മായുന്ന തീരഭൂമിയും ജനതയും
text_fieldsകടലൊന്ന് ഇളകിയാൽ വീടാകെ ഉപ്പുവെള്ളം. വീട്ടുപകരണങ്ങളെല്ലാം നശിക്കും. കേരള തീരത്ത് എല്ലാവർഷവും അനേകംപേരുടെ കിടപ്പാടമില്ലാതാവുന്നു. വീടിനപ്പുറം നൂറുകണക്കിന് ജീവനുകളും ഉപ്പുരസത്തിലലിഞ്ഞ കഥയാണ് തീരത്തിന്റേത്. കാലവർഷമുണ്ടാവുമ്പോൾ, വള്ളം മറിയുമ്പോൾ മാത്രമാണ് ഇവിടുള്ള മനുഷ്യരെക്കുറിച്ച് നാടറിയുന്നത്. മുതലപ്പൊഴിയിൽ കഴിഞ്ഞ ദിവസം വന്ന കേന്ദ്രമന്ത്രിമാരെപ്പോലെ ആരെങ്കിലും വന്ന് അനുശോചനങ്ങളും ഉറപ്പുകളും നിരത്തി തിരിച്ചുപോവുന്നതോടെ ദുരന്തവർത്തമാനങ്ങൾ തീരത്തുമാത്രമായി ഒതുങ്ങും
11 സെൻറ് ഭൂമിയുണ്ട്. അതിൽ അടച്ചുറപ്പുള്ള തരക്കേടില്ലാത്തൊരു വീടും. പതിറ്റാണ്ടുകൾക്കു മുമ്പ് പണിത ഈ കിടപ്പാടം വേണ്ടെന്നുവെച്ചാണ് കൊടുങ്ങല്ലൂർ എറിയാട് സ്വദേശിനി സബിതയും കുടുംബവും സുരക്ഷിതയിടം തേടി സർക്കാറിന്റെ പുനർഗേഹം പദ്ധതിയിൽ അപേക്ഷിച്ചത്.
പത്തുലക്ഷം രൂപയാണ് പദ്ധതിപ്രകാരം ലഭിക്കുക. അതുപയോഗിച്ച് ഭൂമി വാങ്ങി വീട് പണിയണം. ഒരിക്കലും നടക്കാത്ത സ്വപ്നമെന്നറിഞ്ഞിട്ടും 11സെന്റിലെ വീട് ഒഴിവാക്കി പത്തുലക്ഷം വാങ്ങാൻ അവർ മനസ്സില്ലാ മനസ്സോടെ തീരുമാനിക്കുന്നു.
ഏത് അളവുകോൽ എടുത്തുനോക്കിയാലും നഷ്ടക്കച്ചവടം. പക്ഷേ,ഒരു രാത്രിയെങ്കിലും സമാധാനമായി കിടന്നുറങ്ങണമെന്ന മോഹമുണ്ടവർക്ക്. ഉപ്പുവെള്ളം ഇരച്ചുകയറി എത്ര രാവുകളാണ് കടൽ കൊണ്ടുപോയത്. തൊട്ടടുത്ത വീട്ടിലെ സുധിയെന്ന യുവാവിനെ കടലെടുത്തത് മാസങ്ങൾക്ക് മുമ്പാണ്. ഇത് ഒരു സബിതയുടെ മാത്രം കഥയല്ല. കടൽതീരത്ത് ജനിച്ചുവളർന്ന് ഒടുവിൽ ജീവനുംകൊണ്ടോടുന്ന പതിനായിരങ്ങളിൽ ഒരാൾ മാത്രമാണവർ.
കടലൊന്ന് ഇളകിയാൽ വീടാകെ ഉപ്പുവെള്ളം. വീട്ടുപകരണങ്ങളെല്ലാം നശിക്കും. കേരള തീരത്ത് എല്ലാവർഷവും അനേകംപേരുടെ കിടപ്പാടമില്ലാതാവുന്നു. വീടിനപ്പുറം നൂറുകണക്കിന് ജീവനുകളും ഉപ്പുരസത്തിലലിഞ്ഞ കഥയാണ് തീരത്തിന്റേത്.
കാലവർഷമുണ്ടാവുമ്പോൾ, വള്ളം മറിയുമ്പോൾ മാത്രമാണ് ഇവിടുള്ള മനുഷ്യരെക്കുറിച്ച് നാടറിയുന്നത്. മുതലപ്പൊഴിയിൽ കഴിഞ്ഞ ദിവസം വന്ന കേന്ദ്രമന്ത്രിമാരെപ്പോലെ ആരെങ്കിലും വന്ന് അനുശോചനങ്ങളും ഉറപ്പുകളും നിരത്തി തിരിച്ചുപോവുന്നതോടെ ദുരന്തവർത്തമാനങ്ങൾ തീരത്തുമാത്രമായി ഒതുങ്ങും.
ആശങ്കയുടെ മുനമ്പിൽ കേരളതീരം
ഒമ്പതു ജില്ലകളിലായി 590 കിലോമീറ്ററോളം ദൈർഘ്യമുള്ള കേരള തീരത്തുനിന്നുള്ള വിശേഷങ്ങൾ ഒട്ടും ആശാവഹമല്ല. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുപ്രകാരം കേരളത്തിന്റെ ജനസംഖ്യയുടെ 30 ശതമാനം പേരും താമസിക്കുന്നത് തീരത്താണ്.
മത്സ്യത്തൊഴിലാളികളിൽ 77ശതമാനവും തീരദേശവാസികളാണ്. കേരളത്തിന്റെ പൊതുവായ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 859 ആണ്. തീരമേഖലയിലിത് 2022 ആണ്. കടലിന്റെ 50 മീറ്റർ ചേർന്ന് 21,220 കുടുംബം താമസിക്കുന്നുണ്ടെന്നാണ് സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കണക്ക്. രൂക്ഷമായ വേലിയേറ്റ രേഖയിൽനിന്ന് 50 മീറ്റർ പരിധിയിൽ കഴിയുന്ന ഇവരെ പുനരധിവസിപ്പിക്കാനാണ് പുനർഗേഹം പദ്ധതി.
8,675 കുടുംബങ്ങൾ പദ്ധതി പ്രകാരം മാറിത്താമസിക്കാൻ ഇതിനകം സന്നദ്ധത അറിയിച്ചു. 2450 കോടിയുടെ പദ്ധതിയാണ്. ഈ വർഷം ജൂൺ വരെ 390 ഫ്ലാറ്റുകളും 2057 വീടുകളും നൽകി. ഇവർ താമസിച്ച പുരയിടം ഒഴിവാക്കി സുരക്ഷിത സ്ഥാനത്ത് മാറുന്നതാണ് പദ്ധതി. താമസമില്ലെങ്കിലും ആ സ്ഥലത്ത് കൃഷി ചെയ്യാനും വിളവെടുക്കാനും എല്ലാം ഇവർക്ക് ഉപയോഗിക്കാം.
എന്താണ് തീരത്ത് സംഭവിക്കുന്നത്
തീരമില്ലാതാകുന്നുവെന്നാണ് ഇതിന് ഒറ്റവാക്കിൽ ഉത്തരം. അത് എങ്ങനെ സംഭവിച്ചു. തീര സംരക്ഷണപദ്ധതികൾ ഒട്ടേറെയില്ലേ ഇവിടെ തുടങ്ങിയ ചോദ്യങ്ങൾ കൂടി വന്നാൽ വിശദീകരിച്ചു പറയാനുണ്ട്. 1960കളിലാണ് കടൽഭിത്തി നിർമാണം കേരളത്തിൽ വ്യാപകമായി തുടങ്ങിയത്. കടലാക്രമണവും തീരശോഷണവും ശക്തമായതോടെയാണ് സർക്കാർ തീരസംരക്ഷണം മുൻനിർത്തി പദ്ധതികൾ ആരംഭിച്ചത്.
നാഷനൽ സെന്റർ ഫോർ സസ്റ്റൈനബ്ൾ കോസ്റ്റൽ മാനേജ്മെന്റ് നടത്തിയ പഠനപ്രകാരം കേരളതീരത്ത് 63 ശതമാനം മനുഷ്യനിർമിത കടൽഭിത്തിയാണ്. നാഷനൽ സെന്റർ ഫോർ കോസ്റ്റൽ റിസർചിന്റെ റിപ്പോർട്ട് പ്രകാരം തീരശോഷണം 45ശതമാനവും തീരംവെപ്പ് 21 ശതമാനവുമാണ്. ഹാർബറുകളും കടൽഭിത്തികളും തീരശോഷണം വർധിപ്പിച്ചുവെന്നാണ് വിവിധ പഠനറിപ്പോർട്ടുകൾ. കാലാവസ്ഥ വ്യതിയാനവും അശാസ്ത്രീയ നിർമാണവും തീരശോഷണത്തിന് ആക്കം കൂട്ടി.
തീരസംരക്ഷണത്തിന് കടൽഭിത്തി നിർമാണമാണ് കേരളത്തിൽ വ്യാപകമായി നടത്തിയത്. കരിങ്കല്ല്, ടെട്രാപോഡ്, കോൺക്രീറ്റ് എന്നിവ ഉപയോഗിച്ചാണ് കടൽഭിത്തി നിർമിച്ചത്. ഇത്തരം കടൽഭിത്തികൾക്കു പിന്നിലായി കരയിടിയുകയും കല്ല് കടലിലേക്ക് താഴ്ന്നുപോവുകയും ചെയ്യുന്നതാണ് കേരള തീരത്തെ കാഴ്ച.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.