ആശങ്ക ഉയർത്തി വീണ്ടും പി.എഫ്. പെൻഷൻ കോടതിയിൽ
text_fieldsശമ്പളത്തിന് ആനുപാതികമായ പെൻഷൻ അർഹതയെകുറിച്ച് തൊഴിലാളികൾക്ക് അനുകൂലമായി വലിയ പ്രതീക്ഷ നൽകിയ കേരള ഹൈകോടതിയുടെ ഇക്കഴിഞ്ഞ ഒക്ടോബർ 12ന്‍റെ വിധി ദുർബലപ്പെടുത്തണമെന്നാവശ്യപ്പെട്ട് എംപ്ലോയിമെന്‍റ് പ്രൊവിഡന്‍റ് ഫണ്ട് ഒാർഗനൈസേഷൻ സുപ്രീംകോടതിയിൽ സ്പെഷ്യൽ ലീവ് പെറ്റീഷൻ നൽകിയതോടെ വീണ്ടും ലക്ഷക്കണക്കിന് തൊഴിലാളികളിൽ ആശങ്കപരന്നു. സുപ്രീംകോടതി ഒരിക്കൽ തീർപ്പ് കൽപിക്കുകയും അതനുസരിച്ച് കേന്ദ്രസർക്കാർ രാജ്യത്തെ വിരമിച്ച മുഴുവൻ തൊഴിലാളികളിൽ നിന്ന് ഉയർന്ന പെൻഷന് വേണ്ടി അപേക്ഷിക്കാമെന്ന് ഉത്തരവിറക്കുകയും ചെയ്ത ഒരു വിഷയത്തിലാണ് അനാവശ്യമായ തടസവാദങ്ങൾ ഉന്നയിച്ച് ലക്ഷക്കണക്കിന് തൊഴിലാളികളുടെ നിക്ഷേപം കൊണ്ട് തടിച്ചു കൊഴുക്കുന്ന ഒരു സർക്കാർ സ്ഥാപനം ആശയക്കുഴപ്പമുണ്ടാക്കുന്ന വാദങ്ങളുമായി കോടതി കയറുന്നത്. രാഷ്ട്രീയ നേതൃത്വത്തിന്റെ ഇച്ഛാശക്തിയില്ലായ്മയാണ് ഇൗ അവസ്ഥക്ക് കാരണം.
എംപ്ലോയീസ് പെൻഷൻ പദ്ധതി പ്രകാരം ചുരുങ്ങിയത് 10 വർഷമെങ്കിലും സേവനം പൂർത്തീകരിച്ച് 58 വയസിൽ വിരമിച്ച ജീവനക്കാർക്ക് മൊത്തം ശമ്പളത്തിന് ആനുപാതികമായി കൂടിയ പെൻഷന് അവകാശം നിർണയിക്കുന്ന EPS Section 11 (3) വകുപ്പിന്റെ ആനുകൂല്യം പതിറ്റാണ്ടുകളായി തടഞ്ഞു വെച്ചതിനെതിരായ നിയമയുദ്ധമാണ് എങ്ങുമെത്താതെ നീണ്ടുപോകുന്നത്. അവസാനത്തെ 12 മാസത്തെ ശരാശരി ശമ്പളത്തെ ജോലി ചെയ്ത വർഷത്തെ കൊണ്ട് ഗുണിച്ച് 70 കൊണ്ട് ഹരിച്ചാൽ കിട്ടുന്ന വിഹിതമാണ് പി.എഫ് പെൻഷൻ ആയികണക്കാക്കേണ്ടത്. എന്നാൽ, 2014 സെപ്റ്റംബറിന് ശേഷം വിരമിച്ചവരുടെ കാര്യത്തിൽ 60 മാസത്തെ ശരാശരി മാസശമ്പളമാണ് ആക്ട് പ്രകാരം പരിഗണിക്കുന്നതെന്ന് ഒാർഗനൈസേഷൻ ഭേദഗതി ചെയ്തു. ഇൗ ഭേദഗതിയുൾപ്പെടെ റദ്ദ് ചെയ്യുന്നതായിരുന്നു കേരള ഹൈകോടതി വിധി. നിയമഭേദഗതി സാധൂകരിച്ചു കിട്ടണമെന്നും ഇ.പി.എഫ്.ഒവിന്റെ നടത്തിപ്പ് ഭദ്രമാക്കുന്നതിന് ആക്ട് നൽകുന്ന ഭേദഗതി അവകാശം നിഷേധിക്കപ്പെട്ടാൽ മറ്റ് തൊഴിലാളികളുടെ ക്ഷേമപദ്ധതികൾ ഉൾപ്പെടെ നടപ്പിലാക്കാനുള്ള സാമ്പത്തിക ബാധ്യത വരുമെന്ന പുതിയ വാദമാണ് അപ്പീൽ ഹരജിയിൽ മുന്നോട്ട് നീക്കാൻ ശ്രമിക്കുന്നതെന്നാണ് വിവരം.
ഒരിക്കൽ കോടതി വിധിക്കുകയും അതേ വിഷയം വീണ്ടും ഹൈകോടതി മുതൽ സുപ്രീംകോടതിവരെ തിരിച്ചു വരികയും ചെയ്യുക എന്ന അത്യപൂർവമായ ‘നട്ടംതിരിയലിൽ’ ആണ് തങ്ങൾ അകപ്പെട്ടിരിക്കുന്നതെന്ന് വിരമിച്ചവർ പറയുന്നു. കേരള സ്റ്റേറ്റ് മിൽമ പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്‍റ് വി.പി. അബ്ദുൽഖാദറും 85 പേരും ചേർന്ന് നൽകിയ ഹരജിയിൽ ശമ്പളത്തിന്റെ ആനുപാതിക പെൻഷൻ നൽകാൻ ഹൈകോടതി 2014ലാണ് ആദ്യം വിധിച്ചത്. ഇതിനെതിരെ ഇ.പി.എഫ് ബോർഡ് സുപ്രീംകോടതിയെ സമീപിച്ചു. രാജ്യവ്യാപകമായി പല സ്ഥാപനങ്ങളിലെ ജീവനക്കാരും തൊഴിലാളികളും സുപ്രീംകോടതിയിലെ കേസിൽ കക്ഷിചേർന്നു. രാജ്യത്തെ പെൻഷൻ സ്വീകരിക്കുന്ന 55 ലക്ഷം തൊഴിലാളികൾക്കും പിരിയുേമ്പാഴുള്ള ശമ്പളത്തിന്റെ ആനുപാതിക പെൻഷൻ നൽകിയാൽ ബോർഡ് സാമ്പത്തികമായി തകർന്ന് പോകുമെന്ന് അന്നും വാദമുയർന്നു. പക്ഷെ, എതിർവാദത്തിനിടയിൽ ഉപയോഗിക്കാതെ കിടക്കുന്ന ആയിരക്കണക്കിന് കോടി നിക്ഷേപത്തിന്റെ കണക്ക് പിന്നീട് ഇ.പി.എഫ്.ഒവിന് കോടതിയിൽ ബോധിപ്പിക്കേണ്ടി വന്നു. ഇതിന്റെ നാനാവശങ്ങളും പരിശോധിച്ചാണ് 2016 ഒക്ടോബറിൽ സുപ്രീംകോടതി തൊഴിലാളികൾക്ക് അനുകൂലമായി വിധിച്ചത്.
കേസിൽ കക്ഷി ചേരാത്ത മുഴുവൻ തൊഴിലാളികൾക്കും വിധിയുടെ ആനുകൂല്യം ലഭിക്കുന്ന ഉത്തരവ് 2017 മാർച്ച് 23ന് സർക്കാർ പുറത്തിറക്കുകയും ചെയ്തു. കേരളത്തിൽ നിന്നുള്ള പാർലിമെന്റംഗം എൻ.കെ. പ്രേമചന്ദ്രൻ പാർലമെന്‍റിൽ ഇത് സംബന്ധിച്ച് നടത്തിയ നിർണായക നീക്കമാണ് ഉത്തരവിലെത്തിച്ചത്. ഇതനുസരിച്ച് ഹയർഒാപ്ഷൻ സമർപ്പിക്കാൻ അവസരവും സോഫ്റ്റ്വെയർ പരിഷ്കരണവും നടത്തി. സ്ഥാപന ഉടമ തൊഴിലാളിയുടെ പെൻഷൻ വിഹിതത്തിന്റെ ആനുപാതികം അനുസിച്ച് നിക്ഷേപിച്ചിട്ടില്ലാത്തവർ കുടിശികയായി തുക അടച്ചാൽ പെൻഷൻ നടപ്പിലാവുമെന്ന ഘട്ടം വന്നപ്പോഴാണ് 2017 മെയ് 31 ഭേദഗതി ഉത്തരവ് പുറത്തിറങ്ങിയത്. ഇതോടെ എല്ലാ നടപടികളും സ്തംഭിക്കുകയായിരുന്നു.
ഇതുവരെയായി നടന്ന എല്ലാ കേസുകളിലും ഉണ്ടായ വിധിയുടെ ആനുകൂല്യം കേസിൽ കക്ഷി ചേർന്നവർക്ക് ലഭിച്ചിട്ടുണ്ട്. രാജ്യത്താകെ 3570 പേർ ഇങ്ങനെ ഉയർന്ന പെൻഷൻ വാങ്ങുന്നു. കേരളത്തിൽ കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം മേഖല ഒാഫീസുകളിലെല്ലാം ഉയർന്ന പെൻഷൻ സ്വീകരിക്കുന്നവരുണ്ട്. ഇന്ത്യയിൽ ഉയർന്ന പെൻഷൻ സ്വീകരിക്കുന്ന 3570 പേരിൽ 2902ഉം കേരളത്തിലാണ്. ഇവരെല്ലാം കോടതി വിധിക്ക് ശേഷം പെൻഷന് അർഹത നേടിയവരാണ്. കേരളത്തിലെ 19800 സ്ഥാപനങ്ങളിലായി പത്ത് ലക്ഷത്തിലധികം പി.എഫ് അംഗങ്ങളിൽ മൂന്നര ലക്ഷം പി.എഫ് പെൻഷൻകാരാണുള്ളത്. പതിനയ്യായിരത്തോളം പേര്‍ കക്ഷി ചേര്‍ന്നിട്ടുള്ള 507 കേസുകളിലാണ് ഇക്കഴിഞ്ഞ ഒക്ടോബർ 12ന് ഹൈകോടതി ചരിത്രവിധി പ്രസ്താവിച്ചത്. ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ വിഹിതം നല്‍കാനുള്ള ഓപ്ഷന് കട്ട് ഓഫ് തീയതി നിശ്ചയിക്കുകയും പെന്‍ഷന്‍ പരിഗണിക്കുന്ന ശമ്പളം 15,000 രൂപയാക്കി നിജപ്പെടുത്തിയതും 60 മാസത്തെ ശരാശരി മാസവേതനം പെന്‍ഷന് അടിസ്ഥാനമാക്കി നിശ്ചയിച്ചതുമടക്കമുള്ള തൊഴിലാളി ദ്രോഹകരമായ ഭേദഗതികളായിരുന്നു നടത്തിയിരുന്നത്.
ഇത് റദ്ദ് ചെയ്തത് പുന:പരിശോധിക്കണമെന്നാണ് പുതിയ ഹരജിയിൽ ഇ.പി.എഫ്.ഒ. ആവശ്യപ്പെട്ടിരിക്കുന്നത്. പെൻഷൻ നൽകുേമ്പാഴുള്ള തൊഴിലാളികളുടെ വർഗീകരണം (പ്രതിമാസം 15,000 രൂപയിൽ കുറവുള്ളതും 15,000 രൂപയിൽ കൂടുതൽ വരുമാനമുള്ളവരും) എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് ആന്‍റ് മിസലേനിയസ് പ്രോവിഷൻ ആക്ട് 1952 (EPF & MP). കീഴിലുള്ള നിയമാനുസൃത േഭദഗതി നടപടിയാണെന്നും അത് ഒരു സ്ഥാപനത്തിന് അവകാശപ്പെട്ടതാണെന്നുമാണ് അപ്പീൽ ഹരജിയിൽ പറയുന്നത്. പ്രൊവിഷൻസ് ഫണ്ട് ആക്ടിന് വിരുദ്ധമായതൊന്നും ചെയ്തില്ലെന്നും ഇത് കണ്ടെത്താൻ ൈഹകോടതിക്ക് കഴിഞ്ഞില്ലെന്നുമാണ് വാദം. കേരള ഹൈകോടതി വിധിയുടെ തീർപ്പിനനുസരിച്ച് തീരുമാനമാകാൻ വെറെയും ഹരജികൾ വിവിധ സംസ്ഥാനങ്ങളിൽ നിലനിൽക്കെയുള്ള പുതിയ അപ്പീൽ ഹരജി സമാനമായ എല്ലാ കേസ് നടത്തിപ്പുകളെയും അനിശ്ചിതത്വത്തിലാക്കുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
സ്ഥാപനങ്ങൾ സ്വന്തമായി പി.എഫ്. ട്രസ്റ്റ് നടത്തുന്നവര്‍ക്ക് ഉയർന്ന പെൻഷൻ ഒാപ്ഷൻ നൽകാനാവില്ലെന്ന വിചിത്രമായ സര്‍ക്കുലറുൾപ്പെടെയുള്ളവ വിവാദമായതോടെ ഇതേക്കുറിച്ച് പഠിക്കാൻ പാർലമെന്‍റ് നിയോഗിച്ച കമീഷനുകളുടെ റിപ്പോർട്ടും ഇനിയും വെളിച്ചം കണ്ടിട്ടില്ല. തൊഴിലാളികളെ അഭിമുഖീകരിക്കുന്ന ട്രേഡ് യൂനിയനുകളും രാഷ്ട്രീയ നേതൃത്വങ്ങളും വിരമിച്ച തൊഴിലാളികളുടെ വിഷയത്തിൽ പാലിക്കുന്ന നിസംഗതയാണ് വിഷയം ഇത്രത്തോളം നീട്ടിവലിച്ചു കൊണ്ടു പോകാൻ ഇടയായതെന്നാണ് പരക്കെ അഭിപ്രായമുയർന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.