തക്കാളിവില കൂടിയാലും കുറ്റം മിയകൾക്ക്
text_fields‘‘ആരാണ് പച്ചക്കറിയുടെ വില കൂട്ടുന്നത്?’’- മാധ്യമ പ്രവർത്തകരുമായി സംസാരിക്കവേ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ചോദിച്ചതാണ്. തുടർന്ന് അതിനുള്ള ഉത്തരമായി ഒരു പെരും നുണയും ശർമ പറഞ്ഞു. ‘‘മിയ കച്ചവടക്കാരാണ് പച്ചക്കറി വലിയ വിലയ്ക്കു വിൽക്കുന്നത്. അസമികളാണ് ഇവിടെ കച്ചവടം ചെയ്യുന്നതെങ്കിൽ അവർ അവരുടെ സഹോദരങ്ങളിൽനിന്ന് കൂടിയ വില ഈടാക്കുമായിരുന്നില്ല’’.
തലമുറകളായി അസമിൽ താമസിച്ചുവരുന്ന ബംഗാളി സംസാരിക്കുന്ന മുസ്ലിംകളാണ് മിയകൾ. പക്ഷേ, ശർമക്കും അദ്ദേഹത്തിന്റെ പാർട്ടിക്കാർക്കും അവർ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരാണ്.
ചില ഭാഗങ്ങളിൽ വരൾച്ചയും മറ്റു ചിലയിടങ്ങളിൽ വെള്ളപ്പൊക്കവും സൃഷ്ടിക്കുന്ന എൽനിനോ എന്ന കാലാവസ്ഥ പ്രതിഭാസമാണ് ഭക്ഷ്യ ഉൽപാദനത്തിന് കുറവുവരുത്തുന്നതും രാജ്യത്തുടനീളം പച്ചക്കറി വിലക്കയറ്റത്തിന് വഴിവെക്കുന്നതെന്നുമാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. മിയ മുസ്ലിംകളോ അതല്ലെങ്കിൽ മറ്റേതെങ്കിലും സമുദായമോ രാജ്യത്ത് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നു എന്നുപറയാൻ പറ്റുന്ന ഒരു തെളിവും നമുക്കു മുന്നിലില്ല.
ശർമയുടെ അവകാശവാദം പോലെ ഒരു തെളിവുമില്ലാത്ത ഗൂഢാലോചനകൾ നിറഞ്ഞ ഒട്ടനവധി ആരോപണങ്ങൾ ഒരു സമുദായത്തിനുനേരെ പടച്ചുവിടപ്പെടുന്നുണ്ട്. 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തുടനീളം മുസ്ലിംകൾക്ക് വില്ലൻ പരിവേഷം ചാർത്തിനൽകാനുള്ള വലിയ ഒരു പദ്ധതിയുടെ ഭാഗമാണിത്.
ഇത്തരം വാദങ്ങൾ എത്രമാത്രം അപായംപിടിച്ചതാണെന്നറിയാൻ, കൃത്യം നൂറുവർഷം മുമ്പ് 1923ൽ ജർമനിയിലെ വ്യവസായ-സാമ്പത്തിക രംഗത്തെ നിർണായക ശക്തിയായിരുന്ന യഹൂദ സമൂഹത്തെ വെയ്മർ റിപ്പബ്ലിക്കിന്റെ തകർച്ചയിലേക്ക് നയിച്ച അമിതമായ പണപ്പെരുപ്പത്തിന്റെ കാരണക്കാരായി ചിത്രീകരിച്ച രീതി ഓർമിച്ചാൽ മതിയാവും. അവ്വിധം സൃഷ്ടിക്കപ്പെട്ട വികാരമാണ് അഡോൾഫ് ഹിറ്റ്ലറുടെയും നാസികളുടെയും വളർച്ചക്ക് വഴിവെച്ചത്.
നാസി കാഴ്ചപ്പാടിൽ യഹൂദർ ‘ജർമൻ’കാരല്ലെന്നപോലെ ശർമയെ സംബന്ധിച്ചിടത്തോളം മിയ മുസ്ലിംകൾ അസമികളല്ല. ഗുവാഹതിയിലെ മേൽപാലങ്ങൾക്കുകീഴിൽ പച്ചക്കറി കച്ചവടങ്ങൾ നടത്തുന്ന മിയകൾ അസമികൾക്ക് ലഭിക്കേണ്ട ജോലി അവസരങ്ങളെല്ലാം കൊണ്ടുപോവുകയാണെന്നും മാർക്കറ്റുകൾ ഒഴിപ്പിച്ച് അസമിലെ കുട്ടികൾക്ക് തൊഴിലവസരങ്ങൾ നൽകുമെന്നും ശർമ ഉറപ്പുനൽകുന്നുണ്ട്.
രാസവളങ്ങൾ ഉപയോഗിച്ച് അസമിന്റെ മണ്ണ് നശിപ്പിക്കുന്ന രാസവള ജിഹാദ് നടത്തുകയാണവർ എന്ന ഒരു അപകടകരമായ ആരോപണവും ഈയടുത്ത കാലത്ത് അസം മുഖ്യമന്ത്രി നടത്തിയിരുന്നു.
സംസ്ഥാന ജനസംഖ്യയുടെ 30 ശതമാനം വരുന്ന മിയ മുസ്ലിംകൾ അവരുടെ ജീവിതം നിയന്ത്രിക്കുക മാത്രമല്ല, നാടിനെ മുടിപ്പിക്കുകയാണ് എന്നതാണ് അസമിലെ ഹിന്ദുക്കളോട് ശർമ പറയുന്നതിന്റെ രത്നച്ചുരുക്കം. യഥാർഥ അസംകാർക്ക് അവരുടെ അർഹമായ വിഭവങ്ങൾ ലഭിക്കണമെങ്കിൽ അത്തരക്കാരെ ആട്ടിപ്പായിക്കണമെന്നും.
അത്തരം പ്രചാരണ പരിപാടിയിൽ ബുൾഡോസർ കയറ്റി വീടുകൾ പൊളിച്ച് മിയ മുസ്ലിംകളെ കുടിയിറക്കുന്നതും ഉൾപ്പെടുന്നു. വീടും വീട്ടുപകരണങ്ങളും കുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങൾ പോലും ബുൾഡോസറിന്റെ ചക്രങ്ങൾക്കടിയിൽ ചതഞ്ഞരയുന്നത് നിസ്സഹായരായി നോക്കിനിൽക്കേണ്ടിവരുന്നു ആ മനുഷ്യർ. ശർമയും സർക്കാറും നൽകുന്ന സന്ദേശം വ്യക്തമാണ്. മിയ മുസ്ലിംകൾക്ക് അസമിന്റെ പൊതു-പ്രകൃതി സമ്പത്തിൽ ഒരു അവകാശവുമില്ല എന്ന സന്ദേശം.
അതുപോലെ അസമിന്റെ സംസ്കാരത്തിലും ചരിത്രത്തിലുമുള്ള അവകാശങ്ങളും അവർക്ക് നിഷേധിക്കപ്പെടുന്നു. കഴിഞ്ഞ വർഷം ഒരു പ്രാദേശിക മിയ സമൂഹം ഒരു മ്യൂസിയം സ്ഥാപിച്ചപ്പോൾ, ലുങ്കിത്തുണി ഒഴികെ സ്വന്തമെന്ന് അവകാശപ്പെടാൻ അവർക്ക് മറ്റൊന്നുമില്ല എന്നുപറഞ്ഞ് ശർമ അത് അടപ്പിച്ചിരുന്നു.
ബി.ജെ.പിയിൽ താരതമ്യേന പുതുക്കക്കാരനായ ശർമ മദ്റസകൾ നിരോധിക്കുമെന്നുമുതൽ പ്രത്യേക ജനന നിയന്ത്രണ നയം വരെയുള്ള ഭീഷണികളുമായി ഇസ്ലാം വിരുദ്ധതയുടെ കാര്യത്തിൽ മറ്റു പല നേതാക്കളെയും ബഹുകാതം പിന്നിലാക്കിക്കഴിഞ്ഞിരിക്കുന്നു.
ബി.ജെ.പി ഭരണത്തിനുകീഴിൽ ദേശീയതലത്തിൽ രൂപപ്പെട്ട കാലാവസ്ഥക്കും എത്രയോ മുമ്പ്, 19ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ മുതൽ ‘പുറത്തുനിന്നുള്ളവരോട്’ വിദ്വേഷം പുലർത്തുന്നുണ്ട് അസമീസ് ദേശീയതാ വാദം. സമീപ ദശകങ്ങളിൽ മിയ മുസ്ലിംകളെ ബംഗ്ലാദേശികളെന്നോ കുടിയേറ്റക്കാരെന്നോ പുറത്തുനിന്നുള്ളവരെന്നോ വിളിച്ച് ആക്ഷേപിക്കുന്നതും സാമൂഹികമായി സ്വീകാര്യമായി.
2019ൽ സമൂഹം നേരിടുന്ന വംശീയ വിദ്വേഷത്തെ തുറന്നുപറഞ്ഞ് പുറത്തിറങ്ങിയ മിയ കവിതകൾക്കെതിരെ സംസ്ഥാനത്തെ ലിബറലുകളിൽനിന്നും മാർക്സിസ്റ്റ് ബുദ്ധിജീവികളിൽനിന്നുപോലും നിശിത വിമർശനമാണുയർന്നത്. അസമീസ് ദേശീയത ഭാഷയിലും സംസ്കാരത്തിലും എത്രമാത്രം ആണ്ടുപൂണ്ടു നിൽക്കുന്നുവെന്ന് വ്യക്തമാക്കിയ അനുഭവമായിരുന്നു അത്.
ആ ധ്രുവീകരണത്തെ പുതിയ ആഴങ്ങളിലേക്ക് കൊണ്ടുപോവുകയാണ് ശർമ. വാക്കുകൾക്ക് അനന്തരഫലങ്ങളുണ്ട്. അദ്ദേഹം മേൽനോട്ടം വഹിച്ച കുടിയൊഴിപ്പിക്കൽ യജ്ഞത്തിൽ ആളുകൾ കൊല്ലപ്പെട്ടിരുന്നു.
ഇന്ത്യയിലെ, അല്ലെങ്കിൽ ലോകമൊട്ടുക്കുമുള്ള വിശാല പൊതുസമൂഹത്തിന് ഇതേക്കുറിച്ച് കാര്യമായ അറിവില്ല. ആ അവസ്ഥ മാറേണ്ടതുണ്ട്. നേരത്തേ തന്നെ അസമിലെ ബംഗാളി സംസാരിക്കുന്ന മനുഷ്യർ ശർമയെ സംബന്ധിച്ചിടത്തോളം ജനങ്ങളല്ലായിരുന്നു. ഇപ്പോൾ പച്ചക്കറി പോലും അദ്ദേഹം മതാന്ധതക്കുള്ള ആയുധമാക്കുന്നു.
ഡൽഹി സർവകലാശാല അധ്യാപകനും ആക്ടിവിസ്റ്റുമാണ് അപൂർവാനന്ദ്. സാമൂഹിക ശാസ്ത്രജ്ഞനും സർവകലാശാല അധ്യാപകനുമാണ് സൂരജ് ഗൊഗോയ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.