രാംദേവും മരുന്നു ഭീമന്മാരും പ്രതികളാകുംവിധം
text_fieldsസർക്കാറുമായി കാത്തുപോന്ന ഉറ്റ ബന്ധമായിരിക്കണം, രാംദേവിന് അമിത ആത്മവിശ്വാസം നൽകിയത്. റിപ്പോർട്ടുകൾ പ്രകാരം, കോവിഡിന് അദ്ദേഹം ചികിത്സ അവതരിപ്പിച്ചു. 1954ലെ മരുന്ന്, മന്ത്രവാദ (ആക്ഷേപകരമായ പരസ്യങ്ങൾ) നിയമത്തിലെ നിരവധി വകുപ്പുകൾ മറികടന്നായിരുന്നു ഇത്. ഇത്തരം കുറ്റകൃത്യങ്ങൾ നടത്തിയവർ പൊതുവേ വെറും മാപ്പുപറച്ചിൽ കൊണ്ട് രക്ഷപ്പെടാറില്ല. ജയിൽ ശിക്ഷ ഏറ്റുവാങ്ങേണ്ടതാണ്.
രാംദേവ് കേസ് പക്ഷേ, ദൂരവ്യാപക സൂചനകൾ ബാക്കിവെക്കുന്നു. ഈ രംഗത്തെ കടുത്ത നിസ്സംഗതയുടെ കഥകളും അത് പുറത്തുകൊണ്ടുവരുന്നു. തങ്ങൾ നിർമിക്കുന്ന മരുന്നുകളെക്കുറിച്ച് വ്യാജമോ അതിശയോക്തികരമോ ആയ അവകാശവാദങ്ങൾ ഒരുവശത്തും ദശലക്ഷക്കണക്കിന് സാധാരണക്കാരുടെ ആരോഗ്യത്തിനുമേൽ അതുണ്ടാക്കുന്ന ആഘാതങ്ങൾ മറുവശത്തുമായി നിൽക്കുന്ന വിശദചിത്രങ്ങൾ പിന്നീട് പുറത്തിറങ്ങിയ അക്കാദമിക ഗവേഷണങ്ങൾ കൃത്യമായി രേഖപ്പെടുത്തപ്പെടുന്നുണ്ട്. വമ്പൻ മരുന്നു കമ്പനികൾ ശരിക്കും രാജ്യാന്തര കോർപറേറ്റ് കുറ്റകൃത്യങ്ങളുടെ ലോകത്തെ ഒരു പ്രധാന ഘടകമാണ്.
ഡ്രഗ്സ് ആൻഡ് മാജിക് റമഡീസ് (ആക്ഷേപകരമായ പരസ്യങ്ങൾ) നിയമം നാലാം വകുപ്പ് (ബി) പ്രകാരം ഒരു മരുന്നിന് വ്യാജ അവകാശവാദം നടത്തുന്നത് കുറ്റകൃത്യമാണ്. ഇതിന് ആറുമാസം ജയിൽശിക്ഷ ലഭിക്കാവുന്നതുമാണ്. ജയിൽ ശിക്ഷ ഒഴിവാക്കി മാപ്പുപറച്ചിലിന് ഇവിടെ നിയമത്തിൽ അവസരമില്ല.
ക്ലിനിക്കൽ പരിശോധനകളുടെ അതിദീർഘമായ നടപടിക്രമങ്ങൾ പൂർത്തിയാകുംമുമ്പ് കോവിഷീൽഡ് വാക്സിന് ഇന്ത്യയിൽ അടിയന്തര അനുമതി നൽകിയതിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾ വൈറസ് ബാധ ഉയർത്തിയ സാഹചര്യങ്ങളുടെ സമ്മർദം നിരത്തി അവഗണിക്കപ്പെടുകയായിരുന്നു. ഇന്നും ക്ലിനിക്കൽ പരിശോധന വിവരങ്ങൾ പൂർണമായി പുറത്തുവിടാത്തതിന് പക്ഷേ, അതെങ്ങനെ ന്യായമാകും? എന്നല്ല, സമ്പൂർണ ക്ലിനിക്കൽ പരിശോധന നടപടികൾ നടത്തേണ്ടവർ ഭാഗിക പരിശോധനകളിൽ ഒതുക്കുന്നതെങ്ങനെ?
തമസ്കരിക്കപ്പെട്ട വിവരങ്ങൾ
ഇന്ത്യയിൽ വാക്സിൻ മരണങ്ങളുണ്ടാക്കിയ ഗുരുതര പ്രത്യാഘാതങ്ങൾ കണക്കുകൂട്ടാൻ റോക്കറ്റ് സാങ്കേതികതയൊന്നും വേണ്ട. ഇതേ മരുന്ന് ഉപയോഗിച്ച യു.കെയിലെ വിവരങ്ങൾ ഒത്തുനോക്കിയാൽ മാത്രം മതിയാകും. യു.കെയിൽ ഏകദേശം നാലു ലക്ഷംപേർക്ക് പാർശ്വഫലങ്ങളുണ്ടാകുകയും 2400 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇതേ അനുപാതം പരിഗണിച്ചാൽ ഇന്ത്യയിൽ 21 ലക്ഷം പേർ പാർശ്വഫല ബാധിതരായിട്ടുണ്ടാകണം. 80,000 പേർ മാത്രമാണെന്നാണ് സർക്കാർ കണക്ക്. ഇന്ത്യയിൽ മരണസംഖ്യയാകട്ടെ, 30,000 വരും. സർക്കാർ കണക്കുകളിൽ അത് 1148 മാത്രമേ വരുന്നുള്ളൂ.
എല്ലാം നിരീക്ഷണക്കണ്ണുകളിൽ?
നിരീക്ഷണത്തിന് ആഗോള വ്യാപകമായി അംഗീകരിക്കപ്പെട്ട മാർഗനിർദേശങ്ങൾ പാലിക്കാതെയായിരുന്നു സർക്കാർ ഈ വിവരങ്ങൾ മൂടിവെച്ചത്. ആദ്യമായി, വിവരങ്ങൾക്ക് രാജ്യത്തുടനീളമുള്ള പത്രങ്ങളിലെ വിവരങ്ങൾ പരിശോധിക്കണം. പിന്നീട്, സർക്കാർതല അന്വേഷകർ ഇവ ശരിയാണോയെന്ന് ഉറപ്പുവരുത്തണം. സർക്കാർ വേണ്ടെന്നുവെച്ച ഈ ദൗത്യം ഏറ്റെടുത്ത പൗരസമൂഹം മരുന്നിന്റെ പാർശ്വഫലം മൂലം മരണത്തിന് കീഴടങ്ങിയ 19,000 ലേറെ പേരുടെ മാധ്യമ റിപ്പോർട്ടുകൾ സമർപ്പിച്ചു. അപ്പോഴും വാക്സിൻ 100 ശതമാനം സുരക്ഷിതമെന്ന് ഉറപ്പുപറഞ്ഞ് സംഭവത്തിൽ അന്വേഷണത്തിന് സർക്കാർ വിസമ്മതിച്ചു. രണ്ടാമതായി, ആശ വർക്കർമാരുടെ ശൃംഖല, അംഗൻവാടികൾ, ഗ്രാമങ്ങളിലും ഘെറ്റോകളിലുമടക്കം എല്ലായിടത്തുമുള്ള ആരോഗ്യ പ്രവർത്തകർ എന്നിവരെവെച്ച് ഇതിന്റെ കണക്കുകൾ ശേഖരിക്കണം. അതും നടന്നില്ല. കാരണമെന്താകും? വാക്സിൻ 100 ശതമാനവും സുരക്ഷിതമാണെന്നതുതന്നെ!
സമ്മതപത്രം പോലും വാങ്ങിയില്ല
കുത്തിവെപ്പ് സ്വീകരിക്കുന്നവന്റെ അംഗീകാരപത്രം വാങ്ങുന്ന രീതി കേന്ദ്രസർക്കാർ സ്വീകരിച്ചുവരുന്നതാണ്. 2005ലെ ബയോഎത്തിക്സ്, മനുഷ്യാവകാശ ആഗോള പ്രഖ്യാപനത്തിന്റെ ആറാം വകുപ്പു പ്രകാരം ‘മതിയായ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുൻകൂട്ടി, സ്വതന്ത്രവും ധാരണയോടെയുള്ളതുമായ സമ്മതം വാങ്ങൽ’ ഇന്ത്യയിലും ബാധകമാണ്. കാരണം, ഇന്ത്യയും ഈ പ്രഖ്യാപനത്തിൽ ഒപ്പുവെച്ചവരാണ്.
വിവരങ്ങൾ ലോകത്തിനറിയാം, ഇന്ത്യയിലില്ല
ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ഈ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചത് ഇതിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് ഒരു വിവരവുമില്ലാതെയായിരുന്നു. ‘രക്ത, ലിംഫാറ്റിക് സംവിധാനങ്ങളിലെ പ്രശ്നങ്ങൾ, ഹൃദ്രോഗങ്ങൾ, ജനന-കുടുംബ-ജനിതക വൈകല്യങ്ങൾ, കേൾവി പ്രശ്നങ്ങൾ, അന്ധസ്രാവി ഗ്രന്ഥിയിലെ പ്രയാസങ്ങൾ, പ്രതിരോധ സംവിധാനത്തിലെ തകരാറുകൾ, അണുബാധകൾ, ഉപാപചയ, പോഷണ പ്രശ്നങ്ങൾ, നാഡീവ്യൂഹ തകരാറുകൾ, ഗർഭത്തിലെ വിഷയങ്ങൾ, പ്രത്യുൽപാദന സംവിധാന, സ്തന പ്രശ്നങ്ങൾ, ശ്വസന തടസ്സം, ത്വക് രോഗങ്ങൾ എന്നിങ്ങനെ പലതാണ് പ്രശ്നങ്ങളെന്ന് യൂറോപ്യൻ മെഡിക്കൽ ഏജൻസി വിവരശേഖരണ സംവിധാനമായ ‘യൂദ്ര വിജിലിൻസ്’ പറയുന്നു.
നിരീക്ഷണ സംവിധാനങ്ങളുടെ താൽപര്യ പ്രശ്നങ്ങൾ
ചില മരുന്നുനിർമാതാക്കൾ വാക്സിൻ കവറിൽ ഇത് ഗർഭിണികൾക്കും മുലയൂട്ടുന്ന മാതാവിനും പ്രമേഹ, രക്താതി സമ്മർദരോഗികൾക്കും സുരക്ഷിതമല്ലെന്ന മുന്നറിയിപ്പ് നൽകിയിരുന്നു. ഗർഭിണികളിലും മുലയൂട്ടുന്നവരിലും ക്ലിനിക്കൽ പരിശോധന നടത്താൻ സർക്കാറിൽനിന്ന് ഈ കമ്പനികൾ മുൻകൂർ അനുമതിയെടുത്തിട്ടില്ലെന്ന സന്ദേഹവും വിവരാവകാശ മറുപടികൾ നൽകുന്നു.
ഇതിനു പുറമെ, 2021 ജൂണിൽതന്നെ ഇന്ത്യയിലെ ഗർഭിണികൾക്ക് ഈ വാക്സിൻ ലഭിച്ചുതുടങ്ങിയെന്നും സൂചനയുണ്ട്. എന്നുവെച്ചാൽ, ക്ലിനിക്കൽ പരിശോധനകൾ നടത്തുംമുമ്പു തന്നെ സർക്കാർ വാക്സിൻ വിതരണം തുടങ്ങിയെന്നാകും ഇതിനർഥം. സർക്കാറും മരുന്നു കമ്പനികളും ഇതുസംബന്ധിച്ച പൂർണ വിവരങ്ങൾ പുറത്തുവിടുമ്പോഴേ അസാധാരണമായ ഈ സംഭവവികാസത്തെക്കുറിച്ച് അറിയാനാകൂ.
ന്യൂഡൽഹി എയിംസ് സെന്റർ ഫോർ കമ്യൂണിറ്റി മെഡിസിൻ പ്രഫസർ, ഇന്ത്യൻ പൊതുജനാരോധ്യ അസോസിഷേയൻ ദേശീയ പ്രസിഡന്റ് തുടങ്ങി വിവിധ വകുപ്പ്- സംഘടന നേതാക്കൾ ഈ വിഷയത്തിൽ സർക്കാർ നിരീക്ഷണവും മേൽനോട്ടവും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. മറുപടി നൽകാൻ പക്ഷേ, പ്രധാനമന്ത്രിക്ക് സമയമുണ്ടായില്ല. പകരമായി, കുത്തിവെപ്പ് സാങ്കേതിക സഹായ യൂനിറ്റ് (ഐ.ടി.എസ്.യു), ദേശീയ കുത്തിവെപ്പ് സാങ്കേതിക ഉപദേശക ഗ്രൂപ് (എൻ.ടി.എ.ജി.ഐ) എന്നിവ സ്ഥാപിക്കുകയായിരുന്നു സർക്കാർ. വാക്സിൻ നിർമാതാക്കൾ, വാക്സിന് സഹായം നൽകുന്നവർ, വിവിധ താൽപര്യങ്ങളുള്ളവർ എന്നിവരെകൊണ്ട് കുത്തിനിറച്ചതായിരുന്നു ഇവ.
‘മരണത്തിനിടയാക്കുന്ന പാർശ്വഫലങ്ങളൊന്നുമില്ല’- ഡൽഹിയിലെ മുൻനിര കേന്ദ്ര സർക്കാർ ആശുപത്രി ഡയറക്ടറുടെ വാക്കുകൾ ഇങ്ങനെ. 110 ശതമാനം സുരക്ഷിതം- ദേശീയ ഡ്രഗ് കൺട്രോളർ ജനറലുടെ പ്രതികരണം. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ‘പതിവു ചോദ്യങ്ങളി’ൽ ‘ചില വ്യക്തികൾക്ക് നേരിയ പനിയും കുത്തിവെച്ച സ്ഥലത്ത് വേദനയും പോലുള്ള സാധാരണ പാർശ്വഫലങ്ങളുണ്ട്’ എന്നുമുണ്ട്.
വാക്സിൻ എടുത്ത് മരണത്തിന് കീഴടങ്ങി പെൺകുട്ടികൾ
നിരവധി പെൺകുട്ടികൾ വാക്സിൻ സ്വീകരിച്ച് വൈകാതെ മരണത്തിന് കീഴടങ്ങിയ സംഭവങ്ങൾ ഹൃദയഭേദകമാണ്. 18കാരിയായ ഒരു പെൺകുട്ടിക്ക് പ്ലേറ്റ് ലെറ്റുകൾ കുത്തനെ കുറയൽ, കടുത്ത തലവേദന, ഛർദി, അപസ്മാരം എന്നിവയായിരുന്നു വന്നത്. വൈകാതെ മരിക്കുകയും ചെയ്തു.
വാക്സിന്റെ പാർശ്വഫലങ്ങൾ സർക്കാർ പുറത്തുവിടാത്തതിനാൽ ഡോക്ടർ അവൾക്ക് നിർദേശിച്ചത് പാരസെറ്റമോളായിരുന്നു. ഡൽഹിയിലെ പ്രമുഖ ആശുപത്രിയിലെ മുതിർന്ന ഡോക്ടർ അവൾക്ക് അലർജിക്ക് ‘അവിൽ’ ഗുളികയും വേദനക്ക് ‘കാൽപോളും’ നൽകി. അണുബാധയാണിതെന്നും പ്രശ്നമാക്കേണ്ടതില്ലെന്നുമായിരുന്നു അപ്പോഴും ഡോക്ടർമാർ മാതാപിതാക്കൾക്ക് നൽകിയ ഉറപ്പ്. സ്ഥിതി ഗുരുതരമായതോടെ ഉയർന്ന ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ എം.ആർ.ഐ സ്കാനിങ്ങിൽ തലച്ചോറിൽ രക്തം കട്ടപിടിച്ചെന്ന് കണ്ടെത്തി. ‘കോവിഷീൽഡ് വാക്സിനേഷനെ തുടർന്നുണ്ടായ രക്തസ്രാവം’ ആണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമായെഴുതി. അതിനു പിറകെ സർക്കാറും കോവിഡ് വാക്സിൻ അനുബന്ധ പ്രതിപ്രവർത്തനമാണ് മരണത്തിലെത്തിച്ചതെന്ന് സമ്മതിച്ചു. സമാനമായി, 20 കാരിയും നൊമ്പരപ്പെടുത്തുന്ന മരണം പുൽകി.
കോവിഡ് മാറ്റാൻ ആയുർവേദ മരുന്ന് ഉത്തമം
കോവിഡിന് തന്റെ പക്കൽ മരുന്നുണ്ടെന്ന വാദം തെറ്റായിരുന്നെങ്കിലും കോവിഡ് കാലത്ത് ആയുർവേദം സ്വീകരിക്കുന്നതു സംബന്ധിച്ച രാംദേവിന്റെ ചില വാക്കുകൾ ശ്രദ്ധേയമായിരുന്നു. സ്വയം പ്രതിരോധം വർധിപ്പിക്കാനും വാക്സിന്റെ പാർശ്വഫലങ്ങൾ കുറക്കാനും ആയുർവേദം ഫലപ്രദമെന്നായിരുന്നു വാക്കുകൾ.
അടുത്തിടെ, അന്താരാഷ്ട്രതലത്തിൽ യോഗക്കായി പ്രചാരണ മാമാങ്കത്തിനിറങ്ങിയ പ്രധാനമന്ത്രി പക്ഷേ, ഈ വിഷയം വിട്ടുപോയെന്ന് തോന്നുന്നു. ആയുർവേദ ചികിത്സരംഗത്തെ മുതിർന്ന ഡോക്ടർമാരെ കണ്ട് ഇന്ത്യയിലും പുറത്തും ഇതിനെ പരമാവധി പ്രോത്സാഹിപ്പിക്കാമായിരുന്നു. ആയുർവേദത്തിന് ചെയ്യാനാകുന്ന അദ്ഭുതങ്ങൾ ലോകത്തെ അറിയിക്കുകയും ആകാമായിരുന്നു. പകരം, പൂർണമായി അലോപ്പതിക്കും വാക്സിനും പിന്നാലെ പോകാനായിരുന്നു സർക്കാർ തീരുമാനം. പ്ലാസ്മ ചികിത്സരംഗത്തും പലവട്ടം കൈവിട്ട കളികൾ നടന്നു. ഇന്ത്യയിൽ കോവിഡിനെതിരായ പ്രതികരണം അതിദയനീയമായിപ്പോയെന്നു സാരം.
സർക്കാറിന് മുന്നിലെ വഴി
ലളിതമായി വാക്സിനെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാർ തയാറാകണം. വാക്സിൻ സഹായമാണെങ്കിലും പാർശ്വഫലങ്ങൾ ഏറെയാണെന്നും അവക്കെല്ലാം മെഡിക്കൽ ചികിത്സ നിലനിൽക്കുന്നുവെന്നും പറയണം. തീരുമാനമെടുക്കാൻ ജനത്തിന് അവകാശം നൽകണം. പക്ഷേ, വസ്തുത പറയുകയെന്ന ആ യാഥാർഥ്യം പറയാൻ സർക്കാർ അത്ര മിടുക്കരല്ല.
(മുതിർന്ന സുപ്രീംകോടതി അഭിഭാഷകനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.