മരവിപ്പിന്‍റെ ഒരാണ്ട്
text_fieldsനവംബർ എട്ട് അദ്വാനിയുടെ ജന്മദിനമാണ്. ബുധനാഴ്ച അദ്ദേഹം 91ലേക്ക് കടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ഗുരുവാണ് അദ്വാനി. സുപ്രധാന പ്രഖ്യാപനത്തിന് കഴിഞ്ഞ നവംബർ എട്ട് മോദി തെരഞ്ഞെടുത്തത് അതുകൊണ്ടാണോ എന്നറിയില്ല. അങ്ങനെയാണെങ്കിൽ, ഏറ്റവും വലിയ ഗുരുനിന്ദയായി അത്. ആദ്യത്തേതല്ല എന്നുമാത്രം. 500, 1000 രൂപ നോട്ടുകൾ അസാധുവാക്കുക വഴി രാജ്യത്തെ സാമ്പത്തിക അരാജകത്വത്തിലേക്കും മാന്ദ്യത്തിലേക്കും തള്ളിവിട്ട പ്രധാനമന്ത്രിയാണ് മോദി.
കള്ളപ്പണം, കള്ളനോട്ട്, ഭീകരത എന്നിവ തടയാനുള്ള ഒറ്റമൂലിയെന്നാണ് നോട്ട് അസാധുവാക്കലിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. അതിനുവേണ്ടി 50 ദിവസത്തെ പ്രയാസം സഹിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. പിറ്റേന്ന് ബാങ്കുകൾ പ്രവർത്തിച്ചില്ല. എ.ടി.എമ്മുകൾ അടച്ചിട്ടു. 86 ശതമാനം നോട്ടുകൾ വെറും കടലാസായി. പണഞെരുക്കം മുറുകി. ഇടപാടുകളും കച്ചവടവും നിലച്ചു. എ.ടി.എമ്മിനും ബാങ്കുകൾക്കും മുന്നിൽ റേഷൻ നോട്ടുകൾക്ക് വേണ്ടിയുള്ള ക്യൂവിന് നീളം കൂടി.
ക്ഷമാപൂർവമുള്ള വരിനിൽപിനിെട മരിച്ചുവീണവരുടെ എണ്ണം 100 കവിയുേമ്പാഴും, എ.ടി.എമ്മും ബാങ്കും ഇനിയെന്ന് ‘സമ്പന്ന’മാകുമെന്ന ചോദ്യം ബാക്കിനിന്നു. പണഞെരുക്കം ആഴ്ചകളും മാസങ്ങളും പിന്നിട്ടേപ്പാൾ നോട്ട് നിരോധനത്തിെൻറ അനിവാര്യത ബോധ്യപ്പെടുത്താൻ വിശദീകരണങ്ങളും ന്യായങ്ങളും സർക്കാർ നിരത്തിക്കൊണ്ടിരുന്നു. കറൻസിരഹിത സമ്പദ്വ്യവസ്ഥയെക്കുറിച്ചും ഡിജിറ്റൽ വിപ്ലവത്തെക്കുറിച്ചുമൊക്കെയാണ് വിശദീകരണങ്ങൾ. അത് പ്രോത്സാഹിപ്പിക്കാൻ ‘നിതി ആേയാഗ്’ എന്ന ആസൂത്രണവിഭാഗം ഭാഗ്യസമ്മാന നറുക്കെടുപ്പുവരെ നടത്തി.
ഒരു വർഷം പിന്നിടുേമ്പാഴും 15.44 ലക്ഷം കോടിയുടെ അസാധു നോട്ടുകളിൽ എത്ര ബാങ്കിൽ തിരിച്ചെത്തിയെന്ന കണക്ക് ആയിട്ടില്ല. ഏറിയാൽ 11 ലക്ഷം കോടിയുടെ നോട്ടുകൾ തിരിച്ചെത്തുമെന്നും, തിരിച്ചെത്താത്തവ അനധികൃതമായതിനാൽ സർക്കാറിന് ലാഭമാകുമെന്നും അറ്റോർണി ജനറൽ സുപ്രീംകോടതിയെ ബോധിപ്പിച്ചതാണ്. എന്നാൽ, 15.28 ലക്ഷം കോടി തിരിച്ചെത്തി. അസാധു നോട്ട് മുഴുവൻ തിരിച്ചെത്തിയെങ്കിൽ, കള്ളപ്പണ വേട്ട പൊളിഞ്ഞില്ലേ? പ്രഖ്യാപിത ലക്ഷ്യം പാളി. പിന്നെ എന്തിനുവേണ്ടിയായിരുന്നു നോട്ട് നിരോധനം? മുന്തിയ നോട്ടുകൾക്കെല്ലാം മോദിക്കാല മുദ്രണം ചാർത്തുകയെന്ന ലളിതമായ ലക്ഷ്യം മാത്രമായിരുന്നില്ല നോട്ടുനിരോധനം.
സംഘടിത കൊള്ളയും അംഗീകൃത കവർച്ചയുമാണ് നോട്ട് നിരോധനമെന്ന മൻമോഹൻ സിങ്ങിെൻറ വാക്കുകളുടെ കാതൽ ജനം തിരിച്ചറിഞ്ഞു. ഏറ്റവും വലിയ കള്ളപ്പണം വെളുപ്പിക്കൽ പദ്ധതിയാണ് ഇതെന്ന് കുറ്റപ്പെടുത്തിയത് അരുൺ ഷൂരിയാണ്. മകൻ മന്ത്രിസഭയിലുള്ളതുനോക്കാതെ, സർക്കാറിെൻറ സാമ്പത്തിക നയങ്ങളെ മുൻമന്ത്രി യശ്വന്ത് സിൻഹ രൂക്ഷമായി വിമർശിച്ചു. 18 പ്രതിപക്ഷ പാർട്ടികൾ ചേർന്ന് ഒന്നാം വാർഷികം കരിദിനമായി ആചരിക്കുേമ്പാൾ, കള്ളപ്പണ വിരുദ്ധദിനമായി വിേശഷിപ്പിച്ച് നേരിടുകയാണ് ബി.ജെ.പി.
നോട്ട് അസാധുവാക്കി 12 മാസങ്ങൾ പിന്നിട്ടപ്പോൾ ബാങ്കുകൾക്കും എ.ടി.എമ്മുകൾക്കും മുന്നിലെ വരി മാഞ്ഞുപോയിരിക്കാം. പണഞെരുക്കം നീങ്ങി. എന്നാൽ, ധിറുതി പിടിച്ച് ചരക്കുസേവന നികുതി നടപ്പാക്കിയതോടെ വലിയൊരു സാമ്പത്തിക മാന്ദ്യം നേരിടുകയാണ് ഇന്ത്യ. ആഭ്യന്തര ഉൽപാദന വളർച്ച നിരക്ക് 7.9ൽനിന്ന് 5.7 ശതമാനത്തിലേക്ക് മൂക്കുകുത്തി. ഇന്ത്യയിൽ നിക്ഷേപിക്കാമെന്ന് കേന്ദ്രസർക്കാർ മാടി വിളിക്കുന്നതല്ലാതെ, മറുനാടൻ വ്യവസായ ഭീമന്മാരൊന്നും ഇവിടം മികച്ച നിക്ഷേപ ഇടമായി കാണുന്നില്ല. വമ്പൻ ബജറ്റ് പ്രഖ്യാപനങ്ങൾക്കപ്പുറം, തൊഴിൽ അവസരങ്ങൾ കൂടുന്നില്ല.
അടിസ്ഥാന സൗകര്യ വികസനത്തിനോ, സർക്കാറിെൻറ പ്രമുഖ പദ്ധതികൾ നടപ്പാക്കാനോ മുതലിറക്കാൻ സർക്കാറിന് പണമില്ല. പൊതുമേഖല സ്ഥാപനങ്ങളുടെ ഒാഹരി വിറ്റ് മുതൽക്കൂട്ടാമെന്ന ലക്ഷ്യവും പാളി. റിയൽ എസ്റ്റേറ്റ് ഇടപാടുകളും കാർഷികോൽപന്ന വിപണിയും മരവിച്ചു. ഗ്രാമീണ, കാർഷിക മേഖലകളും ചെറുകിട, ഇടത്തരം വ്യവസായികളും വ്യാപാര ലോകവും മാന്ദ്യം വരുത്തിവെച്ച തകർച്ച അനുഭവിക്കുകയാണ്. ഭരണകൂട സത്യസന്ധതയില്ലായ്മയുടെ ഏറ്റവും വലിയ തെളിവാണ് നോട്ട് നിരോധനം. അനാരോഗ്യം നേരിടുന്ന സമ്പദ്ഘടനയിൽ നടത്തിയ മാരക ശസ്ത്രക്രിയയായിരുന്നു അത്. എങ്ങനെ ഒരു പൊതുനയം രൂപപ്പെടുത്തരുത് എന്നതിന് കാലം ചൂണ്ടിക്കാട്ടുന്ന ഉദാഹരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.