വൈക്കം സത്യഗ്രഹത്തിന്റെ നൈതിക മൂല്യങ്ങൾ
text_fieldsമഹാത്മാ അയ്യൻകാളിയുടെയും ശ്രീനാരായണ ഗുരുവിന്റെയും അടിസ്ഥാന രാഷ്ട്രീയ-ധൈഷണിക പ്രവർത്തനങ്ങളുടെയും, ചട്ടമ്പിസ്വാമികൾ, കണ്ടൻ കുമാരൻ, ഡോ. പൽപ്പു പൊയ്കയിൽ അപ്പച്ചൻ തുടങ്ങിയവരുടെ ഇടപെടലുകളുടെയും നിലപാടുകളുടെയും ഫലമായി രൂപംകൊണ്ട സാമൂഹിക ഉണർവ് അതിന്റെ പ്രായോഗികമായ വികാസപഥങ്ങൾ കണ്ടെത്തിയ ദശകമായിരുന്നു തൊള്ളായിരത്തി ഇരുപതുകൾ.
കൊളോണിയൽ ആധുനികതയും തെക്കൻ കേരളത്തിൽ ശക്തമായി അലയടിച്ച മധ്യകാല ജാതിവിരുദ്ധതയും ഒന്നിച്ചുചേർന്ന് സൃഷ്ടിച്ച വിമോചനയുക്തിയുടെ സാമൂഹികത ഏറ്റവും കൂടുതൽ പിടിച്ചുലച്ചത് സവർണ ജാതിവിഭാഗങ്ങളെയായിരുന്നു. നമ്പൂതിരിമാരും ശൂദ്രനായന്മാരും തമ്മിലുണ്ടാക്കിയ കേരളത്തിലെ ജാതീയഘടനാക്കരാർ ജാതിവിരുദ്ധപോരാട്ടത്തിന്റെ മുദ്രകൾ പേറുന്ന നവീനാശയങ്ങളുടെ ആത്മീയതക്കും രാഷ്ട്രീയാവബോധത്തിനും മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ ആടിയുലയാൻ തുടങ്ങി.
ജാതിശ്രേണീപരമായ അടിച്ചമർത്തലുകളുടെ അനേകം നൂറ്റാണ്ടുകൾ സഹിച്ചുപോന്ന, സാമൂഹികമായി പിറകിൽനിന്നിരുന്ന, കീഴാളവിഭാഗങ്ങളിൽ രൂപംകൊണ്ട പോരാട്ടവീര്യം സ്വന്തം ആഭ്യന്തരവ്യവസ്ഥയുടെ വൈകൃതങ്ങളും വൈരുധ്യങ്ങളും സവർണരെ ബോധ്യപ്പെടുത്താൻ പര്യാപ്തമായിരുന്നു.
അവർ പകർന്ന തിരിച്ചറിവുകൾ
സ്വന്തം സമുദായങ്ങളുടെ അനുഷ്ഠാനമേന്മകൾ യഥാർഥത്തിൽ നൂറ്റാണ്ടുകളായിട്ടും മാറാത്ത അഴുക്കും ജീർണതയുമാണെന്ന തിരിച്ചറിവാണ് ഗുരുവും അയ്യൻകാളിയും അവർക്കു നൽകിയത്. ആ തിരിച്ചറിവിനോട് പ്രതികരിക്കാൻ കൂട്ടാക്കാതെ ഒരു വിഭാഗം പഴയവ്യവസ്ഥയുടെ മരത്തൂണുകളിൽ സ്വയം കെട്ടിയിട്ടപ്പോൾ പി. കൃഷ്ണപിള്ളയെയും കെ.പി. കേശവമേനോനെയും കെ. കേളപ്പനെയും എ.കെ. ഗോപാലനെയും വി.ടി. ഭട്ടതിരിപ്പാടിനെയും ഇ.എം.എസ്. നമ്പൂതിരിപ്പാടിനെയുംപോലെ നിരവധി പേർ പഴയ ജന്മിത്തത്തിന്റെ പ്രത്യയശാസ്ത്രത്തെ വിമർശിക്കാനും പുതിയ ദലിത് അവബോധത്തിനു മുന്നിൽ അതു തങ്ങളെ എത്ര അപഹാസ്യരാക്കുന്നുവെന്ന് മനസ്സിലാക്കാനും തുടങ്ങി.
ഗുരുവും അയ്യൻകാളിയും കടഞ്ഞ ചരിത്രത്തിൽനിന്ന് ഉരുത്തിരിഞ്ഞുവന്ന പുതിയ ജനാധിപത്യ രാഷ്ട്രീയത്തിന്റെ അമരത്ത് ഈ പുതിയ സവർണ ഉൽപതിഷ്ണു വിഭാഗമാണ് കടന്നുവന്നത്. പക്ഷേ, അംബേദ്കറിസ്റ്റ് വീക്ഷണത്തിന്റെയോ അയ്യൻകാളിയുടെതന്നെയോ വിപ്ലവാത്മക കാഴ്ചപ്പാട് അവർ പൂർണമായും ഉൾക്കൊണ്ടിരുന്നില്ല.
ഇതിനു കാരണം, കോൺഗ്രസും ഗാന്ധിയും മുന്നോട്ടുവെച്ച കൊളോണിയൽ വിരുദ്ധ സമരത്തിന്റെ പശ്ചാത്തലമായിരുന്നു അവരുടെ പ്രധാന പ്രചോദനമായി വർത്തിച്ചത് എന്നതായിരുന്നു. ഈഴവരും ന്യൂനപക്ഷവും ദലിത് സമുദായങ്ങളും പക്ഷേ വ്യത്യസ്തമായ ഒരു ആത്മീയ-രാഷ്ട്രീയ പാതയാണ് പിന്തുടർന്നത്.
ക്ഷേത്രപ്രവേശനംപോലുള്ള അജണ്ടകൾ അന്നത്തെ സാഹചര്യത്തിൽ വളരെ പ്രധാനമായിരുന്നപ്പോൾപോലും ദലിത്-കീഴാള രാഷ്ട്രീയത്തിന്റെ സ്വകീയമായ പരിഗണനകളിൽ അതിനു മുഖ്യമായ സ്ഥാനമുണ്ടായിരുന്നില്ല എന്നതാണ് യാഥാർഥ്യം. വൈക്കം സത്യഗ്രഹത്തെക്കാൾ പ്രാധാന്യം ശ്രീമൂലം അസംബ്ലിയിലെ പ്രാതിനിധ്യത്തിനുണ്ടെന്ന ബോധ്യത്തിൽനിന്നാണ് അക്കാലത്ത് നിവർത്തനപ്രക്ഷോഭം ഈഴവ-മുസ്ലിം-ക്രൈസ്തവ സംഘടനകൾ സംയുക്തമായി ആരംഭിക്കുന്നത്.
ജാതിയുടെ പുനഃപ്രതിഷ്ഠ
ക്ഷേത്രപ്രവേശനസമരങ്ങളുടെ കാര്യത്തിൽ ചരിത്രപരമായി ശ്രദ്ധിക്കേണ്ട ഒരു വസ്തുതയുണ്ട്. മതപരിവർത്തനത്തിന്റെ ജനസംഖ്യാപരമായ ‘പോസ്റ്റ് കൊളോണിയൽഭീതി’കളാൽ ആവേശിതരായ സവർണനേതൃത്വം അതിന്റെ വിഭാഗീയമായ മതതാൽപര്യങ്ങളെ കോൺഗ്രസിന്റെ രാഷ്ട്രീയവുമായി കോർത്തിണക്കുന്ന സാഹചര്യം പലപ്പോഴും ഈ സമരങ്ങളുടെ പ്രേരകശക്തിയായിരുന്നു.
ഇത് തിരിച്ചറിഞ്ഞ ദലിത്-കീഴാള രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ഹിന്ദുമതം കേവലം പരിഷ്കരണവിധേയമല്ലാത്ത ആന്തരികയുക്തിയാൽ പരിമിതപ്പെട്ട ഒരു അധീശവ്യവഹാരം മാത്രമായിരുന്നു. ബുദ്ധമതം, ഇസ്ലാം, ക്രിസ്തുമതം, സിഖ് മതം തുടങ്ങിയ ബദൽ മതദാർശനികതകൾ പഠിക്കാനും ഉൾക്കൊള്ളാനും പിന്തുടരാനും അവരിൽ പലരും തയാറായിരുന്നു. എന്നാൽ, ഇതാവട്ടെ കോൺഗ്രസിലെ സവർണധാര ഒരിക്കലും അംഗീകരിച്ചിരുന്നില്ല.
അവരുടെ അജണ്ടയിൽ മതപരിഷ്കരണമെന്നത് ജാതിയെ നിലനിർത്തിക്കൊണ്ടുതന്നെ നടപ്പാക്കാൻ കഴിയുന്ന ഒരു പദ്ധതിയായി മാറി. ജാതിയുടെ പൊതുമണ്ഡലത്തിലെ ദൃശ്യതകളെ, ഉപരിപ്ലവമായ അടയാളങ്ങളെ ഇല്ലാതാക്കുകയും കൂടുതൽ അമൂർത്തമായ സൂക്ഷ്മതലത്തിൽ ജാതിയെ മനഃശാസ്ത്രപരമായി പുനഃപ്രതിഷ്ഠിക്കുകയും ചെയ്യുന്നതിന്റെ പുതിയ വർണയുക്തിയാണ് ഇതിലൂടെ ഉദ്ഘാടനം ചെയ്യപ്പെട്ടത്.
എന്നാൽ, ക്ഷേത്രപ്രവേശനസമരങ്ങൾ ഹിന്ദുമത പുനരുദ്ധാരണത്തിന്റെ പൊതുയുക്തിയിൽ മാത്രം ഒതുങ്ങിനിൽക്കുന്നവയായിരുന്നില്ല. അംബേദ്കർ വൈക്കം സത്യഗ്രഹത്തോടുള്ള (1924) ഗാന്ധിയുടെ സമീപനത്തെ വിശകലനംചെയ്യുമ്പോൾ പറയുന്നത് അത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉള്ളതായതുകൊണ്ടാണ് അദ്ദേഹം പിന്തുണക്കുന്നത് എന്നും മഹദിലെ ജല-വിഭവാവകാശസമരത്തോടും നാസിക്കിലെ ക്ഷേത്രപ്രവേശനസമരത്തോടും അദ്ദേഹത്തിന്റെ നിലപാട് ഇതല്ലാത്തത് അവയുടെ നേതൃത്വം ദലിത് സംഘടനകൾക്കായതുകൊണ്ടാണ് എന്നുമായിരുന്നു.
ഈ വേർതിരിവ് അക്കാലത്ത് കേരളത്തിലും പ്രകടമായിരുന്നു. സ്വതന്ത്രമായ കീഴാള സ്വാധികാരസമരങ്ങളെ ഉൾക്കൊള്ളാൻ വിസമ്മതിക്കുകയും എന്നാൽ സവർണ മുൻകൈയിലുള്ള പരിലാളന-രക്ഷാധികാരി സമരങ്ങളെ ഉദാത്തവത്കരിക്കുകയും ചെയ്യുക എന്നത് ഒരു പൊതുരീതിയായി മാറി.
അതുകൊണ്ടുതന്നെ അധികാരത്തിൽ പങ്കുതേടിയുള്ള കീഴാള-ന്യൂനപക്ഷ നേതൃത്വത്തിലുള്ള നിവർത്തന പ്രക്ഷോഭത്തെ നഖശിഖാന്തം എതിർക്കുമ്പോൾതന്നെ വൈക്കം സത്യഗ്രഹജാഥ നടത്താൻ മന്നത്തിനും എൻ.എസ്.എസിനും മടിയോ തടസ്സമോ ഉണ്ടായിരുന്നില്ല.
മറക്കപ്പെട്ട പോരാളികൾ
വൈക്കം ക്ഷേത്രവുമായി ബന്ധപ്പെട്ട ആദ്യത്തെ ‘ക്ഷേത്രപ്രവേശന സമരം’ 1806ൽ ക്ഷേത്രത്തിനു മുന്നിലുള്ള പാതയിലൂടെ സഞ്ചരിക്കാനും ക്ഷേത്രത്തിൽ പ്രവേശിക്കാനുമുള്ള അവകാശത്തിനുവേണ്ടി ഈഴവർ നടത്തിയ സമരമായിരുന്നു. ആ സമരത്തിൽ പങ്കെടുത്ത നൂറുകണക്കിന് സത്യഗ്രഹികളെ വേലുത്തമ്പി ദളവയുടെ നിർദേശപ്രകാരം വൈക്കം പത്മനാഭപിള്ളയെന്ന കൂലിപ്പട്ടാളക്കാരന്റെ നേതൃത്വത്തിൽ കൂട്ടക്കൊല ചെയ്യുകയും ക്ഷേത്രത്തിനടുത്തുണ്ടായിരുന്ന പൊതുകുളത്തിൽ കൂട്ടിയിട്ടു മൂടുകയുമാണുണ്ടായത്.
ദളവാക്കുളം എന്നറിയപ്പെടുന്ന ആ സ്ഥലം ഇന്ന് പ്രൈവറ്റ് ബസ് സ്റ്റാൻഡായി ഉപയോഗിക്കുന്നു. ഉചിതമായ ഒരു സ്മാരകവും സ്മരണയും ആ പോരാളികൾക്കുവേണ്ടി ഇതുവരെയും ഉണ്ടായിട്ടില്ല.
ദളവാക്കുളം കൂട്ടക്കൊലയോടുള്ള നമ്മുടെ സമീപനം ഇത്തരത്തിൽ നിന്ദാപരമായിരിക്കെത്തന്നെ വൈക്കം സത്യഗ്രഹസമരകാലത്ത് അനുരഞ്ജനത്തിനു വന്ന ഗാന്ധിയെ ഉള്ളിലേക്ക് കടത്താതെ വരാന്തയിൽ ഇരുത്തിയവരുടെ ഇണ്ടൻതുരുത്തിമന എ.ഐ.ടി.യു.സി ഓഫിസായതിൽ നാം അഭിമാനംകൊള്ളുകയും ചെയ്യുന്നു. സവർണരക്ഷാധികാര സങ്കൽപത്തിൽനിന്നു പുറത്തുകടക്കാനുള്ള ശൂദ്രരാഷ്ട്രീയത്തിന്റെ വൈമനസ്യത്തിന്റെ മറ്റൊരു രൂപമാണിത് എന്ന കാര്യം പറയാതെ വയ്യ.
എന്നാൽ, ഗുരുവിന്റെയും ഗാന്ധിയുടെയും പിന്തുണ വൈക്കം സത്യഗ്രഹത്തിന് ഉണ്ടായിരുന്നു എന്നത് വളരെ പ്രധാനമാണ്. ഗാന്ധിയുടെ പിന്തുണയാണ് സമരത്തെ ദേശീയതലത്തിൽ ശ്രദ്ധാകേന്ദ്രമാക്കിയത്. പക്ഷേ, അത് സമരത്തിന്റെ റിമോട്ട് നിയന്ത്രണം ഏറ്റെടുക്കുന്ന തരത്തിലായിരുന്നുവെന്നത് അദ്ദേഹത്തിന്റെ പിന്തുണകളുടെ ഒരു പൊതുരീതിയായിരുന്നു.
ആര് സമരത്തിൽ പങ്കെടുക്കണം, പങ്കെടുക്കേണ്ട എന്നുപോലും ഗാന്ധി തീരുമാനിക്കുന്ന സ്ഥിതി അന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ പൊതുനിലപാടുകളുടെ പശ്ചാത്തലത്തിൽ അസാധാരണമായിരുന്നില്ല. ജോർജ് ജോസഫിനെയും അകാലികളെയുമൊക്കെ സമരരംഗത്തുനിന്ന് മാറ്റിനിർത്തിയ ഗാന്ധിയുടെ കൈയിൽത്തന്നെയായിരുന്നു ഒരർഥത്തിൽ എല്ലായ്പോഴും സമരത്തിന്റെ ചുക്കാൻ.
ഗുരുവാകട്ടെ, സമരത്തെ അതിന്റെ സ്വാഭാവിക വികാസത്തിന് വിട്ടുകൊടുക്കണമെന്ന അഭിപ്രായമാണ് വെച്ചുപുലർത്തിയത്. അദ്ദേഹം ധനപരമായി സംഭാവന ചെയ്തു, വൈക്കത്തെ സ്വന്തം ആശ്രമം സത്യഗ്രഹികൾക്കായി വിട്ടുകൊടുത്തു, സമരം കൂടുതൽ ഭരണകൂടവിരുദ്ധവും സംഘർഷാത്മകവുമായപ്പോൾ ആ വഴി തെറ്റല്ലെന്ന ആത്മവിശ്വാസം പകർന്നുനൽകി.
നേരിട്ട് സമരഭൂമിയിൽ വന്നപ്പോഴും പ്രാർഥനയല്ലാതെ തന്റേതായ യാതൊരു അജണ്ടകളും അദ്ദേഹം മുന്നോട്ടുവെച്ചില്ല. പക്ഷേ, ഈ രണ്ടു പിന്തുണകളും സമരത്തിനു നൽകിയ ധാർമികോർജം കേരളത്തെ സംബന്ധിച്ചിടത്തോളം ദീർഘകാലം സവർണരാഷ്ട്രീയത്തിനുള്ളിലെ പുനർവിചാരങ്ങൾക്കു പ്രചോദനമായി എന്നതാണ് പ്രധാനമായിട്ടുള്ളത്.
വൈക്കം സത്യഗ്രഹം അങ്ങനെ വളരെ വേഗം അതിനെക്കാളേറെ പഴക്കമുള്ള ജാതിവിരുദ്ധ ജ്ഞാനരാഷ്ട്രീയ പാരമ്പര്യത്തിന്റെ പ്രതീകമായി മനസ്സിലാക്കപ്പെടാൻ തുടങ്ങി. പിന്നീട് ഗുരുവായൂർ സത്യഗ്രഹത്തെപ്പോലെ (1931-32), സവർണർക്കിടയിൽ ഒരു വലിയ വിഭാഗത്തെ കോൺഗ്രസിലേക്കും പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയിലേക്കും കൊണ്ടുവരുന്നതിൽ വൈക്കം സത്യഗ്രഹത്തിന്റെ ഈ പ്രതീകമൂല്യം വഹിച്ച പങ്ക് വളരെ വലുതാണ്.
സവർണ രാഷ്ട്രീയത്തിന്റെ ആന്തരികയുക്തിയിലും അതുവഴി കേരളത്തിന്റെ പൊതുജനാധിപത്യബോധത്തിലും ഈ സമരം സൃഷ്ടിച്ച പരിവർത്തനം അതുകൊണ്ടുതന്നെ ജനാധിപത്യ കേരളനിർമിതിയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായിരുന്നു എന്നതാണ് സമരത്തിന്റെ നൂറാം വാർഷികം കടന്നുവരുന്ന ഈ സന്ദർഭത്തിൽ നാം ഓർമിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.