ഇടതുപക്ഷം ചുവരെഴുത്ത് വായിക്കണം
text_fieldsപ്രസംഗ വിവാദത്തിൽപെട്ട ഫാറൂഖ് കോളജ് അധ്യാപകനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് കൊടുവള്ളി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് 23ന് നടന്ന പ്രതിഷേധ ജാഥ പ്രത്യേകം കുറിച്ചുവെക്കേണ്ട സംഭവമാണ്. ഇ.കെ വിഭാഗം സുന്നി യുവജനസംഘത്തിെൻറ ആഹ്വാനപ്രകാരമായിരുന്നു ആ ജാഥ. കേസിൽപെട്ട അധ്യാപകൻ മുജാഹിദുകാരനാണ്. മുജാഹിദ് വേദിയിൽ നടത്തിയ പ്രഭാഷണമാണ് പൊലീസ് കേസിലെത്തിയതും. ഫാറൂഖ് കോളജ് ആകട്ടെ, സുന്നികൾക്ക് അത്ര വൈകാരിക ബന്ധമുള്ള സ്ഥാപനമല്ല താനും. എന്നിട്ടും, മുജാഹിദുകാരനായ ഒരാൾ മുജാഹിദ് വേദിയിൽ നടത്തിയ പ്രഭാഷണത്തിെൻറ പേരിൽ കേസിൽപെട്ടപ്പോൾ സുന്നികൾ പൊലീസ് സ്റ്റേഷൻ മാർച്ചിന് ആഹ്വാനം ചെയ്യുകയും അതിൽ വൻ ജനക്കൂട്ടം പങ്കെടുക്കുകയും ചെയ്തെങ്കിൽ അതിൽ പല പാഠങ്ങളുണ്ട്. കേരളത്തിലെ മുസ്ലിം സംഘടനകൾക്കിടയിലെ പരസ്പര ബന്ധങ്ങളുടെ ചരിത്രത്തിൽ നിർണായകസംഭവമാണത്. പ്രസ്തുത പരിപാടിക്ക് നേതൃത്വം നൽകിയ എസ്.വൈ.എസ് നേതാക്കളെ അനുമോദിച്ച് അറിയപ്പെട്ട മുജാഹിദ് നേതാക്കൾ ഫേസ്ബുക്കിൽ കുറിപ്പുകളിട്ടുകൊണ്ടിരിക്കുകയാണ്. എന്തായിരിക്കും ഈ അസാധാരണ സാഹചര്യത്തിെൻറ കാരണങ്ങൾ എന്ന് ഏറ്റവും പ്രധാനമായി ആലോചിക്കേണ്ടത് ഇടതുപക്ഷ സർക്കാറും അതുമായി ബന്ധപ്പെട്ടവരും തന്നെയാണ്.
തങ്ങളുടെ മാന്യതയെ അവഹേളിക്കുന്നതരത്തിൽ അധ്യാപകൻ പ്രസംഗിച്ചതായി കാണിച്ച് ഒരു വിദ്യാർഥിനി പരാതി നൽകിയാൽ കേസെടുക്കേണ്ട ബാധ്യത പൊലീസിനുണ്ട് എന്നാണ് സർക്കാർ അനുകൂലികൾ ന്യായീകരിക്കുന്നത്. അതിൽ ശരിയുമുണ്ട്. സ്ത്രീത്വത്തെ അപമാനിക്കുന്ന സംഭവമുണ്ടായി എന്ന് പരാതി കിട്ടിയിട്ട് വെറുതെ വെച്ചുകൊണ്ടിരുന്നാൽ പൊലീസ് ഉദ്യോഗസ്ഥന് പണി കിട്ടും. അതിനാൽ, നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ അവർ ചെയ്തു. അതിൽ എന്തിനിത്ര വ്യാകുലപ്പെടണം എന്നാണ് ചോദ്യം. അധ്യാപകനെ അറസ്റ്റ് ചെയ്യുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടുമില്ല. പക്ഷേ, സംഘടനാ ഭേദെമന്യേ മുസ്ലിം സമൂഹത്തിൽ ഇത് വലിയ വൈകാരിക പ്രശ്നമായി നിലനിൽക്കുന്നുണ്ട്.
എന്തുകൊണ്ട് ഇത് മുസ്ലിം സമുദായത്തിൽ ഇത്രയും ആഘാതമുണ്ടാക്കിയ സംഭവമായി മാറി? രണ്ടു തലങ്ങളുണ്ട് അതിന്. ഒന്ന്, സദാചാരവുമായി ബന്ധപ്പെട്ടതാണ്. അതായത്, സദാചാരം പ്രധാനമാണ് എന്ന് വിശ്വസിക്കുന്ന ദർശനമാണ് മുസ്ലിംകളുടേത്. പുരുഷന്മാരോട് കണ്ണുകൾ താഴ്ത്തിയിടാനും സ്ത്രീകളോട് മാറിടം മറയ്ക്കാനും അത് ആഹ്വാനം ചെയ്യുന്നു. അക്കാര്യം േശ്രാതാക്കളോട് വിശദീകരിക്കുന്നതായിരുന്നു അധ്യാപകെൻറ പ്രസംഗം. അക്കാര്യം വിശദീകരിക്കവെ, വത്തക്ക എന്ന ഉപമ പ്രയോഗിച്ചത് എടുത്തിട്ടാണ് വിവാദങ്ങളൊക്കെയും ഉണ്ടാക്കിയത്. ആളുകളെ ധാർമികത പഠിപ്പിക്കുന്നതിെൻറ ഭാഗമായി സന്ദർഭരഹിതമായി ഉപമകൾ പ്രയോഗിക്കുക, പുതിയ തലമുറയെ മോശമാക്കുക തുടങ്ങിയ ശീലങ്ങൾ മതപ്രഭാഷകർക്കിടയിൽ വ്യാപകമാണ്. പലപ്പോഴും സൂക്ഷ്മമല്ലാത്ത പ്രയോഗങ്ങൾ അവരുടെ ഭാഗത്തുനിന്നുണ്ടാവാറുണ്ട്. മറ്റൊരു കോണിലൂടെ നോക്കുമ്പോൾ തെറ്റായി വ്യാഖ്യാനിക്കപ്പെടാവുന്ന പ്രയോഗങ്ങൾ അവർ നടത്താറുണ്ട്. അത്തരം പ്രശ്നങ്ങൾ ആ അധ്യാപകെൻറ പ്രഭാഷണത്തിലുമുണ്ട്. മതപ്രഭാഷകർ ആത്്മവിചാരണ നടത്തേണ്ട വശങ്ങൾ ഈ വിവാദം പുറത്തുകൊണ്ടുവന്നിട്ടുമുണ്ട്. എന്നാൽ, അതിനോട് ഇടതുപക്ഷം നടത്തിയ പ്രതികരണങ്ങൾ മുസ്ലിംകൾ അവരുടെ നെഞ്ചിലേക്ക് ചൂണ്ടിയ കത്തിയായാണ് കാണുന്നത്.
സദാചാരത്തെ കുറിച്ച് സംസാരിക്കാനേ പാടില്ല എന്ന മട്ടിലാണ് എസ്.എഫ്.ഐയും ഇടതുപക്ഷ സൈബർ ആക്ടിവിസ്റ്റുകളും ഇതിനോട് പ്രതികരിച്ചത്. സദാചാരം ആവശ്യമില്ല എന്ന് സി.പി.എമ്മിനും ബന്ധപ്പെട്ടവർക്കും അഭിപ്രായമുണ്ടെങ്കിൽ അതു തുറന്നു പറയണം. സദാചാരം എന്ന വിഷയത്തിൽ ഒരു മാർക്സിസ്റ്റ്-ഇസ്ലാം സംവാദത്തിന് മുസ്ലിംകൾക്ക് സന്തോഷമേ ഉണ്ടാവൂ. സ്ത്രീകൾ മര്യാദക്ക് മാറുമറയ്ക്കണമെന്ന് അധ്യാപകൻ പ്രസംഗിച്ചപ്പോൾ മാറ് തുറന്നിട്ട പടങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു കൊണ്ടാണ് ഇടതു സൈബർ ആക്ടിവിസ്റ്റുകൾ പ്രതികരിച്ചത്. അതാണ് നിലപാടെങ്കിൽ അത് തുറന്നു പറയണം. മാറ് തുറക്കുക എന്നത് ഈ കാലത്തെ വലിയ വിപ്ലവമാണെങ്കിൽ, മാറു മറയ്ക്കണമെന്ന് പറയുന്നത് മഹാ പിന്തിരിപ്പത്തമാണെങ്കിൽ ഒരു വിപ്ലവ സംഘമെന്ന നിലക്ക് ആ വിപ്ലവം മുന്നോട്ട് കൊണ്ടുപോവാനുള്ള ബാധ്യത ഇടതുപക്ഷത്തിനുണ്ട്. അതിെൻറ ഭാഗമായി പാർട്ടി സമ്മേളനങ്ങളിൽ വനിത സഖാക്കൾ മാറ് തുറന്ന് പങ്കെടുക്കുക, മഹിള അസോസിയേഷൻ സമ്മേളനത്തിെൻറ ഭാഗമായി മാറു തുറന്നിട്ട് റാലി നടത്തുക തുടങ്ങിയ കൂടുതൽ നൂതനവും വിപ്ലവാത്്മകവുമായ പദ്ധതികൾ പാർട്ടിക്ക് ആലോചിക്കാവുന്നതാണ്. അപ്പോൾ മാത്രമേ കാര്യങ്ങൾക്ക് വ്യക്തത വരുകയുള്ളൂ. അല്ലാതെ, ഫാറൂഖ് കോളജിലെ അധ്യാപകൻ, ആഴ്ചകൾക്ക് മുമ്പ്, കോളജുമായി ഒരു ബന്ധവുമില്ലാത്ത പരിപാടിയിൽ മാറുമറയ്ക്കണമെന്ന് പ്രസംഗിച്ചതിെൻറ പേരിൽ ആ കോളജിലേക്ക് മാർച്ച് നടത്തുന്നതിൽ ഒരു അർഥവുമില്ല. ചുരുക്കിപ്പറഞ്ഞാൽ, മാറ് മറയ്ക്കണമെന്നാണ് മുസ്ലിംകളുടെ നിലപാട്. അക്കാര്യം അവർ പ്രസംഗിച്ചുകൊണ്ടേയിരിക്കും. അതിെൻറ പേരിൽ സമുദായത്തെയും അവരുടെ സ്ഥാപനങ്ങളെയും വളഞ്ഞിട്ട് ആക്രമിക്കാനാണ് പദ്ധതിയെങ്കിൽ അത് നിസാരമായി കാണാൻ കഴിയില്ല. മാറ് തുറക്കണമെന്നാണ് ഇടതുപക്ഷ നിലപാടെങ്കിൽ അത് അവർക്ക് പറയാം; നടപ്പാക്കാം. അതിനെ ആരും ചോദ്യം ചെയ്യുന്നില്ല. പക്ഷേ, മുസ്ലിംകളും അതേ നിലപാട് സ്വീകരിക്കണമെന്ന് നിർബന്ധിക്കരുത്. സദാചാരവും അതിെൻറ ഭാഗമായുള്ള വസ്ത്രധാരണ മര്യാദകളും മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ചുകപ്പു രേഖകളാണ്. അതിൽ തൊട്ടുകളിക്കുകയാണ് ഇപ്പോൾ ഇടതുപക്ഷം ചെയ്തിരിക്കുന്നത്.
രണ്ടാമത്തേത് ഫാറൂഖ് കോളജുമായി ബന്ധപ്പെട്ടതാണ്. ആ സ്ഥാപനത്തെ മുൻനിർത്തിയുള്ള നിഴൽയുദ്ധം ഇടതുപക്ഷം ആരംഭിച്ചിട്ട് കുറച്ചു കാലമായി. ‘പുരോഗമന സമുദായങ്ങൾ’ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ കോളജുകൾ ആരംഭിച്ച കാലത്താണ് മുസ്ലിം സമുദായം രണ്ടു ലിംഗക്കാരെയും ഒന്നിച്ച് പഠിപ്പിക്കുന്ന ഫാറൂഖ് കോളജ് പോലെയുള്ള സ്ഥാപനങ്ങൾ തുടങ്ങിയത്. മേൽപറഞ്ഞ പുരോഗമന കോളജുകളിൽ ഒന്നുമില്ലാത്ത വിധം ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുത്തിയേ പറ്റൂ എന്നു പറഞ്ഞ് ഫാറൂഖ് കോളജിൽ സമരം തുടങ്ങിയത് കഴിഞ്ഞ വർഷമാണ്. പി.ബി അംഗം എം.എ. ബേബിയും സി.സി അംഗം തോമസ് ഐസകും ഇതിന് പിന്തുണ പ്രഖ്യാപിച്ചു. അതിെൻറ തുടർച്ചയായി ആ സ്ഥാപനത്തെ അപകീർത്തിപ്പെടുത്താനുള്ള നീക്കങ്ങൾ വ്യവസ്ഥാപിതമായി തുടർന്നു. സ്ഥാപനവുമായി ബന്ധമില്ലാത്ത മതസംഘടനയുടെ പരിപാടിയിലെ പ്രഭാഷണത്തിെൻറ പേരിൽ സ്ഥാപനത്തിലേക്ക് പ്രതിഷേധ മാർച്ചുകളുടെ പരമ്പര സൃഷ്ടിക്കുകയായിരുന്നു ഇടതു വിദ്യാർഥി- യുവജന സംഘടനകൾ. അതേക്കാൾ സ്ത്രീവിരുദ്ധമായ പ്രഭാഷണങ്ങളും അഭിമുഖങ്ങളും നടത്തിയ ആളുകൾ പല ‘പുരോഗമന’ സ്ഥാപനങ്ങളിലും ഇപ്പോഴുമുണ്ട് (സ്ത്രീകളെ ജോലിക്കെടുത്താൽ തന്നെ കുഴപ്പമാണെന്നുവെച്ച് ഒരൊറ്റ സ്ത്രീയെയും ജീവനക്കാരിയായി നിശ്ചയിക്കാത്ത ഇടതുപക്ഷത്തിെൻറ ഇന്ത്യൻ കോഫീ ഹൗസ് അടക്കം!). അവിടേക്കൊന്നും പ്രതിഷേധ മാർച്ച് നടത്താതെ ഫാറൂഖ് കോളജിനെ മാത്രം ലക്ഷ്യംവെക്കുമ്പോൾ അതിെൻറ ഉദ്ദേശ്യശുദ്ധിയെ അത്ര നിഷ്കളങ്കമായി എടുക്കാൻ കഴിയില്ല. മലബാറിലെ മുസ്ലിം മാനേജ്മെൻറ് സ്ഥാപനങ്ങളിൽ ബോധപൂർവം പ്രശ്നങ്ങളുണ്ടാക്കുകയെന്നത് എസ്.എഫ്.ഐ ഒറ്റക്ക് സ്വീകരിച്ച അജണ്ടയാകാൻ വഴിയില്ല. പൊന്നാനി എം.ഇ.എസ് കോളജിലുണ്ടായ പ്രശ്നങ്ങളും കുറേക്കാലം കോളജ് അടച്ചിടേണ്ടി വന്നതും ഇതുമായി ചേർത്തുവായിക്കേണ്ടതാണ്.
സ്ത്രീകളുടെ വസ്ത്ര ധാരണത്തെ മുൻനിർത്തിയുള്ള പരാമർശത്തിെൻറ പേരിലാണ് ഇപ്പോഴുണ്ടായ പുകിൽ. ഇടതു സ്വർഗമായ മടപ്പള്ളി ഗവ. കോളജിൽ കഴിഞ്ഞ വർഷമുണ്ടായ പ്രശ്നങ്ങൾ ഈ സന്ദർഭത്തിൽ ഓർക്കേണ്ടതാണ്. അവിടെ സൽവ അബ്ദുൽ ഖാദർ എന്ന പെൺകുട്ടി, എസ്.എഫ്.ഐ വിരുദ്ധ പ്രകടനത്തിന് നേതൃത്വം നൽകിയതിെൻറ പേരിൽ വേട്ടയാടപ്പെട്ടത് ഏറെ ചർച്ചയായതാണ്. പർദയിട്ട് വരുന്നു എന്നതായിരുന്നു സൽവക്കെതിരായ എസ്.എഫ്.ഐ പോസ്റ്ററിലെ പ്രധാന ആരോപണം. അതായത്, ഇസ്ലാമിക വസ്ത്രത്തെയും അത് ധരിച്ച സ്ത്രീകളെയും നിങ്ങൾക്ക് എത്ര വേണമെങ്കിലും അധിക്ഷേപിക്കാം. അത് വലിയ പുരോഗമന പ്രവർത്തനമാണ്. ഒറ്റക്കാര്യം മാത്രം എടുക്കുക. പർദ എന്ന വസ്ത്രത്തിനു നേരെയും അത് ധരിച്ച് നടക്കുന്ന സ്ത്രീകൾക്കു നേരെയും സി.പി.എം, ശാസ്ത്ര സാഹിത്യ പരിഷത്ത്, പു.ക.സ, മഹിള അസോസിയേഷൻ, എസ്.എഫ്.ഐ തുടങ്ങിയ ഇടതുപക്ഷ പ്രസ്ഥാനങ്ങളും നേതാക്കളും പ്രസിദ്ധീകരണങ്ങളും നടത്തിയ ആക്ഷേപങ്ങൾ സമാഹരിക്കുക. അതുമായി താരതമ്യം ചെയ്യുമ്പോൾ വത്തക്കയൊക്കെ ജ്യൂസ് ആയിപ്പോവും. ഫാറൂഖ് കോളജ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇടതുപക്ഷ സന്യാസി എന്നവകാശപ്പെടുന്ന, ഇടതു സാംസ്കാരിക വേദികളിലെ സജീവ സാന്നിധ്യമായ ഒരാൾ ‘ശവം പൊതിഞ്ഞുകൊണ്ടുപോകുന്നതു പോലുള്ള വസ്ത്ര ധാരണം’ എന്നാണ് മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണത്തെ വിശേഷിപ്പിച്ചത്. അതായത്, പർദ ധരിച്ച സ്ത്രീകളെ ജീവനും സ്വത്വവുമുള്ള മനുഷ്യരായി കാണാൻപോലും ഇടതുപക്ഷം സന്നദ്ധമായിരുന്നില്ല. പർദ ധരിച്ച സ്ത്രീകൾക്കുനേരെയുള്ള അധിക്ഷേപങ്ങൾ അവർ ഇപ്പോഴും വിറ്റുകൊണ്ടിരിക്കുന്ന പുസ്തകങ്ങളിലുണ്ട്.
ഐ.പി.സി 354 (എ)യുടെയും ഐ.പി.സി 509 െൻറയും പരിരക്ഷ ഇടതുപക്ഷ കുലസ്ത്രീകൾക്കു മാത്രം അവകാശപ്പെട്ടതാണ് എന്നുണ്ടോ? ‘മുസ്ലിം മതമൗലികവാദി’കളുടെ മുൻകൈയിൽ രൂപപ്പെട്ട രാഷ്ട്രീയ, സാമൂഹിക പ്രസ്ഥാനങ്ങളുടെ നേതൃനിര എടുത്തുനോക്കുക. പർദ ധരിച്ചവരും സാരി ധരിച്ചവരും ചുരിദാർ ധരിച്ചവരുമൊക്കെയായ സ്ത്രീകളെ അതിെൻറ നേതൃസ്ഥാനങ്ങളിൽ കാണാം. എന്നാൽ, പർദ ധരിച്ച ഒരു സ്ത്രീയെപോലും തങ്ങളുടെ നേതൃസ്ഥാനങ്ങളിൽ അടുപ്പിക്കാൻ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ സന്നദ്ധമായിട്ടില്ല. ഇക്കൂട്ടരാണ് വസ്ത്രധാരണ ബഹുസ്വരതയെക്കുറിച്ച് മതവിശ്വാസികളെ പുരോഗമനം പഠിപ്പിക്കാൻ വരുന്നത്. മുസ്ലിം സ്ത്രീകളോടുള്ള അവരുടെ രക്ഷാകർതൃ ഉപദേശങ്ങളും പുരോഗമന സഹാനുഭൂതികളും ഫലിക്കാതെ വന്നപ്പോൾ മാത്രമാണ് പ്രത്യക്ഷമായ ശകാരങ്ങൾക്ക് ഇപ്പോൾ കുറവുണ്ടായിരിക്കുന്നത്. മറ്റൊരു വസ്ത്രത്തോടുമില്ലാത്ത കലിപ്പ് പർദയോട് മാത്രമായിട്ടുണ്ടാവുന്നത് വെറുതെയല്ല. അത് വലിയൊരു രോഗത്തിെൻറ സൂചന മാത്രമാണ്. ആ രോഗം തന്നെയാണ് ഫാറൂഖ് കോളജ് വിഷയത്തിലും ചീഞ്ഞ ചലമൊഴുകുന്ന, പുഴുവരിക്കുന്ന വ്രണമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഇടതുപക്ഷത്തിെൻറ സെലക്ടിവ് പുരോഗമനം കൂടുതൽ തെളിമയിൽ പുറത്തുവന്നുവെന്നതാണ് ഫാറൂഖ് കോളജ് വിവാദങ്ങളുടെ പ്രസക്തി. ഫാഷിസം ശക്തിയാർജിച്ച കാലത്ത് മുസ്ലിംകൾക്ക് ഇടതുപക്ഷമല്ലാതെ ആര് രക്ഷ എന്ന വാദമുയർത്തി ഈ വിവേചനങ്ങളെ മറച്ചുപിടിക്കാൻ കഴിയില്ല. ഫാഷിസം അതിെൻറ തീവ്ര രൗദ്രത പുറത്തെടുക്കുന്ന ബാക്കി സംസ്ഥാനങ്ങളിലൊക്കെയും ഇടതുപക്ഷമില്ലാതെ തന്നെയാണ് മുസ്ലിംകൾ അതിജീവന ശ്രമങ്ങൾ നടത്തുന്നത്. ഇത് ഫാഷിസം തന്നെയാണോ എന്ന് നിശ്ചയമില്ലാത്തവർ ഫാഷിസ വിരുദ്ധ സമരത്തിെൻറ ചെലവിൽ ഒരു സമൂഹത്തിനുമേൽ സാംസ്കാരിക ഹിംസ നടപ്പാക്കാൻ ശ്രമിച്ചാൽ അത് നടക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.