പരാജയങ്ങൾ വിജയങ്ങളെക്കാൾ അമൂല്യമാണ്
text_fieldsകഠിനമാകുന്ന വഴികളെല്ലാം നമുക്ക് വഴങ്ങാത്തവയാണ് എന്നർഥമില്ല. അതിനിടയിൽ വിജയത്തിലേക്കുള്ള കുറുക്കുവഴികളും എളുപ്പവഴികളുമായി പലരും നമുക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടേക്കാം. എളുപ്പവഴികളിലൂടെയുള്ള നടത്തം പൂർത്തിയാകുമ്പോഴാണ് നേരായ വഴിയേക്കാൾ ദൂരമുണ്ടായിരുന്നു അതിനെന്ന് നാം തിരിച്ചറിയുക. നേരായ വഴിയുടെ വിശുദ്ധിയോ പൂർണതയോ അതിന് ഉണ്ടാവുകയുമില്ല
വീഴ്ചകളിൽ പതറാതെ, തിരിച്ചടികളിൽ ഒരുപാട് വ്യസനിക്കാതെ, നേട്ടങ്ങളിൽ അഭിരമിക്കാതെ കഠിനാധ്വാനം കൈമുതലാക്കി സ്ഥിരോത്സാഹത്തോടെ ലക്ഷ്യത്തിലേക്ക് നീങ്ങിയാൽ വിജയം സുനിശ്ചിതമാണ്. അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന എബ്രഹാം ലിങ്കന്റെ ജീവിതം അതിന്റെ ഒന്നാന്തരം സാക്ഷ്യമാണ്.
അങ്ങേയറ്റം ദരിദ്ര പശ്ചാത്തലത്തിലായിരുന്നു കുഞ്ഞ് ഏബിന്റെ ബാല്യവും കൗമാരവും. പഠനത്തിൽ അത്രകണ്ട് മിടുക്കനായിരുന്നില്ല, ഒരു നേതാവിന് അവശ്യംവേണ്ട പ്രസംഗപാടവവും ഉണ്ടായിരുന്നില്ല; പക്ഷേ, അദ്ദേഹത്തിന് ഒരു ലക്ഷ്യമുണ്ടായിരുന്നു. 1832 ൽ സ്റ്റേറ്റ് ലെജിസ്ലേച്ചറിലേക്ക് മത്സരിച്ച് തോറ്റാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നതുതന്നെ. തൊട്ടടുത്ത വർഷം ബിസിനസ് പാടെ തകർന്നു.
1838 ൽ സ്പീക്കർ സ്ഥാനത്തേക്ക് മത്സരിച്ചു, അവിടെയും തോറ്റു. 1843 ൽ വീണ്ടും തോൽവി. 1846ൽ അമേരിക്കൻ കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1854 ൽ യു.എസ് സെനറ്റിലേക്ക് മത്സരിച്ചുതോറ്റു. 1856 ലെ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടു. 1858ൽ യു.എസ് സെനറ്റിലേക്ക് മത്സരിച്ചപ്പോൾ വീണ്ടും തോൽവി.
ഇങ്ങനെ കൂടുതൽ തോറ്റും ഇടക്ക് ജയിച്ചും മുന്നേറിയ അദ്ദേഹം 1860 ൽ അമേരിക്കയുടെ 16ാമത് പ്രസിഡന്റായി!. പോരായ്മകളെ നിരന്തര പരിശീലനംകൊണ്ടും പരിശ്രമംകൊണ്ടും സ്ഥിരോത്സാഹം കൊണ്ടും മറികടന്നു. തോൽവികളെ പോരായ്മകൾ തിരിച്ചറിയാനും തിരുത്താനുമുള്ള വഴിയായി അദ്ദേഹം കണ്ടു. ലോകത്തിന്റെയാകെ ഇഷ്ടം സ്വന്തമാക്കിയ ഈ പ്രസിഡന്റിനെ ജനാധിപത്യത്തെ ഏറ്റവും മനോഹരമായി നിർവചിച്ച പ്രശസ്തമായ ഗെറ്റിസ്ബർഗ് പ്രസംഗത്തിന്റെ ഉടമയായി നാം ഇന്നും സ്മരിക്കുന്നു.
കുടുംബ പാരമ്പര്യംകൊണ്ടോ മാതാപിതാക്കളുടെ സാമ്പത്തിക-സാമൂഹികമായ പൈതൃകംകൊണ്ടോ മാത്രം ആരും വലിയവരാകുന്നില്ല. ഇതൊന്നുമില്ലാതിരുന്നിട്ടും, സ്വന്തം കഴിവും പ്രാപ്തിയും ഇന്ധനമാക്കിയാൽ, സ്ഥിരോത്സാഹം കൈമുതലാക്കിയാൽ വിജയത്തിലേക്ക് എത്തും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ലിങ്കന്റെ ജീവിതം.
ലക്ഷ്യം തിരിച്ചറിയുക, വഴികൾ കണ്ടെത്തുക
സ്കൂൾ പഠനം കഴിഞ്ഞ് കലാലയ ജീവിതത്തിലേക്ക് കടക്കുമ്പോൾ നമ്മുടെ വിദ്യാർഥികളിൽ കാര്യമായ ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. ആരാകണം എന്താകണം, ആഗ്രഹിക്കുന്ന തലങ്ങളിലെത്താൻ സാധിക്കുമോ തുടങ്ങിയ സംശയങ്ങൾ 17-18 വയസ്സുള്ള കുട്ടികളുടെ മനസ്സിനെ മദിക്കാറുണ്ട്.
അത്തരം ആശയക്കുഴപ്പങ്ങൾ വിട്ട്, കൃത്യമായ ലക്ഷ്യംവെച്ച്, സ്ഥിരോത്സാഹത്തോടെ മുന്നേറാൻ സാധിച്ചാൽ വിജയം നമ്മുടെ പിറകെ വരും. അതിനായി ഒരു വിദ്യാർഥി അടിസ്ഥാനപരമായി ചെയ്യേണ്ടത് മനസ്സിനെ ഏകാഗ്രമാക്കാൻ ശീലിക്കുക എന്നതാണ്. നേതാവ്, ഭരണാധികാരി, എൻജിനീയർ, ഡോക്ടർ, സാഹിത്യപ്രതിഭ, കായികതാരം,നടൻ/നടി/സംഗീതജ്ഞ/ൻ, മോഡൽ, ഡിസൈനർ... അങ്ങനെ പല സ്വപ്നങ്ങളും നമുക്കുണ്ടാകും.
ലക്ഷ്യമെന്തെന്നത് കൃത്യമായി തിരിച്ചറിയുകയാണ് ആദ്യ പടി. അതിലേക്കുള്ള വഴികളെ കുറിച്ച് ചിന്തിക്കുകയാണ് അടുത്ത പടി. ആ വഴികൾ പലപ്പോഴും കഠിനമാകും. കഠിനമാകുന്ന വഴികളെല്ലാം നമുക്ക് വഴങ്ങാത്തവയാണ് എന്നർഥമില്ല. അതിനിടയിൽ വിജയത്തിലേക്കുള്ള കുറുക്കുവഴികളും എളുപ്പവഴികളുമായി പലരും നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടേക്കാം.
എളുപ്പവഴികളിലൂടെയുള്ള നടത്തം പൂർത്തിയാകുമ്പോഴാണ് നേരായ വഴിയേക്കാൾ ദൂരമുണ്ടായിരുന്നു അതിനെന്ന് നാം തിരിച്ചറിയുക. നേരായ വഴിയുടെ വിശുദ്ധിയോ പൂർണതയോ അതിന് ഉണ്ടാവുകയുമില്ല. ലക്ഷ്യവും അതിലേക്കുള്ള വഴിയും തിരിച്ചറിഞ്ഞാൽ ആദ്യ വിജയമായി.
ചെറിയചെറിയ ചുവടുകൾ
ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ തുടക്കം ചെറിയചെറിയ ചുവടുകളിലൂടെ ആവുക എന്നത് പ്രധാനമാണ്. വലിയവലിയ ചാട്ടങ്ങൾക്കും ട്രിപ്പിൾ ജംപിനും ലോങ് ജംപിനും ആദ്യമേ പോകാതെ ഓരോരോ ചുവടുകളായി, പടിപടിയായി മുന്നോട്ടു നീങ്ങിയാൽ, അതിനൊരു ഭംഗിയുണ്ട്, മനോഹാരിതയും സ്ഥായിഭാവവുമുണ്ട്.
ആദ്യവിജയം, എത്ര ചെറുതാണെങ്കിലും അത് രേഖപ്പെടുത്തിവെക്കുക എന്നതും പ്രധാനമാണ്; എഴുതിവെക്കുക തന്നെ. പിന്നീടങ്ങോട്ട് പ്രയാസങ്ങളും തടസ്സങ്ങളും വരുമ്പോൾ ആ കുറിപ്പ് നമുക്ക് വലിയ ആത്മവിശ്വാസവും പ്രചോദനവും പകരും. അപ്പോൾ നാം തിരിച്ചറിയും; ലക്ഷ്യം അത്ര അകലെയല്ല, എന്റെ കൈപ്പിടിയിൽ ഒതുങ്ങുന്നതുമാണ് എന്ന്.
ഈ യാത്രയിൽ പരാജയങ്ങൾ സംഭവിച്ചേക്കാം. പരാജയങ്ങൾ നമ്മെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിവിട്ടുകൂടാ. പരാജയങ്ങൾ നൽകുന്ന വലിയൊരു സൗകര്യത്തെ കുറിച്ച് നാം ചിന്തിക്കേണ്ടതുണ്ട്. ഒരർഥത്തിൽ പരാജയങ്ങൾ വിജയങ്ങളെക്കാൾ അമൂല്യമാണ്. പരാജയത്തിൽനിന്ന് മാത്രമേ എന്തുകൊണ്ട് അങ്ങനെ സംഭവിച്ചുവെന്ന് മനസ്സിലാക്കാൻ ഒരു ഏഷ്യക്കാരന്റെ മനസ്സിന് സാധിക്കുകയുള്ളൂ.
പാശ്ചാത്യലോകത്തെ മനുഷ്യരുടെ പ്രകൃതം നേരെ മറിച്ചാണ്. തോൽവി ആയാലും വിജയം ആയാലും അവർ അതേകുറിച്ച് പഠിച്ചിരിക്കും. എന്നാൽ, വൈകാരികതയുടെ തലം മുന്നിൽവെക്കുന്ന നമുക്ക് അങ്ങനെ സാധിക്കണമെന്നില്ല. വിജയം നമ്മെ വല്ലാതെ ഉന്മത്തരാക്കും, പരാജയമാകട്ടെ, കടുത്ത നിരാശയിലേക്കും തള്ളിവിടും.
അതിൽനിന്ന് വിപരീതമായി, പരാജയങ്ങളിൽനിന്ന് ഉൾക്കാഴ്ചകൾ നേടിയെടുക്കാനാണ് നാം ശ്രമിക്കേണ്ടത്. ഞാൻ എവിടെയാണ് നിൽക്കുന്നത് എന്ന കൃത്യമായ ചിത്രം അതുവഴി നമുക്ക് നേടിയെടുക്കാൻ സാധിക്കും. മുന്നോട്ടുള്ള വഴി കൃത്യപ്പെടുത്താനും ആ തിരിച്ചറിവ് ഏറെ ഉപകരിക്കും.
വഴിയിൽവെച്ച് ഒരു കാര്യം കൂടി നാം ശ്രദ്ധിക്കണം-ജീവിതതന്ത്രങ്ങൾക്കു വേണ്ട തിരുത്തലുകൾ നൽകാൻ (Correction of strategies). പല കാലത്ത്, പലതരം വിജയങ്ങൾക്ക് പല കാര്യങ്ങൾ ചെയ്യേണ്ടതായി വരും. എല്ലാം സംശുദ്ധമായിരിക്കണം, സത്യസന്ധമായിരിക്കണം എന്നതിൽ സംശയമില്ല. എന്നാൽ, ആ തിരുത്തൽ ബുദ്ധിപൂർവമായിരിക്കണം. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഐ.ടി കമ്പനികളിൽ ഒന്നിന്റെ സ്ഥാപകൻ ഒരു കാർ ഷെഡിൽനിന്നാണ് ആ സ്ഥാപനം തുടങ്ങുന്നത്.
പരാജയങ്ങളായിരുന്നു എപ്പോഴും കൂട്ട്. പക്ഷേ, ഒാരോ പരാജയവും അസാധാരണ വിജയത്തിനുള്ള രസക്കൂട്ടായി അദ്ദേഹവും സുഹൃത്തുക്കളും മാറ്റി. ഇന്ന് തിരിഞ്ഞുനോക്കി അദ്ദേഹം പറയുന്നു, അന്ന് പരാജയങ്ങൾ ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ന് ഈ ഉയരത്തിൽ താൻ എത്തില്ലായിരുന്നു എന്ന്.
മുന്നോട്ടുള്ള വഴിയിൽ സംഭവിക്കാറുള്ള മറ്റൊരു കാര്യം, ചെറിയ വിജയങ്ങളിൽ അമിതമായി സന്തോഷിക്കുകയും അവിടെ വെച്ച് മയക്കത്തിലേക്ക് ആണ്ടുപോവുകയും ചെയ്യുന്ന നമ്മുടെ പഴയ മുയലിന്റെ സ്വഭാവമാണ്. ഇത്രയൊക്കെയേ ജീവിതത്തിലുള്ളൂ എന്ന മിഥ്യാധാരണയിൽ നാം എത്തുകയും ചെയ്യും.
ഇതിലപ്പുറം എന്താണുള്ളതെന്ന ചോദ്യം നമ്മിൽ ഉത്ഭവിക്കും. അവിടെ, ദുരഭിമാനം പലപ്പോഴും നമ്മുടെ കൂട്ടിനെത്തും. മുന്നോട്ടു കുതിക്കാനുള്ള സകലശക്തിയും ചോർത്തിക്കളയുകയും ചെയ്യും. അതു മാറ്റിവെച്ച്, എവിടെയും എത്തിയിട്ടില്ല എന്നും ഒരു മഹാപർവതത്തിന്റെ താഴ്വാരത്തുനിൽക്കുന്ന ചെറിയ മനുഷ്യൻ മാത്രമാണ് താനെന്ന മാനസികാവസ്ഥ നമുക്കുണ്ടാകേണ്ടതുണ്ട്.
എങ്കിൽ മാത്രമേ ജീവിതാവസാനം വരെ മനഃസ്ഥൈര്യത്തോടെ, ചിന്താപരമായ വ്യക്തതയോടെ മുന്നോട്ടു നീങ്ങാൻ സാധിക്കുകയുള്ളൂ. മറ്റുള്ളവരിൽനിന്ന് ശരിയായ കാര്യങ്ങൾ സ്വീകരിക്കുന്നതിൽ മടികാണിക്കാത്ത വിശാലമനസ്സിന് നാം ഉടമയാകണം. വിജയത്തിന്റെ സോപാനത്തിൽ എത്തി എന്ന് കരുതുമ്പോഴാണ് ഒരു പുതിയ വെല്ലുവിളി നമുക്കു മുന്നിൽ വരുക.
ജീവിതത്തിൽ എന്ന് വെല്ലുവിളി അവസാനിക്കുന്നോ അന്ന് നമ്മുടെ ജീവിതം അക്ഷരാർഥത്തിൽ അവസാനിച്ചു എന്ന് പറയാം. പിന്നീട് മരണം മാത്രമേ നമുക്ക് സുനിശ്ചിതമായുള്ളൂ. ഈ തിരിച്ചറിവുകളോടെയാണ് നാം വിജയത്തിലേക്കുള്ള പ്രയാണം തുടങ്ങേണ്ടത്. ആ യാത്ര എപ്രകാരമായിരിക്കണം, അതിലേക്കുള്ള വഴികളെന്തൊക്കെ എന്നതെല്ലാം നമുക്ക് തുടർന്ന് ചർച്ച ചെയ്യാം. നമ്മുടെ രാജ്യത്തിന്റെ മധ്യകാല നവോത്ഥാന നായകരിൽ പ്രമുഖനായിരുന്ന സന്ത് കബീറിന്റെ വരികൾ മനസ്സിലേറ്റുക.
‘‘പിറന്നുവീണപ്പോൾ
നീ കരഞ്ഞു, നിനക്ക് ചുറ്റുമുള്ളവർ ചിരിച്ചു
ജീവിതത്തിൽ വല്ലതും ചെയ്യുക.
തിരിച്ചു മടങ്ങുമ്പോൾ
ലോകം നിന്നെയോർത്ത് കരയും
നിൻ ചുണ്ടിൽ മന്ദഹാസം വിരിയും’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.