ഇന്ത്യാ ചരിത്രത്തിൽനിന്ന് മുഗളരെ മായ്ക്കുമ്പോൾ
text_fields12ാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിൽനിന്ന് മുഗളരെക്കുറിച്ചുള്ള അധ്യായം നീക്കംചെയ്യാനുള്ള നാഷനൽ കൗൺസിൽ ഓഫ് എജുക്കേഷനൽ റിസർച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി) തീരുമാനത്തെ അപലപിച്ച് രാജ്യത്തെ പ്രമുഖ ചരിത്രപണ്ഡിതർ പ്രസ്താവനയിറക്കിയിരുന്നു. തങ്ങളുടെ പ്രത്യയശാസ്ത്രവുമായി പൊരുത്തപ്പെടാത്ത അധ്യായങ്ങൾ തിരഞ്ഞുപിടിച്ച് ഒഴിവാക്കുന്നതിൽനിന്ന് വെളിപ്പെടുന്നത് ഭരണകൂടത്തിന്റെ പക്ഷപാത അജണ്ടയാണെന്ന് റോമില ഥാപ്പർ, ഇർഫാൻ ഹബീബ്, ആദിത്യ മുഖർജി, ബാർബറ മെറ്റ്കാഫ്, ദിലീപ് സിമിയോൺ, മൃദുല മുഖർജി തുടങ്ങിയവർ പ്രസ്താവനയിൽ പറയുന്നു. മുഗൾ സാമ്രാജ്യവും വിജയനഗര സാമ്രാജ്യവും മധ്യകാലഘട്ടത്തിലെ രണ്ട് പ്രധാന സാമ്രാജ്യങ്ങളായിരുന്നുവെന്നിരിക്കെ, കൃത്യമായ അജണ്ടയുടെ ഭാഗമായി ‘രാജാക്കന്മാരും ദിനവൃത്താന്തങ്ങളും: മുഗൾ രാജസദസ്സുകൾ’ എന്ന അധ്യായം ഒഴിവാക്കിയപ്പോൾ വിജയനഗര സാമ്രാജ്യത്തെക്കുറിച്ചുള്ള പാഠഭാഗം നിലനിർത്തി.
അക്ബർ, ജഹാംഗീർ, ഷാജഹാൻ, ഔറംഗസീബ് എന്നിവരുൾക്കൊള്ളുന്ന മുഗളരുടെ സംഭാവനയെക്കുറിച്ച് പരാമർശിക്കാതെ ആധുനിക ഇന്ത്യയുടെ ചരിത്രം മനസ്സിലാക്കാനാവില്ല. അവരെല്ലാം പിറന്നത് അവിഭക്ത ഇന്ത്യയിലാണ്, ഇവിടെ ജീവിച്ച് മറമാടപ്പെട്ടവരാണ്. മക്കയിൽ തീർഥാടനം ചെയ്യുന്നതിന് വേണ്ടിപ്പോലും ഈ നാട് വിട്ടുപോയിട്ടില്ല അവരൊരാളും. മുഗളരോട് കടപ്പാടില്ലാത്ത എന്തെങ്കിലും കാര്യം ഇന്ന് ഇന്ത്യയിലുണ്ടോയെന്ന് ചോദിക്കുന്നു, ഇന്ത്യൻ ചരിത്ര കോൺഗ്രസ് സെക്രട്ടറി സയ്യദ് അലി നദീം റിസാവി.
‘പദാവലികൾ ഉൾപ്പെടെ നിയമസംവിധാനത്തിനു പോലും മുഗൾ, തുർക്കി സുൽത്താൻ കാലത്തോട് നാം കടപ്പെട്ടിരിക്കുന്നു. വക്കാലത്നാമ, കച്ചേരി, ദർബാർ തുടങ്ങിയ വാക്കുകൾ മുഗളരിൽനിന്ന് ലഭിച്ചതാണ്. ഇന്ന്, ഇന്ത്യയിലെ വലിയൊരു സമൂഹം ശ്രീരാമനെ പ്രധാന ദൈവമായി കണക്കാക്കുമ്പോൾ, മുഗൾ കാലഘട്ടത്തിൽ തന്റെ രാമായണ ആഖ്യാനമായ രാംചരിത് മാനസ് എഴുതിയ തുളസീദാസിനോടാണ് നാം നന്ദി പറയേണ്ടത്. ഇനി കൃഷ്ണഭക്തിയുടെ പ്രധാന കേന്ദ്രമായ വൃന്ദാവനിന്റെ കാര്യത്തിൽ അക്ബറും ജഹാംഗീറും ഷാജഹാനും നൽകിയ ധനസഹായം ഉപയോഗിച്ച് വൃന്ദാവനും മഥുരയും വികസിപ്പിച്ചെടുത്ത ചൈതന്യ സന്യാസിമാരോടാണ് നമുക്ക് കടപ്പാട്’.
1526ലെ ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ ഇബ്രാഹിം ലോഥിയെ ബാബർ പരാജയപ്പെടുത്തുന്നതിൽനിന്നാണ് മുഗളചരിത്രത്തിന്റെ തുടക്കം. നാലുവർഷത്തെ ഹ്രസ്വമായ ഭരണകാലം കൊണ്ട് ഉത്തരേന്ത്യയിലാകമാനം അദ്ദേഹം മുന്നേറ്റം നടത്തി. ബാബർ കൈവരിച്ച വിജയം പിന്നീടുള്ള 200 വർഷം നീണ്ട രാഷ്ട്രീയ സ്ഥിരതയിലേക്ക് നയിച്ചു. ‘ശിപായി ലഹള’ എന്ന് വിളിക്കപ്പെടുന്ന 1857ലെ ഒന്നാം സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ പ്രതീകാത്മക നേതാവായിരുന്നു അവസാന മുഗൾ ചക്രവർത്തി ബഹദൂർ ഷാ സഫർ. ബഹർദൂർ ഷായെ പ്രതീകാത്മക നേതാവ് എന്നുപറയുമ്പോൾപോലും അതിലും ഒരു സന്ദേശമടങ്ങിയിട്ടുണ്ട്- സാധാരണക്കാരായ ഇന്ത്യക്കാർ മുഗളരെ തങ്ങളുടെ ഭരണാധികാരികളായി കണ്ടിരുന്നു എന്ന വ്യക്തമായ സന്ദേശം.
1707ൽ ഔറംഗസീബ് മരണപ്പെട്ട ശേഷം, അദ്ദേഹത്തിന്റെ പിൻഗാമികൾ അത്ര വലിയൊരു സാമ്രാജ്യം ഭരിക്കാൻ കെൽപില്ലാത്തവരാണെന്ന് തെളിയിച്ചു. 1857ലെ വിപ്ലവത്തിന് പിന്നാലെ ബഹദൂർ ഷാ സഫറിനെ റംഗൂണിലേക്ക് നാടുകടത്തിയതോടെ സാമ്രാജ്യത്തിന് സമ്പൂർണമായി തിരശ്ശീല വീണു.
തിമൂറിന്റെയും ചെങ്കിസ്ഖാന്റെയും പിന്മുറക്കാരനായ, തുർക്കി, പേർഷ്യൻ ഭാഷകളിൽ അവഗാഹമുണ്ടായിരുന്ന ബാബർ, താൻ കടന്നുപോകുന്ന പ്രദേശങ്ങളുടെ ഭൂപ്രകൃതിയും പ്രത്യേകതകളും കണ്ടുമുട്ടുന്ന കലാപ്രവർത്തകരുടെ വ്യുൽപത്തികളും രേഖപ്പെടുത്തിവെക്കുന്ന ശീലമുണ്ടായിരുന്നു. അങ്ങനെയാണ് അദ്ദേഹം സവിശേഷമായ ബാബർനാമ രചിച്ചത്, തുർക്കി ഭാഷയിൽ എഴുതിയ പുസ്തകം പിന്നീട് പേർഷ്യനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ബാബർനാമ മാത്രമല്ല, രാമായണം, മഹാഭാരതം, ഉപനിഷത്തുകൾ എന്നിവയുടെ മൊഴിമാറ്റവും മുഗൾ കാലഘട്ടത്തിൽ നടന്നു. ‘‘രാമായണം, മഹാഭാരതം തുടങ്ങിയ ഗ്രന്ഥങ്ങൾ സംസ്കൃതത്തിൽനിന്ന് ആദ്യമായി വിവർത്തനം ചെയ്യപ്പെടുന്നത് മുഗളരുടെ നേതൃത്വത്തിലാണ്. ദാരാ ഷിക്കോ 25 ഉപനിഷത്തുകളും യോഗാവസിഷ്ഠവും പേർഷ്യനിലേക്ക് വിവർത്തനം ചെയ്തു’’ -റിസാവി പറയുന്നു.
കാലത്തിനു മുമ്പേ ജീവിച്ച പ്രതിഭയായിരുന്നു ഷാജഹാന്റെ മൂത്ത മകനായ ദാരാ ഷിക്കോ. ഹിന്ദു തത്വചിന്തകരും ക്രൈസ്തവ പുരോഹിതരുമായി അടുത്ത് പ്രവർത്തിച്ച സുന്നി മുസ്ലിമായ അദ്ദേഹത്തെ സൂഫികളുടെ അദ്വൈതചിന്തകൾ ആഴത്തിൽ സ്വാധീനിച്ചിരുന്നുവെന്ന് ചരിത്രകാരൻ വിൻസെന്റ് സ്മിത്ത് ഓക്സ്ഫഡ് ഹിസ്റ്ററി ഓഫ് ഇന്ത്യയിൽ പ്രതിപാദിക്കുന്നു.
ബ്രാഹ്മണ-ക്രൈസ്തവ-ജൈന-ബൗദ്ധ-ഇസ്ലാമിക പണ്ഡിതർ തമ്മിൽ പണ്ഡിതോചിത സംവാദങ്ങൾ ഒരുക്കാൻ ഇബാദത്ത് ഖാന നിർമിച്ച ജലാലുദ്ദീൻ അക്ബർ എന്ന അക്ബർ ചക്രവർത്തി വിട്ടേച്ചുപോയതിൽ നിന്നാണ് ഷിക്കോ ഇതെല്ലാം ആർജിച്ചത്. ചക്രവർത്തിയുടെ മതം സാമ്രാജ്യത്തിന്റെ പൊതുമതമായി വിലയിരുത്തുന്ന കാലത്തിൽനിന്നൊരു മാറിനടത്തമായിരുന്നു അത്. അക്ബറുടെയും ജഹാംഗീറിന്റെയും കാലത്തെ ദാർശനിക ചർച്ചകൾ സാധാരണക്കാർക്കിടയിലെ ഇടകലരലിന് വഴിയൊരുക്കി. മുഗൾ ഇന്ത്യയിൽ വലിയ അടുപ്പത്തോടെ ഒരേ പ്രദേശങ്ങളിൽ ഒന്നിച്ചൊരുമിച്ചാണ് ഹിന്ദുക്കളും മുസ്ലിംകളും ജീവിച്ചുപോന്നത്. അവരുടെ പരസ്പരാദരം ആരാധനാലയങ്ങളുടെ കാര്യത്തിലുമുണ്ടായിരുന്നു. മുഗൾ ചക്രവർത്തിമാരാണ് പലപ്പോഴും ക്ഷേത്രങ്ങൾക്കായി ഭൂമി അനുവദിച്ചത്; ക്ഷേത്രം പൊളിയൻ എന്ന് ചീത്തപ്പേര് ചാർത്തപ്പെട്ട ഔറംഗസീബ് പോലും ക്ഷേത്രങ്ങൾക്കായി ധനസഹായം നൽകിയിരുന്നു.
അക്ബറിന്റെ ഭരണകാലത്തിന്റെ അവസാനത്തോടെ, മുഗൾ സാമ്രാജ്യത്തിന്റെ ജനസംഖ്യ യൂറോപ്പിനേക്കാൾ ഏറെയായി, മുഗളരുടെ സമ്പത്ത് സമാനതകളില്ലാത്തതായിരുന്നു.
“ഇന്ന് അഖണ്ഡഭാരതത്തെക്കുറിച്ച് പറയാറുണ്ട്. ആധുനിക അഫ്ഗാനിസ്താന്റെ ഭാഗങ്ങൾ, പാകിസ്താൻ, ബംഗ്ലാദേശ്, മ്യാന്മറിന്റെ ചില ഭാഗങ്ങൾ, സിന്ധ് മുതൽ കന്യാകുമാരി വരെയുള്ള ഭൂപ്രദേശം, ഔറംഗസീബിന്റെ കാലത്ത് അസമിന്റെ ചില ഭാഗങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്ന ഉപഭൂഖണ്ഡവും വർഷങ്ങളോളം നിയന്ത്രിച്ചിരുന്നത് മുഗളന്മാരുടെ കീഴിൽ; അതൊരു യാഥാർഥ്യമായിരുന്നു. അശോകനുശേഷം ബാൽഖിലും ബദക്ഷനിലും എത്തിയ ആദ്യ ഇന്ത്യൻ ഭരണാധികാരിയാണ് ഷാജഹാൻ. ലോകത്ത് ഇത്രയേറെ ശക്തമായ ഒരു സാമ്രാജ്യം വേറെ ഉണ്ടായിരുന്നില്ല’’ -റെസാവി പറയുന്നു.
മുഗളർ ആർജിച്ച അതിസമ്പത്തിന് അവർ രജപുത്രരോടും കടപ്പെട്ടിരിക്കുന്നു. അക്ബറിന്റെ കാലം മുതൽ രജപുത്രരുമായി അധികാരം പങ്കുവെക്കപ്പെട്ടിരുന്നു. അവർ ഹൽദിഘട്ടി യുദ്ധത്തിൽ റാണാ പ്രതാപിനെ പരാജയപ്പെടുത്തി, വിവാഹ ബന്ധങ്ങളിലൂടെ സാമ്രാജ്യത്തിന്റെ സഹകാരികളുമായി. ജഹാംഗീറിനുശേഷമുള്ള മിക്ക മുഗൾ ഭരണാധികാരികളും രജപുത്ര സ്ത്രീകൾക്ക് ജനിച്ചവരാണ്. തൽഫലമായി, കുടുംബത്തിനുള്ളിൽ, പലപ്പോഴും ഹൈന്ദവിയായിരുന്നു ആശയവിനിമയ ഭാഷ. ഔറംഗസീബ് ആകസ്മികമായി, ഹിന്ദിയിൽ സംസാരിക്കുകയും ബ്രജ് ഭാഷയിൽ എഴുതുകയും ചെയ്തു.
ഇന്ന് ഒരു മുസ്ലിം നാമധാരിയായ താരം ഹിന്ദു കഥാപാത്രത്തെ അവതരിപ്പിച്ചാൽ അതുപോലും വലിയ ഒച്ചപ്പാടും ചർച്ചയുമാണ്. മുഗളകാലത്ത് കൃഷ്ണനെക്കുറിച്ച് ഹിന്ദിയിൽ എഴുതിയത് റസ്ഖാൻ ആയിരുന്നു. പേർഷ്യൻ ഭാഷയിൽ എഴുതിയത് ബാൽകൃഷ്ണ ബ്രാഹ്മനും. അത് സമന്വയങ്ങളുടെ കാലമായിരുന്നു.
(ദ ഹിന്ദു അസോസിയേറ്റ് എഡിറ്ററും നിരവധി ശ്രദ്ധേയ ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് ലേഖകൻ) zia.salam@thehindu.co.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.