്ടു തുടങ്ങിയത്. വാഴച്ചാലിലെ ആദിവാസി കോളനികളില്‍ സന്ദര്‍ശിച്ച് ലതേച്ചി പദ്ധതിയുടെ പാരിസ്ഥിതികാഘാതങ്ങളും സാമൂഹികവും സാമ്പത്തികവുമായ പ്രശ്‌നങ്ങളും അവരോട് പങ്കുവെച്ചു. അണക്കെട്ടിനെതിരെയുള്ള സമരം പുഴയുടെ മേല്‍ത്തടത്തില്‍ മാത്രമല്ല, കീഴ്ത്തടത്തില്‍ ജീവിക്കുന്ന ജനങ്ങളെക്കൂടി ബാധിക്കുന്ന ഒന്നാണെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചത് പുഴ ഒഴുകേണ്ടതാണെന്ന ലതേച്ചിയുടെ ഉറച്ച ബോധ്യത്തില്‍ നിന്നായിരുന്നു. അതിരപ്പിള്ളി സമരത്തില്‍ ചാലക്കുടിപ്പുഴയുടെ മേല്‍ത്തടത്തില്‍ നിന്നുള്ള വാഴച്ചാലിലെ ഉൗരുമൂപ്പത്തി ഗീതേച്ചിയും കീഴ്ത്തടത്തില്‍ പുത്തന്‍വേലിക്കരയില്‍ നിന്നുള്ള ഷാജന്‍ചേട്ടനും ഒന്നിച്ചണിനിരക്കുന്നത് ലതേച്ചി പകര്‍ന്ന ഈ ബോധ്യത്തില്‍ നിന്നാണ്. പുഴയുടെ ഉത്ഭവസ്ഥാനങ്ങളില്‍ ജീവിക്കുന്ന ആദിവാസി സമൂഹങ്ങളെയും പുഴ കടലില്‍ ചേരുന്നതുവരെയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്ന കര്‍ഷകരെയും മത്സ്യത്തൊഴിലാളികളെയുമെല്ലാം അണക്കെട്ടുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഒരുപോലെ  ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞു. സമരം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത് ശാസ്ത്രീയ പഠനങ്ങള്‍ മാത്രമല്ല, വരയും സംഗീതവും കലയുമെല്ലാം പുഴയുടെ ഒഴുകാനായുള്ള അവകാശസമരത്തിനു വേണ്ടി സ്വാംശീകരിക്കാനുള്ള അപൂർവശേഷി ലതേച്ചിക്കുണ്ടായിരുന്നു. 2016-ല്‍ അതിരപ്പിള്ളിയില്‍ നടന്ന പീപ്പിള്‍ ക്ലൈമറ്റ് മാര്‍ച്ചില്‍ കലയിലൂടെ പുതുതലമുറയ്ക്ക് ആശയങ്ങള്‍ കൈമാറാൻ ലതേച്ചി കാണിച്ച അസാമാന്യ കഴിവ് ആരെയും ആശ്ചര്യപ്പെടുത്തിയിരുന്നു.

Athirappilly-Waterfalls

ശാസ്ത്രീയ ധാരണകളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് നമ്മള്‍ കരുതുന്ന പല സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പൊള്ളത്തരങ്ങള്‍ തുറന്നുകാണിക്കാന്‍ അതിരപ്പിള്ളി സമരത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ അവര്‍ക്ക് സാധിച്ചു. പദ്ധതി ഏതുവിധേനയും നടപ്പാക്കുന്നതിനായി മാറിമാറി വന്ന സര്‍ക്കാരുകള്‍ നടത്തിയ കുതന്ത്രങ്ങളെ തുറന്നുകാണിക്കാനും പരാജയപ്പെടുത്താന​ും അവര്‍ നിരന്തരം പരിശ്രമിച്ചു. പദ്ധതിപ്രദേശത്തെ ജൈവവൈവിധ്യം, ഗോത്രവിഭാഗങ്ങളുടെ സാംസ്‌കാരിക-സാമൂഹികാവസ്ഥ, പുഴയോരക്കാടുകളുടെ പ്രാധാന്യം, നിലയ്ക്കുന്ന ഒഴുക്ക്, വെള്ളച്ചാട്ടത്തിന്‍റെ സൗന്ദര്യം, കാടുകളുടെ നാശം, കീഴ്ത്തടത്തിലെ ജലദൗര്‍ലഭ്യം, ഓരുവെള്ളം കയറല്‍ തുടങ്ങി പുഴയെ ബാധിക്കുന്ന സമഗ്രമായ വിഷയങ്ങളില്‍ തനിക്ക് പരിചയമുള്ളവരും ഇല്ലാത്തവരുമായ ധാരാളം വിദഗ്ദ്ധരെക്കൊണ്ട് പഠനങ്ങള്‍ നടത്തിക്കുവാനുള്ള അക്കാദമിക് ശേഷി ലതേച്ചിക്കുണ്ടായിരുന്നു. കാലഘട്ടത്തിനനുസരിച്ച് ഈ പഠനങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ലതേച്ചി സദാ ജാഗരൂകയായിരുന്നു. ലതേച്ചിയുടെ മുന്‍കൈയില്‍ നടന്ന ഈ പഠന പ്രവര്‍ത്തനങ്ങള്‍ -അറിവ് എങ്ങനെ ആയുധമാക്കാം -എന്നതില്‍ കേരളത്തിലെമ്പാടുമുള്ള പരിസ്ഥിതി സമരങ്ങള്‍ക്ക് പ്രചോദനമായിട്ടുണ്ട്.

Dr. Latha

സമരത്തെത്തുടര്‍ന്ന് നടത്തിയ പഠനങ്ങളാണ് 2006-ല്‍ ‘റിവര്‍ റിസര്‍ച്ച് സ​െൻറർ’ എന്ന പഠനഗവേഷണസ്ഥാപനത്തിന്റെ രൂപീകരണത്തിന് കാരണമായിത്തീരുന്നത്. ‘പുഴ പുനരുജ്ജീവനം’ എന്ന മഹത്തായ ആശയത്തെ മുന്‍നിര്‍ത്തി ചാലക്കുടിപ്പുഴത്തടത്തില്‍ വിവിധ പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതും ഇങ്ങനെ തന്നെ. ‘ഫോറം ഫോര്‍ പോളിസി ഡയലോഗ് ഓണ്‍ വാട്ടര്‍ കോണ്‍ഫ്ലിക്റ്റ്‌സ്’ എന്ന ദേശീയകൂട്ടായ്മയുമായി ചേര്‍ന്ന് നടത്തുന്ന ജലസേചനവുമായി ബന്ധപ്പെട്ടുള്ള പഠനപ്രവര്‍ത്തനങ്ങളിലൂടെയാണ് കീഴ്ത്തടങ്ങളില്‍ പുഴയ്ക്ക് അവകാശപ്പെട്ട നീരൊഴുക്ക് തിരിച്ചുകൊണ്ടുവരാനായി ചാലക്കുടിപ്പുഴ സംരക്ഷണ സമിതിയും റിവര്‍ റിസര്‍ച്ച് സ​െൻററും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനായി ആദ്യഘട്ടങ്ങളില്‍ കര്‍ഷകരുമായും വിവിധ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും ലതേച്ചി നിരന്തരം ആശയവിനിമയം നടത്തി. ചാലക്കുടിപ്പുഴയെ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന എല്ലാ പഞ്ചായത്തുകളും കക്ഷിരാഷ്ട്രീയ ഭേദമന്യേ അതിരപ്പിള്ളി പദ്ധതിക്കെതിരായി ഒന്നിക്കുന്നതിന് കാരണമായിത്തീര്‍ന്നതും ലതേച്ചി പകര്‍ന്ന ഈ ബോധ്യമാണ്. കുട്ടികള്‍ക്കായി നടത്തുന്ന ‘സ്‌കൂള്‍സ് ഫോര്‍ റിവര്‍’ എന്ന പരിസ്ഥിതി വിദ്യാഭ്യാസപരിപാടിയും ലതേച്ചിയുടെയും സുഹൃത്തുക്കളുടെയും സൃഷ്ടി തന്നെ. ഓരോ അവധിക്കാല ക്യാമ്പിലും നേരിട്ടെത്തി കുട്ടികളോട് സംവദിക്കാന്‍ ലതേച്ചി എന്നും ഇഷ്ടപ്പെട്ടിരുന്നു.

peoples-climate-march

ദേശീയവും അന്തര്‍ദ്ദേശീയവുമായ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്ന അണക്കെട്ടുകള്‍ക്കെതിരായ  പരിപാടികളിലും ലതേച്ചി സജീവമായി പങ്കെടുത്തു. അങ്ങനെ ആസ്‌ട്രേലിയയിലെ മുറേ-ഡാര്‍ലിങ് നദീതടത്തില്‍ നടന്ന ഒരു പരിപാടിയിലാണ് ‘പാരിസ്ഥിതിക നീരൊഴുക്ക്’ (E-Flow) എന്ന ആശയത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് കൂടുതല്‍ അറിയുകയും അതേക്കുറിച്ച് കൂടുതല്‍ പഠിക്കുകയും ചെയ്തത്. ഈ വിഷയത്തില്‍ സുഹൃത്തുക്കളോട് ചേര്‍ന്ന് ആധികാരികമായ മൂന്ന് വിശദമായ പഠനങ്ങള്‍ ലതേച്ചി പുറത്തിറക്കുകയും ചെയ്തു. പുഴയുടെ ഒഴുക്കിന് പ്രതിബന്ധമാകുന്നതൊന്നും ലതേച്ചിക്ക് ഇഷ്ടമില്ലായിരുന്നു. അതേക്കുറിച്ചെല്ലാം പഠിക്കാനും പൊതുജന മധ്യത്തിലേക്കെത്തിക്കാനും എപ്പോഴും ശ്രദ്ധിച്ചു. നദീസംയോജനവുമായി ബന്ധപ്പെട്ട് ആദ്യമായി ദേശീയതലത്തില്‍ ഒരു വര്‍ക്ക്‌ഷോപ്പ് തൃശൂരിലെ കിലയില്‍  സംഘടിപ്പിക്കുവാനും ‘ട്രാജഡി ഓഫ് കോമണ്‍സ്-കേരളാ എക്‌സ്പീരിയന്‍സ് ഇന്‍ ഇൻറർങ്കിങ് റിവേഴ്‌സ്’ എന്ന പേരില്‍ പുസ്തകം പ്രസിദ്ധീകരിക്കുവാനുമെല്ലാം ലതേച്ചിക്ക് പ്രചോദനമായത് ഒഴുകുന്ന പുഴയോടുള്ള ആത്മാര്‍ത്ഥമായ ആ സ്‌നേഹമാണ്. പുഴകളോടുള്ള സ്‌നേഹം പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ദേശീയ കൂട്ടായ്മകളിലേക്കും ലതേച്ചിയെ എത്തിച്ചു. ആ കൂട്ടായ്മയുടെ നിരന്തര ശ്രമത്തിന്‍റെ ഫലമായാണ് അന്നത്തെ കേന്ദ്രപരിസ്ഥിതി മന്ത്രി ജയറാം രമേശ് പശ്ചിമഘട്ടത്തെക്കുറിച്ച്  പഠിക്കുന്നതിനായി പ്രൊഫ. മാധവ് ഗാഡ്ഗിലിനെ നിയമിക്കുന്നത് പോലും.

Dr. latha

2017 ആഗസ്റ്റ് 18ന് അതിരപ്പിള്ളി സമരം അവസാനിക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് നടന്ന പരിപാടിയുടെ സംഘാടനത്തിലും അസുഖം മറന്ന് ലതേച്ചി സജീവമായി ഇടപെട്ടു. ആളുകളെ വിളിക്കാനും മെറ്റീരിയല്‍ തയ്യാറാക്കാനും വേണ്ടി അവര്‍ വേദനകളെല്ലാം മറന്നു. എത്തിച്ചേരണമെന്ന് ഏറെ ആഗ്രഹിച്ച ആ പരിപാടിയില്‍ പങ്കെടുക്കാന്‍ ശാരീരികാവസ്ഥ സമ്മതിച്ചില്ലെങ്കിലും ആദരസൂചകമായി ഓഡിറ്റോറിയത്തിലെത്തിയവരെല്ലാം എഴുന്നേറ്റ് നിന്ന് ലതേച്ചിയെ അഭിനന്ദിച്ചത് അതിരപ്പിള്ളി സമരത്തിന്റെ വിജയത്തിനായി അവര്‍ നടത്തിയ പരിശ്രമങ്ങള്‍ക്കുള്ള സമാദരമായിരുന്നു. അതിരപ്പിള്ളി സമരം അവസാനിപ്പിക്കുന്നു എന്ന് അത്ര ആത്മവിശ്വാസത്തോടെ അന്ന് ഞങ്ങള്‍ക്ക് പറയാന്‍ കഴിഞ്ഞത് തീര്‍ച്ചയായും ലതേച്ചിയുടെ  വലിയ അധ്വാനത്തിന്‍റെ ഫലമായാണ്. കെ.എസ്.ഇ.ബി ഇനി എത്ര ശ്രമിച്ചാലും ഒരു സമവായമുണ്ടാക്കി അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ പോകുന്നില്ല എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയുന്ന ആത്മവിശ്വാസത്തിലേക്ക് ആ സമരത്തെ എത്തിക്കുന്നതില്‍ ലതേച്ചി വഹിച്ച പങ്ക് നിര്‍ണായകമായിരുന്നു.

Dr. latha

പുഴ വിവിധ ആവാസവ്യവസ്ഥകളെ, സംസ്‌കാരങ്ങളെ, മനുഷ്യരെ ഒക്കെ ബന്ധിപ്പിക്കുന്നതു പോലെ ലതേച്ചിയും പുഴയുടെ കീഴ്ത്തട-മേല്‍ത്തടങ്ങളെ, അവിടുത്തെ മനുഷ്യരെ, സമരങ്ങളെ, വിവിധ വിഷയങ്ങളെ, പ്രശ്‌നങ്ങളെ, ആശയങ്ങളെയൊക്കെ ബന്ധിപ്പിക്കാനാണ് ശ്രമിച്ചത്. മലകള്‍ക്ക് മരങ്ങളോടുള്ള, കാടിന് പുഴയോടുള്ള, പുഴയോരക്കാടിന് മീനിനോടുള്ള, കാടര്‍ക്ക് കാടിനോടുള്ള, പുഴയ്ക്ക് ഒഴുക്കിനോടുള്ള, നമുക്ക് കുടിവെള്ളത്തോടുള്ള, മലമട്ടിന് കടലിനോടുള്ള ആ ജൈവബന്ധത്തെക്കുറിച്ചാണ് ലതേച്ചി എപ്പോഴും പറഞ്ഞിരുന്നത്. അതേ, പുഴ ഒഴുകണം എന്ന അത്രയും ലളിതമായ കാര്യം മാത്രമാണ് ലതേച്ചി അവസാനം വരേക്കും പറഞ്ഞിരുന്നത്. പക്ഷേ, അത് കേള്‍ക്കാന്‍ തയ്യാറല്ലാത്ത ഭരണസംവിധാനങ്ങള്‍ അവരുടെ ശാഠ്യങ്ങളില്‍ തന്നെ തുടരുന്നു എന്നതാണ് ലതേച്ചിയെ ഓര്‍ക്കുമ്പോഴുള്ള വലിയ ദുഃഖം. 

Dr. latha

അതിരപ്പിള്ളിയുടെ കാവലാളായിരുന്നു ​ലതേച്ചി. ഇനി ലതേച്ചിയില്ലാത്ത അതിരപ്പിള്ളിയാണ്​. കാവൽക്കാരനില്ലാത്ത അതിരപ്പിള്ളയെ അനായാസം കീഴ്​പ്പെടുത്താമെന്ന്​ വ്യാമോഹിക്കുന്നവരുണ്ടാവാം. പക്ഷേ, കരുതിയിരിക്കുക. ലതേച്ചി കൊളുത്തിത്തന്ന അറിവും ആത്​മവിശ്വാസവുമായി അതിരപ്പള്ളിക്ക്​ കാവലിരിക്കുന്ന ഒരു സമൂഹത്തെ പിന്നിൽ ഉറപ്പിച്ചുനിർത്തിയാണ്​ ലതേച്ചി മറയുന്നത്​. ആ പേരാട്ടം ഒരിക്കലും വിഫലമല്ലെന്ന്​ തെളിയിക്കേണ്ട ബാധ്യത ഞങ്ങൾക്കുണ്ട്​...
(കഴിഞ്ഞ ദിവസം അന്തരിച്ച ഡോ. ലത​േയാടൊപ്പം സമരങ്ങളിലും അന്വേഷണങ്ങളിലും സന്തത സഹചാരിയായിരുന്നു ലേഖിക)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:environmentalistMalayalam ArticleDr. LathaAthirappilly Waterfalls
News Summary - Environmentalist Dr. Latha -Malayalam Article
Next Story