ഓർമ ശക്തിയാകുമ്പോൾ
text_fieldsഈ പരീക്ഷക്കാലത്ത് ഇവ്വിധമൊരു കുറിപ്പെഴുതുമ്പോൾ ഒട്ടേറെ ഓർമകൾ മനസ്സിൽ ഓടിയെത്തുന്നു. അന്നന്നത്തെ പാഠങ്ങൾ അന്നന്നുതന്നെ പഠിക്കണമെന്ന പരമ്പരാഗത പ്രമാണം ഒട്ടും പാലിക്കാത്ത ഒരു വിദ്യാർഥിക്കാലമാണ് എനിക്കുണ്ടായിരുന്നത്. പരീക്ഷയോടടുത്ത ദിവസങ്ങളിൽ കൂടുതൽ സമയം ചെലവഴിച്ച് പഠിക്കുന്ന ഒരു വിദ്യാർഥിയുടെ ചിത്രമാണ് എന്നെപ്പറ്റി എന്റെയുള്ളിലുള്ളത്.
ഈശ്വരകൃപകൊണ്ട് അവസാന ദിവസങ്ങളിൽ പഠിച്ചതെല്ലാം കൃത്യമായി ഓർമയിൽ പതിയുകയും നന്നായി ഉത്തരക്കടലാസിലേക്ക് പകർത്താൻ കഴിയുകയും ചെയ്തു. എന്തെങ്കിലും തരത്തിലുള്ള പ്രയാസം അന്നുണ്ടായിരുന്നെങ്കിൽ എന്താകുമായിരുന്നു എന്റെ അവസ്ഥ!
പരീക്ഷത്തലേന്നുള്ള ആ പഠനരീതി ഇന്ന് ഓർക്കുമ്പോൾ ഊറിച്ചിരിക്കാൻ തോന്നും. അഞ്ചോ ആറോ പേർ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ നോട്ട് പുസ്തകവും പിടിച്ച് ഞാൻ ഉറക്കെയിരുന്ന് വായിക്കും. രാത്രിയിലെ ഈ വായനകൊണ്ട് പാഠപുസ്തകത്തിലെ 90 ശതമാനവും രാവിലെയാകുമ്പോൾ കൂടെ പോരും. തലേദിവസം മാത്രമുള്ള ഈ പഠനരീതി ഒട്ടും ശരിയായ ഒന്നായിരുന്നില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
പാഠഭാഗങ്ങൾ, അതത് ദിവസം പഠിച്ചാൽ നമ്മുടെ മനസ്സിന് ശാന്തമായി അവയെ ഉൾക്കൊള്ളാൻ കഴിയും. അതിന് സാധിക്കുന്നില്ലെങ്കിൽ ഒാരോ ടേമിലും അതത് ഭാഗത്തെ പാഠഭാഗങ്ങൾ പഠിച്ച് പൂർത്തിയാക്കാനെങ്കിലും സാധിക്കണം. ഇപ്പോൾ ഫെബ്രവുരി പകുതിയായി. ഇനി പോയ ദിനങ്ങളെ ഓർത്ത് വിലപിച്ചിട്ട് കാര്യമില്ല. മാർച്ച് 31ഓടെ എല്ലാ പരീക്ഷയും പൂർത്തിയാവുകയും ഒരു അധ്യയന വർഷം അവസാനിക്കുകയും ചെയ്യും. അതുവരെയുള്ള ഈ കുറഞ്ഞദിവസങ്ങൾ വളരെ പ്രധാനമാണ്. ഈ ദിവസങ്ങളിൽ എന്തെല്ലാം ചെയ്യണം, എങ്ങനെ പഠിക്കണം എന്നത് സംബന്ധിച്ച് നിശ്ചിതമായ ഒരു പദ്ധതി നമുക്ക് വേണം.
എസ്.എസ്.എൽ.സി പരീക്ഷക്ക് പഴയകാലത്ത് റാങ്ക് രീതി ഉണ്ടായിരുന്നു. ഒന്നു മുതൽ 15 വരെയുള്ള റാങ്കുകാരുടെ ചിത്രമൊക്കെ അന്ന് പത്രത്തിൽ വരും. അന്ന് ഒാരോ മാർക്കും വിലപ്പെട്ടതായിരുന്നു. ആദ്യ പതിനഞ്ചിൽ വരാൻ സാധിച്ചില്ല എന്നത് എന്റെ ഒരു കൊച്ചു ദുഃഖമായിരുന്നു. 15 എന്നുള്ളത് 25 വരെ നീട്ടിയിരുന്നേൽ എനിക്കും ഒരുപക്ഷേ അതിൽ ഉൾപ്പെടാൻ സാധിക്കുമായിരുന്നു. ഏതായാലും അത്തരം ഓട്ടപ്പന്തയങ്ങൾക്കൊന്നും ഇന്ന് പ്രസക്തിയില്ലാതായിരിക്കുന്നു. എന്നാൽ, എ പ്ലസിനും ഗ്രേഡിനുമെല്ലാം കാര്യമായ പ്രാധാന്യം ഇന്നുണ്ട് താനും. കൃത്യമായ ഒരു പദ്ധതിയുണ്ടെങ്കിൽ എല്ലാ വിഷയങ്ങൾക്കും ഉന്നത ഗ്രേഡ് നേടിത്തന്നെ കൂട്ടുകാർക്ക് വിജയിക്കാനാകും.
ഏതെല്ലാം വിഷയങ്ങൾ, അവയിൽ ഏതെല്ലാം അധ്യായങ്ങൾ എന്നത് സംബന്ധിച്ച് സുവ്യക്തമായ ധാരണ ആദ്യം ഉണ്ടാക്കിയെടുക്കണം. അവയിലൂടെ കണ്ണോടിച്ചാൽ ഏതെല്ലാം അധ്യായങ്ങൾ നമുക്ക് നന്നായി മനസ്സിലാക്കാൻ സാധിച്ചു, അത്രത്തോളം ഇല്ലാത്തത് ഏതെല്ലാം, ഒട്ടും വഴങ്ങാത്തത് ഏതെല്ലാം എന്നെല്ലാം വേർതിരിച്ച് മനസ്സിലാക്കാനാകും.
പാഠപുസ്തകം ഒരാവർത്തി വായിക്കുക എന്നതാണ് അടുത്തഘട്ടം. ഒാരോ അധ്യായത്തിലൂടെ കടന്നുപോകുമ്പോഴും ചെറു കുറിപ്പുകൾ എഴുതിസൂക്ഷിക്കുന്നത് നല്ലതാണ്. പിന്നീട് ആ കുറിപ്പ് വായിച്ചാൽ ആ അധ്യായത്തിന്റെ മുഴുവൻ ഉള്ളടക്കവും ഓർമയിൽവരും.
പഴയകാല ചോദ്യക്കടലാസുകൾ നോക്കി സ്ഥിരമായി കൂടുതൽ ചോദ്യം വരുന്ന മേഖലകൾ കണ്ടെത്തിവെക്കണം. അങ്ങനെയുള്ള പാഠഭാഗങ്ങളിൽ ഊന്നിയുള്ള രണ്ടാം വായനയാണ് അടുത്തഘട്ടം. അവയിൽനിന്ന് വരാവുന്ന പ്രധാന ചോദ്യങ്ങൾ കണ്ടെത്തി സ്വന്തമായി ഉത്തരമെഴുതി നോക്കുക. അത് പാഠഭാഗവുമായും മറ്റു പഠനസഹായികളിലെ ഉത്തരവുമായും താരതമ്യംചെയ്ത് ആവശ്യമായ തിരുത്തലുകൾ വരുത്തുക. ഇങ്ങനെ ഒരു ക്രമീകരണം എന്തുകൊണ്ടും നല്ലതാണ്.
ഗണിതശാസ്ത്രത്തിൽ പലരെയും കുഴക്കുന്ന കാര്യം, ഒരു ചോദ്യത്തിനു മുന്നിൽ കുറെ നേരം ചെലവഴിക്കേണ്ടിവരുന്നു എന്നതാണ്. അങ്ങനെ, സമയം നഷ്ടപ്പെട്ട് മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരമെഴുതാൻ കഴിയാതെ സങ്കടത്തോടെ പരീക്ഷഹാൾ വിട്ടിറങ്ങുന്ന ഒരുപാട് കൂട്ടുകാരെ നമുക്കറിയാം. അത് മറികടക്കാൻ പരിശീലനമല്ലാതെ വഴിയില്ല. വെറുതെ വായിച്ചുപോകുന്നതിനു പകരം ക്രിയചെയ്ത് പഠിക്കുക എന്നതാണ് പോംവഴി.
അങ്ങനെവന്നാൽ ചോദ്യം കാണുമ്പോൾ ഒട്ടും അപരിചിതത്വം തോന്നില്ല. നിശ്ചിത സമയത്തിനു മുമ്പുതന്നെ മുഴുവൻ ചോദ്യങ്ങളും അഭിമുഖീകരിക്കാനും സാധിക്കും. സാമൂഹികശാസ്ത്രത്തിൽ വർഷങ്ങൾ, യുദ്ധങ്ങൾ, പ്രഭുക്കന്മാർ, ഭരണപരിഷ്കാരങ്ങൾ ഇതെല്ലാം ഓർത്തെടുക്കാൻ പലരും പ്രയാസം അനുഭവിക്കാറുണ്ട്. സംഭവങ്ങളെ, വ്യക്തികളെ നൂറ്റാണ്ട് തിരിച്ച് വർഗീകരിക്കുക എന്നത് ഇത് മറികടക്കാനുള്ള ഒരു സൂത്രമാണ്. ഈ ക്രമപ്പട്ടിക നമ്മുടെ മനസ്സിൽ സ്ഥാനം പിടിച്ചാൽ രാജരാജ ചോളന്റെ കാലത്ത് മാർത്താണ്ഡവർമ വരില്ല. മാർത്താണ്ഡവർമയുടെ കാലത്ത് ഷാജഹാൻ ചക്രവർത്തിയും വരില്ല.
ശാസ്ത്രവിഷയങ്ങളിൽ തത്ത്വങ്ങൾക്കാണ് പ്രാധാന്യം. ഈ അടിത്തറ ശരിയായി ഉൾക്കൊണ്ടാൽ ബാക്കിയെല്ലാം എളുപ്പമാകും. ബയോളജി പോലുള്ള വിഷയങ്ങളിൽ ചിത്രങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. എല്ലാവർക്കും ചിത്രകലയിൽ പ്രാവീണ്യം ഉണ്ടാവില്ലെങ്കിലും പരിശീലിച്ചാൽ വര ആർക്കും വഴങ്ങും.
ഭാഷാവിഷയങ്ങളിൽ വ്യാകരണം പ്രധാനമാണ്. പാഠഭാഗങ്ങളിലെ കവിതകളോടും കഥകളോടും ഇഷ്ടം രൂപപ്പെടുത്തിയെടുത്താൽ പഠിക്കുക എന്ന ഭാരം ഒഴിവായി ഒരു വിനോദത്തിന്റെ ആസ്വാദ്യത ലഭിക്കും. ഏത് വിഷയവുമായിക്കൊള്ളട്ടെ, ഉത്തരം ഉറക്കെ പറഞ്ഞുനോക്കുന്നത് നല്ലതാണ്. അത് മൊബൈലിലോ മറ്റോ റെക്കോഡ് ചെയ്ത് വീണ്ടും കേട്ടുനോക്കുക. നമ്മുടെ മനസ്സിൽ വിവരങ്ങൾ വേരുറക്കാൻ ഇത്തരം വിദ്യകൾ പരീക്ഷിക്കാവുന്നതാണ്. ഓരോ വിഷയത്തിനും അതിന് യോജിച്ച തന്ത്രങ്ങൾ ആവിഷ്കരിക്കണമെന്നാണ് പറഞ്ഞതിന്റെ ചുരുക്കം.
ഗണിതശാസ്ത്രം പഠിക്കുന്ന രീതിയിലല്ലല്ലോ കവിത പഠിക്കുന്നത്. അങ്ങനെ പല വിഷയങ്ങൾക്ക് പല തന്ത്രങ്ങൾ രൂപപ്പെടുത്തി, അവയെല്ലാം വിജയകരമായി നടപ്പാക്കിയാൽ ഉന്നത വിജയം സുനിശ്ചിതമാണ്. നമ്മുടെ മനസ്സിനകത്തെ സ്റ്റോറേജ് സ്പേസ് വിശാലമാണ്. നാം പഠിക്കുന്നതൊന്നും പരീക്ഷ കഴിയുന്നതോടെ മാഞ്ഞുപോകേണ്ട കേവല വിവരങ്ങളല്ല; എക്കാലത്തേക്കും ഗുണപ്പെടുന്ന അറിവിന്റെ സമാഹാരങ്ങളാണ്. എന്റെ കാര്യമെടുത്താൽ, സ്കൂളിൽനിന്നും മറ്റുമായി 17 വയസ്സ് വരെ ആർജിച്ച അറിവുകളാണ് എന്നെ നയിക്കുന്നതിൽ 60 ശതമാനവും.
അതിനുശേഷമുള്ള വർഷങ്ങളിൽ യാത്രകളിലൂടെയും കാഴ്ചകളിലൂടെയും വായനയിലൂടെയും അനുഭവങ്ങളിലൂടെയും സ്വായത്തമാക്കിയവ 40 ശതമാനമേ വരൂ. കാരണം എല്ലാം വേഗത്തിൽ സ്വാംശീകരിക്കാൻ ശേഷിയുള്ള, വളരെ പുതുമയുള്ള, ഗണ്യമായ ഉൗർജമുള്ള തലച്ചോറാണ് ഈ പ്രായത്തിലുണ്ടാവുക. ആ അർഥത്തിൽ അനിയന്മാരും അനിയത്തിമാരും ഭാഗ്യമുള്ളവരാണ്. ഈ അവസരം അർഥപൂർണമായി ഉപയോഗപ്പെടുത്തിയാൽ വ്യക്തിപരമായി നമുക്കും സമൂഹത്തിനും അതിന്റെ ഗുണഫലം ലഭിക്കും. ഓർക്കുക, ഓർമയാണ് ഒരു വ്യക്തിയുടെ ജീവിതത്തെ സാർഥകമാക്കുന്നതും പുഷ്കലമാക്കുന്നതും.
കാരുണ്യത്തിന്റെയും സഹജീവി സ്നേഹത്തിെൻറയും അതിമനോഹര ചിത്രീകരണമായ ഹാപ്പി പ്രിൻസ് (സന്തുഷ്ടനായ രാജകുമാരൻ) എന്ന കഥ നിങ്ങൾ വായിച്ചിട്ടുണ്ടാവും, ഇല്ലെങ്കിൽ പരീക്ഷത്തിരക്ക് ഒഴിഞ്ഞശേഷം നിർബന്ധമായും വായിക്കണം. ആ സൃഷ്ടി ലോകത്തിന് സമ്മാനിച്ച പ്രസിദ്ധ എഴുത്തുകാരൻ ഓസ്കാർ വൈൽഡ് ഇങ്ങനെ പറയുന്നു: ഓർമ, നാം നമ്മോടൊപ്പം കൊണ്ടുനടക്കുന്ന ഒരു ഡയറിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.